sections
MORE

30 വർഷം മുൻപ് ജൂൺ നാലിന്

HIGHLIGHTS
  • കൊല്ലപ്പെട്ടതു പതിനായിരം പേർ
  • ടാങ്കുകൾക്കു മുന്നിൽ ഒരു മനുഷ്യൻ
911944416
ജൂൺ നാലിനു ടിയനൻമെൻ ചത്വരത്തിൽ ബാക്കിയായതു ചോരയിൽ കുളിച്ച ആയിരക്കണക്കിനു മൃതദേഹങ്ങൾ. ചൈനീസ് യുവാക്കളുടെ ഒന്നര മാസം നീണ്ട ുനിന്ന ജനാധിപത്യ സ്വപ്നങ്ങളും അവയോടൊപ്പം കുഴിച്ചുമൂടപ്പെട്ടു
SHARE

ചൈനയിൽ അതറിയപ്പെടുന്നതു ജൂൺ നാലിലെ സംഭവമെന്നാണ്. വാസ്തവത്തിൽ മുപ്പതു വർഷം മുൻപ് (1989ൽ) ആ ദിവസം നടന്നത് ലോകത്തെ മുഴുവൻ നടുക്കിയ ഒരു കൂട്ടക്കൊലയായിരുന്നു. 

തലസ്ഥാനമായ ബെയ്ജിങ് നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ടിയനൻമെൻ ചത്വരത്തിൽ തടിച്ചുകൂടിയിരുന്ന യുവാക്കളുടെ നേരെ ചൈനീസ് പട്ടാളം നിറതോക്കുകൾ ഒഴിച്ചു. അവരുടെ മേൽ ടാങ്കുകൾ ഓടിച്ചുകയറ്റി. ഔദ്യോഗിക കണക്ക് ഇപ്പോഴും ലഭ്യമല്ലെങ്കിലും പതിനായിരത്തിലേറെപേർ മരിച്ചുവെന്നാണ് കരുതപ്പെടുന്നത്. പരുക്കേറ്റവരും ഏറെ.

അവരുടെ കുറ്റം ഇതു മാത്രമായിരുന്നു: ജനാധിപത്യവും പൗരാവകാശവും ആഗ്രഹിക്കുകയും അതിനുവേണ്ടി ശബ്ദമുയർത്തുകയും ചെയ്തു. പക്ഷേ, ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടത്തിന് അതു സഹിക്കാനായില്ല. തങ്ങളുടെ മേധാവിത്തത്തെ അട്ടിമറിക്കാനുള്ള പ്രതിവിപ്ളവ ശ്രമമായി അവർ അതിനെകണ്ടു. 

അങ്ങനെയാണ് സ്വന്തം ജനങ്ങളെ നിഷ്ക്കരുണം കുട്ടക്കൊല ചെയ്യാൻ അവർ പട്ടാളത്തിന് ഉത്തരവു നൽകിയത്. അതിനു ഏതാണ്ട്് 40 വർഷം മുൻപ് അവരുടെ നേതാവ് മാവോ സെദൂങ്  കമ്യൂണിസ്റ്റ് ഭരണം പ്രഖ്യാപിച്ചതും ചൈനയുടെ സുപ്രധാന മുഖമുദ്രയായ, നാലര ലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന അതേ ചത്വരത്തിൽവച്ചായിരുന്നു. 

കഴിഞ്ഞ നാലു പതിറ്റാണ്ടുകൾക്കിടയിൽ ചൈനയിലെ സാമ്പത്തിക-സാമൂഹിക രംഗങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ അഭൂതപൂർവമാണ്. അമേരിക്കയുടെ തൊട്ടുപിന്നിൽ ചൈന ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി. അതേ സമയം, സമാനമായ മാറ്റങ്ങൾ രാഷ്ഗ്രീയ രംഗത്തും നടപ്പാക്കാൻ ചൈനീസ് നേതാക്കൾക്ക്്  ഇപ്പോഴും ധൈര്യമില്ല. അധികാരം കൈവിട്ടുപോകുമോയെന്നാണ് ഭയം.  

ടിയനൻമെൻ കൂട്ടക്കൊല പോലുള്ള രാഷ്ട്രീയ സംഭവങ്ങൾ ജനങ്ങൾ ചർച്ചചെയ്യുന്നതും ഓർമിക്കുന്നതുപോലും നിഷിദ്ധമാണ്. പതിനായിരംപേരുടെ കൂട്ടക്കുരുതിയാണ് വെറും ജൂൺ നാലിലെ സംഭവം എന്ന പരാമർശത്തിൽ ഒതുക്കിനിർത്തിയിരിക്കുന്നത്. 

ഈ സംഭവം ആചരിക്കപ്പെടുന്നതു തടയാനായി ഓരോ വർഷവും ജൂൺ ആദ്യത്തിൽ കൂട്ടത്തോടെയുളള അറസ്റ്റുകളും പതിവാണ്. മരിച്ചവരുടെ ഓർമയ്ക്കുവേണ്ടി അവരുടെ ബന്ധുക്കൾ നടത്തുന്ന സ്വകാര്യ ചടങ്ങുകൾക്കുപോലും വിലക്കുണ്ട്.

മാവോയുടെ മരണത്തിനുശേഷം പാർട്ടിയുടെ നേതൃത്വം കരസ്ഥമാക്കിയ ഡെങ് സിയാവോ പിങ്ങായിരുന്നു 1978 മുതൽക്കുളള സാമ്പത്തിക പരിഷ്ക്കാരങ്ങളുടെ ശിൽപ്പി. അദ്ദേഹത്തിന്റെ വിശ്വസ്ത സഹപവർത്തകൻ  ഹൂ യാവോബാങ് പാർട്ടിയുടെ ചെയർമാനും ജനറൽ സെക്രട്ടറിയുമെന്ന നിലയിൽ ആ പരിഷ്ക്കാരങ്ങൾ നടപ്പാക്കുന്നതിൽ മുഖ്യപങ്കു വഹിച്ചു. ക്രമാനുഗതമായ മാറ്റങ്ങൾ രാഷ്ഗ്രീയ രംഗത്തും അദ്ദേഹം നടപ്പാക്കുന്നതു കാത്തിരിക്കുകയായിരുന്നു പലരും. 

പക്ഷേ, പാർട്ടിയിലെ തന്നെ പല പ്രമുഖർക്കും ഇതൊന്നും ഇഷ്ടമായിരുന്നില്ല. അവരുടെ എതിർപ്പ് കാരണം ഹൂവിനു 1987ൽ പാർട്ടിയുടെ നേതൃസ്ഥാനം ഒഴിയേണ്ടിവന്നു.  രണ്ടു വർഷത്തിനുശേഷം  ഏപ്രിൽ 15നു അദ്ദേഹം പെട്ടെന്നു ഹൃദയാഘാതം മൂലം മരിക്കുകയും ചെയ്തു. 

അതിനുശേഷമുള്ള രണ്ടാം ദിവസമായിരുന്നു വാസ്തവത്തിൽ ടിയനൻമെൻ പ്രക്ഷോഭത്തിന്റെ തുടക്കം. ഹൂവിനുണ്ടായ ദുരനുഭവങ്ങളിൽ ദുഃഖിതരായ നൂറുകണക്കിനാളുകൾ-അധികവും യുവാക്കൾ-അദ്ദേഹത്തിന്  ആദരാജ്ഞലികൾ അർപ്പിക്കാനായി ചത്വരത്തിൽ തടിച്ചുകൂടി. ആധുനിക ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു സംഭവത്തിലാണ് തങ്ങൾ പങ്കാളികളാകാൻ പോകുന്നതെന്ന്് അവരിലാരും അന്നു സങ്കൽപ്പിക്കുകപോലും ചെയ്തിട്ടുണ്ടാവില്ല. 

തുടർന്നുള്ള ദിവസങ്ങളിൽ വേറെയും ആളുകൾ അവരോടൊപ്പം ചേർന്നതോടെ ജനാധിപത്യവും പൗരാവകാശങ്ങളും ആവശ്യപ്പെട്ടുകൊണ്ടുള്ള മുദ്രാവാക്യങ്ങൾ മുഴങ്ങാൻ തുടങ്ങി. വിലക്കയറ്റത്തിനും അഴിമതിക്കും എതിരായ രോഷവും അവരുടെ മുദ്രാവാക്യങ്ങളിൽ അലയടിച്ചു. ചർച്ചയ്ക്കുവേണ്ടി പ്രധാനമന്ത്രി ലി പെംഗിനെ കാണണമെന്ന് അവർ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം അതിനു തയാറായില്ല. 

അതിനിടയിൽ പ്രക്ഷോഭം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടർന്നുപിടിക്കുകയും എല്ലായിടത്തും പ്രകടനക്കാരുടെ എണ്ണം വർധിക്കുകയും ചെയ്തു. ഒട്ടേറെ പേർ നിരാഹാര സമരവും തുടങ്ങി. 

പ്രകടനക്കാരിൽ ചിലർ കടലാസ്സും ഫോം റബറും ഉപയോഗിച്ച് ഒരു പ്രതിമയുണ്ടാക്കുകയും അതിനു ‘ജനാധിപത്യ ദേവത’യെന്ന പേരിടുകയും ചെയ്തു. ചത്വരത്തോടു ചേർന്നുള്ള ഗ്രേറ്റ് ഹാൾ ഓഫ് ദ് പീപ്പിളിന്റെ ഭിത്തിയിൽ ഘടിപ്പിച്ച  മാവോചിത്രത്തിനു സമീപംതന്നെ അതു സ്ഥാപിക്കുകയും ചെയ്തു. 

പാർട്ടിയിലെ കടുംപിടിത്തക്കാരെയും പാർട്ടിയുടെ ഔദ്യാഗിക പത്രമായ പീപ്പിൾസ് ഡെയ്ലിയെയും ഇതു രോഷം കൊള്ളിച്ചു. പ്രകടനക്കാർക്കെതിരെ ഉടൻ കർശന നടപെടിയെടുക്കണമെന്നു പത്രം ഗവൺമെന്റിനോട് ആവശ്യപ്പെടുകയും ചെയ്തതോടെ  സ്ഥിതിഗതികൾ കൂടുതൽ സംഘർഷഭരിതമായി.

607883890

ഈ അന്തരീക്ഷത്തിലായിരുന്നു മേയ് മധ്യത്തിൽ സോവിയറ്റ് പ്രസിഡന്റ് മിഖെയിൽ ഗോർബച്ചോവിന്റെ ചൈനാ സന്ദർശനം. മുപ്പതു വർഷത്തിനിടയിൽ ആദ്യമായി സോവിയറ്റ്ചൈനീസ് നേതാക്കൾ തമ്മിലുളള ഉച്ചകോടി നടക്കുകയായിരുന്നു. ഇരു കമ്യൂണിസ്റ്റ് രാജ്യങ്ങൾക്കും ഇടയിലുണ്ടായ അസ്വാരസ്യങ്ങൾ പറഞ്ഞു തീർക്കുകയായിരുന്നു ലക്ഷ്യം. 

പക്ഷേ, ഗോർബച്ചോവിന്റെ സന്ദർശനം ചൈനീസ് നേതാക്കളെ സംബന്ധിച്ചിടത്തോളം അനവസരത്തിലായി. ടിയനൻമെൻ ചത്വരം യുവാക്കൾ കൈയടക്കിയതു കാരണം വിശിഷ്ഗാതിഥിയെ പതിവുപോലെ അവിടെ സ്വീകരിക്കാനായില്ല. 

മാത്രമല്ല, സോവിയറ്റ് നേതാവിന്റെ ബെയ്ജിങ്ങിലെ സാന്നിധ്യം അപ്രതീക്ഷിത ഫലുണ്ടാക്കുന്നതും അവർക്കു കാണേണ്ടിവന്നു. ഗ്ളാസ്ത്നസ്ത്, പെരിസ്ട്രോയിക എന്നീ പേരുകളിലുള്ള അഭൂതപൂർവമായ സാമ്പത്തിക-രാഷ്ഗ്രീയ പരിഷ്ക്കാരങ്ങൾക്കു സ്വന്തം നാട്ടിൽ തുടക്കം കുറിച്ചിരിക്കുകയായിരുന്നു  ഗോർബച്ചോവ്. 

അത്തരം മാറ്റങ്ങൾ സ്വപ്നം കണ്ടിരുന്ന ചൈനീസ് യുവാക്കളെ ബെയ്ജിങ്ങിലെ അദ്ദേഹത്തിന്റെ സാന്നിധ്യം ആവേശഭരിതരാക്കിയതിൽ അൽഭുതമുണ്ടായിരുന്നില്ല.  സോവിയറ്റ് നിയന്ത്രണത്തിലുള്ള കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ പൊതുവിൽ കമ്യൂണിസ്റ്റ് സമഗ്രാധിപത്യം അകത്തുനിന്നുതന്നെയുള്ള വെല്ലുവിളികളെ നേരിടാൻ തുടങ്ങിയ സമയവുമായിരുന്നു അത്. 

ടിയനൻമെൻ ചത്വരത്തിലെ പ്രകടനക്കാരുടെ എണ്ണം പത്തു ലക്ഷംവരെയായി. മേയ് 19നു കമ്യൂണിസ്റ്റ് പാർട്ടി തലവൻ സാവോ സിയാങ്ങും പിൽക്കാലത്ത് അദ്ദേഹത്തിന്റെ പിൻഗാമിയായ വെൻ ജിയാബാവോയും പ്രകടനക്കാരെ കണ്ടതു വൈകിയുദിച്ച വിവേകമായിരുന്നു. ‘‘ഞങ്ങൾ വരാൻ വൈകിപ്പോയി. ഞങ്ങൾക്കതിൽ ദുഃഖമുണ്ട ്’’ എന്നു സാവോ പറഞ്ഞുവത്രേ. പക്ഷേ, തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ സംബന്ധിച്ച് ഉറപ്പുകിട്ടുന്നതുവരെ പിരിഞ്ഞുപോകാൻ പ്രകടനക്കാർ കൂട്ടാക്കിയില്ല. 

ഹൂ യാവോബാങ്ങിനെപ്പോലെ തന്നെ കമ്യൂണിസ്റ്റ് പാർട്ടിയിലെ പുരോഗമനവാദികളിൽ ഒരാളായിരുന്നു സാവോ സിയാങ്ങും. ഹൂവിനെപ്പോലെ അദ്ദേഹവും പിന്നീടു നേതൃസ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ടു. പോളിറ്റ് ബ്യൂറോ അംഗത്വവും നഷ്ടപ്പെട്ടു. 2005ൽ മരിക്കുന്നതുവരെ വീട്ടുതടങ്കലിലുമായി.   

മേയ് 20നു ബെയ്ജിങ്ങിന്റെ പല ഭാഗങ്ങളിലും പട്ടാള നിയമം  നടപ്പാവുകയും പട്ടാളം ശക്തിപ്രകടനം നടത്തുകയും ചെയ്തു. ചില സ്ഥലങ്ങളിൽ പട്ടാളത്തിനെതിരെയും പ്രകടനങ്ങളുണ്ടായി. 

ജൂൺ രണ്ടിനായിരുന്നു പ്രക്ഷോഭത്തെ സൈനിക ബലം ഉപയോഗിച്ച് അടിച്ചമർത്താനുള്ള തീരുമാനം. പാർട്ടി ജനറൽ സെക്രട്ടറി സാവോ യിയാങ് അതിനെ എതിർത്തു. അദ്ദേഹം സ്ഥാനഭ്രഷ്ടനാകാനും വീട്ടുതടങ്ങലിലാകാനും കാരണം അതായിരുന്നു. 

പിറ്റേന്നു ടാങ്കുകളും കവചിത വാഹനങ്ങളുമായി ആയിരക്കണക്കിനു പട്ടാളക്കാർ നഗരമധ്യത്തിൽ പ്രത്യക്ഷപ്പെട്ടതോടെ ജനങ്ങൾ ബാരിക്കേഡുകളുമായി അവരെ തടഞ്ഞാൻ ശ്രമിച്ചു. ജനങ്ങളും പട്ടാളവും തമ്മിൽ ഏറ്റുമുട്ടി.  

ജൂൺ നാലിനു കാലത്തു പട്ടാളം ടാങ്കുകളുമായി രണ്ടു ഭാഗങ്ങളിൽ നിന്നായി ടിയനൻമെൻ ചത്വരത്തിൽ കയറുകയും ശത്രുസൈന്യത്തെയെന്ന പോലെ പ്രകടനക്കാരെ ആക്രമിക്കുകയും ചെയ്തു. പലരും പട്ടാളത്തിന്റെ വെടിയുണ്ടകൾക്കിരയായപ്പോൾ മറ്റു പലരും ടാങ്കുകൾക്കിടിയിൽപ്പെട്ടു ചതഞ്ഞരഞ്ഞു മരിച്ചു. ജനങ്ങളുടെ പ്രത്യാക്രമണത്തിൽ ഏതാനും പട്ടാളക്കാരും കൊല്ലപ്പെട്ടു. 

ആ ദിവസം നേരം പുലർന്നപ്പോഴേക്കും ടിയനൻമെൻ ചത്വരത്തിൽ ബാക്കിയായതു ചോരയിൽ കുളിച്ച മൃതദേഹങ്ങൾ മാത്രം. ചൈനീസ് യുവാക്കളുടെ ഒന്നര മാസം നീണ്ടുനിന്ന ജനാധിപത്യ സ്വപ്നങ്ങളും  അവയോടൊപ്പം കുഴിച്ചുമൂടപ്പെട്ടു. 

അവശേഷിച്ചവരിൽ ഒട്ടേറെ പേർ അന്നും തുടന്നുളള ദിവസങ്ങളിലുമായി അറസ്റ്റിലായി. അവരിൽ പലരും ദീർഘകാലത്തേക്കു ജയിലിൽ അടക്കപ്പെട്ടു. മറ്റനേകം പേർ ഹോങ്കോങ് വഴി മറുനാടുകളിലേക്കു രക്ഷപ്പെട്ടു.

standing-man-tiananmen

ടിയനൻമെൻ കൂട്ടക്കൊലയുടെ പിറ്റേന്നു കണ്ടത് അവിശ്വസനീയമായ  മറ്റൊരു കാഴ്ചയായിരുന്നു. തെരുവിലൂടെ മുന്നേറുന്ന ടാങ്കുകൾക്കു മുന്നിൽ, ഇരു കൈകളിലും സഞ്ചികൾ തൂക്കിപ്പിടിച്ച്്  ഒരു മെലിഞ്ഞ മനുഷ്യൻ വെല്ലുവിളിക്കുന്ന വിധത്തിൽ ഒറ്റയ്ക്കു നിൽക്കുന്നു. അസോഷിയേറ്റ്ഡ് പ്രസ് വാർത്താ ഏജൻസിയുടെ ഫൊട്ടോഗ്രാഫർ ജെഫ് വൈഡ്നർ  തന്റെ ക്യാമറയിൽ ഒപ്പിയെടുത്ത ആ ദൃശ്യം എക്കാലത്തെയും അവിസ്മരണീയ ചിത്രങ്ങളിലൊന്നായി. 

സൈനിക ശക്തിക്കുമുന്നിൽ പതറാതെനിന്ന ചൈനീസ് യുവത്വത്തിന്റെ ഉജ്ജ്വല പ്രതീകമായിത്തീർന്നു ആ മനുഷ്യൻ. അയാൾ ആരാണ് ? അയാൾക്കു പിന്നീട് എന്തു സംഭവിച്ചു ? മുപ്പതു വർഷങ്ങൾക്കുശേഷവും ഈ ചോദ്യങ്ങൾക്ക് ഉത്തരമില്ല. ചൈനയെപ്പോലുളള ഒരു സമഗ്രാധിപത്യ രാജ്യത്തു ഭരണകൂടത്തിന് അനിഷ്ടകരമായ  ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുമെന്നു സാധാരണ ഗതിയിൽ ആരും പ്രതീക്ഷിക്കുകയുമില്ല. 

(അപ്ഡേറ്റ്് : ഫിലിപ്പീൻസും കാനഡയും തമ്മിലുണ്ടായ മാലിന്യ പ്രശ്നം ഒത്തുതീർന്നു. (ചീഞ്ഞുനാറുന്ന ഒരു രാജ്യാന്തര പ്രശ്നം, വിദേശരംഗം, 2019 മേയ് 21).മാലിന്യം അടങ്ങിയ 69 കണ്ടെയ്നറുകൾ ഫിലിപ്പീൻസിലെ സുബിക് ബേ തുറമുഖത്തുനിന്നു മേയ് 31 നു കാനഡയിലെ വാൻകുവറിലേക്കു കപ്പൽ കയറ്റിവിട്ടു. ജൂൺ അവസാനത്തോടെ അവിടെയെത്തും. പ്രതിഷേധ സൂചകമായി കാനഡയിൽനിന്നു നയതന്ത്ര പ്രതിനിധികളെ മടക്കിവിളിച്ച ഫിലിപ്പീൻസ് അവരെ തിരിച്ചയക്കാനും തീരുമാനിച്ചു.) 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA