ഋതുമതിയായ്‌...

menstrual-cycle
SHARE

കൗമാരക്കാരായ ഒരുപാട് കൂട്ടുകാരുണ്ടെനിക്ക്. ആണും പെണ്ണും. പെൺകുട്ടികളാണ് കൂടുതൽ. മിലിയുടെ കൂട്ടുകാരാണ്  അതിലധികവും. അവർ എന്നോട് വളരെ അടുപ്പം പുലർത്തുകയും മിലി പറഞ്ഞ് അവരുടെ എല്ലാ വിശേഷങ്ങളും അറിയുകയും ചെയ്യുന്നതു കൊണ്ട് ഞാനവരെ ശ്രദ്ധയോടെ നിരീക്ഷിക്കാറുണ്ട്. കൗമാരത്തിലേയ്ക്കു കടക്കുന്ന പെൺകുട്ടികളെ ഏറ്റവുമധികം അത്ഭുതപ്പെടുത്തുകയും ഉത്കണ്ഠാകുലരാക്കുകയും സന്തോഷിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത് ഋതുമതിയാകുക എന്ന പ്രക്രിയയും, അതിനു മുൻപ് അതിനെക്കുറിച്ചുള്ള ചിന്തകളുമാണ് എന്ന് ഞാൻ മനസ്സിലാക്കി. ഞാനുമൊരിക്കൽ ഒരു പെൺകുട്ടി ആയിരുന്നല്ലോ.

ഞങ്ങളുടെ തലമുറയിൽ 12 -16 വരെയായിരുന്നു പെൺകുട്ടികൾ വയസ്സറിയിക്കുന്ന (ആ നാട്ടിൽ അങ്ങനെയാണ് ഭാഷ്യം) പ്രായം. ഇപ്പോഴത് താരതമ്യേന വളരെ നേരത്തെയാണ്. ഒൻപത്, പത്ത് വയസ്സ് മുതൽ പ്രതീക്ഷിക്കാം. മാറി വരുന്ന ജീവിതരീതിയോ, കാലാവസ്ഥയോ, ജനിതകമാറ്റങ്ങളോ, എന്താണതിനു കാരണം എന്നത് ഉറപ്പിച്ചു പറയാനാവില്ല. കൊച്ചു കുട്ടികളായതു കൊണ്ട് അമ്മമാരോ അമ്മൂമ്മമാരോ അധ്യാപികമാരോ അവർക്ക് ചെറിയ സൂചനകൾ നൽകും. ഉടൽ പെട്ടെന്നൊരു ദിവസം ചുവപ്പു കൊടി കാണിക്കുമ്പോൾ അവർ പരിഭ്രമിക്കരുതല്ലോ.

‘‘പേടിക്കാനൊന്നുമില്ല. പെൺകുട്ടികൾ വലുതാകുമ്പോൾ അവർക്ക് മാസമുറ അല്ലെങ്കിൽ പീരിയഡ്‌സ് വരും. വലിയ കുട്ടിയായി എന്നതിന്റെ ലക്ഷണമാണത്.’’ എനിക്ക് പന്ത്രണ്ടു വയസ്സുള്ളപ്പോൾ എന്റെ അമ്മ പറഞ്ഞു തന്നു. പിന്നെ അതെന്താണെന്നും എങ്ങനെയാണെന്നും അത് കൈകാര്യം ചെയ്യേണ്ട വിധവും അമ്മ വിശദമാക്കി. അധികം വൈകാതെ സ്കൂളിലെ ഒരു ലഞ്ച് ബ്രേക്കിന് എനിക്ക് വല്ലാത്ത ഒരസ്വസ്ഥത തോന്നി. വയറിനകത്ത് ചെറിയൊരു വേദനയും. ആരോടും ഒന്നും പറഞ്ഞില്ല. ഉച്ച ഭക്ഷണം കഴിച്ച്,  മൂന്നരയ്ക്ക് സ്കൂൾ വിടുന്നത് വരെ വയറു വേദന സഹിച്ചിരുന്നു. വീട്ടിലെത്തി കുളിക്കാൻ തുടങ്ങുമ്പോൾ അടിവസ്ത്രങ്ങളിൽ കണ്ട നിറങ്ങൾ എന്നെ പേടിപ്പിച്ചില്ല എന്ന് പറയാനാവില്ല. അച്ഛൻപെങ്ങൾ അന്ന് വീട്ടിലുണ്ട്. പെറ്റിക്കോട്ട്  അവരെ കാണിച്ച് ഞാൻ ചോദിച്ചു.

‘‘ഇതെന്താണ്. ഇത് അമ്മ പറഞ്ഞ ആ കാര്യം തന്നെയാണോ ?’’

ഞാൻ കുളിച്ച് വേഷം മാറിയിരുന്നു. അപ്പോഴേയ്‌ക്ക്‌ അമ്മയുമെത്തി. വിവരമറിഞ്ഞപ്പോൾ ‘നീ വീഴുകയോ മറ്റോ ഉണ്ടായോ?’ എന്നാണ് അമ്മ ആദ്യം ചോദിച്ചത്. സ്കൂളിൽ കൂട്ടുകാരുമൊത്ത് ഗെയിംസ് പീരിയഡിൽ ഓടിച്ചാടി കളിച്ചുവീഴുക, കാൽമുട്ടും കൈമുട്ടുമൊക്കെ മുറിയുക, ഇതൊക്കെ എനിക്ക് ഒരു പതിവായിരുന്നു .

അപ്പോൾ മാറിയ ഉടുപ്പുകൾ അമ്മ പരിശോധിച്ച് പുഞ്ചിരി തൂകി. ‘ഇത് അത് തന്നെ’. അച്ഛൻപെങ്ങളും രംഗത്തെത്തി. നല്ലെണ്ണയിൽ പച്ചമുട്ട അടിച്ചു പതപ്പിച്ച് കുടിപ്പിക്കുക എന്നൊരു ചടങ്ങ് അന്ന് ഞങ്ങളുടെ നാട്ടിൽ ഉണ്ട്. അതുകൂടിക്കില്ല എന്ന് ഞാൻ ശാഠ്യവും. ഒടുവിൽ ഒരു ഓംലെറ്റ് ഉണ്ടാക്കി തന്ന് അച്ഛൻപെങ്ങൾ പ്രശ്നം പരിഹരിച്ചു. നാലു ദിവസം സ്കൂളിൽ  പോയില്ല. ‘തിരണ്ടു കല്യാണം’ എന്ന് കുറെ ചടങ്ങുകൾ അന്നുണ്ട്. പഖഅഷഏ എന്റെ വീട്ടിൽ അതൊക്കെ പണ്ടേ നിറുത്തിയതാണ്. ഞാൻ രക്ഷപ്പെട്ടു. പക്ഷേ മധുരപലഹാരങ്ങളുമായി അടുത്ത ബന്ധുക്കളായ സ്ത്രീജനങ്ങൾ കാണാൻ വരികയും എനിക്ക് സ്വർണവും തുണിയുമൊക്കെ സമ്മാനമായി തരികയും ചെയ്തത് എനിക്ക് ഇഷ്ടമായി. ഇപ്പോഴും ആ ചടങ്ങുകൾ നടത്തുന്നവരുണ്ട് .

അന്ന് സാനിറ്ററി നാപ്കിൻസ് ഒന്നുമില്ല. ഉണ്ടാവാം. പക്ഷേ സർവ്വസാധാരണമല്ല. വെളുത്തു നേർത്ത ഡബിൾ മുണ്ടിന്റെ കഷണങ്ങളാണ് വീട്ടിലെ സ്ത്രീകൾ എല്ലാം ഉപയോഗിച്ചിരുന്നത്. അത് മടക്കി മടക്കി ഒരു സാനിറ്ററി പാഡ് ആക്കുന്നത് ഒരു കല തന്നെയാണ്. അതിനെപ്പറ്റിയുള്ള ക്ലാസുകൾ എനിക്കും കിട്ടി. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് സാനിറ്ററി നാപ്‌കിൻസ്‌ ഒരു അവശ്യ സാധനമായി കടകളിലെത്തിയത്.

ഒരു അധ്യാപികയായിരുന്ന കാലത്ത് സ്കൂളിൽ ഹയർ ക്ലാസ്സുകളിൽ ബയോളജിയിൽ യൗവ്വനാരംഭത്തെക്കുറിച്ച് (പ്യുബർട്ടി) പഠിപ്പിക്കേണ്ടതുണ്ടായിരുന്നു. ആൺകുട്ടികളുടെ മുഖത്തെ അമ്പരപ്പ് ഞാനിന്നും ഓർക്കുന്നുണ്ട്. അവരിൽ പലരും പീരിയഡ്‌സ് എന്ന് കേട്ടിട്ട് പോലുമില്ല. വീട്ടിൽ അമ്മയും സഹോദരിയുമൊക്കെയുണ്ടെങ്കിലും ഇതൊക്കെ അതീവ രഹസ്യങ്ങളായിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ഒരു സൂചന പോലും അവർക്കു ലഭിച്ചിരുന്നില്ല. (1985 ലെ കാര്യമാണ്. ഇപ്പോൾ അങ്ങനെയാവണമെന്നില്ല). അതേ സമയം പെൺകുട്ടികൾ വളരെ കൂൾ ആയിട്ടാണ് ക്ലാസ്സിലിരുന്നത്. അവർക്കു അറിയാവുന്ന കാര്യമല്ലേ? അക്കൂട്ടത്തിൽ പലരും ഋതുമതിയായിക്കഴിഞ്ഞവരുമാണ്. ആൺകുട്ടികൾക്ക് ശബ്ദം പരുക്കാനാവുകയും മുഖത്ത് രോമം വളരുകയും ചെയ്യുന്നത് പോലെ തികച്ചും സ്വാഭാവികമായ ഒരു കാര്യമാണിത് എന്നേ അവർക്കു തോന്നിയിട്ടുണ്ടാവൂ.

എന്റെ മകൾക്കും പേരക്കുട്ടിക്കുമൊക്കെ ഒരമ്മ എന്ന നിലയിലും ടീച്ചർ എന്ന നിലയിലും പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഞാൻ വേണ്ട സമയത്തു പറഞ്ഞു കൊടുത്തിരുന്നു. അതുകൊണ്ടാവാം പ്രകൃത്യാ ഉള്ള ഒരു കാര്യമായേ അവർ അതിനെ കണ്ടുള്ളു.

എന്റെ കൗമാരക്കാരായ കൂട്ടുകാർ ഇക്കാര്യത്തിൽ ഒരു ത്രില്ല് അനുഭവിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. ന്യൂ ജനറേഷൻ അല്ലേ ? കൂട്ടത്തിലൊരാൾക്ക് ആദ്യമായി പീരിയഡ്‌സ് കിട്ടിയാൽ അവൾ അത് ഒളിച്ചു വയ്ക്കുകയൊന്നുമില്ല. അപ്പോൾ തന്നെ കൂട്ടുകാരികളെ ഫോൺ ചെയ്തറിയിക്കും. സ്കൂളിലെത്തിയാൽ അവൾ സ്തോഭജനകമായി അനുഭവങ്ങൾ വിവരിക്കും. ഏതായാലും വളരെ പോസിറ്റിവായാണ് അവർ ആ മാറ്റത്തെ സ്വാഗതം ചെയ്യുന്നത്. പീരിയഡ്‌സ് കിട്ടിയവരെ അഭിനന്ദിച്ചു. കൂട്ടത്തിൽ ചിലർക്ക് പീരിയഡ്‌സ് വരാൻ വൈകിയപ്പോൾ അവർ ഉത്ക്കണ്ഠാകുലരാവുകയും ചെയ്തു.  

ഒരിക്കൽ ഒരമ്മ എന്നോട് പറയുകയുണ്ടായി. അവർ ഒരു ടീച്ചറും കൂടിയാണ്. ‘‘എന്റെ ദേവിചേച്ചീ പീരിയഡ്‌സ് വരാഞ്ഞിട്ട്  ഓരോരുത്തർക്ക് ഇരിക്കപ്പൊറുതിയില്ല. എന്തോ നല്ല കാര്യമാണെന്നാണ് വിചാരം. വന്നു കഴിയുമ്പോൾ കാണാം, ഓരോ മാസത്തേയും കഷ്ടപ്പാട്.’’ അവരുടെ മകളെയും കൂടി ചേർത്താണ് അവർ മറ്റു കുട്ടികളെപ്പറ്റി പറഞ്ഞത്.

‘‘വരുമ്പോളറിയാം കഷ്ടപ്പാട് എന്നൊന്നും അവരോടു പറയണ്ടാ. വലിയ കാര്യം എന്ന് തന്നെ അവർ വിചാരിച്ചോട്ടെ.’’ ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു.

ചില പെൺകുട്ടികൾ ദുരിതപൂർണമാണ് ആ ദിനങ്ങൾ എന്ന് പരാതിപ്പെട്ടു. ഇത് ഒരു നാച്ചുറൽ പ്രോസസ്സ് ആണ്. വേദന വരേണ്ട കാര്യമില്ല. പക്ഷേ ചില പെൺകുട്ടികൾക്ക് തലവേദനയും വയറുവേദനയും കാലുകഴപ്പും ഒക്കെ അനുഭവപ്പെടാറുണ്ട്. ആ കുട്ടികളോട് ഞാൻ പറഞ്ഞു. സത്യത്തിൽ പീരിയഡ്സ്  ഒരു അനുഗ്രഹമാണ്. ഈശ്വരൻ പെണ്ണിന് നൽകിയ വരം. അടുത്ത തലമുറയെ സൃഷ്ടിക്കാനുള്ള ശ്രേഷ്ഠമായ കർമ്മത്തിന് അവൾ യോഗ്യയായിരിക്കുന്നു എന്നർഥം.

ഇപ്പോഴത്തെ പെൺകുട്ടികൾ വളരെ ബോൾഡ് ആണ്. എന്ത് സംശയവും തുറന്നു ചോദിക്കാൻ അവർക്ക് മടിയില്ല. ആർത്തവത്തെക്കുറിച്ചു മാത്രമല്ല, പ്രണയത്തെക്കുറിച്ച്‌, സെക്സിനെക്കുറിച്ച്, ഗർഭത്തെയും പ്രസവത്തെയും കുറിച്ച് ഒക്കെ അവർ വായിച്ചും തുറന്നു പെരുമാറുന്ന മുതിർന്നവരോട് ചോദിച്ചും സംശയ നിവൃത്തി വരുത്തും. 13 +എന്ന് പറഞ്ഞാൽ ഇതൊക്കെ മനസ്സിലാക്കാനുള്ള പ്രായമായി എന്നാണവർ കരുതുന്നത് പലപ്പോഴും അറിവില്ലായ്മയാണല്ലോ അബദ്ധങ്ങളിലേയ്ക്ക്  നയിക്കുന്നത്.  

Content Summary: Kadhayillaimakal column by Devi JS on menstrual cycle

                                                                              .               

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS