സുഗന്ധഗിരി മരംമുറി കേസ്: പ്രതികൾക്ക് മുൻകൂർ ജാമ്യം ഇല്ല; ‘തെളിവ് നശിപ്പിക്കാൻ സാധ്യത’
Mail This Article
കൽപ്പറ്റ∙ വയനാട് സുഗന്ധഗിരി മരം മുറിക്കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം ഇല്ല. ആറു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. മരംമുറി നടന്നിരിക്കുന്നത് റിസർവ് വനത്തിൽ ആണെന്ന് പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. തെളിവ് നശിപ്പിക്കാൻ സാധ്യത ഉണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാൻ വനംവകുപ്പ് നീക്കം ആരംഭിച്ചു.
സംഭവുമായി ബന്ധപ്പെട്ട് ഈ ആറു പേരെ കൂടാതെ മൂന്നു പേർ ഇന്ന് അറസ്റ്റിലായിരുന്നു. കോഴിക്കോട് സ്വദേശി സുധീർ കുമാർ, കണിയാമ്പറ്റ സ്വദേശി പ്രിൻസ്, വൈത്തിരി സ്വദേശി അബു താഹിർ എന്നിവരാണ് അറസ്റ്റിലായത്. മുറിച്ച മരങ്ങൾ കടത്താൻ ഉപയോഗിച്ച ക്രെയിനിലെയും ട്രാക്ടറിലെയും ജീവനക്കാരാണ് അറസ്റ്റിലായവർ.
നേരത്തേ, സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി കൂടിയായ കൽപറ്റ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.കെ.ചന്ദ്രൻ, ഇതേ സംഘടനയിൽ അംഗമായ ഫോറസ്റ്റ് വാച്ചർ ആർ.ജോൺസൺ എന്നിവർക്കെതിരെയായായിരുന്നു നടപടി. സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ. മുട്ടിൽ മരംമുറിയെ വെല്ലുന്ന വനംകൊള്ളയാണു നടന്നതെന്നാണ് വിലയിരുത്തൽ.