ADVERTISEMENT

കൽപറ്റ∙ ആയിരക്കണക്കിന് ജനങ്ങളുടെ അകമ്പടിയിൽ വയനാട് ലോകസഭാ മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി ആനി രാജ പത്രിക സമർപ്പിച്ചു. കൽപ്പറ്റ ടൗണിൽനിന്ന് ആരംഭിച്ച റോഡ് ഷോയിൽ വിവിധ വിഭാഗത്തിലുള്ള ജനങ്ങൾ അണിനിരന്നു. എൽഡിഎഫ് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.കെ.ശശീന്ദ്രൻ, കൺവീനർ ടി.വി.ബാലൻ, സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ, ഒ.ആർ.കേളു എംഎൽഎ, പി.കെ. മൂർത്തി എന്നിവർക്കൊപ്പം കൽപ്പറ്റ കലക്ടറേറ്റിൽ എത്തി ജില്ലാ വരണാധികാരിയായ കലക്ടർ ഡോ. രേണു രാജിനു പത്രിക സമർപ്പിച്ചു.

രാവിലെ പത്തിന് സർവീസ് സഹകരണ ബാങ്ക് പരിസരത്ത് ആരംഭിച്ച റോഡ് ഷോ എസ്കെഎംജെ സ്കൂൾ പരിസരത്ത് സമാപിച്ചു. അരിവാൾ നെൽകതിർ ചിഹ്നം പതിച്ച തൊപ്പിയും കുടകളുമായി നിരന്ന അണികൾ കൽപറ്റ ടൗണിനെ ചുവപ്പിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയും അമ്മംകുടവും നാസിക് ഡോളും അണികളിൽ ആവേശം വിതച്ചു.

കുക്കി വിമോചക പോരാളിയും യുഎൽഎയു ട്രൈബൽ വിമൺസ് ഫോറം മണിപ്പുർ വൈസ് പ്രസിഡന്റ് ഗ്ലാഡി വൈഫേയി കുഞ്ചാൻ, തമിഴ്നാട് ന്യൂനപക്ഷ കമ്മിഷൻ അംഗം തമീം അൻസാരി, സത്യമംഗലത്തുനിന്നു വീരപ്പൻ വേട്ടയുടെ പേരിൽ പൊലീസ് അതിക്രമത്തിന് ഇരയാക്കപ്പെട്ടവരും റോഡ് ഷോയിൽ പങ്കെടുത്തു. വയനാട് ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടി, ഏറനാട്, നിലമ്പൂർ,  വണ്ടൂർ, മാനന്തവാടി, സുൽത്താൻബത്തേരി എന്നീ മണ്ഡലങ്ങളിൽനിന്ന് കൽപ്പറ്റയിലേക്കു നിരവധി ആളുകൾ റോഡ് ഷോയിൽ പങ്കെടുക്കാൻ എത്തി. 5,000ൽപരം എൽഡിഎഫ് പ്രവർത്തകർ റോഡ് ഷോയിൽ പങ്കാളികളായി. പി സന്തോഷ് കുമാർ എംപി, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, കെ കൃഷ്ണദാസ്, പി. ഗവാസ്, പി.പി. സുനീർ എന്നിവരും പങ്കാളികളായി. മണ്ഡലത്തിൽ രണ്ടാംവട്ട പര്യടനം നടത്തിവരികയാണ് സ്ഥാനാർഥി.

English Summary:

Massive LDF Road Show as Annie Raja Files Nomination for Wayanad Loksabha Constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com