‘രാഷ്ട്രപതി ഉൾപ്പെടെ എല്ലാവരും ഭരണഘടനയ്ക്ക് കീഴിൽ; ബിൽ വൈകുന്നത് എന്തിനെന്ന് നിയമസഭയ്ക്ക് പോലും അറിയില്ല’
Mail This Article
കൊച്ചി∙ നിയമസഭ പാസാക്കിയ ബില്ലുകൾ അനന്തമായി നീട്ടിക്കൊണ്ടു പോകരുതെന്ന് സുപ്രീം കോടതി ഉത്തരവുണ്ടെന്ന് മന്ത്രി പി.രാജീവ്. നിയമസഭ പാസാക്കിയ ബില്ലുകൾ വൈകിപ്പിക്കുന്നത് ഭരണഘടന വിരുദ്ധമാണ്. രാഷ്ട്രപതി ഉൾപ്പെടെ എല്ലാവരും ഭരണഘടനയ്ക്ക് കീഴിലാണ്. ഗവർണർ രാഷ്ട്രപതിക്ക് അയച്ച ബില്ലുകളൊന്നും രാഷ്ട്രപതിയുടെ അനുമതി ആവശ്യമായതല്ല. ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്കയച്ച നടപടി തന്നെ ഭരണഘടനാപരമല്ല. ബിൽ വൈകുന്നത് എന്തിനെന്ന് നിയമസഭയ്ക്ക് പോലും അറിയാത്തത് ഭരണഘടനാ വിരുദ്ധമായ സമീപനമാണ്. മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും ഗവർണർക്കും രാഷ്ട്രപതിക്കും, എല്ലാത്തിനും മുകളിൽ ഭരണഘടനയാണെന്നും മന്ത്രി പറഞ്ഞു.
നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെ കേരളം ഇന്ന് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. രാഷ്ട്രപതിക്കെതിരെയാണ് ഹർജി. ഗവർണറെയും കേസിൽ കക്ഷി ചേർത്തു. രാഷ്ട്രപതിയുടെ സെക്രട്ടറിയെ കക്ഷി ചേർത്താണ് കേരളം ഹർജി നൽകിയിരിക്കുന്നത്. നിയമസഭ പാസാക്കിയ നാലു ബില്ലുകളാണ് നിലവിൽ രാഷ്ട്രപതിയുടെ പരിഗണനയിലുള്ളത്.
അസാധാരണ നീക്കമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ചീഫ് സെക്രട്ടറിയും പേരാമ്പ്ര എംഎൽഎ ടി.പി. രാമകൃഷ്ണനുമാണ് സംസ്ഥാനത്തിനുവേണ്ടി റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. രാഷ്ട്രപതി ഈ ബില്ലിൽ തീരുമാനം അനന്തമായി വൈകിപ്പിക്കുന്നതിന് എതിരെ കൂടിയാണ് സംസ്ഥാനം കോടതിയെ സമീപിച്ചത്. ഭരണഘടനാപരമായി തെറ്റായ കീഴ്‌വഴക്കമാണെന്നാണു സംസ്ഥാനം ഹർജിയിൽ പറഞ്ഞിരിക്കുന്നത്. കാരണമില്ലാതെ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച ഗവർണറുടെ നടപടിയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. ഭരണഘടനാപരമായ പ്രശ്നങ്ങൾ തോന്നുകയാണെങ്കിൽ ഗവർണർക്ക് ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കാം. എന്നാൽ ഇത്തവണ രാഷ്ട്രപതിക്ക് അയച്ചതിൽ കാരണം വ്യക്തമാക്കിയിട്ടില്ല.
ബില്ലിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ സുപ്രീം കോടതിയിൽ കേരളത്തിന്റെ ഹർജി നിലവിലുണ്ട്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിനു രാഷ്ട്രപതി അനുമതി നൽകിയിരുന്നു. എന്നാൽ, ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ പുറത്താക്കുന്നത് ഉൾപ്പെടെ സർവകലാശാലാ നിയമഭേദഗതി ബില്ലുകളും മിൽമയുടെ ഭരണം സർക്കാർ നിയന്ത്രണത്തിൽ ആക്കുന്നതിനുള്ള ബില്ലും രാഷ്ട്രപതി തടഞ്ഞുവച്ചിരിക്കുകയാണ്. ഇതു തിരിച്ചടിയായ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്. രാഷ്ട്രപതിയുടെ അനുമതി ആവശ്യമുള്ള പ്രത്യേക വിഭാഗങ്ങളിൽ പെടുന്നതല്ല ഈ ബില്ലുകൾ എന്നാണു സർക്കാർ നിലപാട്.