sections
MORE

തിരിച്ചടിയേറ്റ് നെതന്യാഹു

HIGHLIGHTS
  • ചരിത്രത്തിൽ ഇതാദ്യം
  • അഴിമതിക്കേസുകളും വെല്ലുവിളി
benjamin netanyahu and israeli politics
ഇസ്രയേലിൽ തിരഞ്ഞെടുപ്പിനുശേഷം ഒന്നരമാസം കഴിഞ്ഞിട്ടും പുതിയ മന്ത്രിസഭയുണ്ടാക്കാനായില്ല. അതിനാൽ പാർലമെന്റ് പിരിച്ചുവിട്ടു. ആറുമാസത്തിനിടയിൽ വരുന്നു രണ്ടാമതൊരു തിരഞ്ഞെടുപ്പ്്
SHARE

ഇസ്രയേലിൽ ഒന്നര മാസം മുൻപ് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രസവിച്ചത് ഒരു ചാപിളളയെയാണ്. ഗവൺമെന്റുണ്ടായില്ല. അതിനാൽ സെപ്റ്റംബർ 17നു മറ്റൊരു തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഭൂരിപക്ഷ പിന്തുണയുളള ഒരു ഗവൺമെന്റ് അതിനുശേഷവും ഉണ്ടാകുമോ എന്ന കാര്യത്തിൽ അധികമാരും ഉറപ്പു പറയുന്നുമില്ല.

ഇസ്രയേലിന്റെ ഏഴു പതിറ്റാണ്ടു കാലത്തെ ചരിത്രം ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം കിട്ടാത്ത പാർലമെന്റ് തിരഞ്ഞെടുപ്പുകളുടെ ചരിത്രംകൂടിയാണ്. അതിനാൽ ഇതുവരെ ഉണ്ടായതെല്ലാം കൂട്ടുഗവൺമെന്റുകളായിരുന്നു. മിക്കതിനും പൂർണകാലം ഭരിക്കാൻ ആയതുമില്ല. 

ഇക്കഴിഞ്ഞ ഏപ്രിൽ ഒൻപതിനു നടന്ന 21ാമത്തെ തിരഞ്ഞെടുപ്പിന്റെയും ഫലം വ്യത്യസ്തമായിരിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും, പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്കു 120 അംഗ പാർലമെന്റിൽ  35 സീറ്റുകൾ കിട്ടി. പ്രതിപക്ഷത്തെ പുതിയ കക്ഷിയായ ബ്ളൂ ആൻഡ് വൈറ്റ് പാർട്ടിക്കും കിട്ടി അത്രയും സീറ്റുകൾ. 

എങ്കിലും, മറ്റു കക്ഷികളുടെ പിന്തുണയുള്ളതു നെതന്യാഹുവിനാണെന്നു കണ്ടതിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭയുണ്ടാക്കാൻ പ്രസിഡന്റ് റ്യൂവൻ റിവ്ലിൻ ക്ഷണിച്ചത് അദ്ദേഹത്തെയാണ്. അന്നുമുതൽ നെതന്യാഹു പുതിയ മന്ത്രിസഭ ഉണ്ടാക്കാനായി തന്റെ മുൻ സഖ്യ കക്ഷികളുടെ നേതാക്കളുമായി തുടർച്ചയായ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. 

അങ്ങനെ അഞ്ചാം തവണയും പ്രധാനമന്ത്രിയാകാനുളള വ്യഗ്രതയിലായിരുന്നു ഇൗ അറുപത്തൊൻപതുകാരൻ. ഏറ്റവും നീണ്ട കാലം (13 വർഷം) അധികാരത്തിലിരുന്ന ഇസ്രയേൽ നേതാവെന്ന പ്രഥമ പ്രധാനമന്ത്രി ഡേവിഡ് ബെൻഗൂരിയന്റെ റെക്കോഡ് മറികടക്കുന്നതും സ്വപ്നം കാണുകയായിരുന്നുവത്രേ. 

പക്ഷേ, ചർച്ചകൾ വിജയിച്ചില്ല. തിരഞ്ഞെടുപ്പിനു ശേഷമുളള ആറാഴ്ചകളാണ് മന്ത്രിസഭാ രൂപീകരണത്തിനുവേണ്ടി അനുവദിച്ചിരുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച (മേയ് 29) അർധരാത്രിയോടെ ആ സമയം കഴിഞ്ഞു. തുടർന്നു ലിക്കുഡ് പാർട്ടിതന്നെ പാർലമെന്റ് പിരിച്ചുവിടാനുള്ള പ്രമേയം അവതരിപ്പിക്കുകയും 45നെതിരെ 74 വോട്ടുകളോടെ അതു പാസ്സാവുകയും ചെയ്തു. 

ഇങ്ങനെ സംഭവിക്കുന്നത് ഇതാദ്യമാണത്രേ. ഏറ്റവും കുറഞ്ഞ കാലം നീണ്ടുനിന്ന ഒരു പാർലമെന്റിന്റെ ജനനത്തിനും മരണത്തിനും അങ്ങനെ ഇൗ വർഷം സാക്ഷ്യംവഹിച്ചു. 

മറ്റൊരാൾ പ്രധാനമന്ത്രിയാകുന്നതു തടയുകയുമാണ് പാർലമെന്റിന്റെ പിരിച്ചുവിടലിലൂടെ നെതന്യാഹു സാധിച്ചെടുത്തത്. ഒരു കക്ഷിയുടെ നേതാവിനു നിശ്ചിത ദിവസങ്ങൾക്കകം മന്ത്രിസഭ ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു കക്ഷിയുടെ നേതാവിനെ അതിനുവേണ്ടി ക്ഷണിക്കാൻ പ്രസിഡന്റിന് അധികാരമുണ്ട്. 

ലിക്കുഡിന്റെ അത്രതന്നെ സീറ്റുകൾ നേടിയ ബ്ളൂ ആൻഡ് വൈറ്റ് പാർട്ടിയുടെ നേതാവ് ബെന്നി ഗാന്റസ് അതിനുവേണ്ടി കാത്തിരിക്കുകയുമായിരുന്നു. എന്നാൽ, പ്രസിഡന്റ് റ്യൂവൻ റിവ്ലിൻ അദ്ദേഹത്തെ ക്ഷണിക്കുന്ന കാര്യം പരിഗണിക്കുന്നതിനുമുൻപ് പാർലമെന്റ്തന്നെ  ഇല്ലാതായി. പാർലമെന്റ് പിരിച്ചുവിട്ട നടപടിക്കു നിയമ സാധുതയുണ്ടെങ്കിലും അതിന്റെ ധാർമികത ചോദ്യംചെയ്യപ്പെടുന്നു. 

avigdor-lieberman
അവിഗ്ദോർ ലീബർമാന്‍

തന്റെ ചില മുൻസഖ്യകക്ഷികളുടെ പിന്തുണ ഇത്തവണയും നേടിയെടുക്കാൻ നെതന്യാഹുവിന് അധികമൊന്നും പ്രയാസപ്പെടേണ്ടിവന്നിരുന്നില്ല. എന്നാൽ, യിസ്രയേൽ ബെയ്തനു നേതാവ് അവിഗ്ദോർ ലീബർമാനുമായുള്ള ചർച്ചകൾ കീറാമുട്ടിയായി. നെതന്യാഹുവിനു കീഴിൽ മുൻപ് വിദേശമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്നു ലീബർമാൻ. 

നിർബന്ധ സൈനിക സേവനം സംബന്ധിച്ച ഒരു നിർദിഷ്ട ബില്ലിന്റെ പേരിലായിരുന്നു തർക്കം. ഇസ്രയേലിലെ യുവാക്കൾക്കു നിശ്ചിതകാലത്തേക്കു സൈനിക സേവനം നിർബന്ധമാണ്. എങ്കിലും, യാഥാസ്ഥിതിക ജൂത സെമിനാരികളിലെ വിദ്യാർഥികളെ അതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതു പാടില്ലെന്നാണ് മതനിരപേക്ഷ കക്ഷിയെന്ന് അവകാശപ്പെടുന്ന യിസ്രയേൽ ബെയ്തനുവിന്റെ നിലപാട്. 

ഇക്കാര്യത്തിൽ തങ്ങളെ പിന്തുണയ്ക്കുകയാണെങ്കിൽ കൂട്ടുമന്ത്രിസഭയിൽ ചേരാമെന്നായിരുന്നു നെതന്യാഹുവിന്റെ മുന്നിൽ ലിബർമാൻ വച്ച ഉപാധി. അതിനു സമ്മതിക്കുകയാണെങ്കിൽ തികച്ചും വ്യത്യസ്തമായ നിലപാടുകളുളള യാഥാസ്ഥിതിക സഖ്യകക്ഷികളുടെ പിന്തുണ നെതന്യാഹുവിന് നഷ്ടപ്പെടുമായിരുന്നു. അവർക്കെല്ലാവർക്കും കൂടി16 സീറ്റുകളാണുണ്ടായിരുന്നത്.  

അതേസമയം, ലീബർമാന്റെ കക്ഷിയിലെ അഞ്ച് അംഗങ്ങളുടെകൂടി പിന്തുണയില്ലെങ്കിൽ നെതന്യാഹുവിനു പാർലമെന്റിൽ കേവലഭൂരിപക്ഷം (61) കിട്ടുകയുമില്ല. ഗത്യന്തരമില്ലാതെ നെതന്യാഹു പ്രതിപക്ഷ ലേബർ പാർട്ടിയെ സമീപിക്കുകയും അവർക്കു പുതിയ ഗവൺമെന്റിൽ പ്രധാന വകുപ്പുകൾ വാഗ്ദാനം ചെയ്യുകപോലുമുണ്ടായി. 

പക്ഷേ, അവർ സഹകരിച്ചില്ല. അതോടെയാണത്രെ പാർലമെന്റ് പിരിച്ചുവിടാനും പുതിയ തിരഞ്ഞെടുപ്പ് നടത്താനും നെതന്യാഹു തയാറായത്. ഭീമമായ ചെലവു വരുന്ന രണ്ടാമതൊരു തിരഞ്ഞെടുപ്പ് കൂടി കഷ്ടിച്ച് ആറു മാസങ്ങൾക്കിടയിൽ നടക്കുന്നതു ജനങ്ങൾക്കിടയിൽ അതൃപ്തിക്കും രോഷത്തിനും കാരണമായതായി മാധ്യമ വാർത്തകൾ സൂചിപ്പിക്കുന്നു. ഇതിനുത്തരവാദി നെതന്യാഹവും ലിബർമാനുമാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ഇരുവരും പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്യുന്നു. 

പ്രധാനമന്ത്രിപദത്തിൽ ലീബർമാനും കണ്ണുണ്ടെന്നതു രഹസ്യമല്ല. ഗുരുതരമായ അഴിമതിയാരോപണങ്ങളെ നേരിടുന്ന നെതന്യാഹുവിന്റെ കൈകളിൽനിന്ന് അതു തട്ടിയെടുക്കാനുളള സുവർണാവസരമാണ് അടുത്തു വരുന്നതെന്നും അദ്ദേഹം കരുതുകയാണത്രേ. 

സോവിയറ്റ് യൂണിയന്റെ കാലത്തു റഷ്യയിൽനിന്നു കൂട്ടത്തോടെ ഇസ്രയേലിൽ കുടിയേറിയവരിൽ ഒരാളാണ് അറുപതുകാരനായ ലീബർമാൻ. ആദ്യം ലിക്കുഡ് പാർട്ടിയിലായിരുന്നു. സ്വന്തം പാർട്ടിയുണ്ടാക്കിയ ശേഷം നെതന്യാഹുവിന്റെ കൂട്ടുമന്ത്രിസഭയിൽ ചേർന്നു. പലസ്തീൻകാരോടുള്ള സമീപനത്തിൽ നെതന്യാഹുവിനേക്കാൾ കാർക്കശ്യം പുലർത്തിവരികയുമായിരുന്നു. അതിന്റെ പേരിൽ നെതന്യാഹുവുമായി പലതവണ ഇടയുകയുമുണ്ടായി. 

പ്രധാനമന്ത്രി പദത്തിൽ തുടരുകയെന്നത് നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം ഏതാണ്ടൊരു ജീവന്മരണ പ്രശ്നമായിരിക്കുമ്പോഴാണ് പുതിയ രാഷ്ട്രീയ സംഭവവികാസം. ഗുരുതരമായ മൂന്ന് അഴിമതിക്കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളത്. അവയുടെ പേരിൽ അദ്ദേഹത്തിന്റെ മേൽ കുറ്റം ചുമത്തുന്നതിനു മുൻപുളള വിചാരണ ഒക്ടോബറിൽ നടക്കാൻ പോവുകയാണ്. 

കുറ്റക്കാരനാണെന്നു വിധിയുണ്ടാവുകയാണെങ്കിൽ പത്തു വർഷംവരെ ജയിലിൽ കിടക്കേണ്ടിവരും. ആരോപണങ്ങൾ നെതന്യാഹു ശക്തമായി നിഷേധിക്കുകയും ചില മാധ്യമങ്ങളുടെ സഹായത്തോടെ ഇടതുപക്ഷക്കാർ നടത്തുന്ന യക്ഷിവേട്ടയാണിതെന്നു കുറ്റപ്പെടുത്തുകയും ചെയ്യുന്നു. 

അധികാരത്തിലിരിക്കുന്നിടത്തോളം കാലം പ്രധാനമന്ത്രിക്ക് ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിൽനിന്നു സംരക്ഷണം നൽകുന്ന ഒരു നിയമം ഇൗ പാർലമെന്റിൽതന്നെ പാസ്സാക്കിയെടുക്കാനും നെതന്യാഹുവിന്റെ പാർട്ടിക്കു പ്ളാനുണ്ടായിരുന്നു. പക്ഷേ, സഭ പിരിച്ചുവിടേണ്ടിവന്നതിനാൽ ആ പരിപാടി അവതാളത്തിലായി. 

മുൻ പട്ടാളത്തലവൻ ജനറൽ ബെന്നി ഗാന്റ്സിന്റെ (59) നേതൃത്വത്തിലുളള ബ്ളൂ ആൻഡ് വൈറ്റ് പാർട്ടി നെതന്യാഹുവിന്റെ ഉറക്കം കെടുത്തുകയാണെന്നും പല നിരീക്ഷകരും കരുതുന്നു. പുതിയ പാർട്ടിയായിരുന്നിട്ടും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവർ നെതന്യാഹുവിന്റെ ലിക്കുഡിന്റെ അത്രതന്നെ  സീറ്റുകൾ നേടുകയുണ്ടായി. സെപ്റ്റംബറിലെ തിരഞ്ഞെടുപ്പിൽ അവർ അദ്ദേഹത്തിനെതിരെ കൂടുതൽ ശക്തമായ വെല്ലുവിളി ഉയർത്തിയേക്കാമെന്നാണ്  സൂചനകൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA