യുവരാജ്, അക്ഷയ് കുമാർ, കങ്കണ, സുഷമയുടെ മകൾ..; വമ്പൻ താരങ്ങളെ കളത്തിലിറക്കാൻ ബിജെപി
Mail This Article
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വമ്പൻ താരങ്ങളെ ബിജെപി കളത്തിലിറക്കുമെന്ന് റിപ്പോർട്ട്. ക്രിക്കറ്റ് താരം യുവരാജ് സിങ്, ബോളിവുഡ് നടൻ അക്ഷയ് കുമാർ, നടി കങ്കണ റണൗട്ട്, മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ മകൾ ബൻസുരി സ്വരാജ് തുടങ്ങിയവരെ ബിജെപി ടിക്കറ്റിൽ മത്സരിപ്പിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പാർട്ടിയുടെ ദേശീയ തിരഞ്ഞെടുപ്പു സമിതി ചർച്ചകൾ തുടരുന്നതിനിടെയാണ് വാർത്ത പുറത്തുവന്നത്.
Read Also: പ്രതിഭയും മകനും ഇടഞ്ഞുതന്നെ? ചോദ്യമുയർത്തി വിമതരെ കണ്ട് വിക്രമാദിത്യ, ബിജെപിയെ പ്രശംസിച്ച് പ്രതിഭ
100 സ്ഥാനാർഥികളുടെ പേരടങ്ങിയ ആദ്യ പട്ടിക വൈകാതെ ബിജെപി പുറത്തുവിടുമെന്നാണ് വിവരം. പഞ്ചാബിലെ ഗുർദാസ്പുർ മണ്ഡലത്തിൽനിന്നാകും യുവരാജിനെ സ്ഥാനാർഥിയാക്കുക. അക്ഷയ് കുമാർ ഡൽഹിയിലെ ചാന്ദ്നി ചൗക്കിലും ഭോജ്പുരി നടൻ പവൻ സിങ് ബംഗാളിലെ അസൻസോളിലും സ്ഥാനാർഥിയാകും. ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തിൽ കങ്കണയെ കളത്തിലിറക്കിയേക്കും. ബൻസുരി സ്വരാജിനെ ഡൽഹിയിൽനിന്നും മത്സരിപ്പിക്കുമെന്നുമാണ് സൂചന. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ആയിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അടക്കമുള്ളവരുടെ പേരടങ്ങുന്ന ആദ്യ സ്ഥാനാർഥി പട്ടികയായിരിക്കും ബിജെപി. പുറത്തുവിടുക. വാരണാസിയിൽ നിന്നാവും മോദി മത്സരിക്കുക. അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്നും, ലഖ്നൗവിൽനിന്ന് രാജ്നാഥ് സിങ്ങും മത്സരിക്കുമെന്നാണ് വിവരം. മൂവരും 2019-ല്‍ ഇതേ സീറ്റുകളിലാണ് വിജയിച്ചത്. വരും ദിവസങ്ങളിൽ സ്ഥാനാർഥി പ്രഖ്യാപനവും പിന്നാലെ പ്രചാരണവും ആരംഭിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.