sections
MORE

'ചരിത്രം' സൃഷ്ടിക്കുന്ന ഡോണൾഡ് ട്രംപ്

HIGHLIGHTS
  • ഒന്നര വർഷത്തിനിടയിൽ മൂന്ന് ഉച്ചകോടി
  • കാതലായ പ്രശ്നം ബാക്കി
trum-kim-meet-at-nk
അടുത്ത വർഷം നംബറിൽ നടക്കുന്നപ്രസിഡന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇപ്പോൾ തന്നെ നാടകം കളിക്കുന്നു. ട്രംപിന്റെ ഉത്തര കൊറിയാ സന്ദർശനത്തെപലരും വിലയിരുത്തുന്നത് ഇങ്ങനെയാണ്.
SHARE

ഇനി അവശേഷിക്കുന്നത് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ വൈറ്റ്ഹൗസ് സന്ദർശനമാണ്. ഡോണൾഡ് ട്രംപ് ഉത്തര കൊറിയയിൽ കാലെടുത്തു വയ്ക്കുകയും അങ്ങനെ ചെയ്യുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാവുകയും ചെയ്തുകഴിഞ്ഞു. അമേരിക്ക സന്ദർശിക്കുന്ന ആദ്യത്തെ ഉത്തര കൊറിയൻ നേതാവാകാനുള്ള കിമ്മിന്റെ ഉൗഴമാണ് ഇനി.

കിമ്മിനെ ട്രംപ് വൈറ്റ്ഹൗസിലേക്കു ക്ഷണിക്കുകയും കിം ക്ഷണം സ്വീകരിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഉത്തര കൊറിയൻ ഏകാധിപതിയുടെ സന്ദർശനം അടുത്തെങ്ങാനും നടക്കുമെന്നു  ട്രംപോ മറ്റാരെങ്കിലുമോ പ്രതീക്ഷിക്കുന്നില്ല. കാരണങ്ങൾ പലതാണ്. 

ട്രംപും കിമ്മും തമ്മിലുള്ള ഏതാണ്ട് ഒരു വർഷംമാത്രം പഴക്കംചെന്ന വ്യക്തിബന്ധം ഇതിനകം വളരെയേറെ ശക്തിപ്രാപിച്ചിട്ടുണ്ടെന്നതു ശരിതന്നെ. ഇരുവരും തമ്മിലുള്ള കത്തിടപാടുകളെ "പ്രേമലേഖനങ്ങൾ' എന്നാണ് ട്രംപ് വിശേഷിപ്പിക്കുന്നതും. പക്ഷേ, അമേരിക്കയും ഉത്തര കൊറിയയും തമ്മിലുളള തർക്കങ്ങൾ പരിഹരിക്കാനുളള ശ്രമങ്ങളിൽ പുരോഗതിയൊന്നുമില്ല. ഒത്തുതീർപ്പുണ്ടാകുമോ, എങ്കിൽ എപ്പോൾ എന്നീ കാര്യങ്ങളിൽ ആർക്കും വ്യക്തതയുമില്ല. 

കിമ്മിനു ദീർഘദൂര വിദേശയാത്രകൾ നടത്തി ശീലമില്ലെന്നതാണ് മറ്റൊരു പ്രശ്നം. സ്വന്തം സുരക്ഷയുടെ കാര്യത്തിൽ അതീവ നിഷ്ക്കർഷയുള്ള ആളായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. അതിനാൽ, ഏറ്റവും അടുത്ത സുഹൃദ് ബന്ധം പുലർത്തുന്ന ചൈനയിലും റഷ്യയിലും പോലും പോയതു കനത്ത സുരക്ഷാസംവിധാനങ്ങളുളള ട്രെയിനിലായിരുന്നു.

ട്രംപുമായുളള രണ്ടാം ഉച്ചകോടിക്കുവേണ്ടി ്രെബഫുവരിയിൽ കിം വിയറ്റ്നാമിലെ ഹാനോയിൽ എത്തിയതും തഥൈവ. പക്ഷേ,  കടലിനുമപ്പുറം കിടക്കുന്ന അമേരിക്കയുടെ തലസ്ഥാന നഗരിയിലേക്കു പോകാൻ ട്രെയിൻ മതിയാവില്ല. 

ഏതായാലും, ഒന്നര വർഷംമുൻപ് വരെ ആർക്കും സങ്കൽപ്പിക്കാൻ കഴിയാതിരുന്ന കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച (ജൂൺ 30) യുഎസ് പ്രസിഡന്റ് ഉത്തര കൊറിയയിൽ കാലെടുത്തുവച്ചത് അത്തരമൊരു "ചരിത്ര' സംഭവമായി എണ്ണപ്പെടുന്നു. 

Trump-Kim

ജപ്പാനിലെ ഒസാക്കയിൽ നിന്നായിരുന്നു അതിന്റെ തുടക്കം. അവിടെ ജി20 ഉച്ചകോടിയിൽ സംബന്ധിക്കാൻ എത്തിയതായിരുന്നു ട്രംപ്. മടക്കയാത്രയിൽ ദക്ഷിണ കൊറിയയിലെ സോളിൽ ഇറങ്ങി അവിടത്തെ പ്രസിഡന്റ് മൂൺ ജേയ് ഇന്നുമായി സംസാരിക്കാനും പരിപാടിയുണ്ടായിരുന്നു. അതോടൊപ്പം ഉത്തര കൊറിയൻ നേതാവിനെ ഒരിക്കൽകൂടി കണ്ടു "ഹലോ' പറയുകയും ഹസ്തദാനം നടത്തുകയും ചെയ്യാമെന്നൊരു തോന്നൽ. 

ഇരു കൊറിയകൾക്കും ഇടയിലുള്ള നിസൈ്സനീകൃത മേഖലയിൽ വച്ച് കൂടിക്കാഴ്ച നടത്താനാവുമോ എന്നു  ട്വിറ്ററിലൂടെ ട്രംപ്് നേരിട്ടു കിമ്മിനോടുതന്നെ ആരായുകയായായിരുന്നു. കിമ്മിനു സമ്മതവും സന്തോഷവും.  പ്രാദേശിക സമയം വൈകീട്ട് 3.45ന് നിസൈ്സനീകൃത മേഖലയിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റിനോടൊപ്പം എത്തിയ ട്രംപിനെ കിം തുറന്ന ചിരിയോടെ സ്വീകരിച്ചു. 

അവിടെനിന്നു ട്രംപ് കിമ്മിനോടൊപ്പം കോൺക്രീറ്റ് തറയിലൂടെ പത്തിരുപതു ചുവടുകൾ മുന്നോട്ടുവച്ചതോടെ ഉത്തര കൊറിയൻ മണ്ണിലെത്തി. അവിടെ ഹസ്തദാനം നൽകിയും പരസ്പരം പുറത്തു തട്ടിയും ഏതാനും നിമിഷം. അതായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ  "ചരിത്ര'പ്രധാനമായ ഉത്തര കൊറിയാ സന്ദർശനം. 

അതിനുശേഷം ഇരുവരും നിസൈ്സനീകൃത മേഖലയിലെ പാൻമുൻജോൻ സമാധാന ഗ്രാമത്തിലേക്കു നീങ്ങുകയും 50 മിനിറ്റ്നേരം സംസാരിക്കുകയും ചെയ്തു. ഉത്തര കൊറിയൻ മണ്ണിൽ കാലെടുത്തുവച്ചതിനെ ഒരു "വലിയ ബഹുമതി' എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് ട്രംപ് നാട്ടിലേക്കു മടങ്ങിയത്. 

ബറാക് ഒബാമ ഉൾപ്പെടെയുള്ള തന്റെ ഒരു ഡസനോളം മുൻഗാമികളിൽ ആർക്കും കഴിയാതിരുന്നതാണ് ഇതെന്നു ട്രംപ് അഭിമാനിക്കുന്നുണ്ടാവും. ദക്ഷിണ കൊറിയയുടെ അതിർത്തിയിലെ മതിലിന്മേൽ കയറിനിന്നു ബൈനോക്കുലറിലൂടെ ഉത്തര കൊറിയയിലേക്ക് എത്തിനോക്കുകയായിരുന്നു അവരിൽ പലരും. 

പിൽക്കാലത്തു ജിമ്മി കാർട്ടറും ബിൽ ക്ളിന്റനും ഉത്തര കൊറിയ സന്ദർശിക്കുകയുണ്ടായി. പക്ഷേ, അപ്പോഴേക്കും അവർ അധികാരത്തിൽനിന്നു വിരമിച്ചുകഴിഞ്ഞിരുന്നു. 

രണ്ടാമതും തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സമയം അടുത്തുകൊണ്ടിരിക്കേ, വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ നടത്തിയ മറ്റൊരു നാടകം. അങ്ങനെയാണ് ട്രംപിന്റെ ഉത്തര കൊറിയാ സന്ദർശനത്തെ പല നിരീക്ഷകരും വിലയിരുത്തുന്നത്.  

us-president-trump

ഇത്തരം കൂടിക്കാഴ്ചകൾകൊണ്ടു നയതന്ത്രരംഗത്തു ട്രംപിനേക്കാളേറെ നേട്ടമുണ്ടായിരിക്കുന്നതു കിമ്മിനാണെന്നും അവർ കരുതുന്നു. സ്വന്തം നാട്ടിൽ തന്റെ ഏകാധിപത്യത്തിന്റെ അടിത്തറ ഭദ്രമാക്കാൻ ഇതെല്ലാം കിം സമർഥമായി ഉപയോഗിക്കുകയാണെന്നു കരുതുന്നവരുമുണ്ട്. 

വാസ്തവത്തിൽ തന്റെ മുൻഗാമികൾക്കു-സ്വന്തം പിതാവിനും പിതാമഹനും-സ്വപ്നം കാണാൻ പോലും കഴിയാതിരുന്ന വിധത്തിലുള്ള മാന്യതയും അംഗീകാരവും പരിഗണനയുമാണ് ട്രംപുമായുള്ള ചങ്ങാത്തത്തിലൂടെ കിം ഇതിനകം കരസ്ഥമാക്കിക്കഴിഞ്ഞിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിൽ സിംഗപ്പൂരിൽ നടന്ന ആദ്യത്തെ ഉച്ചകോടിയോടെയായിരുന്നു അതിന്റെ തുടക്കം. 

കിമ്മിനെ പ്രീണിപ്പിക്കാനുളള ശ്രമത്തിൽ അദ്ദേഹത്തെ മഹാനായ നേതാവ്, അസാമാന്യ വ്യക്തി, മിടുക്കൻ എന്നൊക്കെ ട്രംപ് വിശേഷിപ്പിച്ചുകൊണ്ടുമിരുന്നു. ഉത്തര കൊറിയയിൽ നടന്നുവരുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചെല്ലാം അദ്ദേഹം പൂർണ നിശ്ശബ്ദത പാലിക്കുകയും ചെയ്തു.  

ഉത്തര കൊറിയയുടെ ആണവ-മിസൈൽ പരിപാടികൾ അവസാനിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് കിമ്മുമായ നേരിൽ കാണാൻ ട്രംപ് മുന്നോട്ടുവന്നത്. അമേരിക്കയുമായി ഒത്തുതീർപ്പുണ്ടാക്കാൻ കിമ്മും ആഗ്രഹിക്കുകയായിരുന്നു. കാരണം, ആണവ, മിസൈൽ പരീക്ഷണങ്ങളെ തുടർന്നു യുഎൻ രക്ഷാസമിതി നടപ്പാക്കിയ ഉപരോധങ്ങൾ ഉത്തര കൊറിയയെ ഞെരുക്കുകയാണ്. അതിൽനിന്നു രക്ഷപ്പെടാനുള്ള വഴി തേടുകയായിരുന്നു കിം.  

അതിന്റെഫലമായിരുന്നു സിംഗപ്പൂർ ഉച്ചകോടി. പക്ഷേ, അതവസാനിച്ചത് അവ്യക്തവും അപൂർണവുമായ ഒരു കരാറിനു രൂപം നൽകിക്കൊണ്ടായിരുന്നു. കൊറിയൻ അർധദ്വീപ് ആണവ വിമുക്തമാക്കാൻ നടപടികൾ എടുക്കുമെന്ന ഒഴുക്കൻ മട്ടിലുളള പ്രഖ്യാപനമായിരുന്നു അതിന്റെ കാതൽ. എട്ടുമാസങ്ങൾക്കുശേഷം ഇൗ വർഷം ്രെബഫുവരിയിൽ വിയറ്റ്നാമിലെ ഹാനോയിൽ നടന്ന രണ്ടാം ഉച്ചകോടി സമാപിച്ചതു കരാർതന്നെയില്ലാതെയാണ്. കാരണം, തർക്കപ്രശ്നങ്ങളിൽ ഒത്തുതീർപ്പുണ്ടാക്കുന്നതിൽ ട്രംപും കിമ്മും പരാജയപ്പെട്ടു. 

ഉപരോധത്തിൽ അയവുണ്ടാകാതെ ആണവ നിരായുധീകരണ കാര്യത്തിൽ മുന്നോട്ടുപോകാൻ ഉത്തര കൊറിയ തയാറായില്ല. ആണവ നിരായുധീകരണ കാര്യത്തിൽ പുരോഗതിയില്ലാതെ ഉപരോധത്തിൽ അയവുവരുത്താൻ അമേരിക്കയും സമ്മതിച്ചില്ല. ഒത്തുതീർപ്പുണ്ടാകുമെന്ന പ്രതീക്ഷയിൽ കരാർ ഒപ്പിടൽ ചടങ്ങും ഇരു നേതാക്കളും പങ്കെടുക്കുന്ന വർക്കിങ് ലഞ്ചും  ഏർപ്പാടു ചെയ്തിരുന്നു. രണ്ടു പരിപാടിയും പെട്ടെന്നു റദ്ദാക്കി. നിശ്ചിത സമയത്തിനു മുൻപ്തന്നെ ട്രംപ് ഹാനോയ് വിടുകയുംചെയ്തു. 

Donald Trump, Kim Jong Un

അതിനുശേഷം ഇരു രാജ്യങ്ങളും തമ്മിൽ ഇതുവരെ കാര്യമായ ചർച്ചകൾ നടന്നിട്ടില്ല. മുൻപത്തെപ്പോലെ പരസ്യമായിട്ടല്ലെങ്കിലും ഇരുകൂട്ടരും ഇതിനു പരസ്പരം പഴിചാരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ഉത്തര കൊറിയ ആണവ-ദീർഘദൂര മിസൈൽ പരീക്ഷണങ്ങൾ നടത്തിയിട്ടില്ലെന്നതാണ് ഒരേയൊരു രജത രേഖ. എന്നാൽ, ഹ്രസ്വദൂര മിസൈലുകൾ പരീക്ഷിക്കുകയുണ്ടായി. ട്രംപ് അതവഗണിച്ചു. 

ഏതായാലും, ഏറ്റവും പുതിയ ട്രംപ്-കിം കൂടിക്കാഴ്ചയെ തുടർന്നു ഉദ്യോഗസ്ഥതല ചർച്ചകൾ പുനരാംരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സ്റ്റീഫൻ ബെയ്ഗൺ എന്ന നയതന്ത്രജ്ഞൻ ഏതാണ്ട് ഒരു വർഷമായി ഉത്തര കൊറിയൻ കാര്യങ്ങൾക്കുള്ള അമേരിക്കയുടെ പ്രത്യേക പ്രതിനിധിയായി പ്രവർത്തിച്ചുവരികയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉത്തര കൊറിയക്കാരുമായുള്ള ചർച്ചകൾ ഇൗ മാസംതന്നെ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ഇതൊരു വലിയ നേട്ടമായി ട്രംപ് അവകാശപ്പെടുമ്പോൾ അമേരിക്കയിലെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിയോഗികൾ അതിനെ പുഛിച്ചുതള്ളുന്നു. അടുത്ത വർഷം നംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്് അദ്ദേഹം ഇപ്പോൾ തന്നെ നാടകം കളിക്കുകയാണെന്നാണ് ഡമോക്രാറ്റിക് പാർട്ടി നേതാക്കളുടെ അഭിപ്രായം. ആ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ തയാറെടുക്കുന്നവരാണ് അവരിൽ ചിലർ.   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA