തിരുവനന്തപുരം ഉൾപ്പെടെ 14 വിമാനത്താവളങ്ങളിൽക്കൂടി ഡിജി യാത്രാ സംവിധാനം
Mail This Article
തിരുവനന്തപുരം∙ തിരുവനന്തപുരം വിമാനത്താവളത്തിലും യാത്രക്കാരുടെ ക്യൂ ഒഴിവാക്കുന്നതിനുള്ള ഡിജി യാത്രാ സംവിധാനം വരുന്നു. ഒന്നാംഘട്ടത്തിൽ രാജ്യത്തെ 13 വിമാനത്താവളങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്. ഇതിനു പിന്നാലെയാണ് തിരുവനന്തപുരം ഉൾപ്പെടെ 14 വിമാനത്താവളങ്ങളിൽ കൂടി പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിൽ കൊച്ചി വിമാനത്താവളത്തിലാണ് പദ്ധതി ആദ്യമായി നടപ്പിലാക്കിയത്. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡിജി യാത്രാ ഫൗണ്ടേഷനാണ് പദ്ധതിയുടെ ചുമതല.
മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യയിലൂടെ, വിമാനത്താവളത്തിലെ വിവിധ പരിശോധനാ കേന്ദ്രങ്ങളിൽ ക്യൂനിന്ന് യാത്രാരേഖകൾ കാണിച്ച് കടന്നു പോകുന്നത് ഒഴിവാക്കാനാകും. ഡിജി യാത്രയ്ക്കായി ആപ്പ് ഡൗൺ ലോഡ് ചെയ്യണം. ആധാർ വിവരങ്ങൾ നൽകി ബോർഡിങ് പാസ് വിവരം നൽകിയാൽ ചെക്കിങ് പോയിന്റുകളിലെ ക്യാമറ മുഖം തിരിച്ചറിയും. യാത്രാവിവരങ്ങൾ നൽകേണ്ടതില്ല.
ദേഹപരിശോധനയ്ക്കുശേഷം യാത്ര ചെയ്യാം. ആപ്പ് ഉപയോഗിക്കുന്നവർക്ക് പ്രത്യേക ലൈൻ ഉണ്ടാകും. മിനിട്ടുകൾക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാം. തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായും കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു.
കൊച്ചിയിൽ ആഭ്യന്തര ടെർമിനൽ ഡിപ്പാർച്ചറിലാണ് ഈ സംവിധാനം ഇപ്പോൾ ഉപയോഗിക്കുന്നത്. ഓഗസ്റ്റ് 15ന് ഉദ്ഘാടനം ചെയ്തു. മൂന്നു ലക്ഷത്തോളം പേർ സംവിധാനം ഉപയോഗിച്ചു. ഒരുദിവസം ആഭ്യന്തര വിഭാഗത്തിൽ 15000 യാത്രക്കാരുണ്ടാകും. അതിന്റെ പകുതിയാണ് ഡിപ്പാർച്ചറിലുണ്ടാകും. അതിൽ രണ്ടായിരത്തോളം പേർ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. സിനിമാ താരങ്ങളെ ഉപയോഗിച്ചുള്ള പ്രചാരണം ഗുണകരമായതായി ഡിജി ഫൗണ്ടേഷൻ അധികൃതർ പറയുന്നു. ‘ഫെയ്സ് ഈസ് യുവർ ബോഡി പാസ്’ എന്നാണ് ടാഗ് ലൈൻ. ആദ്യം 8% പേരാണ് സംവിധാനം ഉപയോഗിച്ചത്. പരസ്യം നൽകിയതോടെ അത് ഇരുപത് ശതമാനത്തിൽ അധികമായി.