ADVERTISEMENT

കൊച്ചി ∙ പെരുമ്പാവൂരിലെ വേങ്ങൂർ പഞ്ചായത്തിൽ ദുരിതം വിതയ്ക്കുന്ന മഞ്ഞപ്പിത്ത ബാധ സംബന്ധിച്ച് മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. മൂവാറ്റുപുഴ ആർ‍ഡിഒ ഷൈജു പി.ജേക്കബിനാണ് അന്വേഷണ ചുമതല. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമര്‍പ്പിക്കണം. നിലവിൽ 2 പേർ മരിക്കുകയും 40ലേറെ പേർ ആശുപത്രിയിലാവുകയും ചെയ്ത ഹെപ്പൈറ്റിസ് എ ബാധ 200ലധികം പേരെയാണ് ബാധിച്ചിരിക്കുന്നത്.

മരണകാരണം, ഹെപ്പെറ്റൈറ്റിസ് എ പടർന്നു പിടിക്കാനുള്ള കാരണങ്ങൾ, ഏതെങ്കിലും വിധത്തിലുള്ള ഉപേക്ഷ െകാണ്ടാണോ രോഗം പടർന്നത്, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എന്തൊക്കെ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ പരിധിയിൽ വരിക. ഈ മാസം 9ന് ജില്ലാ കലക്ടർ ഉമേഷ് എൻ.എസ്.കെ വേങ്ങൂർ പ‍​ഞ്ചായത്ത് സന്ദർശിക്കുകയും ഇവിടുത്തെ വീടുകളിലേക്ക് വെള്ളം പമ്പു ചെയ്യുന്ന ചിറയും കിണറും പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചത്. വേങ്ങൂരിലെ 15 വാർഡുകളിൽ രോഗബാധയുണ്ട്. മരിച്ച ജോളി രാജുവിന്റെയും ഗുരുതരാവസ്ഥയിൽ കഴിയുന്ന അഞ്ജനയുടെയും കാര്യങ്ങളും അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിൽ പറയുന്നുണ്ട്. 

കഴിഞ്ഞ ഏപ്രിൽ 17നാണ് വേങ്ങൂർ പഞ്ചായത്തിൽ ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്. പിന്നാലെ ഇത് പടർന്നു പിടിക്കുകയായിരുന്നു. അയൽ പഞ്ചായത്തായ മുടക്കുഴ സ്വദേശിയും മരിച്ചു. നിലവിൽ ആശുപത്രിയിൽ കഴിയുന്നവരിൽ ശ്രീകാന്തിന്റെ വൃക്കകളുടെ പ്രവർത്തനം തകരാറിലായതിനാൽ ഡയാലിസിസ് നടത്തുന്നുണ്ട്. സഹോദരൻ ശ്രീനിയും ഇവിെട ചികിത്സയിലാണ്. ശ്രീകാന്തിന്റെ ഭാര്യ അഞ്ജന ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്. ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സാർഥം പണം സ്വരൂപിക്കാൻ പഞ്ചായത്ത് അധികൃതർ കഴിഞ്ഞ ദിവസം സഹായ സമിതിക്ക് രൂപം നൽകിയിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ ചെലവാണ് ആശുപത്രിയിൽ കിടക്കുന്നവർക്കുള്ളത്. സർക്കാരിൽ നിന്ന് ഇതുവരെ ധനസഹായമൊന്നും അനുവദിച്ചിട്ടുമില്ല. 

വക്കുവള്ളി, കൈപ്പള്ളി, ചൂരത്തോട് ഭാഗങ്ങളിലായാണു പുതിയ രോഗബാധിതർ. മലിനജലത്തിലൂടെയാണു വ്യാപനം ഉണ്ടായതെന്ന് ആരോഗ്യവകുപ്പ് സൂചന നൽകി. തുടർന്നു കടകളിൽ പരിശോധന നടത്തുകയും ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു. മലിനജലം ഉപയോഗിച്ച് 45 ദിവസത്തിനു ശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. അതിനാൽ ഇനിയും രോഗികളുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്.

English Summary:

Collector Launches Investigation into Jaundice Outbreak in Ernakulam Vengur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com