ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിൽ‌ ബിജെപിയെ എതിരിടാൻ‌ പ്രതിപക്ഷ കക്ഷികളെയും കൂട്ടിപ്പിടിച്ച് ഇന്ത്യ എന്ന ഒറ്റമുന്നണിക്ക് നേതൃത്വം നൽകുമ്പോഴാണ് സ്വന്തം പാർട്ടിക്കുള്ളിൽനിന്ന് കോൺഗ്രസിന് അടിയേറ്റിരിക്കുന്നത്. അപ്രതീക്ഷിതമായിരുന്നു ആ നീക്കം. 68 അംഗ മന്ത്രിസഭയിൽ 40 പേരും കോൺഗ്രസ് എംഎൽഎമാരായിരിക്കേ, സംശയലേശമന്യേ വിജയം ഉറപ്പിച്ചിരിക്കേ, 25 അംഗങ്ങൾ മാത്രമുള്ള ബിജെപിയുടെ രാജ്യസഭാ സ്ഥാനാർഥി ഹർഷ് മഹാജൻ വിജയിച്ചു. നറുക്കെടുപ്പിലൂടെയായിരുന്നു ഹർഷിന്റെ വിജയം. പക്ഷേ ആ നറുക്കെടുപ്പിലേക്കു ഹർഷിനെ എത്തിച്ചതിൽ ബിജെപി എംഎൽഎമാർക്കൊപ്പം ആറ് കോൺഗ്രസ് എംഎൽഎമാർക്കും മൂന്ന് സ്വതന്ത്രർക്കും പങ്കുണ്ട്. 

Read more at: ആടിയുലഞ്ഞ ശേഷം കോൺഗ്രസിന് ആശ്വാസം; ഹിമാചൽ നിയമസഭയിൽ ബജറ്റ് പാസായി

അഞ്ചുവർഷം തികയ്ക്കാതെ കിതച്ചുവീണ കോൺഗ്രസ് സംസ്ഥാന സർക്കാരുകളുടെ പട്ടികയിലേക്കാണോ ഹിമാചലിന്റെ പോക്കെന്നുള്ളതാണ് അടുത്ത ആശങ്ക. റിസോർട്ട് രാഷ്ട്രീയത്തിൽ, ഓപ്പറേഷൻ താമരയെന്നു വിളിക്കപ്പെടുന്ന സർജിക്കൽ സ്ര്ടൈക്കിൽ കർണാടകയിലും മധ്യപ്രദേശിലും കോൺഗ്രസ് സർക്കാർ നിലംപതിച്ചിട്ടുണ്ട്. ഗോവയിൽ സർക്കാർ രൂപീകരിക്കും മുൻപേ തന്നെ ചിതറിത്തെറിച്ചിട്ടുണ്ട്. ഏറ്റവും പുതിയ നീക്കത്തിൽ എംഎൽഎമാർ എത്തിപ്പെട്ടിരിക്കുന്നത് പഞ്ച്കുവയിലെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലേക്കാണ്. 

പോരാളിയെന്ന് പറയുമ്പോൾ തെളിയുന്നത് ആത്മവിശ്വാസക്കുറവോ?

"ഞാൻ പോരാളിയാണ്, പിൻവാങ്ങില്ല, പോരാടും" എന്ന് ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു പറയേണ്ടിവന്നതുപോലും ആത്മവിശ്വാസം തൊട്ടുതീണ്ടിയിട്ടില്ലാത്തതുകൊണ്ടാണ്. സുഖുവിനെതിരെ എംഎൽഎമാരും പടപ്പുറപ്പാട് നടത്തിക്കഴിഞ്ഞു. നേതൃത്വത്തിൽ തങ്ങൾ സംതൃപ്തരല്ലെന്ന് അവർ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. സുഖുവിനെതിരെയുള്ള യുദ്ധ പ്രഖ്യാപനം തന്നെയായിരുന്നു വിമത എംഎൽഎമാരുടെ നീക്കം. ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ നേതൃമാറ്റത്തെ കുറിച്ചു ചർച്ച ചെയ്യണോ അല്പം കഴിഞ്ഞുപോരെ എന്ന നിലപാടിൽ നിന്ന കോൺഗ്രസ് ഉടൻ നിലപാട് തിരുത്തിയിരിക്കുകയാണ്. പാർട്ടി ഉൾപ്പോരിനെ ബിജെപി മുതലെടുക്കാൻ അനുവദിക്കില്ലെന്നും പൊതുതിരഞ്ഞെടുപ്പിനു മുൻപ് സർക്കാർ നിലംപതിക്കുന്നതും ക്ഷീണമാണെന്നും തിരിച്ചറിഞ്ഞ ഹൈക്കമാൻഡ് ഡി.കെ.ശിവകുമാറിനെയും ഭൂപീന്ദർ സിങ് ഹൂഡയെയും അനുനയശ്രമങ്ങൾക്കു നിയോഗിച്ചത് അതുകൊണ്ടാണ്. നേതൃമാറ്റമെങ്കിൽ നേതൃമാറ്റം എന്തിനും തയാറാണെന്നാണു കോൺഗ്രസിന്റെ നിലപാട്. 

Read more at: ഹിമാചൽ മുഖ്യമന്ത്രി സുഖു രാജിവച്ചെന്ന് റിപ്പോർട്ട്, തള്ളി സുഖു; 14 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ

ഹിമാചൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭ സിങ് എംപി പ്രകടന പത്രിക സമിതി അധ്യക്ഷൻ ധാനി റാം ശന്തിലിനും കോൺഗ്രസ് നേതാവ് അല്ക്ക ലാംബയ്ക്കുമൊപ്പം. ചിത്രം: ജെ.സുരേഷ് ∙ മനോരമ
ഹിമാചൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭ സിങ് എംപി പ്രകടന പത്രിക സമിതി അധ്യക്ഷൻ ധാനി റാം ശന്തിലിനും കോൺഗ്രസ് നേതാവ് അല്ക്ക ലാംബയ്ക്കുമൊപ്പം. ചിത്രം: ജെ.സുരേഷ് ∙ മനോരമ

പിസിസി അധ്യക്ഷ പ്രതിഭാ സിങ്ങിനെ മുഖ്യമന്ത്രിയാക്കാനാണു സാധ്യതയെന്നാണു റിപ്പോർട്ട്. വിമതനീക്കത്തിനു തൊട്ടുപിന്നാലെ കൂനിൻമേൽ കുരുവെന്ന പോലെ പിസിസി അധ്യക്ഷൻ പ്രതിഭാ സിങ്ങിന്റെ മകനും മന്ത്രിയുമായ വിക്രമാദിത്യ സിങ് മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. പാർട്ടിയിൽ പാർശ്വവൽക്കരിക്കപ്പെടുന്നുവെന്നും അത്യന്ത്യം ഹൃദയവേദനയോടെയാണു രാജി എന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ രാജി സുഖു സ്വീകരിച്ചില്ല. പിന്നീട് വിക്രമാദിത്യ രാജിയിൽനിന്നു പിന്മാറി. പ്രശ്നങ്ങൾ സംസാരിച്ചുതീർക്കുമെന്നാണു സുഖുവിന്റെ നിലപാട്. കോൺഗ്രസ് അധികാരത്തിൽ വന്നപാടെ പ്രതിഭ മുഖ്യമന്ത്രിയാകാൻ ശ്രമിച്ചെങ്കിലും അന്നു കേന്ദ്രം പരിഗണിച്ചത് സുഖുവിനെയാണ്. മൂന്നുമാസങ്ങൾക്കു മുൻപേ തന്നെ ഏതാനും എംഎൽഎമാർ അസ്വസ്ഥരാണെന്നു പ്രതിഭാ സിങ് വ്യക്തമാക്കിയതാണ്. ക്രോസ് വോട്ടിങ്ങിനുള്ള സാധ്യത മണത്തതോടെ പാർട്ടി എംഎൽഎമാർക്കു വിപ്പ് നൽകിയിരുന്നതാണ്. 

ഇതിനിടയിൽ, ക്രോസ് വോട്ടിങ്ങിലൂടെ രാജ്യസഭാ സീറ്റ് കൈപ്പിടിയിൽ ഒതുക്കിയ ബിജെപി നേതാവും മുൻമുഖ്യമന്ത്രിയും നിലവിൽ പ്രതിപക്ഷ നേതാവുമായ ജയറാം എംഎൽഎമാരുമായി ഗവർണർ ശിവ പ്രതാപ് ശുക്ളയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഇതിനുപിറകേ തന്നെ ബിജെപി എംഎൽഎമാരെ സ്പീക്കർ കുൽദീപ് സിങ്ങ് പത്താനിയ സസ്പെൻഡ് ചെയ്തിരുന്നു. നാടകീയ നീക്കങ്ങൾക്കിടയിലും പുതിയ സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് നിയമസഭ പാസ്സാക്കി. ഇതു സർക്കാരിന് വലിയൊരു ആശ്വാസമാണെന്നു പറയാം. 

ആശങ്കപ്പെടാനില്ലെങ്കിലും ആശങ്കപ്പെടാതെ വയ്യ 

2022ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചത് 40 സീറ്റുകളിലാണ്. 25 സീറ്റിൽ ബിജെപിയും. തിരഞ്ഞെടുപ്പിൽ ജയിച്ച മൂന്ന് സ്വതന്ത്രരുടെ പിന്തുണ കോൺഗ്രസിനായിരുന്നു. അതായത് ഭരണകക്ഷിയിൽ 43 പേർ. എന്നാൽ ആറു കോൺഗ്രസ് എംഎൽഎമാരും മൂന്ന് സ്വതന്ത്രരും കൂറുമാറിയതോടെ ഈ സംഖ്യ 34 ആയി ചുരുങ്ങിയിരിക്കുകയാണ്. 

Read more at: ബിജെപിക്ക് ക്രോസ് വോട്ട് ചെയ്ത് 6 കോൺഗ്രസ് എംഎൽഎമാർ, ജയം; ഹിമാചലിൽ ഭരണപ്രതിസന്ധി

ബിജെപി പക്ഷത്താണെങ്കിൽ 15എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി. കൂറുമാറിയ ഒൻപതുപേരും ബിജെപിയിലെ ബാക്കി എംഎൽഎമാരും ചേർന്നാൽ ഇപ്പോൾ ബിജെപിയുടെ ശക്തി 19 പേരാണ്. ‌ഭൂരിപക്ഷം തെളിയിക്കാൻ വേണ്ടത് 27 പേരുടെ പിന്തുണയാണ്. 34 എംഎഎൽമാരുള്ള കോൺഗ്രസിന് അത് എളുപ്പമാണെങ്കിലും കൂറുമാറ്റ സാധ്യത തള്ളിക്കളയാനാകില്ല. ഇപ്പോഴുള്ളവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ശിവകുമാറിനും ഭൂപേന്ദർ സിങ്ങിനും സാധിക്കുകയാണെങ്കിൽ സർക്കാർ താഴെ വീഴില്ലെന്ന് തന്നെ ഉറപ്പിക്കാം.

കഴി​ഞ്ഞ പത്തുവർഷത്തിനിടയിൽ മുതിർന്ന നേതാക്കളടക്കം നിരവധിപേരാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കേറിയത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ജ്യോതിരാദിത്യ സിന്ധ്യ, ആർ.പി.എൻ. സിങ്, ഹാർദിക് പട്ടേൽ, അനിൽ ആന്റണി, അശോക് ചവാൻ എന്നിവർ  അവരിൽ ചിലർ മാത്രം.

English Summary:

Himachal Pradesh RS poll and the Congress Govt's Crisis- Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com