‘ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പ്’; മരവയൽ കോളനിയിൽ വോട്ടുതേടിയെത്തി രാഹുൽ ഗാന്ധി
Mail This Article
വയനാട്∙ ജനാധിപത്യവും ഇന്ത്യൻ ഭരണഘടനയും സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്ന് രാഹുൽ ഗാന്ധി. കൽപറ്റയിലെ മരവയൽ കോളനിയിൽ വോട്ടുതേടിയെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുവശത്ത് രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാൽ മറുവശത്ത് അത് സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആരാണ് ഭരണഘടനയെ തകർക്കുന്നതെന്നും ആരാണ് സംരക്ഷിക്കുന്നതെന്നും നിങ്ങൾക്കറിയാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. റോഡ് ഷോ ആയി ജില്ലാ കലക്ട്രേറ്റിലെത്തി നാമനിർദേശപത്രിക സമർപ്പിച്ച ശേഷമാണ് രാഹുൽ ഗാന്ധി മരവയൽ കോളനിയിലെത്തിയത്. മാധ്യമപ്രവർത്തകർ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയാറായില്ല.
അതേസമയം, അഞ്ചു വർഷം മുൻപ് ഞാൻ ഇവിടെ വരുമ്പോൾ പുതിയൊരു ആളായിരുന്നുവെന്ന് പറഞ്ഞായിരുന്നു റോഡ് ഷോയിൽ രാഹുൽ ഗാന്ധി സംസാരിച്ചത്. ‘ഞാനിവിടെ സ്ഥാനാർഥിയായി വന്നു, നിങ്ങൾ എന്നെ എംപിയായി തിരഞ്ഞെടുത്തു. വളരെപ്പെട്ടെന്നു തന്നെ എന്നെ നിങ്ങളുടെ കുടുംബത്തിന്റെ ഭാഗമാക്കി മാറ്റി. ഞാൻ ഇവിടെ നടത്തുന്നത് വെറുമൊരു രാഷ്്ട്രീയ പ്രസംഗമല്ല. നിങ്ങൾ യുഡിഎഫിന്റെ പ്രവർത്തകരാകട്ടെ, എൽഡിഎഫിന്റെ പ്രവർത്തകരാകട്ടെ, കക്ഷിരാഷ്ട്രീയത്തിന് അതീതമായി എനിക്ക് നിങ്ങളോട് സ്നേഹമുണ്ട്. നമ്മൾ സഹോദരങ്ങളേപ്പോലെ പ്രവർത്തിക്കുകയാണ്. രാഷ്ട്രീയ നിലപാടുകളിൽ വ്യത്യാസങ്ങളുണ്ടെങ്കിലും പൊതു വിഷയങ്ങളിൽ നാം ഒരുമിച്ചു പോകേണ്ടവരാണ്. പാർലമെന്റിൽ നിങ്ങളുടെ പ്രതിനിധിയായി ഇരിക്കുന്നത് ഒരു ബഹുമതിയായി ഞാൻ കാണുന്നു. കഴിഞ്ഞ അഞ്ച് വർഷം നിങ്ങളെ കേട്ടുകൊണ്ട്, നിങ്ങളോടു സംസാരിച്ചുകൊണ്ട്, നിങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് ഒരുപാടു കാര്യങ്ങൾ ഞാൻ പഠിച്ചിട്ടുണ്ട്. അതുകൊണ്ട്, വയനാട്ടിൽ എന്റെ കുടുംബാംഗങ്ങളായിട്ടുള്ള ഓരോ സഹോദരീസഹോദരൻമാരോടും എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷക്കാലം എന്റെ പാർലമെന്ററി ജീവിതം ധന്യമാക്കിയതിനും ഹൃദയം നിറഞ്ഞ നന്ദി. വയനാട്ടിലെ ജനങ്ങൾ നേരിടുന്ന ചില പ്രധാന പ്രശ്നങ്ങൾ പരിഹരിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ് എന്ന കാര്യം ഇവിടെ ഓർമിപ്പിക്കുന്നു’ – രാഹുൽ ഗാന്ധി പറഞ്ഞു.
വയനാട്ടിലെ ഓരോ പ്രശ്നവും പാര്‌ലമെന്റിനകത്തും പുറത്തും ഉന്നയിക്കാൻ നിങ്ങൾക്കൊപ്പം താനുണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇംഗ്ലിഷിലുള്ള രാഹുലിന്റെ പ്രസംഗം കെ.സി. വേണുഗോപാലാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.