ദൈവമെവിടെ ?

praying-845
SHARE

തൊട്ടതിനും പിടിച്ചതിനും ഒക്കെ എന്റെ ദൈവമേ എന്നറിയാതെ വിളിച്ചു പോകാത്തവർ ഉണ്ടോ?ദൈവത്തിൽ അടിയുറച്ച വിശ്വാസമുണ്ടായിട്ടാണോ ഈ വിളി .എപ്പോഴും അങ്ങനെയാവണം എന്നില്ല .ദൈവം ഒരു സങ്കല്പം മാത്ര മാണെന്നു വാദിക്കുന്നവരും ഇടയ്ക്കൊക്കെ 'അവനെ 'വിളിക്കാറുണ്ട് .അതൊരു ശീലം എന്നേ പറയാനാവൂ.

എന്റെഈശ്വര വിശ്വാസത്തെക്കുറിച്ച് ഞാൻ പലപ്പോഴും പലയിടത്തും എഴുതിയിട്ടുണ്ട് .ഒന്ന് കൂടി എടുത്ത്  പറയട്ടെ .

ഇടതടവില്ലാതെ ഈശ്വരനാമം  ഉരുവിടാൻ എന്നെ പഠിപ്പിച്ചത് ബാല്യത്തിൽ എന്റെ അമ്മുമ്മയാണ് .അമ്മുമ്മ ശ്രീ നാരായണഗുരുവിന്റെ വലിയ ഭക്തയായിരുന്നു .അമ്മുമ്മ 'നാരായണ'എന്ന് വിളിച്ചിരുന്നത് ഗുരുവിനെയാണ് .കുളിക്കുന്നതിനു മുൻപ് എന്റെ കുഞ്ഞു ശിരസ്സിൽ എണ്ണ  വയ്ക്കുമ്പോൾ പോലുംവളരെ പതിയെ 'സ്വാമീ 'എന്ന് വിളിക്കും.അസുഖങ്ങൾ വരാതെ കാത്തുകൊള്ളാനാണത് . 

എപ്പോഴും സ്വാമിയേ സ്മരിക്കുന്നതു  കൊണ്ട് ആപത്തുക്കളെ ക്കുറിച്ച് മുൻകൂട്ടി സൂചന ലഭിക്കാറുണ്ടെന്നു പോലും അമ്മുമ്മ അവകാശപ്പെട്ടിരുന്നു .അതിനു തെളിവായി പല സംഭവങ്ങളും ഉദ്ധരിക്കാറുണ്ട് .[അതിനു വലിയ പ്രാധാന്യമൊന്നും മറ്റുള്ളവർ കൊടുത്തിരുന്നില്ല ]അപ്പൂപ്പനും വലിയ ദൈവവിശ്വാസിതന്നെ .പ്രാർത്ഥിക്കും എന്നല്ലാതെ അന്ധവിശ്വാസങ്ങൾ ഒന്നും എന്റെകുടുംബത്തിൽ ഉണ്ടായിരുന്നില്ല .എന്റെ മാതാപിതാക്കളാകട്ടെ നിരീശ്വര വാദികളല്ല എന്നേയുള്ളു . ഭക്തർ ആയിരുന്നില്ല . ഞാൻ ഇതിൽ നിന്നൊക്കെ വ്യത്യസ്തയായിഅമ്മുമ്മയെ പിന്തുടർന്നു .മറ്റൊന്നും ചെയ്യാനില്ലാത്തപ്പോൾ മാത്രമല്ല മനസ്സുസ്വതത്രമാകുന്ന സന്ദർഭങ്ങളിലൊക്കെ ഞാൻ ഈശ്വര നാമങ്ങൾ ജപിച്ചു കൊണ്ടിരിക്കും .അത് ഓം നമോ  നാരായണ എന്നോ നാരായണ നാരായണ നാരായണ എന്നോ ആവാം .വഴിയിലൂടെ നടക്കുമ്പോൾ ,ഉറക്കം വരാതെ കിടക്കുമ്പോൾ ,അടുക്കളയിൽ പാചകം ചെയ്യുമ്പോൾ ,നീണ്ട ട്രെയിൻ യാത്രകളിൽ ഒക്കെ ഇതെന്റെ പതിവാണ് .ഒരു മെഡിറ്റേഷൻപോലെ .

അമ്പലങ്ങളിൽ ഞാൻ നിത്യ സന്ദർശകയല്ല .വഴിപാടുകളിലും നേർച്ചകളിലും വിശ്വാസമില്ല .വ്രതങ്ങളും നൊയമ്പുകളും നോക്കാറില്ല .പ്രാർത്ഥനകളിൽ ഒന്നും ആവശ്യപ്പെടാറില്ല .എല്ലാം അവൻ അറിയുന്നതല്ലേ ?എന്റെപ്രശ്നങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും ഒരു സുഹൃത്തിനോടെന്ന പോലെ 'അവനോടു' തുറന്നു പറയുമ്പോൾ എന്റെ മനസ്സ് ശാന്തമാകുന്നു .

ഇതായിരുന്നു എന്നും എന്റെ രീതികൾ .ഞാൻ നാരായണൻ എന്ന് സങ്കൽ പ്പിച്ചിരുന്നത് ഗുരുസ്വാമിയെയല്ല .കരിമുകിൽ വർ ണനെതന്നെയാണ്  .അവനെന്റെ മനസ്സിൽ കയറിക്കൂടിയത് മറ്റൊരു കഥയാണ് .അത് ഇപ്പോൾപറയുന്നില്ല .

നിരീശ്വരവാദികളായ, ദൈവം ഇല്ലെന്നു തെളിവുകളോടെ വാദിക്കുന്ന അമ്പലങ്ങളും പള്ളികളും വെറും  തട്ടിപ്പുകളാണെന്ന് സമർത്ഥിക്കുന്ന ഒരുപാട്‌ സുഹൃത്തുക്കളെനിക്കുണ്ട് .അവരോടു തർക്കിക്കാനോ അവരെ തിരുത്താനോ ഞാൻ ശ്രമിച്ചിട്ടില്ല .അവർക്കു അവരുടെ വിശ്വാസം .എനിക്ക് എന്റേതും .

ഈശ്വരന് അസാധ്യമായി ഒന്നുമില്ല എന്നുറപ്പിച്ചു പറയുന്നവരും എന്റെ ചുറ്റുമുണ്ട് .എന്ത് ആപത്തു വന്നാലും ഈശ്വരന് ഒരു പദ്ധതിയുണ്ട് .അതനുസരിച്ചേ എന്തും നടക്കൂ എന്നാണവർ പറയുക .ഞാൻ അതിനെ എതിർക്കാറില്ലായിരുന്നു .സംഭവിക്കുന്നതെല്ലാം നല്ലതിന്‌എന്നുവിശ്വസിക്കാനുമെനിക്ക് കഴിയില്ല .എന്റെ കൂട്ടുകാരിയുടെ ഒറ്റപ്പുത്രൻ  കാൻസർ പിടിപെട്ടു മരിച്ചു .എന്റെ അടുത്ത ബന്ധുക്കളിൽ ചിലർ 21 വയസ്സിൽ ഹൃദയം സ്തംബിച്ചും ൨൨ വയസിൽ പാമ്പു കടിയേറ്റും ബ്രെയിൻ ട്യൂമർ വന്നു 29  വയസ്സിലുമൊക്കെ മരിച്ചു . ഒരാൾ മറ്റൊരാളെ വെട്ടിക്കൊല്ലുന്നു ,പിഞ്ചു കുട്ടികളെ നശിപ്പിച്ചു കൊല്ലുന്നു ഇതൊക്കെ നല്ലതിനായിരുന്നു ,ദൈവനിശ്ചയം എന്ന് സമാധാനിക്കാൻ നമുക്ക് പറ്റുമോ ?

എന്റെ മകൻ ഒരപകടത്തിൽ പെട്ട് മരണത്തോട് മല്ലടിക്കുമ്പോൾ ഞാൻ ജീവിതത്തിലാദ്യമായി ഈശ്വരന്റെ മുന്നിൽ ആവശ്യങ്ങൾ നിരത്തി .എന്റെ മകനെ എനിക്ക് തിരിച്ചു തരൂ ,ആയുസ്സോടെ ,ആരോഗത്തോടെ ,സ്വബുദ്ധിയോടെ .ഒരു വര്ഷം മുഴുവൻ ആശുപത്രിയിലിരുന്ന് ഞാൻ ഇടതടവില്ലാതെ 'അവനെ 'വിളിച്ചു .ആറു  വർഷ ങ്ങൾക്കു ശേഷം  ഇന്നും എന്റെ മകൻ  ആ നിലയിൽ തന്നെ തുടരുന്നു .ദൈവമുണ്ടോ എന്ന് ഞാൻ സംശയിച്ചു തുടങ്ങിയിരിക്കുന്നു .ഉണ്ടെങ്കിൽ തന്നെ അവന് സാധിക്കാത്തതായി ഒന്നുമില്ല എന്ന ധാരണ തെറ്റാണ് .നിസ്സഹായായ ഒരമ്മയുടെ ഹൃദയം പൊട്ടിയുള്ള പ്രാർത്ഥന ചെവിക്കൊള്ളാത്ത അവൻ നമ്മൾ കരുതും  പോലെ ദീന ദയാലുവോ ,ആപൽ ബാന്ധവനോ ,ആശ്രിത വാൽസലനോ  അല്ല .

പിന്നെ ആരാണീ ദൈവം ?ദൈവം എവിടെ ?സ്വർഗ്ഗത്തിലോ ,ഭൂമിയിലോ ,ദേവാലയങ്ങളിലോ ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KADHAYILLAIMAKAL
SHOW MORE
FROM ONMANORAMA