ജീവിതമാർഗം തേടി 

Success
SHARE

ഇതൊരു പഴയ ഓർമയാണ്. ഒരു ഉടഞ്ഞ ശംഖായി ഞാൻ മാറിയ ഒരു കാലത്തെക്കുറിച്ചുള്ള കഥകൾ.  ദാമ്പത്യം എന്ന ജീവപര്യന്തം (14 വർഷങ്ങൾ ) അവസാനിച്ച് ഞാൻ പുറത്തു  വന്നപ്പോൾ എനിക്ക് ജോലിയില്ല. ആറേഴുകൊല്ലം മുൻപ് കേരളയൂണിവേഴ്സിറ്റി യിൽ ഒരു ജോലി കിട്ടിയത് ഞാൻ ഉപേക്ഷിച്ചത് കടുത്ത ദുഃഖത്തോടെയാണ്. വിവാഹജീവിതം രക്ഷിക്കാൻ അത് വേണ്ടി വന്നു.  (എന്നിട്ടു രക്ഷിക്കാനായോ ?ഇല്ല.  അതുമില്ല ഇതുമില്ല എന്നായി. പെൺകുട്ടികൾക്ക് എന്റെയീ അനുഭവം ഒരു പാഠമാകണം ).  എന്റെ ബാങ്ക് അക്കൗണ്ടിൽ തുക പൂജ്യം. ഒരു ജീവനാംശം വാങ്ങാൻ എന്റെ ആത്മാഭിമാനം അനുവദിച്ചിരുന്നില്ല (ചോദിച്ചാൽ കിട്ടുകയില്ല എന്നുറപ്പായിരുന്നു. എന്റെ ആഭരണങ്ങളും പണവും ഒന്നു മടക്കിത്തരില്ല, ഇത്രയും നാൾ ചോറ് തന്നില്ലേ എന്ന ചോദ്യത്തിന് മുന്നിൽ ഞാൻ അപമാനിതയായി നിന്നു ).  അങ്ങനെ എല്ലാം നഷ്ടപ്പെട്ട് നാദമുയരാത്ത ,തീർത്ഥം നിറയ്ക്കാനാവാത്ത ഒരുടഞ്ഞശംഖ് ഞാൻ !

എന്റെ അച്ഛനമ്മമാർ ഉന്നത ഔദ്യോഗിക പദവികളിൽ നിന്ന് വിരമിച്ചവരായിരുന്നു. എങ്കിലും പെൻഷൻ അല്ലാതെ മറ്റൊരു വരുമാനവുമില്ല. (കൈക്കൂലി വാങ്ങാത്ത സർക്കാർ ഉദ്യോഗസ്ഥ രായിരുന്നത് കൊണ്ട് അവർ ധനികരായില്ല ).  രോഗങ്ങൾ അവരെ കഷ്ടത്തിലാക്കി കൊണ്ടിരുന്ന സമയം. എന്നെയും മക്കളെയും കൂടി സപ്പോർട്ട് ചെയ്യാൻ അവർക്കാകുമായിരുന്നില്ല. എന്റെ സഹോദരങ്ങളും അന്ന് എന്നെ സഹായിക്കാൻ പറ്റുന്ന ചുറ്റുപാടുകളിലായിരുന്നില്ല. ജീവിച്ചേ പറ്റൂ. സ്വന്തം കാലിൽ നിൽക്കണം. മക്കളെ വളർത്തണം. ഒരു ജീവിതമാർഗം കണ്ടെത്തിയേ പറ്റൂ. എങ്ങനെ ?അതൊരു വലിയ ചോദ്യം തന്നെയായിരുന്നു. 

പത്രത്തിൽ വരുന്ന പരസ്യങ്ങൾ നോക്കി ഞാൻ അപേക്ഷകൾ അയക്കാൻ തുടങ്ങി. ബി എഡ് ഉള്ളത് കൊണ്ട് അധ്യാപകരെ ആവശ്യമുണ്ട് എന്ന് പരസ്യത്തിൽ കണ്ട സ്കൂളുകളിലേക്ക് ഒരുപാടു അപേക്ഷകൾ അയച്ചു. ഒന്നിനും മറുപടിയില്ല. പിന്നീടാണ് അറിഞ്ഞത് അവിടെയൊക്കെ പണം കൊടുക്കണം. കൂടുതൽ കൊടുക്കുന്നവരെ  ജോലിക്കെടുക്കും. ലക്ഷങ്ങൾ കെട്ടി വയ്ക്കാൻ എനിക്ക് കഴിവുണ്ടോ ?ഇതിനിടയിൽ പല സർക്കാർ ജോലികൾക്കും ടെസ്റ്റ് എഴുതി. അതിനു പിന്നെ കാത്തിരിക്കണമല്ലോ. ലിസ്റ്റ് ആവാനും നിയമനം നടക്കാനും കാലമെടുക്കും. 

വൈകിയ വേളയിൽ ഒരു ജോലിക്കു ശ്രമിക്കുന്നതിനെ പലരും നിരുത്സാഹപ്പെടുത്തി. "ഉണ്ടായിരുന്ന ജോലി കളഞ്ഞതല്ലേ ""ഇനിയിപ്പോൾ ഒരു ജോലി കിട്ടാനൊക്കെ പാടാണ് ""പ്രതീക്ഷയ്ക്കു വകയില്ല. "ഇങ്ങനെയുള്ള നെഗറ്റീവ് കമന്റ്സ് എന്നെ വിഷമിപ്പിച്ചു. 

സ്വതേ ഞാനൊരു തൊട്ടാവാടിയാണ്. ചെറിയ സങ്കടങ്ങൾ പോലും സഹിക്കാനാവാതെ  പൊട്ടിക്കരയുന്ന ഒരു സെന്റിമെന്റൽ ഇഡിയറ്റ്. കൊച്ചു തമാശകൾക്കുപോലും നിർത്താതെ ചിരിക്കുന്ന സില്ലി ഫൂൾ. എന്നാൽ ഇതിനെല്ലാമുപരി പ്രതിസന്ധികളിൽമാത്രം ഉണരുന്ന സാമാന്യം ധൈര്യവും കരുത്തും തന്റേടവുമുള്ള ഒരു പെണ്ണ് എന്റെ ഉള്ളിലുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു കഠിന പരിപാടിക്ക് തന്നെ ഞാൻ തയാറായി. ഒടുവിൽ ഒരു സുഹൃത്തിന്റെ ശ്രമത്തിൽ  കോട്ടയത്തുള്ള മരിയൻ എന്ന സിബി എസ് സി സ്കൂളിൽ എനിക്കൊരു ജോലി കിട്ടി. പൊള്ളുന്ന മനസ്സിന് ലഭിച്ച ജീവ ജലമായിരുന്നു ആ ജോലി. തുച്ഛമായ  ശമ്പളം.  പക്ഷെ ഒരു ലോട്ടറി കിട്ടിയ സന്തോഷമായിരുന്നു എനിക്ക്.  അങ്ങനെ തകർന്നു വീണ സ്വപ്നത്തിന്റെ തുണ്ടുകൾ പെറുക്കിക്കൂട്ടി മക്കളും ഞാൻ കോട്ടയത്തു ഒരു കൊച്ചു വീട്ടിൽ പുതിയ ജീവിതം തുടങ്ങി.

പിന്നീട് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ ജോലി കിട്ടി. നല്ല ജോലി. നല്ല ശമ്പളം. ജീവിതം സ്വച്ഛവും സുരക്ഷിതവുമായി.  

ഒരു നയാപൈസ പോലും കയ്യിലില്ലാതെ കഴിഞ്ഞ നാളുകൾ ഞാനിന്നും മറന്നിട്ടില്ല. (അത് ഒരവസ്ഥ തന്നെയാണ്. അനുഭവിച്ചാലേ അറിയൂ )വീട്ടിൽ ഭക്ഷണം കിട്ടും. പക്ഷെ അത് മതിയോ ?നമുക്ക് നമ്മുടേതായ ചിലവുകൾ ഇല്ലേ ?എല്ലാത്തിനും അച്ഛനമ്മമാരെ ബുദ്ധിമുട്ടിക്കാനാവുമോ ?ഞാൻ നീറിപ്പിടഞ്ഞതിനു കണക്കില്ല. ഒഴുക്കിയ കണ്ണീരിന്  അളവില്ല.  നാലുപാടു നിന്നും കേട്ട ആക്ഷേപങ്ങൾക്ക് അതിരില്ല. ഒടുവിൽ എന്റെ ദൃഢനിശ്ചയം എന്നെ രക്ഷിച്ചു. 

ഒരു ജീവിതമാർഗം തേടുന്ന ഓരോരുത്തരോടും എനിക്ക് പറയാനുള്ളത് ഇതാണ്. ശ്രമിക്കണം അദ്ധ്വാനിക്കണം ഒപ്പം  നേടിയെടുക്കും എന്ന പിടിവാശിയും വേണം. വിജയം സുനിശ്ചിതം !

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KADHAYILLAIMAKAL
SHOW MORE
FROM ONMANORAMA