ADVERTISEMENT

പാലക്കാട്∙ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പരിശീലനം നേടിയ പ്രാസംഗികരെ ഇറക്കാൻ സിപിഎം. വോട്ടർമാരുടെ ആവശ്യങ്ങളും  പരാതികളും  രാഷ്ട്രീയ സമീപനങ്ങളും മനസ്സിലാക്കുന്നതിനായി പ്രത്യേകം സ്ക്വാഡുകളെയും സിപിഎം തയ്യാറാക്കിയിട്ടുണ്ട്. 

Read More: ‘സ്വാമിയേ ശരണമയ്യപ്പാ...’ ‘ഇത്തവണ നാനൂറിൽ അധികം..’: പത്തനംതിട്ടയിൽ മലയാളത്തിൽ ആവശ്യപ്പെട്ട് മോദി

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള കുടുംബയോഗങ്ങളിലും മണ്ഡല കൺവൻഷനിലും പൊതുസമ്മേളനങ്ങളിലും പരിശീലനം നേടിയ പ്രാസംഗികരായിരിക്കും ഇത്തവണ ഇറങ്ങുക. ഇതിനുപുറമേ സംവാദങ്ങളിലും വിവിധമേഖലകളിലെ ചർച്ചകളിലും പാർട്ടിയെ പ്രതിനിധീകരിച്ച് ഇവരായിരിക്കും പങ്കെടുക്കുക. ഇതിനായി ലോക്കൽ കമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റി വരെ തിരഞ്ഞെടുക്കപ്പെട്ടവർക്കും വിവിധ വിഷയങ്ങളിൽ പാർട്ടി പരിശീലനം നൽകിയിട്ടുണ്ട്. മുൻകാല തിരഞ്ഞെടുപ്പു പ്രസംഗങ്ങളിലെ നാക്കുപിഴകളും ഇകഴ്ത്തൽ  വിവാദങ്ങളും കണക്കിലെടുത്താണു തീരുമാനമെന്നാണ് സൂചന. ഇത്തവണ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ നടത്തുന്ന പ്രസംഗങ്ങൾക്ക് കർശന മാർഗനിർദേശങ്ങളും പാർട്ടി നൽകിയിട്ടുണ്ട്. 

Read More:‘അമേഠിയിൽ സ്മൃതിയെപ്പോലെ വയനാട്ടിലും രാഹുലിനെ തോൽപിക്കും’: നുസ്റത്ത് ജഹാനെ സ്ഥാനാർഥിയാക്കി ആർപിഐ

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിൽ മണ്ഡലം നഷ്ടപ്പെടാൻ കാരണമായതിൽ നാക്കുപിഴയ്ക്കും പങ്കുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. അതിനാൽ ഇത്തവണ പ്രസംഗത്തിൽ അതീവ ജാഗ്രത പുലർത്താൻ നിർദേശമുണ്ട്. യുവജന–വനിതാസംഘടനകളിൽ നിന്നുള്ള ഒരു നിയോജക മണ്ഡലത്തിലെ 200 പേർക്കുവീതമാണ് പ്രസംഗ പരിശീലനം നൽകിയത്. ഇവരല്ലാതെ പ്രസംഗിക്കാൻ ഇറങ്ങുന്നവർക്ക് മുൻകൂട്ടി മാർഗനിർദേശ കുറിപ്പ് നല്‍കണം. വാക്കുകളും വിശേഷണങ്ങളും പരിഹാസവും മറുപക്ഷത്തിനു അധിക്ഷേപമായി മാറാതെ അതീവ ജാഗ്രത പുലർത്തണം. അംഗവിക്ഷേപങ്ങളിൽ കരുതൽ വേണം. നാക്കുപിഴയും വാക്കുപിഴയും വരാതെ നോക്കണം. ആളും സ്ഥലവും നോക്കിവേണം പ്രസംഗം. ഇടം വലം ക്യാമറകളുണ്ടെന്നു ഓർമിക്കണം. കാടുകയറിയുള്ള പ്രസംഗത്തിനും വിലക്കുണ്ട്. എവിടെ പ്രസംഗിക്കുമ്പോഴും ഒരു വോട്ട് അധികം കിട്ടണമെന്ന ചിന്ത വേണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. 

തിരഞ്ഞെടുപ്പിൽ സർക്കാരുമായി ബന്ധപ്പെട്ടു ചർച്ചചെയ്യപ്പെടാൻ സാധ്യതയുള്ള വിഷയങ്ങൾ അതിനുനൽകേണ്ട മറുപടി, പ്രതിരോധിക്കേണ്ട രീതി എന്നീ കാര്യങ്ങളിലാണ് പരിശീലനം നൽകിയിരിക്കുന്നത്. വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണം മറുപടി. കേരളത്തിൽ സിപിഎമ്മും കോൺഗ്രസും പരസ്പരം മത്സരിക്കുമ്പോൾ ദേശീയതലത്തിൽ അവർ ഇന്ത്യാമുന്നണിയായി ഒന്നിച്ചു മത്സരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്  ബിജെപിയുടെ രാഷ്ട്രീയ, വർഗീയ ആധിപത്യം അടിസ്ഥാനമാക്കിവേണം പ്രതികരണം നടത്താൻ.

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി, അതിൽ കേന്ദ്രത്തിന്റെ നിർണായക പങ്ക്, സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള ആരോപണങ്ങളും അന്വേഷണങ്ങളും, നവ കേരളസദസുകൾ, നവകേരളം സൃഷ്ടിക്കാൻ തടസം നിൽക്കുന്നവർ, ഫെഡറലിസം, ഗാസയിൽ കേന്ദ്രം സ്വീകരിച്ച നിലപാട്, വ്യക്തിനിയമത്തിലെ വർഗീയതയും മതവിവേചനവും തുടങ്ങി നിരവധി രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക വിഷയങ്ങളാണ് പരിശീലന പാഠ്യപദ്ധതിയിലുളളത്. പ്രസംഗ പരിശീലനം ലഭിച്ച സംസ്ഥാനത്തെ 31,000 പേരിൽ പകുതി വനിതകളാണ്. തിരഞ്ഞെടുപ്പ് സംവാദം, ചർച്ച, എന്നിവയിലും ഇവരിൽ നിന്നുള്ളവർതന്നെ പങ്കെടുക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മാർഗനിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും.

Read More: വിശ്രമമില്ലാതെ മോദി, മാരത്തൺ പ്രചാരണം; ദക്ഷിണേന്ത്യയിൽ വോട്ടുറപ്പിക്കാൻ ബിജെപി

എല്ലാ വോട്ടർമാരേയും ഒരുമിച്ച് കണ്ട് അവരെ കേട്ട് അഭിസംബോധന ചെയ്യുന്ന പരമ്പരാഗത രീതിയിക്ക് സിപിഎം ഇത്തവണ കൃത്യമായ മാറ്റം വരുത്തിയിട്ടുണ്ട്. വോട്ടർമാരിൽ ഓരോവിഭാഗത്തിന്റെയും ആവശ്യങ്ങളും പരാതികളും സമീപനങ്ങളുമറിഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിടാനാണ് പാർട്ടിയുടെ തീരുമാനം. വോട്ടർമാരെ 70 മുകളിൽ പ്രായമുള്ളവർ, മധ്യവയസ്കർ, യുവാക്കൾ , പുതിയ വോട്ടർമാർ എന്നിങ്ങനെ തിരിച്ച് പ്രത്യേകം കണ്ടുംകേട്ടുമാണ് പാർട്ടി വോട്ടുറപ്പിക്കുന്നത്. പൊതുവിഷയങ്ങളിൽ ചർച്ചകളും നിർദേശങ്ങളും നടത്തും. ഓരോ വിഭാഗത്തിന്റെയും ആവശ്യങ്ങൾ വ്യത്യസ്തമായതിനാൽ അവ, പൊതുയോഗങ്ങളിലും ചർച്ചകളിലും വ്യക്തവും കൃത്യവുമായി പ്രതിഫലിക്കുക പ്രയാസമാണ്.  ഓരോ വിഭാഗത്തെയും അടുത്തുകേൾക്കുന്നത് അവരുമായി കൂടുതൽ അടുപ്പമുണ്ടാക്കാൻ സഹായിക്കുമെന്നാണു സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തൽ.

പ്രായം അടിസ്ഥാനമാക്കിയുളള വോട്ടർമാരുടെ യോഗങ്ങൾ ബൂത്തുതലത്തിൽ ആരഭിച്ചു. ഒരു ബൂത്തിൽ 20 സ്ഥലത്താണു പ്രത്യേക യോഗങ്ങൾ. യോഗങ്ങളിൽ പങ്കെടുക്കാൻ പറ്റാത്തവരെ നേരിട്ടുകാണാൻ സ്ക്വാഡുകളുണ്ട്. സ്ക്വാഡുകളിൽ പകുതിയും വനിതകളാണ്.  ഓരോ വിഭാഗത്തിനും പ്രത്യേക വാട്സാപ് ഗ്രൂപ്പുകളും ഉണ്ടാക്കുന്നുണ്ട്. യുവാക്കളെ അഭിസംബോധന ചെയ്യുന്ന സ്ക്വാഡിൽ പ്രൊഫഷണലുകളും ഉൾപ്പെടുന്നു. 

English Summary:

CPM will introduce trained orators in election meetings, party has also given strict guidelines for the speeches given in the election meetings.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com