ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തില്‍ ബിജെപി സ്ഥാനാർഥിയായി അനിൽ ആന്റണി എത്തിയതോടെ ഉയർന്ന രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരണവുമായി പി.സി.ജോർജ്. ബിജെപിയുടെ ദേശീയ നേതൃത്വം കണക്കെടുപ്പു നടത്തിയപ്പോൾ പി.സി. ജോർജ് കൊള്ളാവുന്ന സ്ഥാനാർഥിയാണെന്ന അഭിപ്രായം ഉയർന്നു വന്നിരുന്നു. അല്ലാതെ പാർട്ടി നേതൃത്വത്തോട് സ്ഥാനാർഥിയാകണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി സ്ഥാനാർഥിയാകുമെന്നതു സംബന്ധിച്ച വിവരം ലഭിച്ചിട്ടില്ല. ആര് ബിജെപി സ്ഥാനാർഥിയാകുന്നുവോ അവർക്കുവേണ്ടി പ്രവർത്തിക്കുന്നതാണ് തന്റെ രാഷ്ട്രീയ മര്യാദ. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കാശ് മോഷ്ടിച്ചെന്നു ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഷോൺ ജോർജ് പരാതി നൽകിയതെന്നും അദ്ദേഹം തുറന്നടിച്ചു. അതിൽ പി.സി. ജോർജിനെ പിടിച്ചു കോണ്ടുപോയതിലെ വൈരാഗ്യമാണെന്നു പറയുന്നതിലെന്തു കാര്യം? ഷോൺ തന്റെ മകനല്ലേ, തന്നെ പിടിച്ചു കൊണ്ടു പോയതിൽ മനസ്സിൽ ശത്രുത കാണുമെന്നും പി.സി. ജോർജ് വ്യക്തമാക്കി. മനോരമ ഓൺലൈനിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു പി.സി. ജോർജ്.  

pc-george-anil-antony
പി.സി.ജോര്‍ജ്, അനില്‍ ആന്റണി

പത്തനംതിട്ട മണ്ഡലത്തിൽ ജയിക്കുമെന്ന് ഉറപ്പുള്ള സ്ഥാനാർഥിയാണ് പി.സി.ജോർജെന്ന് പറഞ്ഞിരുന്നു. ബിജെപി പരിഗണിക്കാത്തതിൽ നിരാശയുണ്ടോ?

പത്തനംതിട്ടയിൽ മത്സരിക്കുമെന്ന് ഞാനാരോടും പറഞ്ഞിട്ടില്ല. സീറ്റ് വേണമെന്ന് ഞാനാരോടും ആവശ്യപ്പെട്ടിട്ടില്ല. സ്ഥാനാർഥിയാകുമോ എന്ന് ചോദിച്ചവരോടെല്ലാം നിൽക്കുന്നില്ലെന്നാണു മറുപടി പറഞ്ഞത്. ബിജെപിയുടെ ദേശീയ നേതൃത്വം പത്തനംതിട്ട മണ്ഡലത്തിൽ കണക്കെടുപ്പു നടത്തിയപ്പോൾ പി.സി. ജോർജിന്റെ പേര് കടന്നു വന്നിരുന്നു. പി.സി.ജോർജ് കൊള്ളാവുന്ന സ്ഥാനാർഥിയാണെന്നായിരുന്നു അത്. അതെന്റെ മാന്യമായ പെരുമാറ്റത്തിലൂടെ വന്നതായിരിക്കും. ദേശീയ നേതൃത്വം പല മാനദണ്ഡങ്ങളും പരിഗണിച്ചപ്പോൾ അനില്‍ ആന്റണിക്കു സീറ്റു നൽകുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഞാൻ സീറ്റ് ചോദിക്കുന്നുമില്ല. അനിൽ ആന്റണിക്കു സീറ്റ് കൊടുത്തതിൽ എനിക്കൊരു തർക്കവുമില്ല.

Read Also: പി.സി.ജോർജിനോട് ബിജെപി കേന്ദ്ര നേതൃത്വത്തിന് അമർഷം; അനുനയിപ്പിക്കാൻ അനിൽ നേരിട്ടെത്തും

ബിജെപിയുടെ അതിശക്തനായ പ്രവർത്തകനാണ് ഞാൻ. ആര് ബിജെപിയുടെ സ്ഥാനാർഥിയാകുന്നോ അവർക്കുവേണ്ടി പ്രവർത്തിക്കുന്നതാണ് മര്യാദ. അനിലിനു വേണ്ടി പ്രവർത്തിക്കുക എന്നത് ബിജെപി പ്രവർത്തകരുടെ ചുമതലയാണ്.

പത്തനംതിട്ടയിൽ ആന്റോ ആന്റണിയും തോമസ് ഐസക്കുമാണ് എതിർ സ്ഥാനാർഥികൾ. ഈ സാഹചര്യത്തിൽ അനിൽ ആന്റണിയുടെ വിജയ സാധ്യത എത്രത്തോളമാണ്?

വിജയവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒന്നും പറയാനാകില്ല.എൻഡിഎ സ്ഥാനാർഥിയുടെ വിജയം കാത്തിരുന്നു കാണാം എന്നുമാത്രമാണ് ഇപ്പോൾ പറയാൻ സാധിക്കുന്നത്. ഇന്നു തന്നെ പ്രചാരണ പരിപാടികൾ ആരംഭിക്കും. പഴയതിൽ നിന്നും വ്യത്യസ്തമായി ഒരു നീക്കം നടത്താൻ സാധിക്കുമെന്നാണ് കരുതുന്നത്. മറ്റുകാര്യങ്ങളൊന്നും ഇപ്പോൾ പറയുന്നില്ല.

പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും തുഷാറുമാണ് തനിക്കെതിരെ പ്രവർത്തിച്ചതെന്ന ആരോപണം പി.സി. ജോർജിനുണ്ടായിരുന്നു. തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് സ്ഥാനാർഥിയായാൽ പിന്തുണയ്ക്കുമോ?

തുഷാറിനെയും വെള്ളാപ്പള്ളി നടേശനെയും പിണറായിയെയും കുറിച്ച് ഞാൻ എന്തു പറഞ്ഞോ അതെല്ലാം സത്യമാണ്. വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും നടത്തിയ ഗൂഢാലോചനയിൽ തുഷാർ വെള്ളാപ്പള്ളി പങ്കെടുക്കാൻ പാടില്ലായിരുന്നു. തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യം എന്നോട് ആരും പറഞ്ഞിട്ടില്ല. പറഞ്ഞു കഴിയുമ്പോൾ ആലോചിക്കാം. എന്നെ വിളിച്ച് പറയുമ്പോൾ അയാളാണ് സ്ഥാനാർഥി എന്നു ഞാൻ സമ്മതിക്കാം. തുഷാറും കിഷാറും ഒന്നും എനിക്കില്ല. ബിജെപിയുടെ സ്ഥാനാർഥിയാരോ അവരെ പിന്തുണയ്ക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. ഞാനിപ്പോൾ ബിജെപിയുടെ ഭാഗമാണ്. ആ രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിക്കുന്നു. തത്കാലം അതിൽ നിന്നു മാറാൻ ഉദ്ദേശിക്കുന്നില്ല. അങ്ങനെ തുടരാനാണ് താത്പര്യം.

പി.സി. ജോർജിനെ വീട്ടിൽ വന്ന് അറസ്റ്റ് ചെയ്തതിൽ കുടുംബത്തിനു വലിയ പ്രതിഷേധമുണ്ടായിരുന്നു. ആ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണോ പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ ഷോൺ ജോർജിന്റെ പരാതി?

ഷോൺ ജോർജ് അവന് ബോധ്യപ്പെട്ട കാര്യത്തിലാണ് കേസ് കൊടുത്തത്. വീണാ വിജയൻ കാശ് മോഷ്ടിച്ചതാണ്. കോടികൾ കൈക്കൂലി വാങ്ങിയ കേസിൽ, പി.സി. ജോർജിനെ പിടിച്ചു കൊണ്ടുപോയതിലെ വൈരാഗ്യമാണെന്നു പറഞ്ഞിട്ടെന്താണു കാര്യം? പിണറായി വിജയനോട് മനസ്സിൽ അവന് ശത്രുത കാണും. എന്റെ മകനല്ലേ. അവന് അതിൽ ശത്രുതയില്ലെങ്കിൽ പിന്നെ മകനല്ലല്ലോ. പക്ഷേ, അതിന്റെ പേരിലാണ് കേസുകൊടുത്തതെന്നു പറയുന്നതിൽ അർഥമില്ല. ഹൈക്കോടതി അത് തെറ്റാണെന്നു കണ്ടെത്തിയല്ലോ. പിണറായി വിജയൻ കർണാടകയിൽ പോയപ്പോൾ അവിടത്തെ ഹൈക്കോടതി ഓടിച്ചില്ലേ. മോഷ്ടിക്കുന്നതിനൊക്കെ കണക്കു വേണം. അത് ജനമറിയും എന്ന് മനസ്സിലാക്കണം.

വീട്ടിൽ കിടന്നുറങ്ങിയ എന്നെ പിടിച്ചു കൊണ്ടുപോയില്ലേ അയാൾ. അന്ന് എന്നെ സഹായിക്കാൻ വന്നത് ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രവർത്തകരാണ്. അക്കാര്യം നിഷേധിക്കാൻ സാധിക്കില്ല. കോടതി അപ്പോൾ തന്നെ ജാമ്യം തന്നതിനാൽ എന്നെ ഒരുദിവസം പോലും ജയിലിൽ കിടത്താൻ പിണറായിക്കു കഴിഞ്ഞില്ല. അയാളുടെ ആഗ്രഹം നടന്നില്ല. ഇവിടെ നടത്തുന്നത് റൗഡിസമാണ്. കോളജിൽ പഠിക്കുന്ന വിദ്യാർഥികളെ വരെ എസ്എഫ്ഐ പ്രവർത്തകർ അടിച്ചു കൊല്ലുകയല്ലേ. ചോദിക്കാനും പറയാനും ആളില്ലാത്ത നിലയിലേക്ക് പിണറായിയുടെ റൗഡിസം മാറിയിരിക്കുന്നു. മടുക്കുമ്പോൾ ജനം ഇറങ്ങും.

പി.സി.ജോർജിനെ തിരുവനന്തപുരം തൈക്കാട് ഗവ. ഗെസ്റ്റ് ഹൗസിൽനിന്നു മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ. ചിത്രം: മനോരമ
പി.സി.ജോർജിനെ തിരുവനന്തപുരം തൈക്കാട് ഗവ. ഗെസ്റ്റ് ഹൗസിൽനിന്നു മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ. ചിത്രം: മനോരമ

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എത്ര സീറ്റാണ് ബിജെപി പ്രതീക്ഷിക്കുന്നത്? മോദി തരംഗം വോട്ടായി മാറുമോ?

ബിജെപിക്ക് എത്ര സീറ്റ് ലഭിക്കുമെന്നകാര്യം ഇപ്പോൾ പറയാൻ പറ്റില്ല. ബിജെപി ശക്തമായ ഒരു മുന്നേറ്റം കാഴ്ചവയ്ക്കും. മോദി ഫാക്ടറല്ലാതെ ബിജെപിക്ക് ഒന്നുമില്ല. മോദി ഫാക്ടർ തന്നെ വളരെ പ്രധാനപ്പെട്ടതാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യയെ അദ്ദേഹം മാറ്റുകയാണ്. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അവിടെയാണ് പിണറായി സർക്കാർ നാലരലക്ഷം കോടി രൂപയുടെ കടമുണ്ടാക്കി വച്ചിരിക്കുന്നത്. അവർ കേരളം ഭരിക്കുമ്പോൾ മലയാളിക്ക് ആകെ പ്രതീക്ഷ മോദിയുടെ വാക്കുകളാണ്. ശമ്പളം കൊടുക്കാൻ കേരളത്തിലെ പിണറായി സർക്കാരിനു സാധിച്ചിട്ടില്ല. ആ സ്ഥാനത്താണ് ഇന്ത്യ എന്ന മഹത്തായ രാജ്യത്തെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടത്തിലേക്ക് മോദി ഉയർത്തിയത്. അധികം താമസിയാതെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. ആ മനുഷ്യനെതിരെ കളിച്ചിട്ട് എന്തുകിട്ടാനാണ്. ലോകത്തിനു നന്മചെയ്തു കൊണ്ടു നടക്കുന്ന ഒരു മനുഷ്യനെ ഇവിടെ തെറി പറഞ്ഞു നടക്കുകയാണ് പിണറായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com