ഹേമമാലിനിക്കെതിരെ അധിക്ഷേപ പരമാർശം: രൺദീപ് സിങ് സുർജേവാലയ്ക്ക് 48 മണിക്കൂർ വിലക്ക്
Mail This Article
ന്യൂഡൽഹി∙ ബിജെപി എംപിയും നടിയുമായി ഹേമ മാലിനിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിനു കോൺഗ്രസ് എംപി രൺദീപ് സിങ് സുർജേവാലയെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽനിന്നു വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. 48 മണിക്കൂർ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ പങ്കെടുക്കരുതെന്നാണു കമ്മിഷൻ അറിയിച്ചത്. ഇതോടെ ഈ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് നേരിടുന്ന ആദ്യ രാഷ്ട്രീയ നേതാവായി സുർജേവാല.
ഹേമമാലിനിക്കെതിരായ പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ തന്നെ സുർജേവാലയ്ക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കും കാരണംകാണിക്കൽ നോട്ടിസ് അയച്ചിരുന്നു. ഇതിൽ സുർജേവാലയുടെ വിശദീകരണം ലഭിച്ചശേഷമാണ് കമ്മിഷന്റെ നടപടി. ഹേമമാലിനിക്കെതിരായ പരാമർശം അപകീർത്തികരവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമാണെന്നാണു കമ്മിഷൻ വിലയിരുത്തിയത്. ബിജെപി എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച വിഡിയോയിലാണ് സുർജേവാലെയുടെ പരാമർശമുള്ളത്.
ചൊവ്വാഴ്ച വൈകുന്നേരം ആറുമണി മുതൽ 48 മണിക്കൂറാണു വിലക്ക്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുപരിപാടികൾ, റാലികൾ, റോഡ് ഷോ എന്നിവയിൽനിന്നു മാറിനിൽക്കണമെന്നാണു കമ്മിഷന്റെ നിർദേശം.