രാഹുൽ മത്സരിക്കുന്നതിൽ തീരുമാനമായില്ല; ആനി രാജയ്ക്കായി വയനാട്ടിൽ വോട്ടുതേടി എൽഡിഎഫ്
Mail This Article
കൽപറ്റ∙ വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ ദേശീയ നേതാവ് ആനി രാജയെ രംഗത്തിറക്കി പ്രചാരണം ആരംഭിച്ച് എൽഡിഎഫ്. സിപിഐ ദേശീയ നിർവാഹക സമിതി അംഗമായ ആനി രാജയെ വിജയിപ്പിക്കുക എന്ന ബോർഡുകൾ രാവിലെയാണ് കൽപറ്റ ടൗണിൽ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
Read also: സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; സ്വതന്ത്രരും പാർട്ടി ചിഹ്നത്തിൽ മത്സരിക്കും
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണു നിലവിൽ വയനാട് എംപി. എന്നാൽ രാഹുൽ വീണ്ടും വയനാട്ടിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയില്ല. രാഹുൽ മത്സരിക്കാൻ സാധ്യത കൂടുതലായതിനാലാണ് ദേശീയ നേതാവിനെ തന്നെ സിപിഐ രംഗത്തിറക്കിയത്. പാർട്ടിയുടെ വനിതാ വിഭാഗമായ നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമണിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയാണ് ആനി രാജ. സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയാണ് ഭർത്താവ്.
വയനാടിനോട് ചേർന്നു കിടക്കുന്ന കണ്ണൂർ ഇരിട്ടിയിലെ ആറളത്താണ് ആനിയുടെ ജനനം. അതുകൊണ്ട് തന്നെ വയനാടുമായി നല്ല ബന്ധമാണ്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് സജീവമായത്. ദേശീയ നേതാവിനെ സ്ഥാനാർഥിയായി ലഭിച്ചതോടെ മണ്ഡലത്തിലെ എൽഡിഎഫ് നേതാക്കളും ആവേശത്തിലാണ്. രാഹുൽ മത്സരിച്ചാൽ പോലും വിജയിക്കാൻ സാധിക്കുമെന്ന് എൽഡിഎഫ് നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതിന്റെ ഭാഗമായാണ് നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചത്. ആനി രാജ മാർച്ച് ഒന്നിനാണ് മണ്ഡലത്തിലെത്തുക. തുടർന്ന് പ്രചാരണ പരിപാടികളിൽ സജീവമാകും.