ബിഹാറിൽ പ്രതീക്ഷയോടെ കമ്യൂണിസ്റ്റ് പാർട്ടികൾ; കനലൊരുതരിയെങ്കിലും ലോക്സഭയിലെത്തുമോ?
Mail This Article
പട്ന∙ കനലൊരു തരിയെങ്കിലും ബിഹാറിൽനിന്നു ലോക്സഭയിലെത്തുമോ? ഇന്ത്യാസഖ്യത്തിന്റെ ഭാഗമായി ബിഹാറിൽ അഞ്ചു സീറ്റുകളിൽ മൽസരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികൾ ഏറെ പ്രതീക്ഷയിലാണ്. പക്ഷേ, എൻഡിഎയുടെ കുത്തക മണ്ഡലങ്ങളിലാണു ശക്തി പരീക്ഷണമെന്നതാണു വെല്ലുവിളി. ഇന്ത്യാസഖ്യം ഇടതുകക്ഷികൾക്കു നൽകിയ അഞ്ചു സീറ്റിൽ മൂന്നും സിപിഐ– എംഎൽ (ലിബറേഷൻ)നാണ് . സിപിഐക്കും സിപിഎമ്മിനും ഓരോ സീറ്റു വീതവും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുകക്ഷികൾ മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും ലോക്സഭാ വിജയം അത്ര എളുപ്പമല്ല. കമ്യൂണിസ്റ്റ് പാർട്ടികൾ പോരാട്ടത്തിനിറങ്ങിയ അഞ്ചു മണ്ഡലങ്ങളുടെ സ്ഥിതിഗതികളിങ്ങനെ:
∙ ബേഗുസരായി: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെതിരെയാണു സിപിഐ സ്ഥാനാർഥി അവധേഷ് കുമാർ റായി പോരാടുന്നത്. യുവനേതാവ് കനയ്യ കുമാറിനായി കോൺഗ്രസ് ആവശ്യപ്പെട്ട ബേഗുസരായി സിപിഐ നേതൃത്വം വാശി പിടിച്ചു വാങ്ങുകയായിരുന്നു. കഴിഞ്ഞ തവണ സിപിഐ ടിക്കറ്റിൽ മൽസരിച്ച കനയ്യ കുമാറിന്റെ താരമൂല്യമില്ലെങ്കിലും മുന്നണിയുടെ പിൻബലത്തിലാണു സിപിഐ പ്രത്യാശ. 4.2 ലക്ഷം വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ കനയ്യ കുമാറിനെ തറപറ്റിച്ച ബിജെപി അതികായൻ ഗിരിരാജ് സിങ്ങിനു മുന്നിൽ പിടിച്ചു നിൽക്കുക എളുപ്പമല്ല.
∙ ഖഗരിയ: സിപിഎം ജില്ലാ സെക്രട്ടറി സഞ്ജയ് കുമാർ സിങ് മൽസരിക്കുന്ന ഖഗരിയയിൽ എൽജെപി (റാംവിലാസ്) സ്ഥാനാർഥി രാജേഷ് വർമയാണ് എതിരാളി. സഞ്ജയ് കുമാറിന്റെ പിതാവും സിപിഎം നേതാവുമായിരുന്ന യോഗേന്ദ്ര സിങ് മുൻപു ഖഗരിയ മണ്ഡലത്തിൽനിന്നു നിയമസഭയിലേക്കു വിജയിച്ചിട്ടുണ്ട്. സിറ്റിങ് എംപി മെഹബൂബ് അലി കൈസർ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപു പശുപതി പാരസിന്റെ ആർഎൽജെപി വിട്ട് എൽജെപി (റാംവിലാസ്)യിൽ ചേർന്നെങ്കിലും വിശ്വസ്തനായ രാജേഷ് വർമയ്ക്കാണു ചിരാഗ് ടിക്കറ്റു നൽകിയത്. ഭാഗൽപുർ മുൻ ഡപ്യൂട്ടി മേയറാണു രാജേഷ് വർമ. എൽജെപി (റാംവിലാസ്) ശക്തികേന്ദ്രമായി കണക്കാക്കുന്ന മണ്ഡലമാണ് ഖഗരിയ.
∙ ആറ: തരാരി എംഎൽഎ സുധാമ പ്രസാദാണ് ആറയിൽ സിപിഐ–എംഎൽ (ലിബറേഷൻ) സ്ഥാനാർഥി. അഖില ഭാരതീയ കിസാൻ മഹാസഭ (എബികെഎം) വൈസ് പ്രസിഡന്റായ സുധാമ പ്രസാദ് കർഷക പ്രക്ഷോഭങ്ങളിൽ സജീവ സാന്നിധ്യമാണ്. കഴിഞ്ഞ തവണ സിപിഐ – എംഎൽ (ലിബറേഷൻ) രണ്ടാം സ്ഥാനത്തെത്തിയ ആറ ഇടതുപക്ഷത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലമാണ്. കേന്ദ്രമന്ത്രി ആർ.കെ.സിങ്ങാണ് ആറയിൽ ബിജെപി സ്ഥാനാർഥി. തുടർച്ചയായി രണ്ടു തവണ വിജയിച്ച ആർ.കെ.സിങ് ഇക്കുറിയും വിജയ പ്രതീക്ഷയിലാണ്.
∙ നളന്ദ: ഹാട്രിക് വിജയത്തിനുശേഷം നാലാമങ്കം കുറിച്ച ജനതാദൾ (യു) സ്ഥാനാർഥി കൗശലേന്ദ്ര കുമാറിനെ നേരിടാൻ സിപിഐ –എംഎൽ(ലിബറേഷൻ) എംഎൽഎ സന്ദീപ് സൗരഭിനെയാണ് കളത്തിലിറക്കിയത്. പാലിഗഞ്ച് നിയമസഭാ മണ്ഡലത്തിൽ വിജയിച്ച യുവനേതാവ് സന്ദീപ് സൗരഭിനു ലോക്സഭാ മൽസരം ക്ലേശകരമാകും. മുഖ്യമന്ത്രി നിതീഷ് കുമാറും ജോർജ് ഫെർണാണ്ടസും പ്രതിനിധീകരിച്ചിട്ടുള്ള നളന്ദ ജെഡിയു കോട്ടയാണ്.
∙കാരാക്കട്ട്: മുൻ എംഎൽഎ രാജാറാം സിങ്ങാണ് കാരാക്കട്ടിൽ സിപിഐ –എംഎൽ (ലിബറേഷൻ) സ്ഥാനാർഥി. അഖില ഭാരതീയ കിസാൻ മഹാസഭ (എബികെഎം) ദേശീയ ജനറൽ സെക്രട്ടറിയായ രാജാറാം സിങ് കർഷക പ്രക്ഷോഭങ്ങളുടെ സൂത്രധാരനാണ്. രാഷ്ട്രീയ ലോക് മോർച്ച നേതാവ് ഉപേന്ദ്ര ഖുശ്വാഹയാണ് എതിർ സ്ഥാനാർഥി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യ സ്ഥാനാർഥിയായി കാരാക്കട്ടിൽ മൽസരിച്ച ഉപേന്ദ്ര ഖുശ്വാഹ ജെഡിയു സ്ഥാനാർഥി മഹാബലി സിങിനോടു തോറ്റിരുന്നു. മുന്നണിയുടെ പിൻബലമില്ലാതെ മൽസരിച്ച സിപിഐ– എംഎൽ (ലിബറേഷൻ) സ്ഥാനാർഥി രാജാറാം സിങിനു കിട്ടിയത് കാൽ ലക്ഷത്തോളം വോട്ടുകൾ മാത്രം. 2014ൽ എൻഡിഎ സ്ഥാനാർഥിയായി കാരാക്കട്ടിൽ വിജയിച്ച ഉപേന്ദ്ര ഖുശ്വാഹ ഇക്കുറി വീണ്ടും എൻഡിഎ സ്ഥാനാർഥിയായെത്തുന്നത് വിജയപ്രതീക്ഷയിലാണ്.