ADVERTISEMENT

തിരുവനന്തപുരം∙ ചുട്ടുപൊള്ളുന്ന വേനൽച്ചൂടിനെക്കാൾ ഉച്ചസ്ഥായിയിലാണ് തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പു പ്രചാരണ ചൂട്. ചൂടെന്നു കരുതി, പുറത്തിറങ്ങാതിരിക്കാനാവില്ലല്ലോ. അരയും തലയും മുറുക്കി റോഡിലിറങ്ങി മണ്ഡ‍ലത്തിന്റെ മുക്കിലും മൂലയിലുമെത്തണം. ചൂടെത്ര നിസ്സാരമെന്നാണ് സ്ഥാനാർഥികളായ ശശിതരൂർ, രാജീവ് ചന്ദ്രശേഖർ, പന്ന്യൻ രവീന്ദൻ എന്നിവരുടെ ഭാവം. തിരഞ്ഞെടുപ്പിന്റെ തീച്ചൂളയിൽ ചൂടു വിശേഷം മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് സ്ഥാനാർഥികൾ.

ചൂടായാലും ചായ മസ്റ്റ്

ചൂടായാലും തിരുവനന്തപുരത്തുകാർക്കു ചായ മസ്റ്റെന്നാണ് ശശി തരൂരിന്റെ പക്ഷം. ചായ കുടി തിരുവനന്തപുരത്തുകാരുടെ സ്വഭാവത്തിനൊപ്പം ഇഴകിച്ചേർന്നതാണ്. ഈ ചൂടത്തും നമ്മുടെ ചായക്കടകളിൽ എന്തുമാത്രം തിരക്കാണ്. പൊടിപൊടിക്കുന്ന കച്ചവടമാണ് ചായക്കടകളിൽ നടക്കുന്നതെന്നും ശശി തരൂർ പറയുന്നു. ‘‘തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതിനാൽ ഇത്രയും ദിവസം മുൻകൂട്ടി നിശ്ചയിച്ചിരുന്ന പരിപാടികളിലാണ് പങ്കെടുത്തിരുന്നത്. എവിടെപ്പോയാലും ചായ കിട്ടും. ഞാൻ ചായ ആസ്വദിച്ച് കുടിക്കുകയും ചെയ്യും. അടുത്തിടെ വരെ ജലദോഷമുണ്ടായിരുന്നു. ആ അസ്കിത വിട്ടുമാറിയിട്ടില്ലെന്നു പറയാം. അതുകൊണ്ടു തന്നെ ചായ കിട്ടുന്നത് കുടിക്കും. രണ്ടുണ്ട് ഗുണം, ജലദോഷത്തിന് ഒരു പരിഹാരം, അതിനൊപ്പം ഉന്മേഷവും. കാറിൽ വെള്ളം കരുതുന്ന പതിവില്ല. കുപ്പിവെള്ളം അങ്ങനെ കുടിക്കത്തുമില്ല. എങ്കിലും ഈ ചൂടുകാലത്ത് കരിക്കിൻവെള്ളം കിട്ടുന്നത് ഒരു ആശ്വാസമാണ്. പല പരിപാടികളിലും പോകുമ്പോൾ കിട്ടുന്ന കരിക്കിൻ വെള്ളം സന്തോഷത്തോടെ കുടിക്കും. ചൂടെന്ന് കരുതി വസ്ത്രം വെറുതെ മാറുന്ന രീതി എനിക്കില്ല. ഞാൻ നിറമുള്ള വസ്ത്രങ്ങളിടുന്നത് കൊണ്ട് നിങ്ങൾക്കത് മനസ്സിലാകും. വെള്ള വസ്ത്രമണിയുന്ന നേതാക്കളിൽ പലരും മൂന്നും നാലും തവണ വസ്ത്രം മാറും. വെള്ള നിറമായതു കൊണ്ട് നമ്മൾ അറിയുന്നില്ലെന്നു മാത്രം’’ – ശശി തരൂർ പറയുന്നു.

shashi-tharoor
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ചായ കുടിക്കുന്ന ശശി തരൂർ.

ചൂടിന്റെ കാര്യത്തിൽ അൽപം രാഷ്ട്രീയം കൂടി തരൂരിനു പറഞ്ഞുവയ്ക്കാനുണ്ട്. തിരുവനന്തപുരത്തെ ചൂട് തനിക്ക് പരിചിതമാണെന്നും മറ്റു സ്ഥാനാർഥികൾ ചൂടിൽ വലയുമെന്നും തരൂർ പറയുന്നു. പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്തുണ്ടായിരുന്നെങ്കിലും സാമൂഹിക വിഷയങ്ങളിൽ വലിയ തോതിൽ ഇടപടെലൊന്നും നടത്തിയിട്ടില്ല. രാജീവ് ചന്ദ്രശേഖറാകട്ടെ മണ്ഡലത്തെ സംബന്ധിച്ച് തികച്ചും ഒരു പുതുമുഖമാണ്. തിരുവനന്തപുരത്തെ കാലാവസ്ഥയോട് ഇഴകിച്ചേരാൻ രണ്ടുപേരും അൽപം ബുദ്ധിമുട്ടും. പക്ഷേ തനിക്ക് അങ്ങനെയൊരു പ്രശ്നമുണ്ടാകില്ലെന്നും തരൂർ പറയുന്നു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഇനി ഷെഡ്യൂൾ തയാറാക്കിയുള്ള മണ്ഡല പര്യടനമാകും നടത്തുക. ചൂടിനെ പൊരുതി തോൽപിക്കുമെന്നും തരൂർ പൊട്ടിച്ചിരിയോടെ പറയുന്നു.

Read More: ഇന്ദിര അന്ന് ക്ഷുഭിതയായി: 'നിങ്ങളും കള്ളം പറഞ്ഞു തുടങ്ങിയോ': കോൺഗ്രസിന് 'അനുഗ്രഹമായ' കൈപ്പത്തി

‘അത്രയൊന്നും ഷർട്ട് എനിക്കില്ലടോ...’

ചൂടിൽ വിയർത്തു കുളിച്ചാൽ മാറാൻ അധികം ഷർട്ടൊന്നും എനിക്കില്ലടോ എന്നാണ് പന്ന്യൻ രവീന്ദ്രൻ പറയുന്നത്. ‘‘ഇപ്പോൾത്തന്നെ ഷർട്ടിന്റെ കോളർ കീറിയിരിക്കുന്നു, കീശ കീറിയിരിക്കുന്നു എന്നൊക്കെയാണ് പാർട്ടി പ്രവർത്തകർ പറയുന്നത്. കൃത്യമായി പറഞ്ഞാൽ, ഒരാഴ്ച ഇടാനുള്ള ഷർട്ടും മുണ്ടുമാണ് കയ്യിലുള്ളത്. എത്ര ചൂടാണെങ്കിലും തണുത്ത വെള്ളം കുടിക്കുന്ന പതിവില്ല. ചൂട് തിളച്ചു മറിയുമ്പോൾ തിളപ്പിച്ചാറ്റിയ വെള്ളമാകും ഞാൻ കുടിക്കുക. റോഡ് ഷോയുടെ ഭാഗമായി ഓപ്പൺ ജീപ്പിലായിരുന്നു കഴിഞ്ഞ കുറച്ചുദിവസത്തെ പര്യടനം. തലയ്ക്കുമീതെ വെയിൽ അടിക്കുകയായിരുന്നു. കണ്ണും മുഖവുമൊക്കെ ചുട്ടുപൊള്ളിയെങ്കിലും ജനങ്ങളെ കാണുമ്പോൾ അതൊക്കെ മറക്കും. പല പ്രയാസങ്ങളുമുണ്ടാകും, എന്നുകരുതി പിന്മാറാൻ കഴിയില്ലല്ലോ. കറുത്തുപോയല്ലോ സഖാവേ എന്നൊക്കെ ചിലർ ചോദിക്കുന്നുണ്ട്. അതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമേയല്ല. ഏതു കാലാവസ്ഥയേയും അതിജീവിക്കാനുള്ള കരുത്ത് എനിക്കു നൽകിയത് ഈ പാർട്ടിയാണ്. സിപിഐ സഖാവായ എനിക്ക് എസിയും സുഖലോലുപതയൊന്നും പറ്റില്ല. രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് 1.30 വരെയും ഉച്ചയ്ക്കു ശേഷം 3 മണി മുതൽ‌ അഞ്ചു മണിവരെയുമാണ് ഇപ്പോൾ പര്യടനം നടത്തുന്നത്. രാത്രി മീറ്റിങ്ങുകളായിരിക്കും. ഈ സമയം ചൂടെന്ന് കരുതി മാറിനിൽക്കാനാകില്ല’’ – പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

pannyan
പന്ന്യൻ രവീന്ദ്രൻ തിരഞ്ഞെടുപ്പുപ്രചാരണത്തിനിടയിൽ

ചൂടേറ്റു കറുത്തെന്നു കരുതി, ഫെയ്സ് ക്രീമോ ലോഷനോ ഒന്നും ഗ്ലാമറിനു വേണ്ടി ഉപയോഗിക്കില്ലെന്നും പന്ന്യൻ രവീന്ദ്രൻ ചെറുചിരിയോടെ പറയുന്നു. രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിച്ചാണ് പുറത്തേക്കിറങ്ങുന്നത്. അതിനോടൊപ്പം ഗുളികകൾ കൂടി കഴിക്കും. പ്രസ്ക്ലബിന് സമീപമുള്ള കടയിൽനിന്നു ലെമൺ ടീ പതിവാണ്. പൊതുപ്രവർത്തനത്തിനു വേണ്ടി പാകപ്പെടുത്തിയെടുത്ത മനസ്സാണിത്. ജയിലിലും ഒളിവിലുമൊക്കെ കഴിഞ്ഞപ്പോൾ ബാധിക്കാത്ത ചൂട് ഈ എഴുപത്തിയെട്ടാം വയസ്സിൽ ലവലേശം ബാധിക്കില്ലെന്നും പന്ന്യൻ രവീന്ദ്രൻ ആത്മവിശ്വാസം പങ്കുവയ്ക്കുന്നു.

Read More: ഭക്ഷണം, സൗഹൃദം, രുചി കൂട്ടാൻ രാഷ്ട്രീയം, മധുരത്തിന് നർമം; സ്ഥാനാർഥികൾ ‘മലയാള മനോരമ’യ്ക്കായി ഒരുമിച്ചപ്പോൾ

സോഡയിട്ട നാരങ്ങവെള്ളം

സോഡ ചേർത്ത നാരങ്ങവെള്ളമാണ് തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന് കൂടുതൽ ഇഷ്ടം. ചൂടെല്ലാം പമ്പ കടക്കും. പ്രചാരണത്തിരക്കിനിടയിൽ കടയുടെ വലുപ്പം നോക്കാതെ സോഡ നാരങ്ങവെള്ളം കുടിക്കും. ചൂടിനെ അതിജീവിക്കാൻ ബെസ്റ്റ് ഐറ്റമാണ് സോഡ നാരങ്ങവെള്ളമെന്നാണ് രാജീവിന്റെ കമന്റ്. രാവിലെ പ്രചാരണത്തിനിറങ്ങുമ്പോൾ ഒരു ചായ കുടിക്കും. എന്തെങ്കിലും പഴവർഗങ്ങൾ വണ്ടിയിൽ കരുതിയിരിക്കും. മിക്കവാറും ഓറഞ്ചായിരിക്കും. ചൂടിൽ ഓറഞ്ചിന്റെ രണ്ട് ഇതളെങ്കിലും കഴിക്കുമ്പോൾ തെല്ലൊരു ആശ്വാസമാണ്. ഭവന സന്ദർശനങ്ങൾക്കിടയിൽ വീടുകളിൽനിന്നു ലഭിക്കുന്ന എന്തും കുടിക്കും. ചായ, നാരങ്ങവെള്ളം അതങ്ങനെ എന്തുമാകാം. വിയർത്തു കുളിച്ചാലും വസ്ത്രം മാറാൻ സമയം കിട്ടാറില്ലെന്നാണ് രാജീവ് ചന്ദ്രശേഖർ പറയുന്നത്.

rajeev
English Summary:

Loksabha candidates food habits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com