പിണറായി വിജയനും മാധ്യമങ്ങളും

HIGHLIGHTS
  • തുടർഭരണം ഒരു ഭരണാധികാരിയെ കൂടുതൽ ഏകാധിപതി ആക്കുമോ എന്ന ആശങ്കയുണ്ട്
  • മുഖ്യമന്ത്രിയുടെ മീഡിയ റൂമിൽ എട്ടുകാലി വല നെയ്യുകയാണ്
Pinarayi Vijayan
Pinarayi Vijayan addresses a press meet after the election results on Sunday.
SHARE

തിരഞ്ഞെടുപ്പു ഫലം വന്നതിനു ശേഷം പിണറായി വിജയന്റെ ആദ്യത്തെ പത്രസമ്മേളനം നടക്കുകയാണ്. സത്യപ്രതിജ്ഞ എന്നാണെന്ന് പത്രലേഖകരുടെ ചോദ്യം. തീരുമാനിച്ചിട്ടില്ലെന്ന് മറുപടി. മന്ത്രിസഭയിൽ എത്ര മന്ത്രിമാർ ഉണ്ടാവും എന്ന് അടുത്ത ചോദ്യം. പറയാറായിട്ടില്ല എന്ന് മറുമൊഴി. പഴയ മന്ത്രിമാരിൽ ആരൊക്കെ ഉണ്ടാവുമെന്ന് വീണ്ടും ചോദ്യം. അതും തീരുമാനമായിട്ടില്ല എന്ന് നിയുക്ത മുഖ്യമന്ത്രി.

മന്ത്രിസഭയെ സംബന്ധിച്ച് ഒരു വഴിക്കും വാർത്തയ്ക്ക് ഒരു ലീഡ് കിട്ടാതെ വിഷമിച്ച പത്രലേ‍ഖകർ അവസാനത്തെ ചോദ്യം എറിഞ്ഞു: ‘ഘടക കക്ഷികൾക്കെല്ലാവർക്കും മന്ത്രിസ്ഥാനം ഉണ്ടാകുമോ ‘അതും പറയാറായിട്ടില്ല’ എന്നു പറഞ്ഞു നിയുക്ത മുഖ്യമന്ത്രി എല്ലാ പഴുതും അടച്ചു. ഒടുവിൽ മാധ്യമ പ്രവർത്തകരെ ഒന്ന് ഇരുത്തി നോക്കി ഊറിച്ചിരിച്ച് മുഖ്യമന്ത്രി പറഞ്ഞു: ‘നിങ്ങൾക്ക് മന്ത്രിസഭ ഉണ്ടാക്കാനുള്ള സമയമാണിത്, നിങ്ങൾ വെറുതെയിരിക്കില്ലല്ലോ? ഇഷ്ടമുള്ളതൊക്കെ എഴുതാം’

അതൊരു വെല്ലുവിളിയായി സ്വീകരിച്ച് മാധ്യമ പ്രവർത്തകർ എഴുതി. കിട്ടിയ സൂചനകൾ വച്ച് അവർ എഴുതിക്കൊണ്ടിരുന്നു. ശൈലജ ടീച്ചർ ഒഴിച്ച് സിപിഎമ്മിൽനിന്ന് പുതിയ മന്ത്രിമാർ ഇല്ല. സിപിഐയിൽ മന്ത്രിമാർ എല്ലാവരും മാറും. 4 ഘടക കക്ഷികൾ മന്ത്രിസ്ഥാനം പങ്കിടും. എല്ലാ മന്ത്രിമാരുടെയും സാധ്യതാ ലിസ്റ്റും അവർ കൊടുത്തു.

Pinarayi Vijayan

.ഒരാഴ്ച കഴിഞ്ഞ് മാധ്യമപ്രവർത്തകർ വീണ്ടും പിണറായിയോടു ചോദിച്ചു: ‘മന്ത്രിമാരുടെ കാര്യം തീരുമാനമായോ?’ 

‘ഒന്നും ആയില്ല’ എന്ന് പിണറായി. ‘നിങ്ങൾ എഴുതുന്നുണ്ടല്ലോ. നമുക്ക് നോക്കാം’: കുസൃതിച്ചിരിയോടെ നിയുക്തൻ.

എഴുതിയത് വല്ലതും ശരിയായോ എന്ന് മാധ്യമ പ്രവർത്തകർ. ഒന്നും തീരുമാനിച്ചിട്ടില്ലെന്നും തീരുമാനിച്ചു കഴിഞ്ഞാൽ നിങ്ങളെ അറിയിക്കുമെന്നും മുഖ്യമന്ത്രി. ‘അപ്പോൾ നമുക്ക് ഒത്തു നോക്കാം ഏതൊക്കെ ശരിയായി എന്ന്. തെറ്റിയാൽ നിങ്ങൾ മിണ്ടില്ല. ശരിയായാൽ ശരിയായത് മാത്രം പറയും’. അങ്ങനെ ഒരു കുത്തും കുത്തി പിണറായി എഴുന്നേറ്റു പോയി.

ഒടുവിൽ മന്ത്രിമാരുടെ പട്ടിക വന്നു. മാധ്യമങ്ങൾ നിരത്തിയ പുതിയ മന്ത്രിമാരുടെ പട്ടിക ഏറെക്കുറെ ശരിയായിരുന്നു. എന്നാൽ സിപിഎം മന്ത്രിമാരിൽ എല്ലാവരും പ്രതീക്ഷിച്ച ശൈലജ ടീച്ചർ ഇല്ല. ‘അയ്യേ ഞാൻ നിങ്ങളെ പറ്റിച്ചേ’ എന്ന ഭാവത്തിൽ പിണറായി വിജയൻ. ഇത് പാർട്ടി വേറെയാണെന്നും തീരുമാനം വേറെ ആണെന്നുമുള്ള ധ്വനി. പക്ഷേ പ്രായോഗിക ബുദ്ധിക്കു നിരക്കാത്ത സ്കൂപ്പുകൾ ചോർന്നു കിട്ടിയാലും വാർത്തയാക്കാൻ മാധ്യമങ്ങൾക്ക് ധൈര്യം വരില്ല.

ആര് മന്ത്രിമാർ ആകണം ആര് ആവണ്ട എന്നൊക്കെ പാർട്ടിക്കും മുഖ്യമന്ത്രിക്കും തീരുമാനിക്കാം. അതിനുള്ള ജനവിധിയാണു ജനം നൽകിയത്. പക്ഷേ, ഒരു ഏകാധിപതിയുടെ ഗർവോടെ ഇതൊക്കെ മാധ്യമങ്ങളിൽനിന്നു മറച്ചുവച്ച് അതീവരഹസ്യമാക്കി അതിൽ അഭിരമിച്ചതു കൊണ്ട് എന്താണ് നേടുന്നത്? 5 വർഷം തന്നെയും സർക്കാരിനെയും നിരന്തരം വേട്ടയാടുകയായിരുന്നു മാധ്യമങ്ങൾ എന്നും അതുകൊണ്ട് അവരെ അകറ്റി നിർത്തുകയാണെന്നും പിണറായിക്ക് പറയാം.

അതേസമയം, ഫോർത്ത് എസ്റ്റേറ്റ് വെറും സ്തുതിപാഠകരല്ല എന്നും അദ്ദേഹം ഓർക്കണം. അവർ എന്നും സർക്കാരിന്റെ വിമർശകരാണ്. അവരുടെ വിമർശനത്തിന് മാറി മാറി വന്ന എല്ലാ ഭരണകൂടങ്ങളും വിധേയരായിട്ടുണ്ട്. ആ വിമർശനങ്ങൾ കൂടുതൽ അപകടങ്ങളിൽനിന്നു സർക്കാരിനെ രക്ഷിച്ചിട്ടുമുണ്ട്.

പ്രളയവും കോവിഡും പോലെയുള്ള പ്രതിസന്ധികളുടെ കാലത്ത് ഇതേ മാധ്യമങ്ങൾ സർക്കാരിനൊപ്പം നിന്നു എന്നതും മറന്നു കൂടാ.

കോവിഡ് സംബന്ധമായ വാർത്തകളൊന്നും മാധ്യമങ്ങൾക്ക് കിട്ടാതെ, എല്ലാ വാർത്തയും തന്റെ കൈപ്പിടിയിലൊതുക്കി, അവരെ ദിവസവും 6 മണി മുതൽ 7 മണി വരെ ക്യാമറയും തുറന്നു വച്ചു തന്റെ മുന്നിൽ പിടിച്ചിരുത്തുന്ന മിടുക്ക് സമ്മതിക്കുന്നു. അതും, ഒന്നുംരണ്ടും ദിവസമല്ല. ഒരു വർഷം തുടർച്ചയായി. ഒരേസമയം മാധ്യമങ്ങളെ വിമർശിക്കുകയും അതേസമയം മാധ്യമങ്ങളെ ഉപയോഗിച്ചു സ്വന്തം പ്രതിച്ഛായ നന്നാക്കുകയും ചെയ്യുന്ന മിടുക്കിനു പിന്നിൽ മാധ്യമ ഉപദേഷ്ടാക്കളുടെ ബുദ്ധിയും ഉണ്ടാവാം.

അപ്പോഴും വാർത്താ ഉറവിടങ്ങളെല്ലാം അടച്ചു വയ്ക്കണമെന്ന ചിന്തയ്ക്ക് ഏകാധിപതിയുടെ സ്വഭാവമുണ്ട്. മാധ്യമങ്ങളെ പൂർണമായി നിരാകരിക്കുന്ന മോദി ശൈലിയിലേക്കു പിണറായി വിജയൻ മാറുമെന്ന് കേരളത്തിലെ മാധ്യമപ്രവർത്തകർ കരുതുന്നില്ല. എന്നാൽ തുടർഭരണം ഒരു ഭരണാധികാരിയെ കൂടുതൽ ഏകാധിപതി ആക്കുമോ എന്ന ആശങ്കയുണ്ട്. ബംഗാളിലും ത്രിപുരയിലും കണ്ടതുപോലെ  ഏകാധിപത്യ സ്വഭാവം ക്രമേണ പാർട്ടി ലോക്കൽ കമ്മിറ്റി വരെ പ്രസരിക്കാം.

മന്ത്രിസഭാ രൂപീകരണം പോലെ സുപ്രധാന തീരുമാനങ്ങൾ ഉണ്ടാവുമ്പോൾ, ‘മിടുക്കുണ്ടെങ്കിൽ ചോർത്ത്’ എന്ന് ഒരു മുഖ്യമന്ത്രി വെല്ലുവിളിക്കാമോ? ശൈലജയെ മന്ത്രിസഭയിൽ നിലനിർത്തത്തണോ മുഖ്യമന്ത്രിയുടെ മരുമകനെയും പാർട്ടി സെക്രട്ടറിയുടെ ഭാര്യയെയും മന്ത്രിയാക്കണമോ എന്നതൊക്കെ പാർട്ടിക്കാര്യം. എന്നാൽ ഭരണകാര്യങ്ങളിൽ സുതാര്യതയില്ലാതെ എല്ലാം ഇരുമ്പുമറയ്ക്കുള്ളിൽ തീരുമാനിക്കും, നടത്തും എന്ന ധാർഷ്ട്യത്തിനു ഫാഷിസ്റ്റ് ശൈലിയാണ്. ഭരണവീഴ്ചകൾ മറയ്ക്കാൻ വാർത്തകൾ രഹസ്യമാക്കുമ്പോൾ എന്നെങ്കിലും അത് ഇരട്ടി പ്രഹരശക്തിയോടെ പുറത്തുവരും എന്നതാണ് ചരിത്രം പഠിപ്പിക്കുന്നത്. സാമൂഹിക മാധ്യമങ്ങളും സൈബർ പോരാളികളും വഴി അതിനെ എന്നും നേരിട്ടു കളയാം എന്ന അഹങ്കാരം ചിലപ്പോൾ തിരിച്ചടിച്ചേക്കാം.

മുഖ്യമന്ത്രിയുമായുള്ള ചർച്ചകളെക്കുറിച്ചു മിണ്ടാൻ ഘടക കക്ഷികൾക്കും ഉദ്യോഗസ്ഥർക്കും ഭയം. ഭയത്തിന്റെ അദൃശ്യ പടലം എല്ലാവരെയും ചൂഴ്ന്നു നിൽക്കുന്നു. നിർദോഷമായ വാർത്തകൾക്കു പോലും കൂച്ചുവിലങ്ങ്. തന്റെ ഭരണത്തിൻ കീഴിൽ തന്റെ ഓഫിസിൽ ഉറുമ്പനങ്ങുന്നതു പോലും പുറത്തറിയരുത് എന്ന് പിണറായി എന്തിനു വാശി പിടിക്കണം? താൻ പത്രസമ്മേളനം നടത്തി പറയുന്നതും പത്രക്കുറിപ്പിൽ പിറക്കുന്നതും മാത്രം പ്രസിദ്ധീകരിച്ചാൽ മതി എന്ന ഒരു ഭരണാധികാരിയുടെ നിലപാട് ഫാഷിസമല്ലേ?

pinarayi-vijayan-2-00

തിരഞ്ഞെടുപ്പിനു ശേഷം പിണറായിക്കും മാധ്യമപ്രവർത്തകർക്കും ഇടയിൽ കുറച്ച് മഞ്ഞ് ഉരുകിയിട്ടുണ്ട്. പത്രസമ്മേളനങ്ങളിൽ സംഘർഷം കുറഞ്ഞു. ജനാധിപത്യത്തിൽ വിധി പോലെ തന്നെ പ്രധാനമാണ് മാധ്യമ സ്വാതന്ത്ര്യവും. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്ന നോർത്ത് ബ്ലോക്കിന്റെ പ്രവേശനകവാടത്തിൽ ‘ഇവിടെ മാധ്യമപ്രവർത്തകർക്ക് പ്രവേശനം ഇല്ല’ എന്നൊരു അദൃശ്യ ബോർഡ് തൂങ്ങുന്നുണ്ട്. മുഖ്യമന്ത്രിയുടെ മീഡിയ റൂമിൽ എട്ടുകാലി വല നെയ്യുകയാണ്. ഇത്തരം മറയ്ക്കുള്ളിൽ ഭരണാധികാരി പോലും അറിയാതെ അഴിമതിക്കാരും സ്വാർ‍ഥമതികളുമായ ഉദ്യോഗസ്ഥർ വന്ന് ഭരണാധികാരികളെയും സംശയത്തിന്റെ നിഴലിലാക്കും. മാധ്യമങ്ങൾ അകത്തേക്കു വരുന്നത് തടഞ്ഞാലും വിവരാവകാശം വഴിയോ ഓഡിറ്റ് ജനറൽ ഓഫിസ് വഴിയോ, ഒളിച്ചു വയ്ക്കുന്നതൊക്കെ അതിശയോക്തി കലർന്നെങ്കിലും പുറത്തേക്ക് പൊട്ടിയൊലിക്കും. അതുകൊണ്ടു കുറേക്കൂടി സുതാര്യത, മുഖ്യമന്ത്രിയും മാധ്യമങ്ങളും തമ്മിലുള്ള സംഘർഷം കുറയ്ക്കും.

English Summary : Thalakuri Column : Chief Minister Pinarayi Viajayan and Media

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.