കോൺഗ്രസിലെ തീരുമാനങ്ങളെടുക്കാൻ ചൗധരിക്ക് അധികാരമില്ല; അനുസരിക്കാത്തവർ പുറത്തുപോകും: കടുപ്പിച്ച് ഖർഗെ
Mail This Article
മുംബൈ / കൊൽക്കത്ത ∙ മമത ബാനർജിയുമായുള്ള സഖ്യം സംബന്ധിച്ച് കോൺഗ്രസിന്റെ നിലപാട് തീരുമാനിക്കാൻ ബംഗാൾ പിസിസി പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരിക്ക് അധികാരമില്ലെന്നു പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ഹൈക്കമാൻഡാണു കാര്യങ്ങൾ തീരുമാനിക്കുന്നത്. അത് അംഗീകരിക്കാൻ കഴിയാത്തവർ പുറത്തുപോകേണ്ടിവരുമെന്നും അധീറിനുള്ള താക്കീതെന്ന മട്ടിൽ ഖർഗെ വ്യക്തമാക്കി.
ഇന്ത്യാസഖ്യത്തിന് പുറത്തുനിന്നു പിന്തുണ നൽകുമെന്നു മമത ബാനർജി അറിയിച്ചതിനു പിന്നാലെ, അവരെ വിശ്വസിക്കാൻ കൊള്ളില്ലെന്നും ബിജെപിയുമായി സഹകരിച്ചേക്കുമെന്നും അധീർ പ്രതികരിച്ചിരുന്നു. അധികാരത്തിലെത്തുന്ന ഇന്ത്യാസഖ്യത്തിൽ ബംഗാളിലെ കോൺഗ്രസും സിപിഎമ്മും ഉണ്ടാകില്ലെന്നു മമതയും പറഞ്ഞിരുന്നു.
ഇതേക്കുറിച്ചു മുംബൈയിലെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കടുത്ത സ്വരത്തിലായിരുന്നു ഖർഗെയുടെ മറുപടി– ‘‘മുന്നണിയെ പിന്തുണയ്ക്കുന്ന നിലപാടാണ് മമതയുടേത്. അവരെ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കാൻ അധീറിനെ ആരും ചുമതലപ്പെടുത്തില്ല. ഞാനും ഹൈക്കമാൻഡുമാണ് കാര്യങ്ങൾ നിശ്ചയിക്കുന്നത്’’.
കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നയാളെ സ്വാഗതം ചെയ്യാൻ തനിക്കാവില്ലെന്ന് അധീർ രഞ്ജൻ കൊൽക്കത്തയിൽ പ്രതികരിച്ചു. ‘‘മമതയോടു വ്യക്തിവിരോധമില്ല. വിയോജിപ്പ് ആശയപരമാണ്. ബംഗാളിൽ എന്റെ പാർട്ടിയെ രക്ഷിക്കാനാണ് പോരാടുന്നത്’’– അദ്ദേഹം പറഞ്ഞു.