മതേതരമനസ്സുകൾ 

old-friends-845
പ്രതീകാത്മക ചിത്രം
SHARE

ഇക്കഴിഞ്ഞ ദിവസം ജബ്ബാറിന്റെ മകളുടെ നിക്കാഹ് ആയിരുന്നു. ആരാണ് ജബ്ബാർ ?പലരും ചോദിച്ചു. ഒരു സംശയവുമില്ലാതെ ഞാൻ പറഞ്ഞു 'എന്റെ സഹോദരൻ '. ചിലരുടെ പുരികക്കൊടികൾ ഒടിഞ്ഞുയരുന്നത് ഞാൻ കണ്ടു. മറ്റു ചിലർ പറഞ്ഞു. "ഓ ജാടക്കാരി. എഴുത്തുകാരിയല്ലേ ?ഇപ്പോഴത്തെ സാഹചര്യം വച്ച് ഇത്തിരി സാമൂഹ്യ പ്രതിബദ്ധത ഒക്കെ കാണിക്കുന്നതാണ് ". അയ്യോ അല്ല കേട്ടോ !ജബ്ബാറും കുടുംബവും ഞാനുമായുള്ള ബന്ധം പറഞ്ഞാൽ തീരില്ല. എന്നാലും ചുരുങ്ങിയ വാക്കുകൾ കൊണ്ടൊന്നു വെളിപ്പെടുത്താൻ ശ്രമിക്കട്ടെ. 

എന്റെ മകന് 2013  ജനുവരി മാസത്തിൽ ഒരപകടം ഉണ്ടായതു ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്. വായനക്കാർക്ക് ബോറായിട്ടുണ്ടാവും. എന്നാലും സന്ദർഭം വിവരിക്കാനായി ഒന്ന് കൂടി പറഞ്ഞോട്ടെ. രക്ഷപ്പെടുമോ എന്നുറപ്പില്ലാതെ സ്വന്തം മകൻ ബാൻഡേജുകളുടെ വലിയൊരു ബണ്ടിൽ പോലെ ഐസിയൂവിൽ  കിടക്കുമ്പോൾ ഒരമ്മയുടെ അവസ്ഥ എന്തായിരിക്കുമെന്ന് പറയേണ്ട കാര്യമില്ല. മനുഷ്യരായിട്ടുള്ള ആർക്കും അതറിയാം. 

അവിടെ ഞങ്ങൾ ഒരു മുറിയെടുത്തു. ഭീകരമായ ചിലവാണ്. എന്നാലും കൂടാതെ വയ്യ. ഐസിയൂവിനു മുന്നിൽ രാപ്പകൽ ഇരിക്കാനുള്ള പ്രായമോ ,ശാരീരിക സ്ഥിതിയോ മാനസികാവസ്ഥയോ അല്ലല്ലോ എനിക്ക്. ഒന്നോ രണ്ടോ ആഴ്ച ലീവ് എടുത്ത് മകളും മരുമകനും മാറിമാറി എന്റെ കൂടെ നിന്നു. പിന്നെ അവർക്കു ജോലിക്കു പോകണ്ടേ ? വീടും കുട്ടികളുമില്ലേ ? സമയം കിട്ടുമ്പോഴൊക്കെ അവർ വന്നുപോയി. അങ്ങനെ പത്തടിപ്പാലത്തിലുള്ള കിംസ് ആശുപത്രിയിൽ ഞാൻ തനിച്ചായി.  കുറെ നേരം ഐ സി യുവിനു മുന്നിൽ ഇരിക്കും. അവർ അനുവദിക്കുമ്പോൾ ഒരു തവണ മകനെ കേറി കാണും. പിന്നെ മുറിയിൽ പോകും. ക്യാന്റീനിൽ നിന്ന് എന്തെങ്കിലും തിന്നു എന്ന് പേര് വരുത്തും. പിന്നെയും ഐ സി യു വിനു മുന്നിൽ കാവൽ. മരിച്ചു മരവിച്ച ഒരവസ്ഥ !!അങ്ങനെ ഒന്ന് രണ്ടു മാസങ്ങൾ കടന്നു പോയി. 

ഒരു ദിവസം പതിവ് പോലെ ലിഫ്റ്റിറങ്ങി ഐ സി യു വിനു മുന്നിലെത്തിയപ്പോൾ അവിടെ വലിയ ആൾക്കൂട്ടം. ഭയങ്കര നിലവിളി. പെണ്ണുങ്ങൾ നിലത്തു വീണു കിടന്നു കരയുന്നു. ഈശ്വരാ !എന്റെ ശ്വാസം നിലച്ചുപോയി. തകർന്ന മട്ടിൽ നിൽക്കുന്ന ആണുങ്ങളിൽ ഒരാളോട് ഞാൻ ചോദിച്ചു. എന്താ  എന്താ ?അയാൾ പറഞ്ഞു "ചേട്ടന്റെ മകന് ആക്സിഡന്റ് ആയി. അതാ അതാണ് ചേട്ടൻ ".ഞാൻ നോക്കുമ്പോൾ ഒരാൾ കോണിപ്പപ്പടിയിലൂടെ താഴേക്കോടുന്നു , മുകളിലേക്ക് കയറുന്നു. വല്ലാതെ കരയുന്നുമുണ്ട് ".എനിക്കാണെങ്കിൽ സങ്കടം അടക്കാനാവുന്നില്ല. അപ്പോൾ ആ അനുജൻ എന്നോട് പറഞ്ഞു ". ഒന്ന് പറയൂ ഇവിടെ വന്നിരിക്കാൻ. സുഖമില്ലാത്ത ആളാണ്. ഞങ്ങൾ പറഞ്ഞിട്ട് കൂട്ടാക്കുന്നില്ല "

എന്താണ് ഞാൻ പറയുക !പക്ഷെ പെട്ടെന്ന് എനിക്ക് ധൈര്യം കിട്ടി. ഞാൻ കോണിപ്പടിയുടെ അടുത്ത ചെന്നു. ആ പാവം മുകളിലെത്തിയതും ഞാനയാളുടെ കൈ തണ്ടയിൽ പിടിച്ചു. അയാൾ പെട്ടെന്ന് നിന്നു. "വരൂ. അവിടെ വന്നിരിക്കൂ. ഇങ്ങനെ കിടന്നോടിയിടെന്തിനാ ?".അത് ജബ്ബാർ ആയിരുന്നു. 

എന്റെ വാക്കുകൾ ,ഭുജത്തിലെ പിടി , അയാളെ നിശ്ചലനാക്കി. ഞാൻ പിടി വിടാതെ കൂട്ടിക്കൊണ്ടു വന്നു ഒരു കസേരയിൽ ഇരുത്തി. അടുത്തിരുന്നു. പിന്നെ സാവകാശം പറഞ്ഞു. "എന്റെ മകനും ഇതിനുള്ളിലാണ്. ബോധമില്ലാതെ കിടക്കുന്നു. രണ്ടു മാസമായി ".

പിന്നെയും ഞാൻ പറഞ്ഞു കൊണ്ടേയിരുന്നു വളരെ പാകതയുള്ള ഒരു മൂത്ത സഹോദരിയുടെ സഹാനുഭൂതിയോടെ ജബ്ബാർ നിശബ്ദനായി കേട്ട് കൊണ്ടിരുന്നു. എന്തൊക്കെയാണ് ഞാൻ പറഞ്ഞതെന്ന് ഇപ്പോൾ ഓർമയില്ല. പക്ഷെ ജബ്ബാറിനെ ശാന്തനാക്കാൻ എനിക്ക് കഴിഞ്ഞു. 

അന്ന് മുതൽ ഞങ്ങൾ കൂട്ടുകാരായി. അല്ല വീട്ടുകാരായി. പകൽ മുഴുവൻ അവിടെ കാത്ത് കെട്ടി കിടക്കുന്ന സ്ത്രീകൾക്കു  എന്താവശ്യമുണ്ടെങ്കിലും എന്റെ മുറിയിലേക്ക് പോരാം. ബാത്‌റൂമിൽ പോകാനും കുളിക്കാനുമൊക്കെ. മറ്റെന്താണ് എനിക്ക് ചെയ്യാൻ പറ്റുക !

മാസങ്ങൾ ഒന്നുരണ്ടു പിന്നെയും കടന്നുപോയി. എന്റെ മകൻ സൂരജിനെയും ജബ്ബാറിന്റെ മകൻ അൻവർ സാദിക്കിനെയും മുറികളിലേക്ക് മാറ്റി. എന്നും ഞങ്ങൾ പരസ്പരം കണ്ടിരുന്നു. അപ്പോഴാണ് സൂരജിനെ വെല്ലൂർക്കു കൊണ്ടുപോകാൻ ഞങ്ങൾ തീരുമാനിക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി വെല്ലൂർക്കു പോകുമ്പോൾ ഞാൻ സാദിഖിന്റെ റിപ്പോർട്സ്  കൂടെ കൊണ്ട് പോയി അവിടത്തെ ഡോക്ടറെ കാണിച്ചു. അഡ്മിഷൻ ഒക്കെ പറഞ്ഞു വച്ചു. അങ്ങനെ ജബ്ബാറും ഫസീലയും സാദിക്കും വെല്ലൂരെത്തി. അടുത്തൊരു ബ്ലോക്കിലെ വാർഡിൽ അവർ ഉണ്ടെന്നത് എനിക്ക് വലിയ ആശ്വാസമായി. ഈ പറഞ്ഞത് പോലെ എന്റെ മകൾക്കും മരുമകനും ഞങ്ങളെ അവിടെ കൊണ്ടാക്കാനും ഇടക്കൊന്നു വരാനുമല്ലെ കഴിയുമായിരുന്നുള്ളൂ. ഒരു സ്വന്തം സഹോദരനായി തന്നെ എനിക്ക് വേണ്ടപ്പോഴൊക്കെ ജബ്ബാർ ഓടിയെത്തി. നാട്ടിൽ നിന്ന് അവരുടെ ആളുകൾ കൂട്ടമായി വെല്ലൂരെത്തിയിരുന്നു. എല്ലാവരും എന്നെയും മകനെയും സന്ദർശിക്കും. അങ്ങനെ ആ കുടുംബം മുഴുവൻ ദേവിയുടെ സ്വന്തക്കാരായി. 

മാസങ്ങൾ പിന്നെയും കടന്നു പോയി. യാതൊരു മാറ്റവും കാണാത്തതു കൊണ്ട് നാലുമാസവും കുറെ ലക്ഷങ്ങളും അവിടെ ചെലവഴിച്ച് ഞങ്ങൾ ആദ്യം നാട്ടിലേക്കു മടങ്ങി. പിന്നാലെ അവരും. 

വർഷങ്ങൾ ഏഴു കടന്നു പോയി. വല്ലപ്പോഴും വിളിക്കുമെന്നല്ലാതെ ഞങ്ങളും ജബ്ബാർ കുടുംബവുമായി തമ്മിൽ കണ്ടതേയില്ല. എന്തിനാണ് കാണുന്നത്. സൂരജിനും സാദിക്കിനും (സൂരജിനേക്കാൾ അൽപ്പം ഭേദമായിരുന്നു അവൻ ) ഒരു മാറ്റവുമില്ല എന്നത് ഇരു കൂട്ടർക്കും പരസ്പരം പങ്കിടാനുള്ള ദുഃഖം  മാത്രമായി. മകളുടെ കല്യാണം നിശ്ചയിച്ചപ്പോൾ ജബ്ബാർ എന്നെ അറിയിക്കുകയും ക്ഷണിക്കുകയും ചെയ്തു. ഒരു കാര്യത്തിലെ എനിക്ക് അഭിപ്രായമുള്ളൂ. പെൺകുട്ടികൾ പഠിക്കണം ജോലി നേടണം. വിവാഹം അതിനൊരു തടസ്സമാകരുത്. അത് ഞാൻ ജബ്ബാറിനെ അറിയിക്കുകയും ചെയ്തു. എനിക്ക് കല്യാണത്തിന് പോകണം. അവൾക്കൊരു ഗിഫ്റ്റ് കൊടുക്കുകയും വേണം എന്ന് ഞാൻ പറഞ്ഞപ്പോൾ കൂടെ വരാൻ രാമു തയാറായി. ഓട്ടോ -മെട്രോ -ഓട്ടോ അങ്ങനെ ഞങ്ങൾ ആലുവയിലെ കുട്ടമശ്ശേരിയിൽ എത്തി. ഇത്രയും സ്നേഹവും സ്വീകരണവും സന്തോഷവും മറ്റൊരു പരിപാടിയിൽ നിന്നും എനിക്ക് ലഭിച്ചിട്ടില്ല. അവിടെയുള്ള ഓരോ ബന്ധുവിനും ദേവി ചേച്ചിയെയും സൂരജിനെയും അറിയാം. കണ്ടിട്ടില്ലാത്തവർക്കുപോലും പറഞ്ഞറിയാം. എനിക്കും രാമുവിനും രോമാഞ്ചം വന്നു പോയി. അടക്കാനാവാത്ത ആഹ്‌ളാദം ഞങ്ങളുടെയും അവരുടെയും കണ്ണുകൾ നിറച്ചു.  സാധാരക്കാരായതു കൊണ്ട് വളരെ ലളിതമായിരിരുന്നു ആഘോഷം. "എത്ര സുഖകരം. സമാധാനം അല്ലെ അമ്മുമ്മേ. "എന്ന് രാമുവും പറഞ്ഞു. ഇവെന്റ്റ് മാനേജ്മെന്റും ഡെസ്റ്റിനേഷൻ വെഡിങ്ങും ഗംഭീര റിസെപ്ഷനും ഒക്കെ കണ്ടു മടുത്ത എനിക്ക് വലിയ ആശ്വാസം തോന്നി. രാമുവും അത് പറഞ്ഞപ്പോൾ പുതു തലമുറയിലും ലാളിത്യം ഇഷ്ടപ്പെടുന്നവരുണ്ട് എന്നത് എനിക്ക് അദ്‌ഭുതമായി. 

മതമേതായാലെന്താ വേഷം എന്തായാലെന്താ സാഹചര്യങ്ങൾ വ്യത്യസ്തമായാലെന്താ സഹോദരനാവാൻ, സഹോദരിയാവാൻ ,പരസ്പരം സഹകരിക്കാൻ ഇതൊന്നും ഒരു തടസ്സമല്ല എന്നതിന് തെളിവാണ് ജബ്ബാറും ദേവിയും.

English Summery : Kadayillaimakal Column about Friendship

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ