ADVERTISEMENT

ഷിംല∙ ഹിമാചല്‍ പ്രദേശില്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുമ്പോഴും അടങ്ങാതെ കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭാ സിങ്ങും മകന്‍ വിക്രമാദിത്യയും. ആറു തവണ ഹിമാചലിന്റെ മുഖ്യമന്ത്രിയായിരുന്ന വീര്‍ഭദ്രസിങ്ങിന്റെ മകനായ വിക്രമാദിത്യ, രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മറുകണ്ടം ചാടി വോട്ടു ചെയ്ത ആറ് വിമത എംഎല്‍എമാരുമായി വ്യാഴാഴ്ച രാത്രി കൂടിക്കാഴ്ച നടത്തി. പിറകേ ബിജെപിയുടെ പ്രവർത്തനത്തെ പ്രകീർത്തിച്ച് പിസിസി അധ്യക്ഷ പ്രതിഭാ സിങ്ങും രംഗത്തെത്തി. 

രാജ്യസഭാ വോട്ടെടുപ്പിനോട് അനുബന്ധിച്ച് ആറു കോൺഗ്രസ് എംഎൽഎമാർ മറുകണ്ടം ചാടിയതിന് പിറകേ വിക്രമാദിത്യ മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖുവിന് രാജിക്കത്ത് സമർപ്പിച്ചിരുന്നു. തന്റെ അച്ഛനെ കോൺഗ്രസ് മറന്നുവെന്ന് വികാരാധീനനായി സംസാരിക്കുകയും ചെയ്തു. പിന്നീട് മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയോടെ രാജിയിൽ നിന്ന് വിക്രമാദിത്യ പിന്മാറി. എന്നാൽ വിമത എംഎൽഎമാരുമായി വിക്രമാദിത്യ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ഹിമാചൽ കോൺഗ്രസിൽ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്നതിന്റെ സൂചനയാണ് പുറത്തുവരുന്നത് .

Read More: അഞ്ചു തികയ്ക്കില്ലേ ഹിമാചൽ സർക്കാർ? കാത്തിരിക്കുന്നത് കർണാടകയുടെയും മധ്യപ്രദേശിന്റെയും വിധിയോ?

കേന്ദ്ര റോഡ്–ഗതാഗത മന്ത്രിയെ കാണാനായി നിലവിൽ ഡൽഹിയിലാണ് വിക്രമാദിത്യ. അവിടെ നിന്ന് മടങ്ങുംവഴി ഞായറാഴ്ച വിക്രമാദിത്യ എംഎൽഎമാരെ വീണ്ടും കാണുമെന്നും സൂചനയുണ്ട്. വിക്രമാദിത്യക്ക് പുറമേ മറ്റ് രണ്ട് കോൺഗ്രസ് എംഎൽഎമാരും വിമതരെ കണ്ടതായും റിപ്പോർട്ട് ഉണ്ട്. എന്നാൽ ഇതുസംബന്ധിച്ച് കോൺഗ്രസിന്റെയോ, ബിജെപിയുടെയോ ഭാഗത്ത് നിന്ന് വിശദീകരണം വന്നിട്ടില്ല.  വിമത എംഎൽഎമാരുമായുള്ള വിക്രമാദിത്യയുടെ കൂടിക്കാഴ്ചയെ കുറിച്ച് ചോദിച്ചപ്പോൾ അറിയില്ലെന്ന മറുപടിയാണ് പിസിസി അധ്യക്ഷ പ്രതിഭാ സിങ് നൽകിയത്.  കഴിഞ്ഞ രാത്രി വരെ മകൻ ഇവിടെയുണ്ടായിരുന്നുവെന്നും അതിനുശേഷം എന്താണ് ചെയ്തതെന്ന് തനിക്കറിയില്ലെന്നുമാണ് പ്രതിഭ പറഞ്ഞത്. പാർട്ടിയിലെ പ്രശ്നങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നതിനായി ഹൈക്കമാൻഡിനെ കാണുമെന്നും അവർ വ്യക്തമാക്കി.

അതേസമയം, ബിജെപിയുടെ പ്രവർത്തനം കോൺഗ്രസിനേക്കാൾ മെച്ചപ്പെട്ടതാണെന്ന അഭിപ്രായം പ്രതിഭ പങ്കുവച്ചു. ‘‘ഒന്നാം ദിവസം മുതൽ ഞാൻ പറയുന്നുണ്ട് വരാൻ പോകുന്ന തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കണമെങ്കിൽ സംഘടനയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന്. കഠിനമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഒരുപാട് പ്രശ്നങ്ങളുണ്ട്. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ബിജെപി ഒരുപാട് കാര്യങ്ങൾ പ്രാവർത്തികമാക്കാൻ പോവുകയാണ്. കോൺഗ്രസ് വളരെ മോശം അവസ്ഥയിലാണ്. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനൊപ്പം കാര്യങ്ങൾക്ക് അടുക്കുംചിട്ടയും വരേണ്ടത് അത്യാവശ്യമാണ്. വളരെ ബുദ്ധിമുട്ടേറിയ സമയമാണെങ്കിലും തിര‍ഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കേണ്ടതുണ്ട്.’’ പ്രതിഭ ​പറഞ്ഞു. 

ആറു വിമത എംഎൽഎമാർ രാജ്യസഭാ ബിജെപി സ്ഥാനാർഥിക്ക് ക്രോസ് വോട്ട് ചെയ്തതോടെയാണ് ഹിമാചൽ കോൺഗ്രസിലെ പ്രശ്നങ്ങൾ മറനീക്കി പുറത്തുവന്നത്. ഹിമാചൽ സർക്കാർ അഞ്ചുവർഷം തികയ്ക്കില്ലെന്ന സന്ദേഹം ഉയർന്നതോടെ പ്രതിസന്ധി തീര്‍ക്കാന്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍, ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ, ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ എന്നിവര്‍ ഷിംലയിലെത്തി എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തി.  ‘‘എല്ലാം നന്നായിരിക്കുന്നു. സർക്കാർ അഞ്ചുവർഷം പൂർത്തീകരിക്കും. പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു.’’ എംഎൽഎമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡി.കെ.ശിവകുമാര്‍ പറഞ്ഞു. 

.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com