കിസാൻ ക്രെഡിറ്റ് കാർഡ്‌: കൃഷിക്കാർക്ക് ഈടില്ലാതെ ഈസിയായി വായ്പ

HIGHLIGHTS
  • 1.60 ലക്ഷം രൂപവരെ ഈടില്ലാതെ വായ്പ, 4 % പലിശയ്ക്ക്
Kisan Credit Card
SHARE

കൃഷിക്കാർക്ക് ബാങ്കിൽ നിന്ന് ഇപ്പോൾ ഈസിയായി ബാങ്ക് വായ്പ കിട്ടും. 1.60 ലക്ഷം രൂപ വരെ, ഈടില്ലാതെ, വളരെ കുറഞ്ഞ പലിശയ്ക്ക്. നടപടിക്രമങ്ങളും സങ്കീർണമല്ല. ഇതാണ് കിസാൻ ക്രെഡിറ്റ് കാർഡിന്റെ(കെസിസി) മാജിക്. കാർഷിക മേഖലയ്ക്ക് ഊർജം പകരാൻ ലക്ഷ്യമിട്ടുള്ള പദ്ധതി, കോവിഡ് മൂലം പണഞെരുക്കം അനുഭവിക്കുന്ന കർഷക സമൂഹത്തിന് താങ്ങാകാനും ലക്ഷ്യമിടുന്നു.

കാർഷിക സ്വർണപ്പണയ വായ്പ പോയി, പകരം കെസിസി

കർഷകർക്ക് കേന്ദ്ര സർക്കാർ സബ്സിഡിയും ചേർത്ത് 4 ശതമാനം പലിശയ്ക്ക് വായ്പ നൽകിയിരുന്ന പദ്ധതിയായിരുന്നു കാർഷിക സ്വർണപ്പണയ വായ്പ. ഇതു ദുരുപയോഗം ചെയ്യപ്പെടുന്നെന്ന പരാതി വ്യാപക മായതോടെയാണ് കൂടുതൽ ആകർഷകമായി എന്നാൽ കൃഷിക്കാർക്കു മാത്രം ലഭ്യമാകുന്ന രീതിയിൽ കെസിസി അവതരിപ്പിച്ചിരിക്കുന്നത്. കൃഷി സ്ഥലമുള്ളവർക്കും ക്ഷീരകർഷകർക്കും ഉൾനാടൻ മൽസ്യബന്ധന മേഖലയിലുമാണ് കെസിസി ലഭ്യമാകുക.

വായ്പാ പരിധി

1.60 ലക്ഷം രൂപവരെ ഈടൊന്നുമില്ലാതെ വായ്പ ലഭിക്കും(വിളയാണ് റിസർവ് ബാങ്ക് ഇതിന് ഈടായി കണക്കാക്കുന്നത്). വിള അടിസ്ഥാനത്തിലും കൃഷി ഭൂമിയുടെ അളവിന്റെ അടിസ്ഥാനത്തിലുമാണ് വായ്പ പരിധി നിർണയിക്കുക. നിലവിൽ കേരളത്തിൽ ഏക്കറിന് ഒരു ലക്ഷം എന്ന തോതിലാണ് ബാങ്കുകൾ വായ്പ നൽകുന്നത്. അതായത് ഒന്നര ഏക്കറിനു മേൽ ഭൂമിയുണ്ടെങ്കിൽ 1.60 ലക്ഷം രൂപ വായ്പയ്ക്ക് അർഹത. ക്ഷീരകർഷകർക്കും മൽസ്യ മേഖലയിലും ഔദ്യോഗിക സാക്ഷ്യപത്രം വേണം. 1.60 ലക്ഷം രൂപയ്ക്കു മുകളിലുള്ള വായ്പയ്ക്ക് ഈട് നൽകണം. കൃഷി ഭൂമി, സ്വർണം, ഇൻഷുറൻസ് പോലുള്ള അംഗീകൃത നിക്ഷേപ സർട്ടിഫിക്കറ്റുകളും ഈടായി സ്വീകരിക്കും. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉയർന്ന തുക വായ്പ ലഭിക്കും.

4% പലിശ!

യഥാർഥ പലിശ 9%(സാധാരണ കാർഷിക വായ്പയുടെ നിരക്ക്). എന്നാൽ 2% താങ്ങുപലിശ എല്ലാ കെസിസി വായ്പകൾക്കും ലഭ്യമാക്കുന്നതിനാൽ പലിശ നിരക്ക് 7 ശതമാനത്തിലേയ്ക്കു താഴുന്നു. ഒരു വർഷത്തിനകം കൃത്യമായി പലിശയടച്ച് പുതുക്കുന്നവർക്ക് 3% പലിശയിളവുകൂടി ലഭ്യമാക്കിയിരിക്കുന്നതോടെ ഫലത്തിൽ പലിശ നിരക്ക് 4%ആയി കുറയുന്നു. 3ലക്ഷം രൂപ വരെയുള്ള വായ്പയ്ക്കാണ് 4% പലിശ. അതിനു മുകളിൽ സാധാരണ ബാങ്ക് പലിശ തന്നെയാണ് ബാധകമാകുക.

പിഴപ്പലിശ

കൃത്യമായ തിരിച്ചടവിനു മാത്രമാണ് പലിശ ആനുകൂല്യം. തിരിച്ചടവ് മുടങ്ങിയാൽ ആനുകൂല്യം നഷ്ടമാകുമെന്നു മാത്രമല്ല, പിഴപ്പലിശയും നൽകേണ്ടി വരും. കെസിസിയിൽ കൂട്ടുപലിശ ഇല്ലെങ്കിലും തിരിച്ചടവ് മുടങ്ങുന്നതോടെ കൂട്ടുപലിശയിലേയ്ക്കു മാറും.

ഓവർ ഡ്രാഫ്റ്റ്

കൃഷി ചെയ്ത് വിളവെടുത്ത് തിരിച്ചടയ്ക്കുന്ന സങ്കൽപത്തിൽ റിവോൾവിങ് ക്രെഡിറ്റ് അല്ലെങ്കിൽ ഓവർ ഡ്രാഫ്റ്റായാണ് കെസിസി പ്രവർത്തിക്കുക. രേഖകൾ നൽകി വായ്പ അനുവദിക്കപ്പെട്ടു കഴിഞ്ഞാൽ ആവശ്യത്തിനനുസരിച്ച് പിൻവലിച്ചാൽ മതി. പിൻവലിക്കുന്ന തുകയ്ക്കേ പലിശ വരൂ. ഇടയ്ക്കു പണം കയ്യിൽ വന്നാൽ തിരിച്ചടയ്ക്കുകയുമാകാം. അഞ്ചു വർഷ കാലാവധിയിലേയ്ക്കാണ് കെസിസി ഡോക്യുമെന്റേഷൻ. പലിശ അടച്ച് പുതുക്കി മറ്റു നൂലാമാലകളില്ലാതെ അഞ്ചു വർഷം വായ്പ പ്രയോജനപ്പെടുത്താം.

ആവശ്യമായ രേഖകൾ

1.60ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് കൃഷിഭൂമിയുടെ കരം കെട്ടിയ രസീതിന്റെ പകർപ്പ്,  ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖയുടെ പകർപ്പ്, ഫോട്ടോ എന്നിവ നൽകിയാൽ മതിയാകും.1.60 ലക്ഷം രൂപയ്ക്കു മുകളിലേയ്ക്ക് സ്വർണം, ഭൂമിയുടെ രേഖ, ഈടായി സ്വീകരിക്കുന്ന മറ്റു നിക്ഷേപങ്ങളുടെ രേഖകൾ എന്നിവകൂടി നൽകണം.

ഏതൊക്കെ ബാങ്കിൽ

പൊതുമേഖല ബാങ്ക്, ഷെഡ്യൂൾഡ് ബാങ്ക്, സ്വകാര്യ ബാങ്ക്, അർബൻ ബാങ്ക്, സഹകരണ ബാങ്ക്, സഹകരണ സൊസൈറ്റി എന്നിവയിൽനിന്നൊക്കെ കെസിസി വായ്പ ലഭിക്കും.

പ്രോസസിങ് ചാർജ്

പ്രോസസിങ് ചാർജ്, ലീഗൽ ചാർജ് തുടങ്ങി ബാങ്കുകൾ നിശ്ചയിക്കുന്ന ഫീസുകൾ ബാധകമാണ്.

English Summary : Kisan Credit Card Featuers And Benefits

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA