ഭീകരന്റെ കഴുത്തിന് ആഗോള കുരുക്ക്

HIGHLIGHTS
  • ഇന്ത്യയുടെ നയതന്ത്ര വിജയം
  • പത്തു വർഷം നീണ്ടുനിന്ന ശ്രമം
FILES-PAKISTAN-RELIGIOUS-UN
മസൂദ് അസ്ഹർ
SHARE

രാജ്യാന്തര ഭീകരതയ്ക്കെതിരായ പോരാട്ടത്തിലെ ഒരു വൻവിജയത്തിനാണ് ഇക്കഴിഞ്ഞ മേയ്് ദിനത്തിൽ യുഎൻ രക്ഷാസമിതി സാക്ഷ്യംവഹിച്ചത്. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യാവിരുദ്ധ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹർ ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ടു. ഇതിനുവേണ്ടി പത്തുവർഷമായി ഇന്ത്യ നടത്തിവന്ന നയതന്ത്രശ്രമം അങ്ങനെ വിജയകരമായ പരിസമാപ്തിയിലെത്തി. 

കഴിഞ്ഞ രണ്ടു ദശകങ്ങൾക്കിടയിൽ ഇന്ത്യയിൽ നാൽപ്പതോളം ഭീകരാക്രമണങ്ങൾ നടത്തിയവരാണ് ജയ്ഷെ മുഹമ്മദ്. ന്യൂഡൽഹിയിൽ നമ്മുടെ പാർലമെന്റിനുനേരെ 2001 ഡിസംബറിൽ നടത്തിയ ആക്രമണത്തെ തുടർന്നുതന്നെ ജയ്ഷെ മുഹമ്മദിനെ ആഗോള ഭീകരസംഘടനയായി രക്ഷാസമിതി പ്രഖ്യാപിച്ചിരുന്നു. വ്യക്തിയെന്ന നിലയിൽ മസൂദിനെയും സമാനമായ നടപടിക്കു വിധേയനാക്കാനായിരുന്നു ഇന്ത്യയുടെ പിന്നീടുള്ള ശ്രമം. 

അങ്ങനെ മുദ്രകുത്തപ്പെട്ടു കഴിഞ്ഞാൽ അയാളുടെ ആസ്തികകളും ബാങ്ക് എക്കൗണ്ടുകളും മരവിപ്പിക്കാൻ എല്ലാ യുഎൻ അംഗരാജ്യങ്ങളും ബാധ്യസ്ഥരാവും. അതോടെ പണത്തിന്റെ ഉറവിടങ്ങൾ വറ്റും. വിദേശ യാത്രകൾ  നിരോധിക്കപ്പെടും. ഇതിന്റെയെല്ലാം ഫലമായി ജയ്്ഷെ മുഹമ്മദിന്റെ പ്രവർത്തനങ്ങൾക്കു തടസ്സം നേരിടുമെന്നും പ്രതീക്ഷിക്കപ്പെടുകയായിരുന്നു. 

2008 നവംബറിൽ 166 പേരുടെ മരണത്തിനു കാരണമായ മുംബൈ ഭീകരാക്രണം സംഘടിപ്പിച്ച ലഷ്ക്കറെ തയിബയെയും രക്ഷാസമിതി ആഗോളഭീകര സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തുകയുണ്ടായി.  അതിന്റെ തലവൻ ഹാഫിസ് സയീദിനെ ആഗോള  ഭീകരനായും പ്രഖ്യാപിച്ചിരുന്നു. 

എന്നാൽ,  രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈനയുടെ എതിർപ്പ് (വീറ്റോ) അസ്ഹറിന്റെ കാര്യത്തിൽ വിലങ്ങുതടിയായി. ജയ്ഷിനെയും ലഷ്ക്കറെ തയിബയെയും പോലുള്ള ഇന്ത്യാവിരുദ്ധ ഭീകര സംഘടനകൾക്കു പിന്തുണയും പ്രോൽസാഹനവും നൽകിവരുന്ന പാക്കിസ്ഥാനുവേണ്ടിയായിരുന്നു ചൈനയുടെ എതിർപ്പ്.

അസ്ഹറിനെ ആഗോള ഭീകരന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്താനായി  2009 മുതൽ ഇതുവരെ അഞ്ച് ശ്രമങ്ങളാണ് നടന്നത്. ചൈനയുടെ വീറ്റോ കാരണം നാലു ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. 

pulwama-attack

ജമ്മു-കശ്മീരിലെ പുൽവാമയിൽ ഫെബ്രുവരി 14നു നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച്് 13നായിരുന്നു നാലാമത്തെ ശ്രമം. നമ്മുടെ 40 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ആ ആക്രമണത്തിന്റെ  ഉത്തരവാദിത്തം അന്നുതന്നെ ജയ്ഷെ ഏറ്റെടുക്കുകയുണ്ടായി.  

അവരുടെ പങ്കിനെപ്പറ്റി പാക്കിസ്ഥാനല്ലാതെ മറ്റൊരും രാജ്യവും സംശയം പ്രകടിപ്പിച്ചിരുന്നില്ല. അതിന്റെ അടിസ്ഥാനത്തിലാണ് ജയ്ഷ് തലവനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയവുമായി രക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങളായ ഫ്രാൻസും അമേരിക്കയും ബ്രിട്ടനും മുന്നോട്ടുവന്നത്. പുൽവാമയിലെ ഭീകരാക്രമണം ആണവ ശക്തികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധത്തിനു കാരണമായിത്തീർന്നേക്കാമെന്നു ഭയവും അതിന്റെ പശ്ചാത്തലത്തിലുണ്ടായിരുന്നു. 

ആ പ്രമേയത്തെ  ചൈന ഒഴികെയുള്ള എല്ലാ രാജ്യങ്ങളും പിന്താങ്ങിയെങ്കിലും ചൈനയുടെ എതിർപ്പുകാരണം പരാജയപ്പെട്ടു. അതിന്റെ പശ്ചാത്തലത്തിലാണ് ഇക്കഴിഞ്ഞ ബുധനാഴ്ച (മേയ് ഒന്ന്) നടന്ന അഞ്ചാമത്തെ ശ്രമം വിലയിരുത്തപ്പെടുന്നത്.   

സമാനമായ പ്രമേയവുമായി ഫ്രാൻസും അമേരിക്കയും ബ്രിട്ടനും വീണ്ടും മുന്നോട്ടുവന്നു. ചൈന എതിർക്കാതിരുന്നതിനാൽ പ്രമേയം പാസ്സാവുകയും ചെയ്്തു. ചൈനയുടെ നിലപാടുമാറ്റത്തിലുള്ള ആഹ്ളാദത്തോടൊപ്പം തന്നെ പെട്ടെന്നുളള ഇൗ മാറ്റത്തിനു കാരണമെന്ത് എന്ന ചോദ്യവും ഉയർന്നിരിക്കുകയാണ്. 

ഭീകരാക്രമണങ്ങൾ സംഘടിപ്പിക്കുകയും അതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുകയും ചെയ്യുന്ന ഒരാളെ ആ വിധത്തിൽ മുദ്രകുത്തുന്നതു തടയുന്നതിൽ അടങ്ങിയ മൗഢ്യം ചൈനയ്ക്ക് ഒടുവിൽ ബോധ്യമായി എന്നതാണ് ഒരു വിശദീകരണം. ജയ്ഷെ മുഹമ്മദിനെയും ലഷ്ക്കറെ തയിബയെയും അവയുടെ നേതാക്കളെയും സംരക്ഷിക്കുന്നതിൽ പാക്കിസ്ഥാനു പ്രയോജനമുണ്ടെങ്കിലും ചൈനയ്ക്കു പ്രയോജനമില്ല.   

പാക്കിസ്ഥാന്റെ ഭാരം ചൈന ചുമക്കേണ്ടതുണ്ടോ ? പാക്കിസ്ഥാനെ പ്രീതിപ്പെടുത്താൻ വേണ്ടിമാത്രം എന്തിന് ഇന്ത്യയുടെ മാത്രമല്ല, രാജ്യാന്തര സമൂഹത്തിന്റെയും അപ്രീതിയും അവജ്ഞയും സമ്പാദിക്കണം ? കുപ്രസിദ്ധനായ ഒരു ഭീകരനുവേണ്ടി പാക്കിസ്ഥാനോടൊപ്പം എന്തിനു ചൈനയും രാജ്യാന്തര തലത്തിൽ ഒറ്റപ്പെടണം ? ഇങ്ങനെയുള്ള ചോദ്യങ്ങളായിരുന്നു ബെയ്ജിങ്ങിലെ നേതാക്കളുടെ മുന്നിൽ.

PAKISTAN-ECONOMY
പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

അസ്ഹറിന്റെ കാര്യത്തിൽ മുൻപുണ്ടായിരുന്ന താൽപര്യം പാക്കിസ്ഥാനുതന്നെ ഇപ്പോഴില്ലെന്നും സൂചനകളുണ്ട്. ഗുരുതരമായ വിധത്തിൽ രോഗബാധിതനായ ഭീകരനെക്കൊണ്ട് ഇനി തങ്ങൾക്കു കാര്യമായ പ്രയോജനമില്ലെന്ന് പാക്ക് ഭരണകൂടവും അവരുടെ ചാരസംഘടനയായ എെഎസ്എെയും കരുതുകയാണത്രേ. പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കഴിഞ്ഞ മാസാവസാനം ബെയ്ജിങ് സന്ദർശിച്ചപ്പോൾ ഇൗ വിവരം ചൈനീസ് നേതാക്കൾക്കു കൈമാറിയിരിക്കാനും സാധ്യതയുണ്ട്. 

അസ്ഹർ പ്രശ്നം വിട്ടുകളയാതിരിക്കാൻ മൂന്നു വൻശക്തികൾ (അമേരിക്കയും ബ്രിട്ടനും ഫ്രാൻസും) ഇന്ത്യക്കുവേണ്ടി ഉറച്ചുനിന്നതും ചൈനയുടെ നയംമാറ്റത്തിൽ പങ്കുവഹിച്ചതായി കരുതപ്പെടുന്നു. 

കഴിഞ്ഞ വർഷം ഏപ്രിലിൽ മധ്യചൈനയിലെ വൂഹാനിൽ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിൽ നടന്ന കൂടിക്കാഴ്ചയും ഇതോടനുബന്ധിച്ച്് ഒാർമയിലെത്തുന്നു. വൂഹാൻ ഉച്ചകോടിയെ തുടർന്നു  ഇന്ത്യയുടെ നേരെ ചൈന കൂടുതൽ യാഥാർഥ്യ ബോധത്തോടെയുള്ള നിലപാട് സ്വീകരിക്കുകയാണെന്നു വ്യാഖ്യാനിക്കപ്പെടുകയുണ്ടായി. 

Maulana Masood Azhar
മസൂദ് അസ്ഹർ

പക്ഷേ, അതിനുശേഷമാണ്, മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന കാര്യത്തിൽ മാർച്ച് 13നു ചൈന വീണ്ടും ഇടങ്കോലിട്ടത്. അതാണെങ്കിൽ പുൽവാമ ഭീകരാക്രമണത്തിനു ശേഷവുമായിരുന്നു. ഇന്ത്യ-ചൈനാ ബന്ധം മെച്ചപ്പെടുമെന്ന പ്രതീക്ഷകൾക്ക് അതോടെ മങ്ങലേറ്റു.  പ്രതീക്ഷകൾ വീണ്ടും ഉയരാൻ ചൈനയുടെ പുതിയ  നിലപാട് കാരണമാകുന്നു. 

ഇന്ത്യയും ചൈനയും  തമ്മിലുള്ള അതിർത്തിത്തർക്കം ദശകങ്ങൾക്കുശേഷവും തുടരുകയാണെങ്കിലും അതിന്റെ പ്രത്യാഘാതങ്ങൾ മറ്റു മേഖലകളിലേക്കു വ്യാപിക്കാതിരിക്കണമെന്ന നിഷ്ക്കർഷ ഇരു രാജ്യങ്ങൾക്കുമുണ്ട്. വർധിച്ചുവരുന്ന വ്യാപാര ബന്ധം ഇതിനുദാഹരണമാണ്.

ചൈനയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളികളിൽ ഒന്നാണ് ഇന്ത്യ. ചൈന-പാക്ക് വ്യാപാരത്തിന്റെ അഞ്ച് മടങ്ങു വലുതാണ് ഇന്ത്യ-ചൈന വ്യാപാരമെന്നും കണക്കുകൾ കാണിക്കുന്നു. ചൈനയ്ക്കാണത്രേ അതുകൊണ്ടുളള ലാഭവും. പാക്കിസ്ഥാന്റെ ശിങ്കിടികളായ ഭീകരർക്കുവേണ്ടി അതു നഷ്ടപ്പെടാൻ ഇടവരുത്തരുതെന്നു ചൈന ചിന്തിക്കാൻ തുടങ്ങുകയാണെങ്കിൽ അതു സ്വാഭാവികം.    

ഏഷ്യ-പസിഫിക് മേഖലയിൽ തങ്ങൾക്കെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ ഒരു സഖ്യം രൂപംകൊള്ളുകയാണെന്ന ഭയവും ചൈനയുടെ സമീപനത്തിൽ ഉണ്ടായ മാറ്റത്തിൽ പങ്കുവഹിച്ചതായി പല നിരീക്ഷകരും കരുതുന്നു. ജപ്പാനും ഒാസ്ട്രേലിയയും ഉൾപ്പെടുന്ന ഇൗ സഖ്യത്തിൽ വിയറ്റ്നാമും ഇന്തൊനീഷ്യയും ചേർന്നേക്കാമെന്നും ചൈന ആശങ്കപ്പെടുന്നുണ്ടാവാം.

കാലക്രമത്തിൽ ഇന്ത്യയും ചേർന്നാൽ ചൈനയ്ക്ക് അതൊരു ഭീമമായ തിരിച്ചടിയായിരിക്കും. അതിനാൽ, ഇന്ത്യയെ യുഎസ് ശാക്തികച്ചേരിയിലേക്കു തള്ളിവിടാതിരിക്കാനും ചൈന ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുകയാണത്രേ. 

ആണവ വസ്തു ദാതാക്കളുടെ സംഘടനയായ ന്യൂക്ളിയർ സപ്ളൈയേഴ്സ് ഗ്രൂപ്പിൽ (എൻഎസ്ജി) ഇന്ത്യയ്ക്ക് അംഗത്വം കിട്ടുന്ന കാര്യത്തിലും പാക്കിസ്ഥാനുവേണ്ടി ചൈന ഇടങ്കോലിടുകയായിരുന്നു. എൻഎസ്ജിയിൽ അംഗത്വം ഇല്ലാത്തതു കാരണം ആവശ്യമായ ആണവ വസ്തുക്കൾ കിട്ടാത്തതിനാൽ ഇന്ത്യയുടെ ആണവ പ്രവർത്തനങ്ങൾക്കു തടസ്സം നേരിടുന്നുണ്ട്. 

ഇന്ത്യയും പാക്കിസ്ഥാനും ആണവ നിർവ്യാപന ഉടമ്പടിയിൽ (എൻപിടി) ഒപ്പിട്ടില്ല. അതിനാൽ ഇന്ത്യക്ക് എൻഎസ്ജിയിൽ അംഗത്വം നൽകുകയാണെങ്കിൽ പാക്കിസ്ഥാനും നൽകണമെന്നു ചൈന ശഠിക്കുന്നു. 

അതേസമയം, രക്ഷാസമിതിയിലെ മറ്റ് സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ് എന്നിവ ഉൾപ്പെടെ എൻഎസ്ജിയിലെ 48 അംഗങ്ങളിൽ മിക്കവർക്കുമുള്ളതു വ്യത്യസ്തമായ അഭിപ്രായമാണ്. ഉത്തരവാദിത്ത ബോധമുള്ള ആണവ രാജ്യമായിട്ടാണ്  അവർ  ഇന്ത്യയെ കാണുന്നത്.  

പാക്കിസ്ഥാനെ അവർ കാണുന്നതു ബോംബ് നിർമാണത്തിനുള്ള ആണവ സാങ്കേതികവിദ്യ കൈമാറ്റം ചെയ്തതായി മുദ്രകുത്തപ്പെട്ട രാജ്യമെന്ന നിലയിലും. അത്തരമൊരു കൂട്ടർക്ക് അംഗത്വം നൽകുന്നതിനോട് എൻഎസ്ജിയിൽ ശക്തമായ എതിർപ്പുണ്ട്. 

എങ്കിൽ, ഇന്ത്യക്കും അംഗത്വം അനുവദിക്കരുതെന്ന നിഷേധാത്മക നിലപാടിലാണ്  ചൈന. അതിനെ മറികടക്കുകയായിരിക്കും ഇന്ത്യക്ക് ഇനി നിർവഹിക്കാനുള്ള ഒരു സുപ്രധാന ദൗത്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA