മഴക്കാല ഫ്രെയിമിൽ വിക്ടർ ജോർജ്

HIGHLIGHTS
  • നമ്മൾ വീണ്ടും ഒത്തു കൂടിയത് നിന്റെ മരണക്കിടക്കയ്ക്കരികിലാണ്
thalakuri-remembering-photograpger-victor-george-on-his-death-anniversary
വിക്ടർ ജോർജ്
SHARE

വിക്ടർ ജോർജ്ജ് എന്ന ഫൊട്ടോഗ്രാഫർ മഴയിൽ മറഞ്ഞിട്ട് ഇന്നു 20 വർഷം . 2001 ജൂലൈയിലെ ഒരു പെരുമഴക്കാലത്ത് തൊടുപുഴ ചെപ്പുകുളത്ത് വെള്ളിയാനി മലയയിലെ ഉരുൾ പൊട്ടലിന്റെ ചിത്രം പ്രിയപ്പെട്ട നിക്കോൺ എഫ് ത്രി ക്യാമറയിൽ പകർത്തുന്നതിനിടയിലാണ് വിക്ടറിനെ താൻ ഏറെ പ്രണയിച്ച പെരുമഴ കൂട്ടിക്കൊണ്ടുപോയത്. മൂന്നു കിലോമീറ്റർ അകലെ മലവെള്ളത്തിൽ നിന്നു വീണ്ടുകിട്ടിയ ചേതനയറ്റ ശരീരം ഒരു നോക്ക് കാണാൻ കോട്ടയത്തേക്ക് പോകുമ്പോൾ യാത്രയിലുടനീളം ആകാശം മൂടിക്കെട്ടി നിന്ന് പെയ്യുകയായിരുന്നു.

ആ യാത്രയ്ക്കിടയിൽ ഞാനോർത്തത് കൃത്യം 10 വർഷം മുമ്പ് 1990 ൽ ഡൽഹിയിൽ ഞങ്ങളൊന്നിച്ച് ജോലി ചെയ്ത കാലമാണ്, യാത്രകളാണ്. ഇതുപോലൊരു പ്രളയകാലത്ത് ഞങ്ങൾ ഒന്നിച്ച് വ്യോമസേനയുടെ രക്ഷാദൗത്യ സംഘത്തോടൊപ്പം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾ കാണാൻ നടത്തിയ യാത്ര.. സംഘത്തിൽ ഡൽഹിയിലെ പ്രമുഖ പത്രങ്ങളിൽ നിന്നുള്ള പത്രപ്രവർത്തകരും ഉണ്ടായിരുന്നു. ഡൽഹിയിൽ നിന്ന് വ്യോമസേനയുടെ വിമാനത്തിൽ ആസാമിന്റെ തലസ്ഥാനമായ ഗുവഹാത്തിയിലേക്ക് ആദ്യ പറക്കൽ. അവിടെ നിന്ന് ഹെലികോപ്റ്ററിൽ അരുണാചൽ പ്രദേശ്, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക്. രാത്രി ഉറക്കം വ്യോമസേനാ താവങ്ങളിൽ.

ഞങ്ങൾ സഞ്ചരിച്ച ഹെലികോപ്റ്റർ മലയിടുക്കുകളിലൂടെ താഴ്ന്നു പറന്നപ്പോൾ കലങ്ങി ഒഴുകുന്ന ചുവന്ന പുഴകളും പുഴകൾ നിറഞ്ഞ് കവിഞ്ഞ പ്രളയ ഭൂമികളും മുകിലേക്കുയർന്നുവന്നു. പ്രളയ തുരുത്തുകളിൽ ഒറ്റപ്പെട്ടുപോയവർക്ക് ഹെലികോപ്റ്ററിൽ നിന്ന് ഭക്ഷണ കിറ്റുകളും വസ്ത്രവും താഴേക്ക് എറിഞ്ഞു കൊടുത്തു കൊണ്ടിരുന്നു. അത് എടുക്കാനായി ഓടി കൂട്ടുന്നവരുടെ ആകാശ ചിത്രം വിക്ടർ ക്യാമറയിൽ പകർത്തിക്കൊണ്ടുമിരുന്നു. ഇടയ്ക്ക് ഹെലികോപ്റ്റർ മലമടക്കിനിടയിലെ ഏതെങ്കിലും വിജനമായ സ്ഥലത്ത് പെലിപ്പാഡിലേക്ക് ഊർന്നിറങ്ങി. എവിടെയും ഇരുണ്ട കാടുകളും പർവതനിരകളും പരവതാനി പോലെ നീണ്ടുകിടന്നു. ചിലയിടങ്ങളിൽ കാണാൻ ആദിവാസികളോ പട്ടാളക്കാരോ എത്തി. അത്ഭുതമെന്ന് പറയട്ടെ അവർക്കിടയിൽ എപ്പോഴും ഒരു മലയാളി ഉണ്ടായിരുന്നു. 

annini-report-john-mundakayam

മറക്കാൻ വയ്യാത്തത് അരുണാചൽ പ്രദേശിന്റെ ഒരറ്റത്തു കാടിനുള്ളിൽ ഒളിപ്പിച്ച ആദിവാസി ഗ്രാമമായ അനിനിയിൽ പറന്നിറങ്ങിയതാണ്. വന മധ്യത്തിലുള്ള ആ ഗ്രാമത്തിലേക്ക് റോഡുകളില്ല. ഹെലികോപ്റ്ററിൽ മാത്രമേ എത്താനാവൂ. കൂറ്റൻ ഹെലികോപ്റ്ററുകളിൽ എത്തിച്ച ഏതാനും ട്രക്കുകളും ജീപ്പുകളും മാത്രമാണ് ആ ഗ്രാമത്തിലെ വാഹനങ്ങൾ. ഗ്രാമവാസികളെ, രോഗികളെ സൗജന്യമായി പുറത്തേക്ക് കൊണ്ടു പോകുന്നതും തിരികെ കൊണ്ടു വരുന്നതും വ്യോമസേനയുടെ ഹെലികോപ്റ്ററിൽ. അവശ്യ സാധനങ്ങൾ, വസ്ത്രം എല്ലാം ഹെലികോപ്റ്ററിൽ എത്തും. അവിടെയും ഞങ്ങൾ ഭക്ഷണ കിറ്റുകളും വസ്തുക്കളും എത്തിക്കുന്ന സംഘത്തോടൊപ്പം ആയിരുന്നു. അവിടെയും ഞങ്ങളെ കാണാൻ കൂടിയവരിൽ മൂന്നു മലയാളികൾ ഉണ്ടായിരുന്നു, അവിടെ  ജോലി ചെയ്യുന്നവർ. വനത്തിനുള്ളിൽ ഒരാഴ്ച വൈകി തപാലിൽ കിട്ടുന്ന മലയാള മനോരമ പത്രം ഞങ്ങളെ കാണിച്ച് അവർ ശരിക്കും ഞെട്ടിച്ചു. അനിനി യാത്രയെക്കുറിച്ച് അന്ന് വിക്ടർജോർജ് എടുത്തചിത്രങ്ങൾ സഹിതം ഫീച്ചർ എഴുതിയത് ഓർക്കുന്നു. മൂന്ന് പതിറ്റാണ്ടിൽ അവിടെ മാറ്റങ്ങൾ വന്നിരിക്കാം.

സംഘത്തിൽ നിരവധി ഫൊട്ടോഗ്രാഫർമാർ ഉണ്ടായിരുന്നെങ്കിലും അവരിൽ നല്ല പങ്കും വ്യോമസേനയുടെ ആതിഥ്യലഹരിയിൽ മയങ്ങി അലസരായിന്നു. എന്നാൽ യാത്രയ്ക്കിടയിലെ ഒരോ അസുലഭ ദൃശ്യവും പകർത്തുന്നതായിരുന്നു വിക്ടറിന്റെ ലഹരി. ഹെലികോപ്റ്ററിൽ എത്രയെത്ര പറക്കലുകൾ. ഹിമാലയൻ ചെരിവുകളിൽ ചൈനീസ് അതിർത്തി വരെ പറന്നു. പർവതനിരകളിലെ മഴയും മഞ്ഞും വെയിലുമെല്ലാം വിക്ടറിന്റെ ക്യാമറയിലേക്ക് ഒഴുകി വന്നു.

പെട്ടെന്ന് ആരുമായും സൗഹൃദം ഉണ്ടാക്കുന്ന വിക്ടർ മടക്കയാത്രയിൽ മാധ്യമ സംഘത്തിലെ എല്ലാവരുടെയും ഉറ്റ സുഹൃത്തായി മാറിക്കഴിഞ്ഞിരുന്നു.

പ്രിയപ്പെട്ട വിക്ടർ ഡൽഹിയിൽ പിരിഞ്ഞ ശേഷം നമ്മൾ വീണ്ടും ഒത്തു കൂടിയത് നിന്റെ മരണക്കിടക്കയ്ക്കരികിലാണ്.  ഓരോ മഴക്കാലവും കടന്നു പോകുമ്പോൾ ഞങ്ങൾ നിന്നെ ഓർക്കും.നിർത്താതെ പെയ്യുന്ന മഴകളിൽ നിന്റെ പുഞ്ചിരി തെളിയുന്നത് കാണും.

English summary: Thalakuri - Remembering photograpger Victor George on his death anniversary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.