ഗാസയില്‍ ഭക്ഷണവും അവശ്യവസ്തുക്കളും എയര്‍ഡ്രോപ്പ് ചെയ്യാന്‍ യുഎസ്
Mail This Article
വാഷിങ്ടന്‍∙ ഗാസ സിറ്റിയില്‍ ഭക്ഷണപ്പൊതികള്‍ക്കായി തടിച്ചുകൂടിയ പലസ്തീന്‍കാരെ കൂട്ടക്കൊല ചെയ്ത ഇസ്രയേലിനെതിരെ ലോകമെങ്ങും ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ ആദ്യമായി ഇടപെട്ട് അമേരിക്ക. ഗാസയില്‍ ഭക്ഷണവും അവശ്യവസ്തുക്കളും സൈനിക വിമാനത്തില്‍ എയര്‍ഡ്രോപ്പ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ആദ്യമായാണ് അമേരിക്ക ഇത്തരത്തിലുള്ള നടപടിയുമായി രംഗത്തെത്തുന്നത്. ഫ്രാന്‍സ്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ നിലവില്‍ ഇത്തരത്തില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നുണ്ട്. കൂടുതല്‍ എന്തെങ്കിലും ചെയ്യേണ്ട സമയമാണെന്നും ഇപ്പോള്‍ ഗാസയിലേക്ക് എത്തുന്ന സഹായങ്ങള്‍ പര്യാപ്തമല്ലെന്നും ബൈഡന്‍ പറഞ്ഞു. മറ്റു മാര്‍ഗങ്ങളിലൂടെ കൂടുതല്‍ സഹായം ഗാസയിലേക്ക് എത്തിക്കാനുള്ള ശ്രമം നടത്തുമെന്നും ബൈഡന്‍ അറിയിച്ചു.
Read Also: ഗാസ കൂട്ടക്കൊല: മരണം 115 ആയി; ലോകമെങ്ങും പ്രതിഷേധം
സൈന്യത്തിന്റെ 'റെഡി ടു ഈറ്റ്' ഭക്ഷ്യവസ്തുക്കളാവും ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുകയെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ഏകദേശം 5,76,000 പേരാണ് ഗാസാ മുനമ്പിലുള്ളതെന്നും യുദ്ധഭൂമിയില്‍ ഭക്ഷണവും വെള്ളവുമടക്കം അവശ്യവസ്തുക്കള്‍ക്കായി ജീവന്‍ കളയേണ്ട അവസ്ഥയിലാണു പലസ്തീന്‍കാരെന്നു ലോകാരോഗ്യ സംഘടന പ്രസ്താവിച്ചു. ഗാസയിലെ ആരോഗ്യരംഗം മുട്ടിലിഴയുകയാണെന്നും ഡബ്ല്യുഎച്ച്ഒ വക്താവ് ക്രിസ്റ്റ്യന്‍ ലിന്‍ഡ്മെയര്‍ ജനീവയില്‍ പറഞ്ഞു.
ഗാസയില്‍ ഭക്ഷണത്തിനു കാത്തുനിന്നവര്‍ക്കു നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ നൂറിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. 700 ല്‍ ഏറെപ്പേര്‍ക്കു പരുക്കേറ്റു. ലോകരാജ്യങ്ങളും വിവിധ സന്നദ്ധസംഘടനകളും ഹീനമായ സൈനികനടപടിയെ അപലപിച്ചു. ഭക്ഷണത്തിനു കാത്തുനിന്നവരെ അരുംകൊല ചെയ്തതില്‍ ഇന്ത്യ അഗാധമായ നടുക്കം പ്രകടിപ്പിച്ചു. ഗാസയിലെ മനുഷ്യദുരിതത്തിനിടെ ഇതു കടുത്ത ആശങ്കയുയര്‍ത്തുന്നതായും വിദേശകാര്യമന്ത്രാലയം പ്രസ്താവിച്ചു. ഫ്രാന്‍സ്, ബ്രസീല്‍, തുര്‍ക്കി, സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളും അപലപിച്ചു.
തിക്കിലും തിരക്കിലുമാണു കൂടുതല്‍പേരും കൊല്ലപ്പെട്ടതെന്നും ജനക്കൂട്ടം അക്രമാസക്തമായതോടെ സ്വയംരക്ഷാര്‍ഥം വെടിയുതിര്‍ക്കുകയായിരുന്നു എന്നും ഇസ്രയേല്‍ ന്യായീകരിച്ചു. ഇസ്രയേല്‍ ടാങ്കുകള്‍ വളഞ്ഞ ജനക്കൂട്ടത്തിനുനേരെ യുദ്ധവിമാനങ്ങളും വെടിയുതിര്‍ത്തെന്നു സാക്ഷികള്‍ പറയുന്നു. ഇതുവരെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30,228 ആയി. 71,377 പേര്‍ക്കു പരുക്കേറ്റു.
അടുത്തയാഴ്ചയോടെ, പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിക്ക് (യുഎന്‍ആര്‍ഡബ്ല്യുഎ) 5.4 കോടി ഡോളര്‍ ധനസഹായം വിട്ടുകൊടുക്കുമെന്നു യൂറോപ്യന്‍ യൂണിയന്‍ (ഇയു) വ്യക്തമാക്കി. ഒക്ടോബര്‍ 7നു നടന്ന ഹമാസ് ആക്രമണത്തില്‍ യുഎന്‍ആര്‍ഡബ്ല്യുഎയിലെ 12 അംഗങ്ങള്‍ പങ്കെടുത്തെന്ന ഇസ്രയേല്‍ ആരോപണത്തെത്തുടര്‍ന്നു ധനസഹായം മരവിപ്പിച്ചിരുന്നു. അതേസമയം, ഇസ്രയേല്‍ ബോംബാക്രമണങ്ങളിലും വെടിവയ്പിലുമായി 7 ബന്ദികള്‍ കൊല്ലപ്പെട്ടെന്ന് ഹമാസ് സേനാവിഭാഗം സ്ഥിരീകരിച്ചു.