ന്യായം പിടിവിട്ടു പോകുന്ന വഴികൾ 

kadhaillayimakal-column-law-and-order-devi-j-s
Representative Image. Photo Credit : BortN66 / Shutterstock.com
SHARE

പ്രിയ സുഹൃത്തായ അഡ്വക്കേറ്റ് രാജിയോട് ഞാൻ മൂന്നു ചോദ്യങ്ങൾ ചോദിച്ചു. 

1. പലയിടത്തും നമ്മൾ കാണുകയും കേൾക്കുകയും വായിക്കുകയും ചെയ്യുന്നത് പോലെ നമ്മുടെ നിയമങ്ങളിൽ കുറ്റവാളികൾക്കു രക്ഷപ്പെടാനുള്ള പഴുതുകളുണ്ടോ?

2. അതി ഭീകരമായ, ക്രൂരമായ ഒരു നരഹത്യ നിഷ്ക്കരുണം നടപ്പിലാക്കിയ ഒരു കുറ്റവാളിക്ക് ജാമ്യം ലഭിക്കുന്നത് എന്തുകൊണ്ട് ?

3. ജാമ്യത്തിലിറങ്ങിയ മദ്യപാനിയും ആഭാസനും ഉപദ്രവകാരിയുമായ കുറ്റവാളിയെ ഭാര്യയും മകനും സംരക്ഷിക്കണമെന്നു പറയുന്നത് ന്യായമാണോ ?

ഇനി ഈ ചോദ്യങ്ങൾ ചോദിക്കാൻ ആസ്പദമായ കഥ പറയട്ടെ. 

ഞങ്ങളുടെ റോഡിനു സമാന്തരമായി ഇതേ പോലെ ജനബാഹുല്യവും വാഹനത്തിരക്കുമുള്ള മറ്റൊരു പ്രധാന റോഡുണ്ട്. ആ റോഡിൽനിന്ന് ഇടത്തോട്ടൊരു തിരിവ്. അത് വലത്തോട്ട് വളഞ്ഞ് വീണ്ടും ഇടത്തോട്ട് തിരിയുന്നു. ടാറിടാത്ത, ടൈൽസ് പാകിയ ആ റോഡിൽ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയും പോകും. കാറ് കഷ്ടിയാണ്. ചെറുതും വലുതുമായ ഒരുപാട് വീടുകളുണ്ടവിടെ. അതിനിടയിൽ ഒരു പള്ളിയും. ഔസേപ്പു പിതാവിന്റെ പള്ളി എന്നും കുരിശുപള്ളി എന്നും പറയും. എങ്കിലും ഉണ്ണി ഈശോയും മാതാവും ചില മാലാഖമാരും അവിടെയുണ്ട്. ആ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചുള്ള ഉച്ചഭക്ഷണം കഴിക്കാൻ ഈ പ്രദേശത്തെ ആബാലവൃദ്ധം  ജനങ്ങളും ജാതി മതഭേദമന്യേ എത്താറുണ്ട്. (കൊറോണ കാരണം രണ്ടു വർഷമായി പെരുന്നാളുമില്ല അന്നദാനവുമില്ല).

ആ വഴിയിൽ ഒന്നു രണ്ടു കൊല്ലം മുൻപ് അതിദാരുണമായ ഒരു കൊലപാതകം നടന്നു. മദ്യപാനിയും ക്രൂരനും ദുർനടപ്പുകാരനുമായ പീറ്റർ അയാളുടെ അമ്മയെ വീടിനകത്തിട്ടു മണ്ണെണ്ണയൊഴിച്ച് തീവച്ചു കൊന്നു. ജനലഴികളിൽ കൈകൾ പിന്നിലേക്കു ചേർത്തു വച്ചു കെട്ടി, ചുമരിൽ ചാരി തറയിൽ ഇരുത്തിയ നിലയിലായിരുന്നു മൃതദേഹം. രാത്രി തീയാളിപ്പടരുന്നതു കണ്ട് ഓടിയെത്തിയ അയൽക്കാരിൽ ആർക്കും അകത്തു കടക്കാനോ ആ വൃദ്ധയെ രക്ഷിക്കാനോ കഴിഞ്ഞില്ല. ആ സമയത്ത് അയാളുടെ ഭാര്യ ലിസ്സിയും മകൻ നിഖിലും സ്ഥലത്തുണ്ടായിരുന്നില്ല.   

പൊലീസ് വന്ന് അപ്പോൾത്തന്നെ അയാളെ അറസ്റ്റു ചെയ്തെങ്കിലും ഏതാനും മാസങ്ങൾക്കു ശേഷം കോടതി അയാളെ ജാമ്യത്തിൽ വിടുകയാണുണ്ടായത്. അതിനു വേണ്ടി അയാളുടെ സഹോദരിയും ജ്യേഷ്ഠനും ശ്രമിച്ചു എന്ന് പറയപ്പെടുന്നു. കുടിച്ചു കുടിച്ച് ആരോഗ്യം ക്ഷയിച്ച് അസ്ഥിപഞ്ജരമായ ഒരു മനുഷ്യൻ. ആയകാലത്തു ഭാര്യയെ തല്ലുക, കത്തിച്ച സിഗരറ്റു കൊണ്ട് കുത്തുക, അമ്മയെ വലിച്ചെടുത്തു വീട്ടിനു പുറത്തു തള്ളുക, മാലോകരെ മുഴുവൻ ചീത്തവിളിച്ചു നടക്കുക ഇതൊക്കെയായിരുന്നു പീറ്ററിന്റെ ക്രൂരവിനോദങ്ങൾ. അമ്മയെ തല്ലുകയോ എന്ന ചോദ്യത്തിന്, അതയാളുടെ രണ്ടാനമ്മയാണ് എന്നാണുത്തരം. അമ്മ മരിച്ചപ്പോൾ പീറ്ററിന്റെ അപ്പൻ രണ്ടാമത് കെട്ടിക്കൊണ്ടു വന്നതാണവരെ. ഈ മക്കളെയൊക്കെ വളർത്തിയതും വിവാഹം കഴിപ്പിച്ചതുമൊക്കെ അവരാണ്. അവർക്കു വേറേ മക്കളുമില്ല. പീറ്ററിനോടായിരുന്നു അവർക്ക് ഏറെ ഇഷ്ടം അതുകൊണ്ട് പീറ്ററും കുടുംബവും അവരോടൊപ്പമാണ് താമസിച്ചിരുന്നത്. അപ്പൻ മരിച്ചപ്പോൾ വീട് അവർക്കായി. അപ്പനുണ്ടായിരുന്ന ഏതോ പെൻഷനും ഈ അമ്മയ്ക്കാണ് കിട്ടിക്കൊണ്ടിരുന്നത്. ആ പൈസ മുഴുവൻ ഈ കുടുംബത്തിന് വേണ്ടിയാണു അവർ ചെലവഴിച്ചിരുന്നത്.  പക്ഷേ മദ്യപിക്കാൻ പൈസ കൊടുക്കുകയില്ല. അതിൽ പീറ്ററിന്‌ അവരോടു വെറുപ്പും വിദ്വേഷവും ഉണ്ടായി.  മകന്റെ ആട്ടും തുപ്പും തല്ലും തൊഴിയും തെറിവിളിയും സഹിക്ക വയ്യാതെ ആ പാവം അയൽവീടുകളിൽ അഭയം തേടുക സാധാരണമായിരുന്നു എങ്കിലും കൊന്നു കളയുമെന്ന് ആരും കരുതിയില്ല.  

കോടതി അയാൾക്കു ജാമ്യം അനുവദിച്ചതാണ് നാട്ടുകാരെ അമ്പരപ്പിക്കുന്നത്. വളരെ കൂൾ ആയി അയാൾ വീട്ടിലെത്തി. രണ്ടു ചെറിയ വീടുകളാണ് അവർക്കുള്ളത്. അമ്മയെ കത്തിച്ച വീട്ടിൽ പീറ്ററും തൊട്ടടുത്ത മറ്റേ വീട്ടിൽ ഭയവിവശരായി ലിസിയും നിഖിലും കഴിയുന്നു.  ഭാര്യയും മകനും അയാളെ സംരക്ഷിക്കണം എന്നൊരു ഉത്തരവു കൂടി അയാൾ നേടിയെടുത്തു. അറുപത്തഞ്ചു വയസ്സ് കഴിഞ്ഞ വൃദ്ധനാണയാൾ. പണ്ടേ പണിക്കു പോവുകയില്ല. അന്നും ലിസ്സി വീടുകളിൽ അടുക്കളപ്പണിയെടുത്തും മകൻ അല്ലറചില്ലറ ജോലികൾ ചെയ്തും അയാളെക്കൂടി പോറ്റിപ്പോന്നു.  ഇപ്പോഴും അത് തന്നെ.  ‘വയസ്സായ ഞാനും എന്റെ മകനും കഷ്ടപ്പെട്ട് കൊലപാതകിക്ക് നാലു നേരം ഭക്ഷണം കൊടുക്കണം, മരുന്ന് വാങ്ങിക്കൊടുക്കണം, വസ്ത്രങ്ങൾ അലക്കി കൊടുക്കണം' ലിസ്സി സങ്കടത്തോടെ എന്നോട് പറഞ്ഞു. പക്ഷേ കുടിക്കാൻ അവർ അയാൾക്ക്‌ പൈസ കൊടുക്കുകയില്ല.  അത് അയാളെ വല്ലാതെ പ്രകോപിപ്പിക്കുന്നു. ലിസിയെയും കൊല്ലുമെന്നാണ് ഭീഷണി.  അയാൾ താമസിക്കുന്ന പുരയുടെ വരാന്തയിൽ ഭക്ഷണം കൊണ്ട് വച്ചിട്ട് ലിസ്സി പെട്ടെന്ന് പൊയ്ക്കളയും.  ഇപ്പോഴും അവരെ ദ്രോഹിക്കുന്നതിനു കണക്കില്ല.  ആ വീട്ടിലേയ്ക്കുള്ള വെള്ളം പൂട്ടുക, തെറിയഭിഷേകം നടത്തുക, ഭക്ഷണം വലിച്ചെറിയുക മുതലായ കലാപരിപാടികൾ പീറ്റർ തുടരുന്നു

രാജി എന്റെ സംശയങ്ങൾക്കു മറുപടി നൽകി. 

നിയമത്തിലുള്ള പഴുതുകളല്ല, തെളിവുകളുടെയും സാക്ഷികളുടെയും അഭാവമോ ഉള്ളവ തന്നെ ദുർബലമായിരിക്കുകയോ ചെയ്യുന്നതാണ് പലപ്പോഴും കുറ്റവാളി രക്ഷപ്പെടാൻ കാരണമാകുന്നത്. 

ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന ആപ്ത വാക്യത്തിൽ അധിഷ്ഠിതമാണ് നമ്മുടെ നിയമവും കോടതി നടപടികളും. 

വുദ്ധനായൊരാൾക്ക് പണിയെടക്കാനുള്ള ശേഷി ഇല്ലെങ്കിൽ ജാമ്യം കിട്ടി വീട്ടിലെത്തുന്ന അയാളെ വീട്ടുകാർ സംരക്ഷിച്ചേ പറ്റൂ.  സ്വത്തുക്കളെല്ലാം മക്കൾക്കു കൊടുത്തു കഴിഞ്ഞാൽ അച്ഛനമ്മമാരെ നോക്കാൻ മക്കൾ ബാധ്യസ്ഥരാണെന്ന് നിയമമുണ്ട്. പീറ്ററിന്റെ അമ്മ എല്ലാം നിഖിലിനാണ് എഴുതി വച്ചത്. 

ഇത് ന്യായമാണോ ? എൺപതിനടുത്തു പ്രായമുള്ള ഒരമ്മയെ ഇത്രയും ക്രൂരമായി വധിക്കുക, ഭാര്യയെയും മകനെയും അങ്ങേയറ്റം ദ്രോഹിക്കുക. എന്നിട്ടും അയാൾ സമൂഹത്തിൽ വിലസി നടക്കുന്നു. ലിസിക്കും മകനും നീതി ലഭിക്കേണ്ടതല്ലേ ? അറുപത്തിനു മേൽ പ്രായമുള്ള ആ സ്ത്രീ പണിയെടുത്ത് ഒരു കൊലപാതകിയുടെ ചെലവുകൾ വഹിക്കണമെന്ന് പറയുന്നത് ന്യായമാണോ ? നിയമങ്ങൾ അനുസരിക്കാൻ നിർബന്ധിതരാകുന്ന സാധാരണക്കാരുടെ സംശയങ്ങൾ തീരുന്നതേയില്ല. 

Content Summary : Kadhaillayimakal Column - Law and Society

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS