sections
MORE

മൃദുല ഹൃദയമുള്ള ഉരുക്ക് വനിത

HIGHLIGHTS
  • സ്ത്രീകൾക്കു ആദ്യമായി വോട്ടവകാശം ലഭിച്ച രാജ്യം
  • വനിതകളിൽനിന്നു മൂന്നു പ്രധാനമന്ത്രിമാർ
jacinda-ardern-new-zealand-prime-minister
വിഭാഗീയതയുടെയും വംശീയതയുടെയും വികലമായ തത്വശാസ്ത്രത്തെ അപ്പാടെ തിരസ്ക്കരിക്കുകയാണെന്ന് ഒരിക്കൽകൂടി പ്രഖ്യാപിക്കുകയാണ് ന്യൂസീലൻഡ്. ഇതൊരു പുതിയ മാതൃകയാണ്
SHARE

"നമ്മളൊന്നാണ്; അവർ ഞങ്ങളാണ്.''ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻദ ആർഡേണിന്റെ ഇൗ വാക്കുകൾ ലോകം മുഴുവൻ മാറ്റൊലിക്കൊള്ളുകയാണ്. അവിടെ ക്രൈസ്റ്റ്ചർച്ച് നഗരത്തിലെ രണ്ടു മസ്ജിദുകളിൽ നടന്ന ഭീകരാക്രമണത്തിനു ശേഷം ജനങ്ങളോടു സംസാരിക്കുകയായിരുന്നു അവർ. 

അൻപതു പേരുടെ മരണ കാരണമായ ആക്രമണം നടത്തിയ യുവാവും അയാളെ അതിനു പ്രേരിപ്പിച്ച ദുഷ്ടചിന്താഗതിയെ അനുകൂലിക്കുന്നവരും ജനങ്ങളെ രണ്ടായി വേർതിരിച്ചു കാണുന്നു. മറുനാടുകളിൽ നിന്നെത്തിയവരും വ്യത്യസ്ത മത-സംസ്ക്കാര പശ്ചാത്തലമുളളവരുമായ ആളുകളുടെ നേരെ വിരോധം വച്ചുപുലർത്തുന്നു. നാട്ടിൽ ജനിച്ചുവളർന്ന വെളളക്കാർ ഉന്നത പരിഗണന അർഹിക്കുന്നവരാണെന്നു വിശ്വസിക്കുകയും അതനുസരിച്ച് അഹങ്കാരപൂർവം പെരുമാറുകയുംചെയ്യുന്നു. 

ഇതു സ്വീകാര്യമല്ലെന്നും ന്യൂസീലൻഡിലെ ജനവിഭാഗങ്ങൾ തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നും പ്രഖ്യാപിക്കുകയായിരുന്നു ആർഡേൺ. ദുഃഖസൂചകമായി രണ്ടു മസ്ജിദുകളുടെയും മുന്നിലും സമീപമുള്ള വഴിയോരങ്ങളിലും ജനങ്ങൾ അർപ്പിച്ച പൂച്ചെണ്ടുകളോടൊപ്പമുള്ള കുറിപ്പുകളിൽ രേഖപ്പെടുത്തിയിരുന്നതും ഇൗ വാക്കുകളാണ്. 

ഇതുപോലൊരു സന്ദർഭത്തിൽ ഇരകളോട് ഇത്രയേറെ താദാത്മ്യവും അനുതാപവും പ്രകടിപ്പിക്കാൻ മുന്നോട്ടുവന്ന ഒരു നേതാവിനെ അടുത്ത കാലത്തൊന്നും ലോകം കണ്ടിട്ടില്ല. മുപ്പത്തെട്ടാം വയസ്സിൽ ഒരാൾക്ക് ഇത്രമാത്രം പക്വതയോടെയും ഉൾക്കരുത്തോടെയും ഉരുക്കുവനിതയെന്ന വിശേഷണം ആർജിക്കുന്ന വിധത്തിലും പെരുമാറാനായതു പലരെയും ആശ്ചര്യപ്പെടുത്തുന്നു.   

ഭീകരാക്രമണത്തിന് ഇരയായവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാൻ പോകുമ്പോൾ പരമ്പരാഗത മുസ്ലിം രീതിയിൽ പ്രധാനമന്ത്രി ഹിജാബ് (ശിരോവസ്ത്രം) ധരിച്ചതും ലോകമൊട്ടുക്കും ചർച്ചചെയ്യപ്പെടുകയുണ്ടായി. രാജ്യത്തിന്റെ മുഴുവൻ മാതൃസ്ഥാനം ഏറ്റെടുക്കുന്ന വിധത്തിൽ അവർ ദുഃഖിതരെ ചേർത്തുപിടിക്കുകയും ഇടറിയ ശബ്ദത്തിൽ ആശ്വസിപ്പിക്കുകയുംചെയ്തു. 

NEWZEALAND-SHOOTOUT

രാജ്യാന്തര തലത്തിൽതന്നെ  പലപ്പോഴും വിവാദത്തിനു വിഷയമായ ഒന്നാണ് ഹിജാബ്. ചില പാശ്ചാത്യ രാജ്യങ്ങളിൽ പൊതു സ്ഥലങ്ങളിൽ ഹിജാബ് ധരിക്കുന്നതിനു നിയന്ത്രണവുമുണ്ട്. എന്നാൽ, ന്യൂസീലൻഡ് പ്രധാനമന്ത്രി ഹിജാബ് ധരിച്ചതിൽ ആരും കുറ്റംകണ്ടില്ലെന്നു മാത്രമല്ല, സന്ദർഭോചിതമെന്നു പറഞ്ഞു പലരും  അതിനെ പുകഴ്ത്തുകയും ചെയ്തു.  

ഇക്കഴിഞ്ഞ വെള്ളിയാഴ്ച (മാർച്ച് 22) പ്രാദേശിക സമയം ഉച്ചയ്ക്ക് 1.30നു ന്യൂസീലൻഡിലെ  ടിവിയും റേഡിയോയും മസ്ജിദുകളിൽനിന്നു കേൾക്കുന്ന വിധത്തിലുള്ള ബാങ്ക് വിളി പ്രക്ഷേപണം ചെയ്തു. മുൻവെള്ളിയാഴ്ച ഏറ്റവുമധികം പേർ കൊലചെയ്യപ്പെട്ട അൽനൂർ മസ്ജിദിനു സമീപമുളള ഹേഗ്ലി പാർക്കിൽ തടിച്ചുകൂടിയിരുന്ന ആയിരങ്ങൾ രണ്ടു മിനിറ്റ് നേരം മൗനമാചരിച്ചു.  പ്രധാനമന്ത്രിയുമുണ്ടായിരുന്നു അവരുടെ കൂടെ. 

വിഭാഗീയതയുടെയും വംശീയതയുടെയും വികലമായ തത്വശാസ്ത്രത്തെ തങ്ങൾ അപ്പാടെ തിരസ്ക്കരിക്കുകയാണെന്ന് ഒരിക്കൽകൂടി പ്രഖ്യാപിക്കുകയായിരുന്നു ന്യൂസീലൻഡ്. ഇതൊരു പുതിയ മാതൃകയാണ്.

വ്യത്യസ്ത മത-സംസ്ക്കാര പശ്ചാത്തലമുളളവരെ സംശയദൃഷ്ടിയോടെ കാണുകയും അകാരണമായി ഭയപ്പെടുകയും അവരെ അകറ്റി നിർത്തുകയും ചെയ്യുന്നതിനെയാണ് വംശീയത എന്നു പറയുന്നത്. പല രാജ്യങ്ങളിലും ഇതു സംഘർഷത്തിനും  അക്രമങ്ങൾക്കും വഴിയൊരുക്കാറുമുണ്ട്. അതിനെ ആഗോളതലത്തിൽതന്നെ  വേരോടെ 

പിഴുതെറിയണമെന്നും  ബിബിസിയുമായുളള അഭിമുഖത്തിൽ ജസിന്ദ ആർഡേൺ ആഹ്വാനം ചെയ്തു. ക്രൈസ്റ്റ്ചർച്ചിലെ മസ്ജിദുകളിൽ മാർച്ച് 15നു കൂട്ടക്കൊല നടത്തിയ ഭീകരൻ ന്യൂസിലൻഡുകാരനല്ല, അയൽരാജ്യമായ ഒാസ്ട്രേലിയയിൽനിന്നുളളവനാണ്. എന്നാൽ, അയാൾ ന്യൂസീലൻഡുകാരനല്ല എന്നതിനർഥം ""ഭൂരിപക്ഷം ന്യൂസീലൻഡുാർക്കും സ്വീകാര്യമല്ലാത്ത വെറുപ്പിന്റെ തത്വശാസ്ത്രം  ന്യൂസിലൻഡിൽ തീരെയില്ല എന്നല്ലെന്നു '' പ്രധാനമന്ത്രി തന്നെ ബിബിസി അഭിമുഖത്തിൽ വിശദീകരിച്ചതും ശ്രദ്ധേയമായിരുന്നു.   

കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും നേരെ താരതമ്യേന അനുഭാവപൂർവമായ നയമാണ് ന്യൂസീലൻഡ് സ്വീകരിച്ചുവരുന്നത്. എന്നാൽ, വംശീയതയുടെ വിഷം ചീറ്റുന്നവർ ദക്ഷിണ ശാന്തസമുദ്രത്തിലെ ഇൗ ദ്വീപ് രാജ്യത്തിലും ഉണ്ടെന്നതാണ് വാസ്തവം. 

തീവ്രവലതുപക്ഷക്കാരും തീവ്രദേശീയവാദികളും വെള്ളക്കാരുടെ മേധാവിത്തത്തിനുവേണ്ടി വാദിക്കുന്നവരുമാണിവർ. അഡോൾഫ് ഹിറ്റ്ലറുടെ നാസി തത്വശാസ്ത്രത്തിൽനിന്ന് ഉൗർജം ഉൾക്കൊണ്ട് യൂറോപ്പിൽ പല രാജ്യങ്ങളിലും പ്രവർത്തിക്കുന്ന പുത്തൻ നാസികളുടെ മാതൃക പിന്തുടർന്നുവരുന്നു. കുടിയേറ്റക്കാരെ അവർ ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.  

തെക്കൻ ദ്വീപെന്നും വടക്കൻ ദ്വീപെന്നും അറിയപ്പെടുന്ന രണ്ടു പ്രധാനദ്വീപുകളും അറുനൂറോളം കൊച്ചുദ്വീപുകളും അടങ്ങിയതാണ് ന്യൂസിലൻഡ്. മൊത്തം 268021 ചതുരശ്ര കിലോമീറ്റർ പ്രദേശത്തു കഷ്ടിച്ച് അരക്കോടി ജനങ്ങൾ. 

യൂറോപ്യൻ വംശജർക്കു മേധാവിത്തമുള്ള തെക്കൻ ദ്വീപിലാണ് വംശീയവാദികളുടെ വിളയാട്ടം. രാജ്യത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരവും വെള്ളിയാഴ്ചയിലെ കൂട്ടക്കുരുതി നടന്ന സ്ഥലവുമായ ക്രൈസ്റ്റ്ചർച്ച് അവിടെയാണ്. 

jacinda-ardern-new-zealand-prime-minister1

വടക്കൻ ദ്വീപിലാണ് തലസ്ഥാന നഗരമായ വെല്ലിങ്ടണും ഏറ്റവും വലിയ നഗരമായ ഒാക്ക്ലൻഡും. ന്യൂസിലൻഡിലെ ആദിവാസികളായ മോറികൾ ഏറ്റവുമധികമുള്ളതും അവിടെയാണ്. തലമുറകളായി തങ്ങൾ അവഗണിക്കപ്പെടുകയും വിവേചനത്തിനു വിധേയമാവുകയും ചെയ്യുകയാണെന്നു പരാതിയുളളവരാണ് ജനസംഖ്യയുടെ ചെറിയൊരു ഭാഗംമാത്രമായി അവശേഷിക്കുന്ന മോറികൾ. തീവ്രവലതുപക്ഷക്കാരാണ് അവിടെയും പ്രതിക്കൂട്ടിൽ. 

ന്യൂസീലൻഡ് ഇത്രയേറെ ലോകശ്രദ്ധയാകർഷിച്ച സന്ദർഭം സമീപ കാലത്തൊന്നും ഉണ്ടായിട്ടില്ല. ഒന്നേകാൽ നൂറ്റാണ്ടുമുൻപ് സ്ത്രീകൾക്കു ആദ്യമായി വോട്ടവകാശം ലഭിച്ചത് അവിടെയായിരുന്നു. ഏറ്റവുമധികം (മൂന്ന്) വനിതകൾ പ്രധാന പദത്തിൽ എത്തിയതും മറ്റൊരിടത്തല്ല. 

അവരിൽ മൂന്നാമത്തെയാളാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രികൂടിയായ ജസിന്ദ ആർഡേൺ. 28ാം വയസ്സിൽ ന്യൂസീലൻഡ് പാർലമെന്റിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗവുമായിരുന്നു അവർ.

അതിനുശേഷമുള്ള പത്താം വർഷത്തിൽ പ്രധാനമന്ത്രി പദം തന്നെ അവരെത്തേടിയെത്തി. ഇടതുപക്ഷ ലേബർ പാർട്ടിയുടെ ഉപനേതാവായിരുന്നു ജസിന്ദ. 2017ലെ തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾക്കുമുൻപ് പാർട്ടിനേതാവ് ആൻഡ്രൂ ലിറ്റിൽ പെട്ടെന്നു രാജിവച്ചു. മാധ്യമങ്ങളിലെ അഭിപ്രായ വോട്ടുകളിൽ പാർട്ടി ഏറെ പിന്നിലായിപ്പോയതിലുള്ള കുറ്റബോധമായിരുന്നു അതിനു കാരണം. 

ജസിന്ദയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട ലേബർ പാർട്ടിക്കു സ്ഥിതി മെച്ചപ്പെടുത്താനായെങ്കിലും കേവലഭൂരിപക്ഷം കിട്ടിയില്ല. മറ്റു രണ്ടു പാർട്ടികളുമായി ചേർന്നു കൂട്ടുമന്ത്രിസഭയുണ്ടാക്കേണ്ടിവന്നു.

jacinda-ardern-new-zealand-prime-minister2

അതിനുശേഷം ഇപ്പോൾ ഒന്നര വർഷമായതേയുള്ളൂ. അതിനിടയിൽ ഒരു പെൺകുഞ്ഞിന്റെ അമ്മയായി. അങ്ങനെ, പ്രധാനമന്ത്രി പദത്തിലിരിക്കേ അമ്മയാകുന്ന രണ്ടാമത്തെ ആളായി. (പാക്കിസ്ഥാനിലെ ബേനസീർ ഭുട്ടോയായിരുന്നു ആദ്യത്തെയാൾ). 

ആറാഴ്ചയോളം പ്രസവാവധിയിലായിരുന്നു. കഴിഞ്ഞ വർഷം യുഎൻ ജനറൽ അസംബ്ളിയിൽ പങ്കെടുക്കാൻ പോയതു മൂന്നു മാസംമാത്രം പ്രായമായ മകൾ നെവെയെയും കൂട്ടിയാണ്. മാതാവ് പ്രസംഗിക്കുമ്പോൾ സമീപത്തു പിതാവ്് ടിവി അവതാരകൻ ക്ളാർക്ക് ഗേലോഡിന്റെ മടിയിലിരുന്നു മകൾ നോക്കുന്ന ചിത്രം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയുമുണ്ടായി. 

ഇതെല്ലാമായിരുന്നു 2019 മാർച്ച് 15 വെള്ളിയാഴ്ചവരെ ന്യൂസീലൻഡിലെ വിശേഷങ്ങൾ. ആ ദിവസത്തോടെ രാജ്യം ഒരു പുതിയ കാലഘട്ടത്തിലേക്കു കടന്നു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA