കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ഹിമാചൽ തെളിയിച്ചു: മുഹമ്മദ് റിയാസ്

Mail This Article
കോഴിക്കോട്∙ കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ലെന്ന് മലയാളിയുടെ മനസ്സിൽ പതിഞ്ഞ സംഭവമാണ് ഹിമാചൽ പ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. അതിനാൽ കോൺഗ്രസിനെ പരമ്പരാഗതമായി വിശ്വസിക്കുന്നവർ ഉൾപ്പെടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതിന് അനുകൂലമായി വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
‘‘ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ ഹിമാചൽ പ്രദേശിൽ വിശ്വാസവഞ്ചന നടത്തിയ കോൺഗ്രസ് പാർട്ടിയെയാണു കാണുന്നത്. അതു തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ഹിമാചൽ പ്രദേശിൽ 68 നിയമസഭാ സീറ്റിൽ 40 ലും വിജയിച്ചത് കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചവരാണ്. അവരെ ജനങ്ങൾ ജയിപ്പിച്ചത് ബിജെപിക്കെതിരെ പോരാടും എന്നുള്ള ധാരണയുടെ ഭാഗമായാണ്. കോൺഗ്രസിന്റെ ദേശീയ നേതാവായ അഭിഷേക് സിങ്‌വി പരാജയപ്പെട്ടു. തന്റെ കൂടെ രാത്രിയും രാവിലെയും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചവരാണു ബിജെപിക്ക് വോട്ട് ചെയ്തതെന്നാണ് അഭിഷേക് സിങ്‌വി പറഞ്ഞത്.
ഹിമാചലിൽ ബിജെപി മത്സരിക്കുന്നു എന്നറിഞ്ഞപ്പോൾ കോൺഗ്രസ് ഹൈക്കമാൻഡ് ശ്രദ്ധിക്കണമായിരുന്നു. കോൺഗ്രസിൽനിന്ന് ബിജെപിക്കു വേണ്ടി ചാരപ്പണി എടുക്കുന്ന നേതാക്കൾ ഹൈക്കമാൻഡിലും താഴെയും ഉണ്ട്’’ – റിയാസ് പറഞ്ഞു. കേരളത്തിൽ സിറ്റിങ് സീറ്റിൽ പോലും സ്ഥാനാർഥി പ്രഖ്യാപനം നടത്താത്ത കോൺഗ്രസ് നേതൃത്വത്തെ റിയാസ് കുറ്റപ്പെടുത്തി. ബിജെപിക്കെതിരെ ശബ്ദിക്കാൻ കഴിഞ്ഞ തവണത്തെ യുഡിഎഫ് എംപിമാർക്കു സാധിച്ചിട്ടില്ലെന്നു പറഞ്ഞ റിയാസ് ബിജെപി ഇതര രാഷ്ട്രീയ പാർട്ടികളെ കോർത്തിണക്കാൻ ഇടതുപക്ഷത്തിന്റെ അംഗബലം പാർലമെൻറിൽ വർധിപ്പിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.