‘ചോദ്യം ചെയ്യലിനിടെ കേജ്‌രിവാൾ 2 എഎപി മന്ത്രിമാരുടെ പേര് പറഞ്ഞു’: ആക്രമണം കടുപ്പിച്ച് ബിജെപി
Mail This Article
ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രണ്ട് ഡൽഹി മന്ത്രിമാരുടെ പേരു പറഞ്ഞെന്ന ഇ.ഡി വെളിപ്പെടുത്തലിനു പിന്നാലെ എഎപിക്കെതിരായ ആക്രമണം കടുപ്പിച്ച് ബിജെപി. കേജ്‌രിവാൾ മദ്യനയ അഴിമതിയുടെ സൂത്രധാരനാണെന്നും, ഇ.ഡിയോടു കേജ്‌രിവാൾ നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ചു ചോദിച്ചപ്പോൾ ഡൽഹി മന്ത്രിമാർ കൃത്യമായ മറുപടി നൽകിയില്ലെന്നും ബിജെപി എംപി സുധാൻഷു തൃവേദി പറഞ്ഞു. ചോദ്യം ചെയ്യുന്നതിനിടെ കേജ്‌രിവാൾ ഡൽഹി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരുടെ പേരുകൾ പറഞ്ഞതായാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ പറഞ്ഞത്.
‘‘പ്രതികളിൽ ഒരാളായ വിജയ് നായർ അതിഷിയും സൗരഭുമായി ബന്ധം പുലർത്തിയിരുന്നതായി കേജ്‌രിവാൾ പറഞ്ഞിട്ടുണ്ട്. മദ്യനയ അഴിമതിയിൽ ഡൽഹി സർക്കാരിനുള്ള പങ്ക് കൂടുതൽ വ്യക്തമാവുകയാണ്. കേജ്‌രിവാളിനെ ജ്യുഡിഷ്യൽ കസ്റ്റഡിൽ വിട്ടുകൊണ്ടുള്ള ഇന്നത്തെ കോടതിവിധി കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണ്. എന്നാൽ ഇപ്പോൾ ഭരണഘടനാപരവും ധാർമികവുമായ ചില ചോദ്യങ്ങൾ ഉയരുകയാണ്. അണ്ണാ ഹസാരെ കേജ്‌രിവാളിന്റെ ഗുരുവായിരുന്നു. ഗുരു രാഷ്ട്രീയത്തിലേക്കു വന്നില്ല. ശിഷ്യൻ രാഷ്ട്രീയത്തിലേക്കു വന്നു, മുഖ്യമന്ത്രിയുമായി. എന്നാൽ മറ്റൊരു തിരഞ്ഞെടുപ്പു റാലി വന്നപ്പോൾ അദ്ദേഹം ഗുരുവിനെ മാറ്റി. ഇപ്പോൾ ലാലു പ്രസാദ് യാദവാണ് ഗുരു. ജയിലിൽ പോകും മുൻപ് ലാലു രാജിവച്ചു. എന്നാൽ കേജ്‌രിവാൾ ഇതുവരെ രാജിവയ്ക്കാൻ തയാറായിട്ടില്ല. അദ്ദേഹം രാജിവയ്ക്കുമോ അതോ പുതിയ തന്ത്രമൊരുക്കുമോ എന്നതു കാത്തിരുന്നു കാണണം’’ –സുധാൻഷു തൃവേദി പറഞ്ഞു.
എഎപിയുടെ മുൻ കമ്മ്യൂണിക്കേഷൻ ഇൻ ചാർജായിരുന്ന വിജയ് നായർ തന്നോടല്ല, അതിഷിയോടും സൗരഭ് ഭരദ്വാജിനോടുമാണ് ബന്ധപ്പെട്ടതെന്നും വിജയ് നായരുമായുള്ള ആശയവിനിമയം പരിമിതമായിരുന്നുവെന്നും കേജ്‌രിവാൾ പറഞ്ഞതായി അന്വേഷണ ഏജൻസി കോടതിയിൽ പറഞ്ഞു. മദ്യനയക്കേസില്‍ നേരത്തെ അറസ്റ്റിലായ വിജയ് നായർ നിലവിൽ ജയിലിലാണ്. 100 കോടിയുടെ അഴിമതി നടത്താൻ സൗത്ത് ഗ്രൂപ്പും എഎപി സർക്കാരും തമ്മിലുള്ള ഇടനിലക്കാരനായി വിജയ് നായർ പ്രവർത്തിച്ചെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. മുതിർന്ന എഎപി നേതാക്കളായ സത്യേന്ദർ ജയിൻ, മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരും അറസ്റ്റിലായി ജയിലിൽ കഴിയുകയാണ്. തിങ്കളാഴ്ച റൗസ് അവന്യൂ കോടതി കേജ്‌രിവാളിനെ ഈ മാസം 15 വരെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിൽ കേജ്‌രിവാൾ നിസ്സഹകരിക്കുകയായിരുന്നുവെന്ന് ഇ.ഡി വാദത്തിനിടെ കോടതിയെ അറിയിച്ചു.