അന്ന് പ്രതിയായ ചന്ദ്രസേനനും കിട്ടി സല്യൂട്ട്

HIGHLIGHTS
  • കണ്ടോ, കമ്മിഷണറെ അവൻ സല്യൂട്ട് ചെയ്യും. മന്ത്രിയായ എന്നെ സല്യൂട്ട് ചെയ്യില്ല.
  • ജയിലിൽ ഉദ്യോഗസ്ഥൻ പ്രതിയെ സല്യൂട്ട് ചെയ്തു എന്നതിന്റെ പേരിൽ അത് പിന്നീട് വിവാദമായി.
LOKNATH BEHERA SALUTE PASSING OUT Parade
ലോക്നാഥ് ബെഹ്റ പാസിങ് ഔട്ട് പരേഡിനെ അഭിവാദ്യം ചെയ്യുന്നു
SHARE

ആന്ധ്ര പ്രദേശിൽ നടന്ന, മലയാളികൾ ഉൾപ്പെട്ട ഒരു അബ്കാരി തട്ടിപ്പുകേസ് അന്വേഷിക്കാൻ ഹൈദരാബാദിൽനിന്ന് കെ.പി.രാജൻ എന്ന മലയാളി ഡിഐജി 1985 ൽ കേരളത്തിലെത്തിയിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത് ആന്ധ്രയിലേക്കു കൊണ്ടുപോയപ്പോൾ കേസ് സംബന്ധിച്ച് കൂടുതൽ ‌വിവരങ്ങൾ തേടി മനോരമ എന്നെ അങ്ങോട്ടയച്ചു. യാദൃച്ഛികമെങ്കിലും കൊച്ചിയിൽനിന്ന് ഒരേ വിമാനത്തിലാണ് ഞാനും ഡിഐജി രാജനും ഹൈദരാബാദ് വിമാനത്താവളത്തിൽ ചെന്നിറങ്ങിയത്.

ഒന്നിച്ചു സംസാരിച്ചു കൊണ്ടാണ് ഞങ്ങൾ അറൈവൽ ലൗഞ്ചിലേക്ക് എത്തിയത്. രാജനെ സ്വീകരിക്കാൻ ഒരു സംഘം പൊലീസുകാർ ഹാജരായിരുന്നു. ഒരു പൊലീസുകാരൻ ഷൂസ് അമർത്തി ചവിട്ടി അദ്ദേഹത്തിന് ഒരു സല്യൂട്ട് കൊടുത്തു. അടുത്ത നിമിഷം തിരിഞ്ഞുനിന്ന് എനിക്കും തന്നു ഒരു സല്യൂട്ട്. ഞാൻ ഒരു പൊലീസ് ഓഫിസർ ആണെന്ന് അയാൾ തെറ്റിദ്ധരിച്ചല്ലോ എന്ന് എനിക്ക് ചമ്മൽ. അപ്പോഴതാ കോയമ്പത്തൂർ - ഹൈദരാബാദ് ഫ്ലൈറ്റ് ലാൻഡ് ചെയ്തു എന്ന് അറിയിപ്പ്. എനിക്ക് ഹോട്ടലിലേക്കു പോകാനുള്ള ടാക്സി കാർ പുറത്ത് കാത്തു കിടപ്പുണ്ട്. എങ്കിലും അഞ്ചു മിനിറ്റ് നിൽക്കാൻ രാജൻ പറഞ്ഞു.

അബ്കാരി കോൺട്രാക്ടർ ചന്ദ്രസേനൻ
അബ്കാരി കോൺട്രാക്ടർ ചന്ദ്രസേനൻ

അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അതാ വരുന്നു, സഫാരി സ്യൂട്ട് അണിഞ്ഞ ഒരാൾ മൂന്നുനാലു പൊലീസുകാരാൽ അനുഗതനായി. പ്രമുഖ അബ്കാരി കോൺട്രാക്ടർ ചന്ദ്രസേനൻ ആയിരുന്നു അത്. ഡിഐജി രാജൻ അന്വേഷിക്കുന്ന അബ്കാരി തട്ടിപ്പു കേസിലെ രണ്ടാം പ്രതിയാണ്. കോയമ്പത്തൂരിൽനിന്ന് അറസ്റ്റ് ചെയ്ത് നേരേ കൊണ്ടു വരികയാണ്. സഫാരി സ്യൂട്ട് അണിഞ്ഞ് തലയെടുപ്പോടെ വന്ന ചന്ദ്രസേനനെ പൊലീസുകാരൻ ഷൂസ് ചവിട്ടി ആഘോഷമായി ആദ്യം സല്യൂട്ട് ചെയ്തു. രാജനും ഞാനും ചിരിച്ചു പോയി. പ്രതിയാണെങ്കിലും കാഴ്ചയിൽ സല്യൂട്ട് ചെയ്യപ്പെടാൻ ഏറ്റവും യോഗ്യൻ ചന്ദ്രസേനൻ തന്നെയായിരുന്നു. (അടുത്ത ദിവസം പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ ഫോട്ടോ എടുക്കാൻ ശ്രമിച്ച എന്റെ ക്യാമറ ചന്ദ്രസേനന്റെ അംഗരക്ഷകർ തട്ടിത്തെറിപ്പിച്ചതും ആക്രമിക്കാൻ ശ്രമിച്ചതും മറ്റൊരു കഥ. ചന്ദ്രസേനനു പൊലീസ് നൽകിയ സല്യൂട്ട് അങ്ങനെ സാധൂകരിക്കപ്പെട്ടു).

thalakuri-chandra-senan-news-clip-arhieves

പണ്ട് ഡിജിപിയെ കാണാൻ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിന്റെ പഴയ മന്ദിരത്തിനു മുന്നിൽ ഷൂസ് ഉറപ്പിച്ചു ചവിട്ടി നടന്നു കയറുമ്പോൾ പാറാവ് നിൽക്കുന്ന പൊലീസുകാരൻ ഒരു സല്യൂട്ട് തരുമായിരുന്നു. എന്റെ ആറടി ഉയരം കണ്ട് ഞാൻ ഒരു പൊലീസ് ഓഫിസർ ആണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചിരുന്നു. അനർഹമായ സല്യൂട്ട് സന്തോഷത്തോടെ വാങ്ങി പോക്കറ്റിലിട്ടു. ഇത്രയൊക്കെയേ ഉള്ളൂ സല്യൂട്ടിന്റെ വില എന്നറിയിക്കാനാണ് പഴയ കഥ പറഞ്ഞത്.

tahlakuri-john-mundakayam-salute-news-report

ഒരിക്കൽ ഒരു പത്രസമ്മേളനം കഴിഞ്ഞ് എറണാകുളം ഗെസ്റ്റ് ഹൗസിനു മുന്നിൽ ഞങ്ങൾ കുറേ പത്രപ്രതിനിധികൾ മന്ത്രി പി.കെ. വേലായുധനുമൊത്ത് നിൽക്കുകയാണ്. അടുത്തുതന്നെ സിറ്റി പൊലീസ് കമ്മിഷണറുണ്ട്. ഒരു ഇൻസ്പെക്ടർ കമ്മിഷണറുടെ മുന്നിലെത്തി സല്യൂട്ട് ചെയ്യുന്നു. മന്ത്രിയെ കണ്ടതായി ഭാവിക്കുന്നില്ല. അൽപം രോഷത്തോടെ പല്ലുകടിച്ച് ആത്മഗതം എന്നവണ്ണം വേലായുധൻ പറഞ്ഞു.. ‘കണ്ടോ, കമ്മിഷണറെ അവൻ സല്യൂട്ട് ചെയ്യും. മന്ത്രിയായ എന്നെ സല്യൂട്ട് ചെയ്യില്ല.’ പത്രക്കാരിൽ ആരോ ആശ്വസിപ്പിച്ചു. ‘സാരമില്ല, കമ്മിഷണർ മന്ത്രിയെ സല്യൂട്ട് ചെയ്തല്ലോ. അതു പോരേ?’ അങ്ങനെ ആശ്വസിപ്പിച്ചെങ്കിലും വേലായുധൻ പറഞ്ഞതിൽ ന്യായമുണ്ടായിരുന്നു. സുരേഷ് ഗോപിയെ പോലെ ‘ഒരു സല്യൂട്ട് ഒക്കെ ആകാം’ എന്ന് പറയാനുള്ള മേൽക്കോയ്മ വേലായുധന് ഇല്ലല്ലോ. ഈ സംഭവങ്ങൾക്കു ശേഷം എത്രയോ സല്യൂട്ട് വിവാദങ്ങൾ കണ്ടു, കേട്ടു.

thalakuri-minister-p=k-velayudan
പി.കെ. വേലായുധൻ

പ്രതിസന്ധികളെ തരണം ചെയ്തു സബ് ഇൻസ്പെക്ടറായ ആനി ശിവ എന്ന യുവതിയെ ഓഫിസിൽ വിളിച്ചുവരുത്തി ഒരു വനിതാ എംഎൽഎ സല്യൂട്ട് ചെയ്യിപ്പിച്ച വാർത്ത സമൂഹ മാധ്യമങ്ങളിൽ വൻ പ്രചാരം നേടിയിരുന്നു. കോവിഡ് പ്രതിരോധ രംഗത്ത് മികച്ച സേവനം നൽകുന്ന തങ്ങളെ പൊലീസുകാർ സല്യൂട്ട് ചെയ്യണമെന്ന് വനിതാ ഡോക്ടർമാർ ആവശ്യപ്പെട്ടതും വാർത്തയായിരുന്നു.

thalakuri-suresh-gopi
സുരേഷ് ഗോപി

സുരേഷ് ഗോപി എംപി യെ കണ്ടിട്ടും കാണാത്ത മട്ടിൽ ഒരു ഒരു സബ് ഇൻസ്പെക്ടർ പൊലീസ് ജീപ്പിനുള്ളിൽ ഇരുന്നത് തെറ്റായിപ്പോയി. ഏതു രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധി ആണെങ്കിലും സുരേഷ് ഗോപി എംപിയാണ്. ജനങ്ങളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അവിടെ എത്തിയത്. ജീപ്പിൽ നിന്നിറങ്ങി അടുത്തുചെന്ന് ഒന്നു വിഷ് ചെയ്യാനുള്ള മാന്യതയെങ്കിലും എസ്ഐ കാണിക്കേണ്ടതായിരുന്നു. അതുപോലെതന്നെ ‘എംപിയാണ്, ഒരു സല്യൂട്ട് ഒക്കെ ആവാം’ എന്നതിനുപകരം ‘എംപിയാണ്, ഒന്ന് ഇറങ്ങി വരാമായിരുന്നു’ എന്നു പറഞ്ഞിരുന്നെങ്കിൽ സുരേഷ് ഗോപിയുടെ ഭാഗവും ന്യായീകരിക്കപ്പെട്ടേനേ.

thalakuri-former-dgp-alexander-jacob
ഡോ. അലക്സാണ്ടർ ജേക്കബ്

സല്യൂട്ടിന്റെ ചരിത്രം മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് ഇങ്ങനെ ഓർക്കുന്നു. പണ്ട് റോമാ സാമ്രാജ്യത്തിൽ ആളുകൾ പരസ്പരം കാണുമ്പോൾ അഭിവാദ്യം ചെയ്യുന്ന രീതിയായിരുന്നു കൈപ്പത്തി വിടർത്തി നെറ്റിയിൽ വയ്ക്കുന്നത്. തന്റെ കൈയിൽ ആയുധമില്ല എന്ന സമാധാനത്തിന്റെ സന്ദേശം ആയിരുന്നുവത്രേ അത്. ബ്രിട്ടിഷ് ഭരണകാലത്ത് പട്യാല രാജാവാണ് ഇന്നത്തെ രീതിയിലുള്ള സല്യൂട്ടിന് തുടക്കംകുറിച്ചത്. സല്യൂട്ട് ആർക്കും കൊടുക്കാം. മൃതദേഹത്തെ ആദരിക്കാനും സല്യൂട്ട് ചെയ്യാം. മൃതദേഹം ഒരിക്കലും സല്യൂട്ട് ചോദിച്ചു വാങ്ങില്ലല്ലോ! ഒരിക്കൽ എ.കെ. ഗോപാലനെ അറസ്റ്റ് ചെയ്തു പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചപ്പോൾ സല്യൂട്ട് ചെയ്താണ് ജയിൽ ഉദ്യോഗസ്ഥൻ അദ്ദേഹത്തെ സ്വീകരിച്ചത്. അത് ആ വലിയ നേതാവിനോട് പ്രകടിപ്പിച്ച ആദരവ്. പക്ഷേ ജയിലിൽ ഉദ്യോഗസ്ഥൻ പ്രതിയെ സല്യൂട്ട് ചെയ്തു എന്നതിന്റെ പേരിൽ അത് പിന്നീട് വിവാദമായി. എകെജി കിടന്ന ജയിൽ മുറി സെൻട്രൽ ജയിലിൽ അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇപ്പോഴും തടവുകാരാരും കിടക്കാതെ അങ്ങനെതന്നെ സൂക്ഷിച്ചിരിക്കുന്നുവെന്നും താൻ ജയിൽ ചുമതലയുള്ള ഡിജിപി ആയപ്പോഴാണ് ഇക്കാര്യം ശ്രദ്ധിച്ചതെന്നും അലക്സാണ്ടർ ജേക്കബ് പറഞ്ഞു. പൊലീസ് സേനയിലും പട്ടാളത്തിലും സല്യൂട്ട് മേൽക്കോയ്മയുടെയും അച്ചടക്കത്തിന്റെയും അടയാളമാണ്. എന്നാൽ സേനയ്ക്കു പുറത്ത് അത് മറ്റൊരാൾക്കു നാം കൊടുക്കുന്ന ആദരവാണ്. ഒരു പദവിയുമില്ലാത്ത, സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കെ.ഇ.മാമ്മനെ കണ്ടാൽ താൻ സല്യൂട്ട് ചെയ്യുമായിരുന്നു എന്ന് റിട്ട. എസ്പി സി.രാജഗോപാൽ പറയുന്നു.

thalakuri-goernment-secretariat-buliding

മലയാറ്റൂർ രാമകൃഷ്ണന്റെ യന്ത്രം എന്ന നോവലിൽ പറയുന്നുണ്ട്, കലക്ടറുടെ വേഷമാണ് അദ്ദേഹത്തിന്റെ മുറിയുടെ വെളിയിൽ കാവൽ നിൽക്കുന്ന ഡഫേദാർ ധരിച്ചിരിക്കുന്നത്. രാജാവിനെപ്പോലെ കലക്ടർക്കു സ്ഥാനചിഹ്നങ്ങൾ ധരിക്കാൻ പറ്റാത്തതുകൊണ്ട് രാജാപ്പാർട്ട് വേഷം കെട്ടി ഡഫേദാരെ പുറത്തു നിർത്തിയിരിക്കുന്നു. ആ വേഷം കണ്ടു ജനം കലക്ടറെ ആദരിക്കണം. അതുപോലെ പൊലീസ് സല്യൂട്ട് ചെയ്യുന്നതു കണ്ടാലേ എംഎൽഎയും മന്ത്രിയുമൊക്കെ അധികാരം കൈയാളുന്നവരാണെന്നു തിരിച്ചറിഞ്ഞു ജനം ആദരിക്കുകയുള്ളൂ. ഇതാണു സല്യൂട്ടിന്റെ മനഃശാസ്ത്രം. അതുകൊണ്ട് സല്യൂട്ട് പെട്ടെന്നെങ്ങും അവസാനിക്കും എന്നു തോന്നുന്നില്ല. കുറഞ്ഞതു ചോദിച്ചു വാങ്ങരുത് എന്ന് മാത്രം.

Content Summary : Salute Stories And Controversy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS