ADVERTISEMENT

ടെൽ അവീവ്∙ വടക്കൻ ഇസ്രയേലിനു നേരെ മിസൈലാക്രമണം നടത്തി ലെബനനിലെ ഇറാൻ പിന്തുണയുള്ള സായുധസംഘം ഹിസ്ബുള്ള. രാജ്യത്തെ പ്രതിരോധ സംവിധാനം ആക്രമണങ്ങൾ ഒരു പരിധി വരെ തടഞ്ഞെങ്കിലും ചില മിസൈലുകൾ ഇസ്രയേലിലെ തുറന്ന പ്രദേശങ്ങളിൽ പതിച്ചതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ആർക്കും പരുക്കില്ല.

ലെബനനിൽ നിന്ന് വടക്കൻ ഇസ്രായേലിലേക്ക് ഏകദേശം 40 മിസൈലുകൾ വന്നതായി ഇസ്രയേൽ പ്രതിരോധ സേന(ഐഡിഎഫ്) അറിയിച്ചു. ഹിസ്ബുള്ളയുടെ രണ്ട് ഡ്രോണുകൾ വെടിവെച്ചിട്ടതായും ഐഡിഎഫ് അറിയിച്ചു. സിറിയയിലെ ഇറാൻ നയതന്ത്രകാര്യാലയത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിനു പകരംവീട്ടുമെന്ന് റിപ്പോർട്ട് വന്നതിനു പിന്നാലെയാണ്  ഹിസ്ബുള്ളയുടെ ആക്രമണമുണ്ടായത്. 

ഹമാസുമായി ചേർന്നതിനു ശേഷം ഒക്ടോബർ എട്ടുമുതൽ ഇസ്രയേലിന് നേരെ ഹിസ്ബുള്ള ആക്രമണം നടത്താറുണ്ട്.  ഗാസയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഹിസ്ബുള്ള ഇസ്രയേലിനെതിരെ ആക്രമണം നടത്തുന്നത്. ഐഡിഎഫ് താവളത്തെ ലക്ഷ്യമാക്കിയാണ് മിസൈൽ തൊടുത്തതെന്നും ഹിസ്ബുള്ള അവകാശപ്പെടുന്നു. 

ഇറാൻ ആക്രമണം നടത്താൻ തയാറെടുക്കുന്നു എന്ന റിപ്പോർട്ടിനെത്തുടർന്ന് ഇസ്രയേൽ പ്രതിരോധം ശക്തമാക്കി. ഈ മാസം ഒന്നിന് ഡമസ്കസിലെ ഇറാൻ എംബസി ബോംബിട്ടു തകർത്ത് ഒരു ജനറൽ ഉൾപ്പെടെ 7 ഉന്നത ഉദ്യഗസ്ഥരെ വധിച്ചതിനു ശിക്ഷ നൽകണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെക്കൻ, മധ്യ ഇസ്രയേലിലാണ് ആക്രമണ സാധ്യതയുള്ളത്. തിരിച്ചടിക്കുമെന്നും അതിനു സമയക്രമം നിശ്ചയിച്ചിട്ടില്ലെന്നുമാണ് ഇറാനോടടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. 

സംഘര്‍ഷം രൂക്ഷം: ഇറാനിലേക്കും ഇസ്രയേലിലേക്കും പോകരുത്; മുന്നറിയിപ്പുമായി ഇന്ത്യ

ആക്രമണമുണ്ടായാൽ ഇസ്രയേലിന്റെ സഹായത്തിനെത്തുമെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. കരുതലോടെയാണ് ഇറാന്റെ നീക്കം. നിലവിലെ സ്ഥിതി മുതലാക്കി ഗാസയിൽ സമാധാനത്തിനു വിലപേശാനും യുഎസുമായുള്ള നിർത്തിവച്ച ആണവചർച്ച പുനരാരംഭിക്കാനുമാണ് അവരുടെ താൽപര്യം. യുഎസ്– ഇറാൻ ചർച്ചയിൽ ഇടനിലക്കാരായ ഒമാന്റെ പ്രതിനിധിയെ അവർ ഇക്കാര്യം അറിയിച്ചതായും റിപ്പോർട്ടുണ്ട്. ഇറാൻ നേരിട്ട് ആക്രമിച്ചില്ലെങ്കിലും ഇറാന്റെ പിന്തുണയുള്ള ആക്സിസ് ഓഫ് റസിസ്റ്റൻസ് തീവ്രവാദി സഖ്യം ഏതു നിമിഷവും ആക്രമിച്ചേക്കുമെന്ന് ഇസ്രയേൽ കണക്കുകൂട്ടുന്നു. 

നുസീറത് അഭയാർഥി ക്യാംപിൽ ആക്രമണം; ഒട്ടേറെ മരണം

വടക്കൻ, മധ്യ ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രയേൽ സേന ആക്രമണം ശക്തമാക്കി. മധ്യ ഗാസയിലെ നുസീറത്തിലെ അഭയാർഥി ക്യാംപിൽ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കര, നാവിക, വ്യോമ ആക്രമണത്തിനു പിന്നാലെ ഇന്നലെ സൈന്യം ക്യാംപിൽ പരിശോധന ആരംഭിച്ചു.

വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സേനയുമായുള്ള സംഘർഷത്തിൽ 2 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഹമാസിന്റെ ഒരു പ്രാദേശിക കമാൻഡറെ വധിച്ചതായി ഇസ്രയേൽ സേന അറിയിച്ചു. അൽ ഫറാ അഭയാർഥി ക്യാംപിനു സമീപമുള്ള ടുബാസ് പട്ടണത്തിലായിരുന്നു സംഘർഷം. സംഘർഷ സാധ്യതയുള്ളതിനാൽ ഇസ്രയേൽ, ഇറാൻ, ലബനൻ, പലസ്തീൻ പ്രദേശങ്ങൾ എന്നിവിടങ്ങൾ സന്ദർശിക്കുന്നതിനെതിരെ ഫ്രാൻസ് പൗരന്മാർക്കു മുന്നറിയിപ്പു നൽകി.

ഇറാൻ, ഇസ്രയേൽ യാത്ര ഒഴിവാക്കണം

ഇറാൻ, ഇസ്രയേൽ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു. ഇറാൻ–ഇസ്രയേൽ സംഘർഷ സാഹചര്യം മുൻനിർത്തിയാണു ഈ രാജ്യങ്ങളിലേക്കു പോകാൻ ഉദ്ദേശിക്കുന്നവർക്കായി മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ഇറാനിലും ഇസ്രയേലിലും താമസിക്കുന്ന ഇന്ത്യക്കാരോടു സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കാനും യാത്രകൾ പരമാവധി കുറയ്ക്കാനും നിർദേശിച്ചിട്ടുണ്ട്. ഇവിടങ്ങളിലുള്ള ഇന്ത്യക്കാരോടു ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനും പേര് റജിസ്റ്റർ ചെയ്യാനും നിർദേശിച്ചിട്ടുണ്ട്.

English Summary:

Hezbollah fires dozens of missiles towards northern Israel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com