മനോജിന്റെ മരണത്തിന് ഇടയാക്കിയ വടം കെട്ടിയത് ഡിജിപിയുടെ നിർദേശം ലംഘിച്ച്; വഴിതിരിയാൻ ബോർഡുമില്ല
Mail This Article
തിരുവനന്തപുരം∙ ഒരു സാഹചര്യത്തിലും റോഡിനു കുറുകെ കയറോ വയറുകളോ കെട്ടി ട്രാഫിക് നിയന്ത്രിക്കരുതെന്ന ഡിജിപിയുടെ നിർദേശം ലംഘിച്ചാണു കൊച്ചിയിൽ റോഡിനു കുറകേ പൊലീസ് വടം കെട്ടിയതും അപകടത്തിൽ യുവാവ് കൊല്ലപ്പെട്ടതും. റോഡിനു കുറുകെ പൊലീസ് വടം കെട്ടി അപകടങ്ങളുണ്ടായതോടെയാണു 2018ൽ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കിയത്. മനുഷ്യാവകാശ കമ്മിഷൻ നിർദേശത്തെ തുടർന്നായിരുന്നു ഉത്തരവ്.
വഴി തിരിഞ്ഞു പോകണമെന്ന നിർദേശമുള്ള ബോർഡ്, ട്രാഫിക് നിയന്ത്രിക്കേണ്ട സ്ഥലം എത്തുന്നതിനു മുൻപ് കൃത്യമായി സ്ഥാപിക്കണമെന്നും ഉത്തരവിൽ പറയുന്നു. ട്രാഫിക് വഴിതിരിച്ചു വിടേണ്ട പോയിന്റിൽ ആവശ്യത്തിനു പൊലീസുകാർ ഡ്യൂട്ടിയിലുണ്ടാകണം. വാഹനം ഓടിക്കുന്നവർക്കു ബാരിക്കേഡുകളും ട്രാഫിക് നിയന്ത്രിക്കുന്ന പോസ്റ്റുകളും ദൂരെനിന്നുതന്നെ കാണാനാകണം. ജില്ലാ പൊലീസ് മേധാവിമാർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഉത്തരവിലുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു മുന്നോടിയായി ഗതാഗത നിയന്ത്രണത്തിനു പൊലീസ് റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങിയാണു രവിപുരം സ്വദേശി മനോജ് ഉണ്ണി (28) കഴിഞ്ഞ ദിവസം മരിച്ചത്. സൗത്ത് പാലമിറങ്ങി എംജി റോഡിലേക്കെത്തുന്ന റോഡിൽ വളഞ്ഞമ്പലത്തെ ജംക്‌ഷനിലാണ് പൊലീസ് വടം വലിച്ചു കെട്ടിയത്.