ജന്മങ്ങൾ....എത്ര !

re-birth-845
SHARE

പുഴുവായും പൂമ്പാറ്റയായും പാമ്പായും പക്ഷിയായും ആടായും മാടായും കടുവയായും കിടുവയായും. ..കുരങ്ങനായും കുറുക്കനായും ….അങ്ങനെ എത്രയോ ജന്മങ്ങൾ കഴിഞ്ഞാണത്രെ ഒരു മനുഷ്യ ജന്മം കിട്ടുന്നത്. പോയ ജന്മങ്ങളിലെ സൽപ്രവർത്തികൾക്കു (നല്ലനടപ്പിന് )ഈശ്വരൻ പ്രസാദിച്ചു നൽകുന്ന പാരിതോഷികമാണ് മഹത്തായ മർത്യജന്മം. എന്നാൽ ഈ പൂർവ്വജന്മങ്ങൾ നമുക്ക് ഓർത്തെടുക്കാനാവില്ല. (അപൂർവം ചിലർക്ക് പൂർവ്വജന്മ സ്മരണകൾ ഉണരാറുണ്ട് എന്ന് കേട്ടുകേൾവി ). ഒരു സൗഭാഗ്യം ഉണ്ടായാൽ ഒരുണ്ണി പിറന്നാൽ   ഒരപകടത്തിൽ നിന്നു രക്ഷപ്പെട്ടാൽ ഒക്കെ ഉറപ്പായും പുറപ്പെടുന്ന ഒരനുമോദന വാക്കുണ്ട്. 'പൂർവ ജന്മ സുകൃതം '.നഷ്ടങ്ങളും കഷ്ടങ്ങളും വന്നാലോ ?അത് സുകൃതക്ഷയമാണ്. ദുരന്തങ്ങൾ മിക്കവാറും മുജ്ജന്മ പാപഫലമായിരിക്കും. ഇതൊക്കെ കേൾക്കുമ്പോൾ ഞാൻ എതിർക്കും.  ഇതൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. പോയ ജന്മത്തിൽ നല്ലതു മാത്രമേ ചെയ്തിട്ടുള്ളോ ? ഓർമയില്ല. തെറ്റുകൾ ചെയ്തു കൂട്ടിയോ ? അതും ഓർമയില്ല. ഒരുപാടു ദുരന്തങ്ങൾ വരുമ്പോൾ നമ്മൾ വിലപിക്കും. "ആരെയും ദ്രോഹിച്ചിട്ടില്ല. ചതിച്ചിട്ടില്ല. തെറ്റ് എന്ന് സമൂഹം നിശ്ചയിച്ചിട്ടുള്ള ഒന്നും ചെയ്തിട്ടില്ല. എന്നിട്ടും എനിക്കിങ്ങനെ വന്നല്ലോ ?"അപ്പോൾ ആരെങ്കിലും ആശ്വസിപ്പിക്കുന്നത് ,അല്ലെങ്കിൽ നമ്മൾ സ്വയം കണ്ടെത്തുന്ന ആശ്വാസം അതാണ് പോയജന്മത്തിലെ തെറ്റുകുറ്റങ്ങൾ കാരണം നമ്മൾ അനുഭവിക്കുന്നതാണ് ഈ ജന്മത്തിലെ ദുരിതങ്ങൾ എന്ന്. പക്ഷെ അപ്പോഴും എനിക്ക് ചോദിക്കാനുള്ളത് 'പോയ ജന്മത്തിലെ കാര്യങ്ങൾ നമുക്കറിയില്ല. അപ്പോൾ നമുക്ക് ഓർമപോലുമില്ലാത്ത ഒരു തെറ്റിന് ശിക്ഷയനുഭവിക്കുന്നത് അന്യായമല്ലേ ?'.മറ്റെന്തു പറഞ്ഞാണ് നമ്മൾ ആശ്വസിക്കുക !പൂർവികർ ചെയ്യുന്ന തെറ്റിന്റെ ഫലം അടുത്ത തലമുറകൾ അനുഭവിക്കേണ്ടി വരും എന്ന് വിശ്വസിക്കുന്നവരുമുണ്ട്. അപ്പോഴും ചോദിക്കട്ടെ. ആരോ ചെയ്ത തെറ്റിന്റെ ശിക്ഷ ഒരു തെറ്റും ചെയ്യാത്തവർ അനുഭവിക്കും എന്ന് പറയുന്നത് ന്യായമോ?

ഇതേക്കുറിച്ചു ഗൗരവപൂർവം ചർച്ച ചെയ്യാൻ പറ്റിയ ഒരാളാണ് ഡോക്ടർ ജോസ് ഇമ്മാനുവൽ (അദ്ദേഹം ഒരു ഡെന്റിസ്റ് ആണ്)  എന്ന സുഹൃത്ത്. അദ്ദേഹം ഇതേക്കുറിച്ചൊക്കെ ഒരു പാട് വായിക്കുകയും അന്വേഷിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. പൂർവ്വജന്മം ഉണ്ടെന്നും അത് ആർക്കും എപ്പോൾ വേണമെങ്കിലും ഓർത്തെടുക്കാൻ കഴിയുമെന്നും ഡോക്ടർ ജോസ് തീർത്തു പറയുന്നു.  പക്ഷെ അങ്ങനെ ഓർമ്മവന്ന ആരെയും എനിക്കറിയില്ല. അതുപോലെ പലജന്മങ്ങൾ താണ്ടി മനുഷ്യനിൽ എത്തിക്കഴിഞ്ഞാൽ പിന്നെ പിറകോട്ടില്ല. വീണ്ടും വീണ്ടും ജനിക്കും മനുഷ്യനായി തന്നെ. ഒടുവിൽ നിർവാണ പദവി അഥവാ മോക്ഷം കിട്ടും വരെ. ഉറക്കം നഷ്ടപ്പെട്ട് ,ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത് മനസ്സിന്റെ  നീറുന്ന വേദനയിൽ നിന്ന് രക്ഷനേടാൻ  ശ്രമിക്കുന്ന പാതിരാത്രികളിൽ ഞാനും ശ്രമിച്ചിട്ടുണ്ട് ഒരു പൂർവ്വജന്മക്കുളളിര് ഒന്നനുഭവിക്കാൻ. ഇല്ല നടന്നില്ല. 

പൂർവ്വജന്മത്തെക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല. അത് കഴിഞ്ഞു പോയ മറന്നു പോയ ഒരേട് എന്ന്  ആ ശ്രമം ഞാനുപേക്ഷിച്ചു. 

എന്നാൽ പുനർജ്ജന്മം അങ്ങനെയല്ല. നമുക്ക് നാളെയെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ പോലെ ഇനിയൊരു ജന്മത്തെ കുറിച്ചും പ്രതീക്ഷകൾ നെയ്തു കൂട്ടാം. ഈ ജന്മത്തിൽ സഫലമാക്കാൻ കഴിയാതെപോയ ചില മോഹങ്ങൾ അടുത്ത ജന്മത്തിൽ സാക്ഷാത്കരിക്കാം എന്ന ആഗ്രഹമാണ് പുനർജ്ജന്മം എന്ന സങ്കൽപ്പത്തിന് തന്നെ കാരണം. ഇത് എനിക്കെന്നല്ല മറ്റു പലർക്കും അങ്ങനെ തന്നെ. മോഹങ്ങൾ എല്ലാം ഈ ജീവിതത്തിൽ തന്നെ സഫലമായാൽ പിന്നെ ഒരു പുനർജന്മമെന്തിന്. ?

ഒരുപാടു മോഹിച്ചിട്ടും സ്നേഹിച്ചിട്ടും സ്വന്തമാക്കാൻ കഴിയാതെ പിരിഞ്ഞു പോകുന്ന കമിതാക്കൾ ,അത് വിധിയാണ് എന്ന് സമാധാനിക്കുമ്പോഴും ഉള്ളിന്റെ ഉള്ളിൽ സൂക്ഷിക്കുന്നു ഒരു ചോദ്യം 'ഒരു പുനർജനനത്തിലൊരുമിക്കുമോ "?{കടപ്പാട് }.

ഒരു സർക്കാർ ജോലി ഒരു ഏറ്റവും വലിയ സ്വപ്നമായി കൊണ്ട് നടക്കുകയും അതിനായി തീവ്രമായി ശ്രമിക്കുകയും ചെയ്ത ഒരനുജത്തി ഒരിക്കൽ പറഞ്ഞു "അടുത്ത ജന്മത്തിലെങ്കിലും ".

"എനിക്കിനിയും ഒരു ജന്മം വേണം ചേച്ചീ. ..ഒരുപാടൊരുപാട് സ്വപ്‌നങ്ങൾ ഉണ്ടെനിക്ക്. .ഒന്നും സാധിച്ചില്ല "എന്ന് പറയുന്നു മറ്റൊരുവൻ. 

ഇനിയും ജന്മങ്ങൾ വേണ്ട. ..എന്ന് പറയുന്നവരാണ് ഏറെ. ജന്മം സഫലം എന്ന് വിശ്വസിക്കുന്നവർ. അതല്ലെങ്കിൽ ഈ ജന്മത്തിൽ ഒരു പാട് യാതനകൾ അനുഭവിച്ചു മടുത്തവർ. .ഇനിയൊരു ജന്മം വേണ്ടേ വേണ്ട എന്ന് പറയുന്നവർ. 

ഒരു സങ്കടക്കടലിന്റെ തീരത്ത് നിസ്സഹായയായി നിൽക്കുമ്പോഴും ഒരു കടലാസ്സു തോണി പോലും രക്ഷക്കെത്തുകയില്ല എന്നറിയുമ്പോഴും എന്റെ മനസ്സിലും വിരിയുന്നു പുനർജന്മ സങ്കല്പങ്ങൾ. 

ചെറിയ മോഹങ്ങളേ എനിക്കെന്നുമുണ്ടായിരുന്നുള്ളു. ഇപ്പോഴും അത് തന്നെ. വളരെ ലളിതമായ ഒരു ജീവിതം. പണമോ പദവിയോ വേണ്ട. ജീവിക്കാൻ അത്യാവശ്യം വേണ്ട സാഹചര്യങ്ങൾ മതി. പ്രശ്നങ്ങളും ദുരന്തങ്ങളും കഷ്ടപ്പാടുകളുമില്ലാത്ത ഒരു സാധാരണ ജീവിതം [അത് ലഭിച്ചില്ല. പോട്ടെ.ഇത്രയും ദുരിതങ്ങൾ ജീവിതം എനിക്ക് ക്രൂരമായി നൽകേണ്ടതുണ്ടായിരുന്നോ ? ]

പക്ഷെ എന്റെ പുനർജന്മ മോഹങ്ങൾ അത്ര ലളിതമല്ല. ഫെമിനിസ്റ്റ് അല്ലാത്ത ഏതൊരു പെണ്ണിനേയും പോലെ ഞാനും ആശിക്കുന്നു അടുത്ത ജന്മത്തിൽ ആൺകുട്ടിയായി ജനിക്കാൻ ….പഠിക്കണം ഉയർന്ന ഉദ്യോഗം നേടണം. ലോകം ചുറ്റിക്കാണണം. പ്രണയം വേണമെങ്കിൽ ആവാം. പക്ഷെ വിവാഹം ,ഭാര്യ കുട്ടികൾ ഒന്നും വേണ്ട. ഈ ജന്മത്തിൽ അനുഭവിച്ചതൊക്കെ പോരെ ?

സുഖവും സന്തോഷവും സൗഭാഗ്യങ്ങളുമുള്ള ഒരു ജീവിതം ജീവിച്ചു തീർക്കാനായി" ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി" എന്ന വയലാർ വരികൾ ഞാൻ നെഞ്ചിലേറ്റുന്നു. ഞാൻ മാത്രമല്ല എന്നെപ്പോലെ എത്രയോ പേർ. എത്ര ജന്മങ്ങൾ കഴിഞ്ഞാലാണ് ആ സുന്ദര സുരഭില ജന്മം ലഭിക്കുക. ആർക്കറിയാം !

English Summery : Column about Re Birth by Devi J.S.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ