ചീഞ്ഞുനാറുന്ന ഒരു രാജ്യാന്തര പ്രശ്നം

HIGHLIGHTS
  • വീട്ടുമാലിന്യവും കയറ്റിവിട്ടു
  • അന്ത്യശാസനം അവഗണിച്ചു
canada–philippines-waste-dispute
Stack of plastic bottles for recycling against blue sky
SHARE

കാനഡയുമായി ഏതാണ്ടൊരു യുദ്ധത്തിലാണ് ഫിലിപ്പീൻസ്. കാരണം മാലിന്യം. അതെ, കാനഡയിൽനിന്നു ഫിലിപ്പീൻസിലേക്കു കപ്പലിൽ കയറ്റിയയച്ച ടൺ കണക്കിനു മാലിന്യം. അറുപത്തൊൻപതു കണ്ടെയിനറുകളിലായി അത് അഞ്ചാറു വർഷങ്ങളായി ഫിലിപ്പീൻസിന്റെ രണ്ടു തുറമുഖങ്ങളിൽ കിടന്നു ചീഞ്ഞുനാറിക്കൊണ്ടിരിക്കുന്നു.

നേരത്തെ 103 കണ്ടെയിനറുകളുണ്ടായിരുന്നു. അവയിൽ ചിലതിലെ ചവറുകൾ ഗത്യന്തരമില്ലാതെ ഫിലിപ്പീൻസ് തന്നെ കത്തിച്ചുകളയുകയോ നിലംനികത്താൻ ഉപയോഗിക്കുകയോ ചെയ്തു. ഇനിയും അതു പറ്റില്ല. അവേശേഷിക്കുന്ന 69 കണ്ടെയിനർ മാലിന്യങ്ങൾ കാനഡ ഉടൻ തിരിച്ചുകൊണ്ടു പോകണമെന്നു ഫിലിപ്പീൻസ് ആവശ്യപ്പെടുന്നു.  

പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയിലെ അംഗവും പ്രമുഖ സാമ്പത്തിക ശക്തിയുമാണ്് കാനഡ. അതുമായി താരതമ്യം ചെയ്യപ്പെടാനുള്ള സൈനിക-സാമ്പത്തിക പ്രഭാവമൊന്നും തെക്കു കിഴക്കൻ ഏഷ്യയിലെ ദ്വീപ് രാജ്യമായ ഫിലിപ്പീലൻസിനില്ല. എങ്കിലും കാനഡയ്ക്കെതിരെ താൻ യുദ്ധം പ്രഖ്യാപിക്കുമെന്നു പോലും ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെർട്ട് വെട്ടിത്തറന്നു പറയുകയുണ്ടായി. 

ഇക്കഴിഞ്ഞ വ്യാഴാഴ്ച (മേയ് 16) കാനഡയിലെ ഫിലിപ്പീൻസ് അംബാസ്സഡറെയും  കോൺസുലേറ്റുകളുടെ തലവന്മാരെയും അദ്ദേഹം മടക്കിവിളിച്ചു. വേണ്ടിവന്നാൽ നയതന്ത്രബന്ധം വേർപെടുത്തുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അത്രയും രൂക്ഷമാണ് മാലിന്യ പ്രശ്നത്തിൽ കാനഡയോടുള്ള ഫിലിപ്പീൻസിന്റെ പ്രതിഷേധവും രോഷധവും.

റീസൈക്കിൾ ചെയ്യാവുന്ന പ്ളാസ്റ്റിക് എന്ന പേരിൽ കാനഡയിലെ  ഒരു കമ്പനി 2013ലും 2014ലുമായി കയറ്റിയയച്ച ഏതാണ്ട് 2500 ടൺ പാഴ്വസ്തുക്കളാണ് പ്രശ്നമായത്. പ്ളാസ്റ്റിക്ക് തുണ്ടുകളോടൊപ്പം അഴുക്കുപുരണ്ട കടലാസ്സുകളും വീട്ടുമാലിന്യവും തെരുവുമാലിന്യവും ഡയപ്പറുകളും (അനിയന്ത്രിതമായി മൂത്രം പോകുന്നവർ ധരിക്കുന്ന പാഡുകൾ) ഉണ്ടായിരുന്നു.

റീസൈക്കിൾ ചെയ്യാവുന്ന പ്ളാസ്റ്റിക് വസ്തുക്കൾ നിയമാനുസൃതമായിത്തന്നെ പല രാജ്യങ്ങളും മറ്റു രാജ്യങ്ങളിൽ നിന്നു, വിശേഷിച്ച് വികസിത രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യാറുണ്ട്. ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലെ റീസൈക്ക്ളിങ് വ്യവസായത്തിന് അതു സഹായകമാവുന്നു. അതിന്റെ മറവിൽ മറ്റു മാലിന്യങ്ങൾകൂടി കയറ്റിവിടുകയാണ് കനേഡിയൻ കമ്പനി ചെയ്തത്. 

ഫിലിപ്പീൻസിലെ കസ്റ്റംസ് പരിശോധനയിൽ ഇതു കണ്ടെത്തുകയായിരുന്നു. അവശേഷിക്കുന്ന 69 കണ്ടെയിനറുകൾ തുറമുഖങ്ങളിൽ നിന്നു നീക്കംചെയ്യാൻ അധികൃതർ വിസമ്മതിച്ചു. തലസ്ഥാനമായ മനിലയിലെയും 100 കിലോമീറ്റർ അകലെയുള്ള സുബിക് ബേയിലെയും തുറമുഖങ്ങളിൽ അവ കിടന്നു ദുർഗന്ധം പരത്തുന്നു. ജനങ്ങളുടെ ആരോഗ്യം അപകടത്തിലാക്കുന്ന അവ എത്രയുംവേഗം തിരിച്ചു കൊണ്ടുപോകണമെന്ന് അന്നുമുതൽ ഫിലിപ്പീൻസ് ആവശ്യപ്പെടുകയായിരുന്നു. 

തെറ്റുചെയ്തതു കാനഡയിലെ സ്വകാര്യ സ്ഥാപനമാണെങ്കിലും കണ്ടെയിനറുകൽ മടക്കിക്കൊണ്ടുപോകുന്നതിന്റെ ഉത്തരവാദിത്തം കാനഡ ഗവൺമെന്റ് ഏറ്റെടുക്കുകയുണ്ടായി. പക്ഷേ, അവയിലെ മാലിന്യങ്ങൾ എവിടെ കൊണ്ടുപോയി തള്ളുമെന്നത് അവർക്കും തലവേദനയായി. 

നാട്ടിലേക്കുതന്നെ കൊണ്ടുപോകുന്നതു നാണക്കേടാണ്. അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കളും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കനേഡിയൻ ഗവൺമെന്റിനെ കുഴക്കുന്നു.

rodrigo-duterte

ഏഷ്യയിലെതന്നെ മറ്റേതെങ്കിലും രാജ്യം അവ സ്വീകരിക്കുമോ എന്നറിയാനും കാനഡ ശ്രമം നടത്തി. പക്ഷേ, വിജയിച്ചില്ല. ഏഷ്യ-പസിഫിക് ഉച്ചകോടിയിലും ആസിയാൻ ഉച്ചകോടിയിലും പങ്കെടുക്കാനായി  2015ലും 2017ലും ട്രൂഡോ മനില സന്ദർശിക്കുകയുണ്ടായി. മാലിന്യ പ്രശ്നത്തിൽ സത്വര പരിഹാരമുണ്ടാക്കാൻ അപ്പോഴെല്ലാം പ്രസിഡന്റ് ഡ്യൂട്ടെർട്ട് അദ്ദേഹത്തോടു നേരിട്ടാവശ്യപ്പെടുകയും ചെയ്തു. 

പ്രശ്നം ഫിലിപ്പീൻസിലെ കോടതിയിലുമെത്തി. എത്രയും വേഗം മാലിന്യങ്ങൾ തിരിച്ചുകൊണ്ടുപോകണമെന്നാണ് കോടതിയും കാനഡയോട് ആവശ്യപ്പെട്ടത്.  വളച്ചുകെട്ടില്ലാതെ കാര്യങ്ങൾ വെട്ടിത്തുറന്നു പറയുകയും സമാനമായ വിധത്തിൽ കർശന നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്ന ആളാണ് പ്രസിഡന്റ് ഡ്യൂട്ടെർട്ട്.  ഫിലിപ്പീൻസിനെ കാനഡയുടെകുപ്പത്തൊട്ടിയാകാൻ അനുവദിക്കില്ല, കാനഡ സഹകരിച്ചില്ലെങ്കിൽ താൻ തന്നെ അവരുടെ മാലിന്യം എടുത്തുകൊണ്ടുപോയി കാനഡയിൽ തള്ളും, അവർക്കതു തിന്നുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ ആവാം, ഫിലിപ്പീൻസിലെ കനേഡിയൻ എംബസ്സിക്കും അയച്ചുകൊടുക്കും-ഇങ്ങനെ പോകുന്നു അദ്ദേഹം ചെയ്ത പ്രസംഗങ്ങൾ.  

ഒടുവിൽ, ഇക്കഴിഞ്ഞ ബുധനാഴ്ചയ്ക്കകം (മേയ് 15) നടപടിയുണ്ടാകണമെന്ന് അദ്ദേഹം കാനഡയ്ക്ക് അന്ത്യശാസനം നൽകി. ആ തീയതിയും കഴിഞ്ഞതോടെയാണ് പ്രതിഷേധ സൂചകമായി അംബാസ്സഡറെയും കോൺസൽ തലവന്മാരെയും  മടക്കിവിളിച്ചത്.

എങ്ങനെയാണ് ഇൗ പ്രശ്നം അവസാനിക്കുന്നതെന്നു ലോകത്തിലെ മിക്ക രാജ്യങ്ങളും അതീവ താൽപര്യത്തോടെ ഉറ്റുനോക്കുകയാണ്. കാരണം, മാലിന്യ നിർമാർജനം അവരെയും വീർപ്പുമുട്ടിക്കുന്നുണ്ട്. റീസൈക്ളിങ്ങിനെന്ന പേരിൽ നിയമാനുസൃതമായി നടന്നുവരുന്ന പ്ളാസ്റ്റിക് മാലിന്യക്കയറ്റിറക്കുമതി പോലും വിവാദമാകുന്നു.  

റീസൈക്ക്ളിങ്ങിനു വേണ്ടി പാശ്ചാത്യ രാജ്യങ്ങളിൽനിന്നു, പ്രത്യേകിച്ച് അമേരിക്കയിൽനിന്ന് ഏറ്റവുമധികം പ്ളാസ്റ്റിക് മാലിന്യം ഇറക്കുമതി ചെയ്തിരുന്നത് ചൈനയായിരുന്നു. പരിസ്ഥിതി മലിനീകരണം അനിയന്ത്രിതമായതു കാരണം കഴിഞ്ഞ വർഷം മുതൽ അതവർ നിർത്തി. അതോടെ സമീപ മേഖലയിലെ തായ്‌ലൻഡ്, മലേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്കായി അമേരിക്കയുടെ പ്ളാസ്റ്റിക് മാലിന്യക്കയറ്റുമതി. 

ഇത്തരം സാധനങ്ങളുടെ ഇറക്കുമതിക്കു പല വികസ്വര രാജ്യങ്ങളിലും കർശനമായ നിയന്ത്രണമുണ്ടെങ്കിലും ചില രാജ്യങ്ങളിലെ നിയമങ്ങൾ അത്രയും കർശനമല്ല. അതിൽനിന്നു മുതലെടുക്കുകയാണ് വികസിത പാശ്ചാത്യരാജ്യങ്ങൾ ചെയ്യുന്നത്.  ഇതിനെതിരെ വികസ്വരരാജ്യങ്ങളിലെയും വികസിതരാജ്യങ്ങളിലെയും പരിസ്ഥിതി പ്രവർത്തകർ ശക്തമായി പ്രതിഷേധിക്കുന്നുണ്ടെങ്കിലും അതു മിക്കവാറും അവഗണിക്കപ്പെടുന്നു. 

അപകടകരവും ആരോഗ്യത്തിനു ഹാനികരവുമായ മാലിന്യങ്ങൾ കയറ്റിയയക്കുന്നതു കർശനമായി നിരോധിക്കുന്ന രാജ്യാന്തര ഉടമ്പടി വർഷങ്ങളായി നിലവിലുണ്ട്. യുഎൻ ആഭിമുഖ്യത്തിൽ 1989ൽ സ്വിറ്റ്സർലൻഡിലെ ബേസിൽ നഗരത്തിൽ നടന്ന ആഗോള സമ്മേളനത്തിൽ രൂപംകൊണ്ടതാണിത്. ഇതിലെ വ്യവസ്ഥകൾ ബേസിൽ കൺവെൻഷൻ എന്നറിയപ്പെടുന്നു. 

പക്ഷേ, പല രാജ്യങ്ങളും ഉടമ്പടിയിൽ ഒപ്പുവച്ചിട്ടില്ല. ഒപ്പുവച്ച രാജ്യങ്ങളുടെ പാർലമെന്റുകൾ അതംഗീകരിക്കണമെന്നുമുണ്ട്. അങ്ങനെ ചെയ്യാത്ത രാജ്യങ്ങളുമുണ്ട്. 

പ്ളാസ്റ്റിക് മാലിന്യപ്രശ്നത്തിന് എങ്ങനെ പരിഹാരം കാണുമെന്ന കാര്യത്തിൽ ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ് മിക്ക രാജ്യങ്ങളും. ഒരു തവണമാത്രം ഉപയോഗിച്ച ശേഷം അലക്ഷ്യമായി വലിച്ചെറിയുന്ന സഞ്ചികൾ, കപ്പുകൾ, വാട്ടർ ബോട്ടിലുകൾ സ്ട്രോകൾ, എന്നിവ ഉൾപ്പപ്പെടെയുള്ള പ്ളാസ്റ്റിക് വസ്തുക്കൾ പരക്കെ ദുരന്തം വിതയക്കുന്നു. 

ജലാശയങ്ങളിൽ ചെന്നെത്തുന്ന ഇവ വെള്ളത്തിന്റെ ഒഴുക്കു തടയുകയും വെള്ളപ്പൊക്കത്തിനു കാരണമായിത്തീരുകയും ചെയ്യുന്നു. ജലജീവികളുടെ ജീവൻ അപകടത്തിലാവുന്ന സംഭവങ്ങളും വിരളമല്ല.   

ഫിലിപ്പീൻസ്, തായ്ലൻഡ്, ഇന്തൊനീഷ്യ എന്നിവയുടെ തീരങ്ങളിൽ അടുത്തകാലത്തു തിമിംഗലങ്ങൾ ചത്തടിഞ്ഞതു പളാസ്റ്റിക് തിന്നതിന്റെ ഫലമായിട്ടായിരുന്നു. 40-50 കിലോഗ്രാം വീതം  പ്ളാസ്റ്റിക്ക് വസ്തുക്കളാണ് അവയുടെ വയറ്റിലുണ്ടായിരുന്നത്. ഇത്തരം സംഭവങ്ങളും ഫിലിപ്പീൻസ് അഭിമുഖീകരിക്കുന്ന മാലിന്യ പ്രശ്നത്തിന് അടിവരയിടുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ