ബോയ് ഫ്രണ്ട് - ഗേൾ ഫ്രണ്ട്

HIGHLIGHTS
  • ഫ്രണ്ട് അല്ലെങ്കിൽ സുഹൃത്ത് എന്ന് മാത്രം പറഞ്ഞുകൂടെ ?
  • ഞങ്ങളുടെ കുട്ടിക്കാലത്ത് ഒരു ആൺ പെൺ സൗഹൃദം സമൂഹം അംഗീകരിച്ചിരുന്നില്ല
kadhayillaimakal-column-by-devi-j-s-on-male-and-female-relationships
Representative Image. Photo Credit : Pushish Images / Shutterstock.com
SHARE

പ്രഭാതം ഉച്ചയിലേയ്ക്ക് നീങ്ങുന്നതിനിടയിൽ ഉമ്മറത്തെ വരാന്തയിലിട്ട കസേരകളിലൊന്നിൽ ഇരുന്ന് പത്രത്താളുകളിലൂടെ വിരസമായ ഒരു യാത്രയിലായിരുന്നു ഞാൻ. അതെന്റെ പതിവാണ്. അതിരാവിലെ തുടങ്ങുന്ന പണികൾ ഒതുങ്ങിയാൽ പത്തു പതിനൊന്നു മണിയോടെയാണ് ഞാൻ പത്രം നിവർത്താറുള്ളത്. അപ്പോഴതാ എന്റെ ഗേറ്റിനരികിൽ ഒരാൾ നിൽക്കുന്നു. ചെറുപ്പക്കാരനല്ല. ലേശം മുതിർന്നൊരാൾ. എന്നെത്തന്നെ നോക്കിക്കൊണ്ട് കുറച്ചു സമയം അയാൾ അവിടെത്തന്നെ നിന്നു. ഞാനും അയാളെ ശ്രദ്ധിച്ചു. അല്പസമയത്തിനുശേഷം അയാൾ ഗേറ്റു തുറന്ന് മുറ്റത്തേയ്ക്ക് കയറി. ഞാൻ പതുക്കെ കസേരയിൽനിന്ന് എഴുന്നേറ്റ് യാതൊരു പരിചയവുമില്ലാത്ത അയാളെ നോക്കി നിന്നു. വരാന്തയിലേക്ക് കയറി, ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു. 

"എന്നെ അറിയില്ലായിരിക്കാം. ഞാൻ തിരുവനന്തപുരത്ത് അയൽവാസിയായിരുന്നു. കുട്ടിക്കാലത്തു നമ്മൾ തമ്മിൽ പരിചയമുണ്ടായിരുന്നു. സംസാരിച്ചിട്ടുമുണ്ട്."

അയാൾ പറഞ്ഞു കൊണ്ടേയിരുന്നു. 

എനിക്ക് ഒരു ഓർമയും തോന്നിയില്ല. ഞാൻ തുറന്നു പറഞ്ഞു.

"എനിക്ക് ഓർമ  കിട്ടുന്നില്ല. "

അപ്പോൾ അയാൾ അന്ന് താമസിച്ചിരുന്ന വീടിനെപ്പറ്റിയും ഞങ്ങളുടെ ഇടവഴിയെക്കുറിച്ചും റോഡിനെ പറ്റിയും പറഞ്ഞു. ഞാൻ പഠിച്ച ഗേൾസ് സ്കൂളിനെയും അയാൾ പഠിച്ച ബോയ്‌സ് സ്കൂളിനെയും ഓർമിപ്പിച്ചു. എല്ലാം ശരി തന്നെ. എനിക്ക് ആളെ പിടികിട്ടിയില്ല.

"പേര് പറയൂ." ഓർമ വന്നില്ലെങ്കിലും ഇപ്പോൾ പരിചയപ്പെടാമല്ലോ എന്നോർത്ത് ഞാൻ പറഞ്ഞു.

അയാൾ പേര് പറഞ്ഞു. എന്നിട്ടും ങേ ഹേ. 

എന്നെ ഇവിടെ പലതവണ കണ്ടിട്ടുണ്ടെന്നും അപ്പോഴേ ആളെ മനസ്സിലായെന്നും പരിചയം പുതുക്കണമെന്നും കരുതിയിരുന്നത്രെ. ഇന്ന് എന്നെ വരാന്തയിൽ കണ്ടതു കൊണ്ടും അയാൾക്ക്‌ മറ്റു തിരക്കുകൾ ഇല്ലാത്തതുകൊണ്ടും കയറിയതാണ്. 

ഇപ്പോഴത്തെ വിശേഷങ്ങൾ പങ്കുവച്ച്, സംസാരിച്ച് ,ചിരിച്ച്, കുറച്ചു സമയം നിന്നശേഷം അയാൾ യാത്ര പറഞ്ഞിറങ്ങി.

അമ്പരപ്പിനിടയിൽ 'കയറി ഇരിക്കൂ എന്നും ,' കുടിക്കാനെന്തെങ്കിലും ' എന്നുമുള്ള മര്യാദവാക്കുകൾ ഞാൻ മറന്നു പോയി. ഓ കഷ്ടം ! സാരമില്ല. ഇനിയും വരാമെന്നല്ലേ അയാൾ ഒടുവിൽ പറഞ്ഞത് ? 'അപ്പോഴാകട്ടെ' ,ഞാൻ കരുതി. എന്നാലും ആരാണത് ?ഞാൻ ഓർമയിൽ ചികഞ്ഞു. ബാല്യ കൗമാരങ്ങളിൽ പരിചയമുണ്ടായിരുന്ന ഒരാൾ. ഇപ്പോൾ ആരാണെന്നറിയില്ല!

അപ്പോൾ അടുത്ത വീട്ടിലെ വനജ മതിലിനു മീതെ കൂടി തലനീട്ടി.

"ആരാ ചേച്ചീ വന്നിട്ടു പോയത് ? ചേച്ചിയുടെ ബോയ് ഫ്രണ്ടാണോ ?"

ജിജ്ഞാസ ഇഷ്ടമായില്ലെങ്കിലും ആ നർമബോധം എന്നെ രസിപ്പിച്ചു.

"അതേയല്ലോ. ഫ്രണ്ടാണ്, പക്ഷേ ബോയ് അല്ല. പ്രായമായ ആളല്ലേ, 'മാൻ ' എന്ന് പറയണം. "

"അപ്പോൾ മാൻ ഫ്രണ്ട് അല്ലേ ?" വനജ ചിരിച്ചു. മതിലിനു മുകളിൽ നിന്ന് തല വലിച്ച് മറഞ്ഞു.

ഫ്രണ്ട് എന്നു മാത്രം പോരെ ? ആണായാലെന്താ പെണ്ണായാലെന്താ ? അതും ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ച രണ്ടു പേരുടെ സൗഹൃദത്തെപ്പറ്റി. പക്ഷേ എത്ര പുരോഗമിച്ചിട്ടും നമ്മുടെ നാട്ടിലെ സ്ഥിതി ഇതു തന്നെ. ആണും പെണ്ണുമായാൽ അവരെ രണ്ട്  വ്യക്തികളായി മാത്രം കാണാൻ സമൂഹത്തിനു കഴിയുന്നില്ല. ഫ്രണ്ട് അല്ലെങ്കിൽ സുഹൃത്ത് എന്ന് മാത്രം പറഞ്ഞുകൂടെ ?

ഞങ്ങളുടെ കുട്ടിക്കാലത്ത് ഒരു ആൺ പെൺ സൗഹൃദം സമൂഹം അംഗീകരിച്ചിരുന്നില്ല. ഒന്നുകിൽ അകൽച്ച അല്ലെങ്കിൽ പ്രേമം -ഇതിനിടയിൽ ഒരു വെറും സൗഹൃദം അന്നത്ര സാധാരണമായിരുന്നില്ല. എന്നാൽ ആണും പെണ്ണും ഒരുമിച്ചു പഠിച്ചിരുന്ന (മിക്സഡ് ) വിദ്യാലയങ്ങളിൽ തമ്മിൽ മിണ്ടുന്നതിന് വലിയ നിയന്ത്രണം ഉണ്ടായിരുന്നില്ല. പക്ഷേ മിണ്ടി മിണ്ടി ഒടുവിൽ അത് പിന്നെ പ്രണയമാകുന്നതും വിവാഹത്തിലോ നിരാശയിലോ കലാശിക്കുന്നതും പതിവായിരുന്നു. 

ഇന്നും വലിയ വ്യത്യാസമൊന്നുമില്ലെന്നാണ് ചെറുപ്പക്കാരിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. സ്കൂൾതലത്തിൽ പോലും ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിൽ കൂടുതൽ കൂട്ടായാൽ സഹപാഠികൾ കളിയാക്കി തുടങ്ങും. ഈ പരിഹാസത്തെ എതിർക്കാനോ അതിജീവിക്കാനോ എല്ലാവർക്കും കഴിയില്ല.  കളിയാക്കൽ പേടിച്ച് സൗഹൃദം ഒഴിവാക്കുന്നവർ ചുരുക്കമല്ല. 

"ഞാനും അവനും (അല്ലെങ്കിൽ അവളും) നല്ല കൂട്ടുകാരാണ്.ഇതിൽ ഒളിക്കാൻ ഒന്നുമില്ല. പാഠങ്ങളും സിനിമകളും സാഹിത്യവും ഒക്കെ ഞങ്ങളുടെ ചർച്ചയ്ക്കു വിഷയമാകാറുണ്ട്. പരസ്പരം സഹായിക്കാറുണ്ട്‌. വീടുകൾ സന്ദർശിക്കാറുണ്ട്. ഞങ്ങളുടെ മാതാപിതാക്കളും പരിചയക്കാരാണ്. ഇതല്ലേ ഒരു നല്ല സൗഹൃദം ? അതിനു ആൺ പെൺ വിവേചനം എന്തിന് ?" എന്ന് തുറന്നടിച്ചു പറയാൻ തന്റേടമുള്ള പെൺകുട്ടികളും ആൺകുട്ടികളുമുണ്ട്. അതേപോലെ ചിന്തിക്കുന്ന വിശാലമനസ്കരായ കൂട്ടുകാർ അവരെ സപ്പോർട്ട് ചെയ്യാറുമുണ്ട്.

സൗഹൃദത്തിലൊരു ലിംഗവിവേചനം ആവശ്യമില്ല എന്ന് വിശ്വസിക്കുന്ന ചെറുപ്പക്കാർ മാത്രമല്ല മുതിർന്നവരും ഇന്നുണ്ട്. ചില പഴയ വിശ്വാസങ്ങളിലും വ്യക്തിപരമായ മനോഭാവങ്ങളിലും ഉറച്ചുനിന്നു കൊണ്ട് ആൺ പെൺ സൗഹൃദങ്ങൾ തെറ്റാണെന്നും അവിഹിതമാണെന്നും വാദിക്കുന്നവർ ഇന്നും കുറവല്ല. അതിനു പല കാരണങ്ങൾ ഉണ്ട്.  ഈയിടെ നടക്കുന്ന കൊലപാതകങ്ങളും ആസിഡ് ആക്രമണങ്ങളും തന്നെയെടുക്കാം. സൗഹൃദങ്ങൾ വഴിതെറ്റുന്നതു കൊണ്ടാണ് ഇത്തരം അനിഷ്ടസംഭവങ്ങൾ ഉണ്ടാകുന്നത്. എതിർ ലിംഗത്തിന്റെ ആകർഷണം ചിലപ്പോൾ സൗഹൃദം പ്രണയമാകാനും ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാനും ഇടയാക്കാറുണ്ട്. 

ഇതിനെല്ലാമുപരി ഒരു അധ്യാപിക, അമ്മ, അമ്മൂമ്മ എന്നീ നിലകളിൽ നിന്നുകൊണ്ട് ആൺപെൺ സൗഹൃദങ്ങളെ കൂലങ്കഷമായി നോക്കിക്കാണുമ്പോൾ  എനിക്ക് പറയാനുള്ളത് ഇതാണ്.

ആൺകുട്ടികളും പെൺകുട്ടികളും - സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള സൗഹൃദം തികച്ചും സാധാരണവും സ്വാഭാവികവും സ്വാസ്ഥ്യപൂർണവുമാണ്. എപ്പോഴാണ് ആത്മാർഥമായ ഒരു സൗഹൃദം പ്രണയമായി പരിണമിക്കാൻ ചെറുപ്പക്കാർ ഗൗരവത്തോടെ തീരുമാനിക്കുക എന്ന് നമുക്ക് പറയാനാവില്ല. പക്ഷേ സ്കൂളും കോളജുമൊന്നും അതിന്റെ വേദികളല്ല. പാഠശാലകളിൽ വർഷങ്ങളാണ് നമ്മൾ ചെലവഴിക്കുന്നത്. അതിനിടയിൽ പഠിക്കാനും കളിക്കാനും കൂട്ടുകൂടാനും മറ്റുള്ളവരെ മനസ്സിലാക്കാനും നമുക്ക് അവസരം ലഭിക്കുന്നു. ആ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. പ്രായവും പാകതയും എത്തും മുൻപേ പ്രേമബന്ധങ്ങളിൽ കുടുങ്ങുന്നത് ആൺകുട്ടികൾക്കോ പെൺകുട്ടികൾക്കോ സുരക്ഷിതമല്ല. മതിഭ്രമവും വികാരവിചാരങ്ങളും സാധാരണവും സഹജവുമാണ്. എങ്കിലും അതിലെല്ലാം അപക്വമായും അധികമായും വ്യാപരിക്കുന്നത് നാശത്തിലേക്കു നയിക്കും. 

kadhayillaimakal-column-by-devi-j-s-on-male-and-female-relationships-life
Representative Image. Photo Credit : KieferPix / Shutterstock.com

വികാര വിചാരങ്ങളെ നിയന്ത്രിക്കാൻ ചെറുപ്പത്തിലേ ശീലിക്കേണ്ടതുണ്ട് എന്താണ് ചെയ്യേണ്ടത്, എപ്പോഴാണ് എന്നറിയുന്നതും ശരിയായ സമയത്ത് ശരിയായ കാര്യങ്ങൾ ചെയ്യുന്നതുമാണ് പരിപൂർണ പക്വത. അതുപോലെതന്നെ ലൈംഗികത വളരെ ആരോഗ്യകരവും സ്വാഭാവികവുമായ അഭിവാഞ്ഛയാണ്. സ്കൂൾ കാലത്ത് ലൈംഗികചിന്തകൾ വളരെ നേരത്തേയുള്ളതും അനവസരത്തിലുള്ളതും ദോഷകരവുമാണ്. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. പ്രായപൂർത്തിയാകാത്ത സുഹൃത്തുക്കളിൽ നിന്നല്ല, പ്രായമുള്ളവരായ അച്ഛനമ്മമാർ, ഗുരുക്കന്മാർ എന്നിവരോടാണ് കുട്ടികൾ ഈ വിഷയങ്ങളിൽ അവരുടെ സംശയനിവാരണം തേടേണ്ടത്. ജീവിതം വിലപ്പെട്ടതാണ്. അത് നഷ്ടപ്പെടാതിരിക്കാൻ അതീവ ശ്രദ്ധ വേണം.

Content Summary : Kadhayillaimakal column by Devi J.S on male and female relationships

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS