ADVERTISEMENT

കൊച്ചി ∙ തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന റിപ്പോർട്ട് തള്ളി സിപിഎം നേതാവ് എം.കെ.കണ്ണൻ. നിലവിൽ ഇ.ഡി നടത്തുന്ന അന്വേഷണത്തിനു പിന്നിൽ രാഷ്ട്രീയ വിരോധമാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണ് കേന്ദ്ര ഏജൻസി നടത്തുന്നത്. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. തങ്ങൾക്ക് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും താൻ കൈകാര്യം ചെയ്യുന്ന ഒരിടത്തും കെവൈസി ഇല്ലാത്ത അക്കൗണ്ട് കണ്ടിട്ടില്ലെന്നും എം.കെ.കണ്ണൻ പറഞ്ഞു. 

‘‘രാഷ്ട്രീയ വിരോധമാണ് ഇ.ഡി നീക്കത്തിനു പിന്നിലുള്ളത്. ഇ.ഡി ഉദ്യോഗസ്ഥരെക്കൊണ്ട് ഇത് ചെയ്യിക്കുന്നവർ അതിന്റെ ദോഷം അനുഭവിക്കും. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണിത്. ഞങ്ങൾ മൂന്നു പേരെ അറസ്റ്റു ചെയ്താൽ തിരഞ്ഞെടുപ്പിൽ ജയിക്കാമെന്നാണോ അവർ കരുതുന്നത്? ഞങ്ങൾക്ക് ഒന്നും ഒളിച്ചുവയ്ക്കാനില്ല. തുറന്ന പുസ്തകമാണ്. ചോദിച്ച എല്ലാ രേഖകളും ഹാജരാക്കി, ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയും നൽകി.

ജനാധിപത്യത്തിൽനിന്ന് ഏകാധിപത്യത്തിലേക്കുള്ള പോക്കാണിത്. ഡല്‍ഹിയിൽ നടക്കുന്ന കാര്യങ്ങൾ എല്ലാവർക്കും അറിയാമല്ലോ. എന്തിനെയും അതിജീവിച്ച രാജ്യമല്ലേ നമ്മുടേത്. ഇതിനെയും അതിജീവിക്കും. പലവഴിയും നോക്കി നടക്കാതായപ്പോൾ സ്വീകരിച്ച അവസാന മാർഗമാണ് ഇപ്പോൾ നടക്കുന്ന അന്വേഷണം. ഇതുകൊണ്ട് അവർക്ക് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല. ബിജെപി കാണിക്കുന്ന വിവരക്കേടുകളിൽ മറ്റൊന്നാണിത്. ഇലക്ടറൽ ബോണ്ട് എന്ന പേരിൽ ഏറ്റവുമധികം കള്ളപ്പണം വെളുപ്പിച്ചത് ബിജെപിയല്ലേ’’ – എം.കെ.കണ്ണൻ പറഞ്ഞു.

കരുവന്നൂരില്‍ സിപിഎമ്മിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് പാര്‍ട്ടി തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസും പറഞ്ഞു. ആവശ്യപ്പെട്ടാല്‍ ഇനിയും രേഖകള്‍ നല്‍കാന്‍ തയാറാണെന്നും അന്വേഷണവുമായി സഹകരിക്കില്ലെന്ന് തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary:

ED probe initiated for political gains: MK Kannan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com