സ്നേഹം ദുർബലം

love-845
SHARE

സ്നേഹം ഏറ്റവും മഹത്തായ ഒരു വികാരമാണെന്നു കരുതുമ്പോഴും സ്നേഹം ഒരു വെറും തോന്നലാണെന്ന് ചില അനുഭവങ്ങൾ എന്നെ പഠിപ്പിച്ചിട്ടുണ്ട്. അതേക്കുറിച്ചെല്ലാം പലതവണ പറഞ്ഞിട്ടുണ്ട്. പുതിയ പുതിയ കഥകൾ എന്നെ അദ്‌ഭുതപ്പെടുത്തുന്നു. സ്നേഹം ഇത്രമേൽ ദുർബലമാണെന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും ആ വയ്ക്കോൽ തുരുമ്പിൽ കയറിപ്പിടിക്കാൻ മനുഷ്യർ ഒരുമ്പെടുന്നതെന്തു കൊണ്ട് ?

നവനീത (ഇത് ഒരു പേര് മാത്രമാണ് )എന്നെപ്പോലെ ഒരു കാൻസർ സർവൈവർ  ആണ്. പ്രായം അൻപതോടടുക്കുന്നു എങ്കിലും കണ്ടാൽ 35 -40 തേ തോന്നുകയുള്ളൂ. കവികളോടും കഥാകാരന്മാരോടും അവൾക്കുള്ള ആരാധന ഒടുവിൽ ഒരു പ്രണയത്തിൽ ചെന്നെത്തി. ഏതാണ്ട് അവളുടെ തന്നെ പ്രായം ,അതോ അല്പം കുറവോ. മഹേഷ് കവിയും കലാകാരനും ജേർണലിസ്റ്റുമാണ്. കുടുംബവും കുട്ടികളുമുണ്ട്. രോഗിയായ അമ്മ ,അവിവാഹിതനും തൊഴിൽരഹിതനുമായ അനിയൻ ,ഇങ്ങനെ നവനീതയ്ക്കുമുണ്ട് പ്രാരാബ്ധങ്ങൾ ഏറെ. വളരെ ചെറുപ്പത്തിലേ വിധവയായ അവൾക്കു ഒരു മകളുണ്ട്. മകൾ ഭർത്താവിനോടൊപ്പം അകലെയാണ്. അവർക്കു രണ്ടു കുട്ടികളുമുണ്ട്. കാൻസർ രോഗവും അതിന്റെ ചികിത്സയുമായി അവൾ വളരെ കഷ്ടപെട്ടിട്ടുണ്ട്. പിന്നെ അവൾക്കൊരു ജോലിയുണ്ട്. അത് മാത്രമാണ് ആശ്വാസം.

"പ്രേമിക്കാൻ കണ്ട ഒരു പ്രായം. അതും കാൻസർ രോഗം വന്നവൾ 'എന്ന് പരിഹസിക്കരുത്. പ്രണയത്തിനു പ്രായമുണ്ടോ ?ഉണ്ടെങ്കിൽ അത് നമ്മുടെ നാട്ടിൽ മാത്രം എന്ന് പ്രവാസികൾ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. നമ്മുടെ നാട്ടിലും പറഞ്ഞു കേൾക്കാറുണ്ട് പ്രണയത്തിനു പ്രായമില്ല എന്ന്. പക്ഷെ അത് വാക്കുകളിൽ മാത്രം എന്നാണ് എന്റെ മറുപടി. പ്രായം നോക്കാതെ പ്രണയം തോന്നി എന്ന് പറഞ്ഞാൽ അത് താൽക്കാലികം മാത്രം. 

"എന്റെ ദേവി ചേച്ചീ നമ്മളെയൊക്കെ ആരെങ്കിലും സ്നേഹിക്കുമോ ?വല്ല പീഡിപ്പിക്കാനോ  കൊല്ലാനോ മറ്റോ കൊണ്ടുപോകും "മറ്റൊരു മധ്യവയസ്കയുടെ വാക്ക് കേട്ട് ഞാനും അവളും കുറെ ചിരിച്ചു. "എൺപതു വയസ്സായവനും പതിനെട്ടുകാരി മതി. അപ്പോഴാ പ്രണയത്തിനു പ്രായമില്ല എന്നും പറഞ്ഞു കുറേപ്പേർ. അത് വയസ്സായവർ മാത്രമേ പറയൂ നമ്മുടെ സമയവും സ്വസ്ഥതയും ചിലപ്പോൾ സമ്പത്തും നഷ്ടപ്പെടും ഇതിന്റെ പേരിൽ. പിന്നെ വിഷമം ബാക്കി. കൊണ്ട് "അവൾ ചിരിച്ചു. 

പിന്നെ കാൻസർ ഒന്നിനും ഒരു അവസാനവാക്കല്ല. എന്ന് കാൻസർ രോഗികളും കാൻസറിനെ തോൽപ്പിച്ചവരും അവരുടെ ഡോക്ടർമാരും ആവർത്തിച്ചു പറഞ്ഞിട്ടുള്ളതാണ്. ഞങ്ങളുടെ കൂട്ടത്തിൽ തന്നെ കാൻസർ വന്നു സുഖമായ ശേഷം വിവാഹം കഴിച്ചവരുണ്ട്. അറുപതും എഴുപതുമൊക്കെ കഴിഞ്ഞവരും സുഖമായി കുടുംബം നടത്തിക്കൊണ്ടു പോകുന്നു എന്നാലും ഞാൻ പറഞ്ഞു. 

"ആലോചിച്ചു തന്നെയാണോ ? എല്ലാം പറഞ്ഞിട്ടുണ്ടോ മഹേഷിനോട് ?അയാൾക്ക്‌ ഒരു കുടുംബമുള്ളതല്ലേ ?"

"സ്നേഹം ഉണ്ടാക്കി എടുക്കുന്നതല്ലല്ലോ. തനിയെ ഉണ്ടായിപ്പോകുന്നതല്ലേ ?സ്വാഭാവികമായി ഉണ്ടാവുന്നതെന്തും നല്ലതു തന്നെ "അവൾ വാദിച്ചു. 

ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല. 

മിണ്ടിയാൽ ദിവ്യപ്രേമത്തെക്കുറിച്ചും ഉപാധികളില്ലാത്ത സ്നേഹത്തെക്കുറിച്ചും ലിവിങ് ടുഗെതർനെക്കുറിച്ചുമൊക്കെ ചെറുപ്പ ക്കാരേക്കാൾ വീറോടെ വാദിക്കും നവനീത . ഒരുപാടു വായിക്കുകയും സിനിമ കാണുകയുമൊക്കെ ചെയ്യുന്നതിന്റെ കുഴപ്പം. മധ്യ വയസ്സ് കഴിഞ്ഞവരുടെ സ്നേഹത്തിലെ ആത്മാർത്ഥതയും മാധുര്യവും ആഴവും പരപ്പുമൊക്കെ വിവരിച്ചു ആരൊക്കെയോ എഴുതിക്കൂട്ടിയ കഥകളും കവിതകളും അവൾ വായിച്ചു വിശ്വസിച്ചിരിക്കുകയാണ്. അമ്മയെപ്പോലെ പെങ്ങളെപ്പോലെ കാമുകിയെപ്പോലെ സുഹൃത്തിനെപ്പോലെ ഭാര്യയെപ്പോലെ ഒക്കെയാവാൻ മുതിർന്ന സ്ത്രീകൾക്കെ കഴിയൂ അത്രേ. 

ഇതൊക്കെ ശരിയാവാം തെറ്റാവാം. എന്നാലും ഞാൻ മുന്നറിവ് നൽകി. 

"മഹേഷിന്റെ ഭാര്യയും പ്രായമുള്ള സ്ത്രീ തന്നെ. അവർ ഇതൊക്കെ ആയിക്കൊള്ളും. അമ്മയും കാമുകിയും ഭാര്യയും മകളും ".

"അതൊക്കെ അവനും അറിയാവുന്നതല്ലേ "

ഭാര്യയെ ഒരുപാടു സ്നേഹിക്കുന്നുണ്ട് മഹേഷ് എന്ന് നവനീതയ്ക്കു ബോധ്യമുണ്ടായിരുന്നു. എന്നിട്ടും. 

"ഭാര്യയെ സ്നേഹിക്കുന്നവർ എങ്ങനെ മറ്റൊരു പ്രണയം (പ്രസ്റ്റീജ് ന്റെ പരസ്യം അനുകരിച്ചു ഞാൻ പറഞ്ഞു )വേണ്ടാന്ന് വയ്ക്കും. അല്ലെ ?

രണ്ടുപേർ തമ്മിലുള്ള ബന്ധം അവരുടെ സ്വകാര്യതയാണ്. അതിന്റെ പരിധികളും പരിമിതികളും നിശ്ചയിക്കേണ്ടതും അവർ തന്നെ. ഞാനതു വിട്ടു. കുറെ നാൾ കഴിഞ്ഞു വീണ്ടും നവനീതയെ കണ്ടപ്പോൾ അവൾ അവശയും ദുഖിതയുമായിരുന്നു. ഒരു പ്രണയം തകർന്നു അത്ര തന്നെ. 

"അങ്ങ് കരഞ്ഞു കൂവാനും നിരാശപ്പെടാനും ആത്മഹത്യ ചെയ്യാനും ഇത് കൗമാരപ്രണയമൊന്നുമല്ലല്ലോ "

"നമുക്ക് ഒരുപാടു ടെൻഷനും വിഷമവും പാടില്ല എന്നറിയില്ലേ ?"

ഞാൻ ആശ്വാസ വാക്കുകൾ തേടി. ഇല്ല ശരിയാവുന്നില്ല. ഒന്നും പറയാനാവുന്നില്ല. 

നവനീതയെ എനിക്ക് നന്നായി അറിയാം.ഒരു ചന്ദനത്തിരിയാണവൾ. മറ്റുള്ളവരുടെ ജീവിത്തിൽ സുഗന്ധം പരത്താനായി എരിഞ്ഞു തീരുന്നവൾ. ഒരു തണൽ ഒരു തുണ ,വേണ്ട ഒരാശ്വാസം സ്നേഹത്തിന്റെ പേരിൽ അവൾ ആഗ്രഹിച്ചു എങ്കിൽ അതിൽ തെറ്റ് പറയാനില്ല. പക്ഷെ അവളുടെ  തിരഞ്ഞെടുക്കൽ ,കണ്ടെത്തൽ തെറ്റിപ്പോയി. (എന്ത് കൊണ്ടാണ് സ്ത്രീകളുടെ ചോയിസ് ഇപ്പോഴും ഇങ്ങനെ തെറ്റിപ്പോകുകുന്നത്  ?)

"അവനവൻ കുഴിക്കുന്ന കുഴികളിൽ വീഴുന്ന ഗുലുമാൽ" എന്ന പഴയ പാട്ടു ഞാൻ വെറുതെ മൂളി. 

മഹേഷും അവളോട് എല്ലാം പറഞ്ഞിരുന്നതാണ്. കൊള്ള ചെയ്താലും  കൊല ചെയ്താലും അയാളുടെ ഭാര്യ സഹിക്കും. പക്ഷെ മറ്റൊരു പെണ്ണ് അതവൾ സഹിക്കില്ല. (അത് എല്ലാ ഭാര്യമാരും അങ്ങനെ തന്നെയല്ലേ ) പിന്നെ ഒരു പാട് ഫ്രണ്ട്സും ആരാധികമാരുമൊക്കെ അയാൾക്കുണ്ട്. നവനീതയെ ഇഷ്ടം തന്നെ. പക്‌ഷേ ആഴത്തിലുള്ള സ്നേഹമൊന്നും ആരോടുമില്ല. ആണുങ്ങൾ കള്ളന്മാരും ചതിയന്മാരുമാണ്. അത് കൊണ്ട് ഏത് അടുപ്പത്തിലും ഒരു ഗ്യാപ് സൂക്ഷിക്കണം. ഒരു നിസ്സംഗത എപ്പോഴും ഉണ്ടാവണം. 

"ഇതെല്ലം കേട്ടിട്ടും നീ ചെന്ന് വീണോ പ്രണയത്തിൽ ?"ഞാൻ അമ്പരന്നു. "ഇതൊക്കെ കൗമരത്തിലും യൗവനത്തിലും പറ്റുന്ന മണ്ടത്തരങ്ങൾ അല്ലെ ?"

"അത് നിനക്ക് തോന്നുന്നത്. പ്രായവും പാകതയുമെത്തിയവരുടെ പ്രണയമാണ് ശരിക്കുള്ള പ്രണയം. മറ്റേതൊക്കെ വെറും കുട്ടിക്കളി. "

"ശരി എന്നിട്ടിപ്പോൾ എന്തായി ?"

"ഓ എന്താവാൻ മഹേഷ് എന്നെ അവഗണിക്കുന്നു. ഒഴിവാക്കുന്നു. "

ഞാൻ പൊട്ടി ചിരിച്ചു. 

"സ്വന്തം ഭാര്യക്കും എണ്ണമറ്റ ആരാധികമാർക്കും വേണ്ടി നീക്കി വച്ച ശേഷം അവനു സമയം ബാക്കിയുണ്ടാവില്ല ,നിനക്ക് വേണ്ടി. പിന്നെ അവരൊക്കെ നിന്നെക്കാൾ ചെറുപ്പവും സുന്ദരിമാരുമായിരിക്കും. രോഗത്തിന്റെ നിഴൽപ്പാടുകളുമുണ്ടാവില്ല. "

"ഒരാള് പോയ ദുഃഖം തീരാൻ മറ്റൊരാളെ കണ്ടു പിടിക്കുന്നതാണ് ഏക പോംവഴി. പിന്നെ മനസ്സിൽ ടെഫ്‌ലോൺ പൂശാൻ മറക്കരുത്. എന്ത് സംഭവിച്ചാലും പോനാൽ പോകട്ടും പോടാ എന്ന പാഠമാണ് മഹേഷ് നിന്നെ പഠിപ്പിച്ചത്"ഞാൻ എന്തൊക്കെ പറഞ്ഞിട്ടും . എത്ര മണിക്കൂറുകളുംമ ദിവസങ്ങളുമെടുത്തെന്നോ നവനീത ഒന്ന് നോർമൽ ആകാൻ. !

മനസ്സ് നിറച്ചു പ്രേമവും വാത്സല്യവും പരിഗണനയും നിറച്ച് വാരിക്കോരി കൊടുക്കാൻ തയാറായി നടക്കുന്ന മധ്യ വയസ്കകളോടും വൃദ്ധകളോടും പറയട്ടെ. ഒക്കെ വെറുതെ. പ്രേമത്തിന് പ്രായമില്ല കാലമില്ല ജാതി മത ഭേദങ്ങളില്ല. ഒക്കെ സമ്മതിച്ചു. പക്ഷെ ഏറ്റവും ദുർബലമായ ഒരു വികാരമാണ് സ്നേഹം അല്ല പ്രണയം. 

ഇനി മഹേഷ് മാരോട് ഒരു വാക്ക്. ദുരിതക്കയങ്ങളിൽ കിടക്കുന്നവർക്കു പ്രണയം എന്ന വയ്ക്കോൽ തുരുമ്പ് ഇട്ടു കൊടുക്കരുത്. അത് പൊട്ടിയാൽ നിങ്ങൾ തിരിഞ്ഞു നടക്കും.  പക്ഷെ അവർ വീഴുന്നത് കൂടുതൽ ആഴത്തിലേക്കായിരിക്കും. അത് പാപമാണ്. മനുഷ്യനല്ലേ ?മനസ്സല്ലേ ?കുറ്റം പറയാനാവുമോ ?

English Summery : Kadayillaimakal Column About Love Failure

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ