തദ്ദേശ ദിനാഘോഷങ്ങൾക്കായി 5.55 കോടി രൂപയുടെ പണപ്പിരിവ്; കൈവശമുള്ള പണം മറച്ചുവച്ച് സർക്കാരിന്റെ കൊള്ള
Mail This Article
കോഴിക്കോട്∙ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് ഫണ്ടില്ലാതെ വലയുന്ന തദ്ദേശസ്ഥാപനങ്ങളിൽ നിന്നും തദ്ദേശ ദിനാഘോഷങ്ങൾക്കായി സർക്കാർ പിരിച്ചത് 5.55 കോടി രൂപ. കൈവശമുള്ള പണം മറച്ചുവച്ചായിരുന്നു തദ്ദേശവകുപ്പിന്റെ നിർബന്ധിത പിരിവ്. മുൻവർഷം പിരിച്ച തുകയിൽ 3.5 കോടി രൂപ മിച്ചമുണ്ടായിട്ടും തദ്ദേശ സ്ഥാപനങ്ങളെ പിഴിഞ്ഞ് പണപ്പിരിവ് നടത്തുകയായിരുന്നു.
ബജറ്റ് വിഹിതവും മറ്റു ഫണ്ടുകളും യഥാസമയം കിട്ടാത്തതിനാൽ സംസ്ഥാനത്തെ എല്ലാ തദ്ദേസസ്ഥാപനങ്ങളും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും തദ്ദേശ ദിനാഘോഷങ്ങൾക്കു മാറ്റ് കുറയാൻ പാടില്ലെന്നായിരുന്നു സർക്കാർ തീരുമാനം. കഴിഞ്ഞമാസം 18,19 തീയതികളിൽ കൊട്ടാരക്കരയിലായിരുന്നു തദ്ദേശ ദിനാഘോഷങ്ങൾ നടന്നത്. തദ്ദേശസ്ഥാപനങ്ങളിൽ നിന്നും പണംപിരിച്ചാണ് സെമിനാറുകളും സാംസ്കാരിക പരിപാടികളും നടത്തിയത്.
Read more: സാമ്പത്തിക പ്രതിസന്ധി: ചരിത്രത്തിലാദ്യമായി ശമ്പളം മുടങ്ങി; പെൻഷൻ വൈകി..
ഗ്രാമപഞ്ചായത്തുകളിൽ നിന്നും 30,000 രൂപയാണ് പിരിച്ചത്. ബ്ലോക്ക് പഞ്ചായത്തുകൾ (70000), ജില്ലാ പഞ്ചായത്തുകൾ (രണ്ടു ലക്ഷം), മുൻസിപ്പാലിറ്റികൾ (ഒന്നേകാൽ ലക്ഷം), കോർപ്പറേഷനുകൾ (5 ലക്ഷം) എന്നിങ്ങനെ പണം നൽകണമെന്നായിരുന്നു ഉത്തരവ്. ഇത്തരത്തിലാണ് 5.55 കോടി രൂപ സമാഹരിച്ചത്. കഴിഞ്ഞവർഷം സമാനരീതിയിൽ 4.78 കോടി രൂപ പിരിച്ചെടുത്തിരുന്നു. പുറമെ പ്രതിനിധികളുടെ താമസവാടകയായി 55 ലക്ഷവും പിരിച്ചു. അന്ന് ആഘോഷത്തിനായി ചെലവായത് 2.60 കോടി രൂപ മാത്രമാണ്. ഈ വർഷത്തെ ആഘോഷങ്ങൾക്ക് മിച്ചം തുക മതിയെന്നിരിക്കെയാണ് തദ്ദേശ വകുപ്പ് പഞ്ചായത്തുകളെ പോലും പിഴിഞ്ഞത്.
സമ്മാനങ്ങൾ നൽകാൻ 33 ലക്ഷം രൂപ, ഭക്ഷണത്തിനു 47 ലക്ഷം, പന്തൽ ഉൾപ്പെടെയുള്ളവയ്ക്ക് 66 ലക്ഷം ഇങ്ങനെയെല്ലാമായിരുന്നു കഴിഞ്ഞവർഷത്തെ ചെലവ്. ഇത്തവണത്തെ കണക്കുകൾ സർക്കാർ അതിവേഗം പുറത്തുവിട്ട് ബാക്കി പണം തദ്ദേശസ്ഥാപനങ്ങൾക്കു തന്നെ തിരിച്ചുനൽകണമെന്നാണ് സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന തദ്ദേശസ്ഥാപനങ്ങളുടെ ആവശ്യം.