വംശീയതയുടെ പുതിയ ഇരകള്‍

HIGHLIGHTS
  • ഹിസ്പാനിക്കുകള്‍ ഭീതിയില്‍
  • ട്രംപിനെതിരെ ഒബാമയും
US-SHOOTING-EL PASO
SHARE

പാട്രിക് ക്രൂസിയസ് എന്ന ഇരുപത്തൊന്നുകാരന്‍ അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തിലൂടെ പത്തുമണിക്കൂര്‍ കാറോടിച്ച്  എല്‍ പാസോ നഗരത്തിലെത്തിയത് ഒരു പ്രത്യേക ഉദ്ദേശ്യത്തോടെയായിരുന്നു. 

ഹിസ്പാനിക്കുകള്‍ എന്നറിയപ്പെടുന്ന ലാറ്റിന്‍ അമേരിക്കന്‍ വംശജര്‍ ധാരാളമുള്ള സ്ഥലമാണ് മെക്സിക്കോയുടെ അതിര്‍ത്തിക്കടുത്തുളള എല്‍ പാസോ. അവിടെ ആള്‍ത്തിരക്കുളള ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിച്ചെന്ന് അയാള്‍ സെമി ഓട്ടോമാറ്റിക് റൈഫിള്‍ ഉപയോഗിച്ച് തുരുതുരാ വെടിവച്ചു. ഇരുപതിലേറെ പേര്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്കു പരുക്കേല്‍ക്കുകയുംചെയ്തു. 

കഴിഞ്ഞ ശനിയാഴ്ച (ഓഗസ്റ്റ് മൂന്ന്) നടന്ന ഈ സംഭവത്തിനു തൊട്ടുമുന്‍പ് അയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവന പിന്നീടു പൊലീസ് കണ്ടെത്തി. ഹിസ്പാനിക്കുകള്‍ അമേരിക്ക പിടിച്ചടക്കുകയാണെന്നും തന്‍റെ നടപടി അതിനെതിരെയാണെന്നുമാണ് അതില്‍ പറഞ്ഞിരിക്കുന്നത്. 

ഈ സംഭവം ഉണ്ടാക്കിയ ഞെട്ടലില്‍ അമേരിക്ക വിറങ്ങലിച്ചു നില്‍ക്കേ ഏതാനും മണിക്കൂറുകള്‍ക്കകം രാജ്യത്തിന്‍റെ മറ്റൊരു ഭാഗത്തും സമാനമായ ആക്രമണമുണ്ടായി. ഒഹായോ സംസ്ഥാനത്തിലെ ഡെയ്റ്റണില്‍ കോണോര്‍ ബെറ്റ്സ് എന്ന ഇരുപത്തിനാലുകാരന്‍ അതേ വിധത്തിലുളള തോക്ക് ഉപയോഗിച്ച് ഒന്‍പതുപേരെ വെടിവച്ചുകൊന്നു. അയാളെ അതിനു പ്രേരിപ്പിച്ചത് എന്താണെന്നു വ്യക്തമായിട്ടില്ല.  എങ്കിലും അയാള്‍ ഒരു ഇടതുപക്ഷ തീവ്രവാദിയാണെന്നു സൂചനകളുണ്ടത്രേ.  ആഭ്യന്തര ഭീകരത എന്നു വിളിക്കപ്പെടുന്ന ഇത്തരം 

US-SHOOTING-EL PASO

അക്രമങ്ങള്‍ അമേരിക്കയില്‍ അപൂര്‍വവും അസാധാരണവും അല്ലാതായിക്കഴിഞ്ഞു. ജനങ്ങളെയും ഭരണാധികാരികളെയും ഇത് ഒരുപോലെ  അസ്വസ്ഥരാക്കുന്നു. ആളുകള്‍ക്ക് യഥേഷ്ടം തോക്കുകള്‍ സ്വന്തമാക്കാനുള്ള സ്വാതന്ത്ര്യം മുതല്‍ വര്‍ധിച്ചുവരുന്ന വംശീയവിരോധം വരെയുള്ള പലതും ഇതിനു കാരണമാണെന്നാണ് വിലയിരുത്തല്‍.  

എല്‍ പാസോ സംഭവം പ്രത്യേകിച്ചും വംശീയ വിദ്വേഷത്തിനുളള വ്യക്തമായ ഉദാഹരണമായി ചര്‍ച്ചചെയ്യപ്പെടുന്നു. ഹിസ്പാനിക്കുകളെക്കുറിച്ചുള്ള ഭയവും അവരോടുള്ള വെറുപ്പുമാണ് തന്നെ അക്രമത്തിനു പ്രേരിപ്പിച്ചതെന്നു കൊലയാളിയുടെ തന്നെ വാക്കുകള്‍ വെളിപ്പെടുത്തുന്നുണ്ട്. ഇത്തരം വികാരങ്ങള്‍ ആളിക്കത്തിക്കുന്നതില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വാക്കുകളും ചെയ്തികളും കാര്യമായ പങ്കു വഹിക്കുന്നതായും ആരോപിക്കപ്പെടുന്നു. 

US-SHOOTING-EL PASO

തെക്കെ അമേരിക്ക, രണ്ട് അമേരിക്കന്‍ ഭൂഖണ്ഡങ്ങളുടെയും സമീപമേഖലയിലെ കരീബിയന്‍ ദ്വീപുകള്‍, മെക്സിക്കോ, അതിനു തെക്കുള്ള മധ്യ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു കുടിയേറിപ്പാര്‍ത്തവരെയും അവരുടെ പിന്‍മുറക്കാരെയുമാണ് ഹിസ്പാനിക്കുകള്‍ എന്നു വിളിക്കുന്നത്. ലാറ്റിനോ എന്ന പേരും പ്രചാരത്തിലുണ്ട്.  

കറുത്ത വര്‍ഗക്കാര്‍ കഴിഞ്ഞാല്‍ അമേരിക്കയിലെ ഏറ്റവും വലിയ ന്യൂനപക്ഷ ജനവിഭാഗമാണിവര്‍. ഏതാണ്ട് ആറു കോടി. അമേരിക്കയിലെ മൊത്തം ജനസംഖ്യയുടെ 18 ശതമാനം. കറുത്തവര്‍ഗക്കാരെ പോലെതന്നെ പൊതുവില്‍ ഇവരുടെയും സ്ഥാനം സമൂഹത്തിന്‍റെ താഴെത്തട്ടിലാണ്.  

എങ്കിലും, അമേരിക്കയിലെ വെള്ളക്കാരില്‍ ഗണ്യമായ ഒരു വിഭാഗം അവരെ ഒരു ഭീഷണിയായി കാണുന്നു. തങ്ങളുടെ സംസ്ക്കാരത്തിനും ജീവിത രീതികള്‍ക്കും പൊരുത്തപ്പെടാനാവാത്ത ഒരു വിഭാഗമായി അവരെ കരുതുകയും അവരുടെ എണ്ണം കൂടുന്നത് അമേരിക്ക നേരിടുന്ന ഏറ്റവും വലിയ പ്രശനമായി മനസ്സിലാക്കുകയും ചെയ്യുന്നു. അവരില്‍ ഒരാളാണ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്‌. 

USA-TRUMP

അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റത്തിന് എതിരായ ട്രംപിന്‍റെ നടപടികളുടെ വേരുകള്‍ തുടങ്ങുന്നതുതന്നെ ഈ ഭീതിയില്‍ നിന്നാണ്. മെക്സിക്കോയിലൂടെ അമേരിക്കയിലേക്കു കയറാന്‍ ശ്രമിക്കുന്നവരെ ഏതുവിധത്തിലായാലും തടയാനുള്ള ദൃഢനിശ്ചയത്തിലുമാണ് അദ്ദേഹം.

ഈ കുടിയേറ്റക്കാര്‍ അമേരിക്ക പിടിച്ചടക്കാന്‍ നോക്കുകയാണെന്നും ഒന്നിലേറെ തവണ ട്രംപ് പറയുകയുണ്ടായി. എല്‍ പാസോയില്‍ കൂട്ടക്കൊല നടത്തിയ യുവാവ് തന്‍റെ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നതും അതുതന്നൊണ്.  

അനധികൃത കുടിയേറ്റക്കാരെ എന്തു ചെയ്യണമെന്നു രണ്ടു മാസം മുന്‍പ് ഫ്ളോറിഡയിലെ ഒരു പൊതുയോഗത്തില്‍ ട്രംപ് ചോദിച്ചതും ഇപ്പോള്‍ ഓര്‍മിക്കപ്പെടുന്നു. സദസ്യരില്‍ ഒരാള്‍ പറഞ്ഞതു വെടിവയ്ക്കണമെന്നായിരുന്നു. ജനക്കൂട്ടം ഹര്‍ഷാരവം മുഴക്കുകയും ട്രംപ് ഊറിച്ചിരിക്കുകയും ചെയ്തു. അക്രമത്തിനു ട്രംപ് അങ്ങനെ പ്രോല്‍സാഹനം നല്‍കിയെന്നും അതിന്‍റെ തുടര്‍ച്ചയാണ് എല്‍ പാസോ സംഭവമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.  

സാധാരണ ഏതു കാര്യത്തെക്കുറിച്ചും ചൂടോടെ പ്രതികരിക്കാറുളള ട്രംപ് ഈ സംഭവത്തെപ്പറ്റി സംസാരിച്ചത് ഒരു ദിവസത്തിനു ശേഷമാണ്. എങ്കിലും, സംഭവത്തെ കഠിനമായി അപലപിച്ചുകൊണ്ട് അദ്ദേഹം അവസരത്തിനൊത്ത് ഉയര്‍ന്നു. വംശീയത,  വെള്ളക്കാര്‍ മറ്റാരെക്കാളും ഉന്നതരാണെന്ന ബോധം എന്നിവ പോലുള്ള കുടില സങ്കല്‍പ്പങ്ങള്‍ക്ക് അമേരിക്കയില്‍ സ്ഥാനമില്ലെന്നു പറയുകയുംചെയ്തു. 

പക്ഷേ, പിറ്റേന്നു മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ പ്രസ്താവന പുറത്തുവന്നതോടെ ട്രംപ് പഴയ സ്ഥിതിയില്‍ തിരിച്ചെത്തി. "ഭീതിയുടെ കാലാവസ്ഥ സൃഷ്ടിക്കുകയും വംശീയ വികാരങ്ങള്‍ വളര്‍ത്തുകയും ചെയ്യുന്ന വാക്കുകള്‍ നമ്മുടെ നേതാക്കളില്‍ ആരുടെയെങ്കിലും വായില്‍നി ന്നു പുറത്തുവരികയാണെങ്കില്‍ ജനങ്ങള്‍ തള്ളിക്കളയണം" എന്നായിരുന്നു ഒബാമയുടെ ആഹ്വാനം. 

"കാഴ്ചയില്‍ നമ്മളില്‍നിന്നു വ്യത്യസ്തരായവരെ ഭീകരരായി ചിത്രീകരിക്കുകയും കുടിയേറ്റക്കാര്‍ ഉള്‍പ്പെടെമുയുള്ള മറ്റുള്ളവര്‍ നമ്മുടെ ജീവിതരീതിക്കുനേരെ ഭീഷണി ഉയര്‍ത്തുകയാണെന്നു സൂചിപ്പിക്കുകയും അവരൊന്നും മനുഷ്യരല്ലെന്ന മട്ടില്‍ സംസാരിക്കുകയും ചെയ്യുന്നതു നേതാക്കള്‍ ഉപേക്ഷിക്കണം" എന്നും ഒബാമ ആവശ്യപ്പെടുകയുണ്ടായി. 

ട്രംപിന്‍റെ പേര് ഒബാമ പറഞ്ഞിരുന്നില്ലെങ്കിലും ട്രംപ് ചൊടിച്ചു. ഒബാമയുടെ ഭരണകാലത്തു നടന്ന ഒരു സംഭവം എടുത്തു പറഞ്ഞു തിരിച്ചടിക്കുകയും ചെയ്തു. 2012ല്‍ കണക്ടിക്കറ്റിലെ സാന്‍ഡിഹുക്ക് എലിമെന്‍ററി സ്കൂളില്‍ ആഡം ലാന്‍സ് എന്ന ഇരുപതുകാരന്‍ നടത്തിയ വെടിവയ്പില്‍ 20 കുട്ടികള്‍ ഉള്‍പ്പെടെ 26 പേര്‍ മരിച്ചതായിരുന്നു ആ സംഭവം. 

അതിന്‍റെ പേരില്‍ ഒബാമയെ അദ്ദേഹത്തിന്‍റെ മുന്‍ഗാമിയായ ജോര്‍ജ് ബുഷ് എപ്പോഴെങ്കിലും വിമര്‍ശിച്ചിരുന്നുവോ ? അതുപോലുള്ള മറ്റു 32 സംഭവങ്ങളും ഒബാമയുടെ കാലത്തു നടന്നിട്ടും കാര്യങ്ങള്‍ അദ്ദേഹത്തിന്‍റെ പിടിവിട്ടുപോവുകയാണെന്ന് അധികമാരും പറഞ്ഞിരുന്നില്ലല്ലോ-ഇങ്ങനെയായിരുന്നു ട്രംപിന്‍റെ പ്രതികരണം. 

obama

അധികാരത്തിലിരിക്കുന്ന പ്രസിഡന്‍റിനെ മുന്‍ഗാമി വിമര്‍ശിച്ചതു തെറ്റാണെന്നു കുറ്റപ്പെടുത്തുകയായിരുന്നു ട്രംപ്. പക്ഷേ, തന്‍റെ മുന്‍ഗാമിയായ ഒബാമയെ വിമര്‍ശിക്കാന്‍ കിട്ടിയ ഒരവസരവും ട്രംപ് പാഴാക്കിയിരുന്നില്ല. അതെല്ലാം ഇതുവരെ ഒബാമ അവഗണിക്കുകയായിരുന്നു. എല്‍ പാസോ സംഭവത്തിന്‍റെ ഗൗരവമാണ് ആ നിലപാടില്‍ മാറ്റംവരുത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 

വിവാദം അവിടെയും അവസാനിച്ചില്ല. കൂട്ടക്കൊലകള്‍ നടന്ന എല്‍ പാസോയിലും ഡെയ്റ്റനിലും ബുധനാഴ്ച (ഓഗസ്റ്റ്‌ ഏഴ്) ഭാര്യ മെലാനിയയോടൊപ്പം ടംപ് നടത്തിയ സന്ദര്‍ശനം പ്രതിപക്ഷ ഡമോക്രാറ്റിക് പാര്‍ട്ടി ബഹിഷ്ക്കരിച്ചു. ജനങ്ങളില്‍നിന്നു ഗോ ബാക്ക് വിളിയുമുണ്ടായി. 

വംശീയതയുടെ പേരിലുള്ള വിവാദത്തില്‍ ട്രംപ് അകപ്പെടുന്നത് ഒരു മാസത്തിനിടയില്‍ ഇതു രണ്ടാം തവണയാണ്. യുഎസ് പ്രതിനിധി സഭയിലെ ഡമോക്രാറ്റിക് പാര്‍ട്ടിക്കാരായ നാലു വനിതാ അംഗങ്ങളെപ്പറ്റി അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളായിരുന്നു ആദ്യ സംഭവത്തിന്‍റെ പശ്ചാത്തലം. അതിനെ അപലപിക്കുന്ന പ്രമേയം ജൂലൈ 16നു പ്രതിനിധി സഭ  പാസ്സാക്കുകയുമുണ്ടായി.  

കുടിയേറ്റക്കാരുടെ നേരെയുള്ള ട്രംപിന്‍റെ കര്‍ക്കശ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചുവരികയായിരുന്നു നാലു വനിതകളും. അവര്‍ വെള്ളക്കാരല്ലാത്തവരാണ്. അതിനാല്‍ അവര്‍ അമേരിക്കക്കാരല്ലെന്നുമുള്ള മട്ടിലായിരുന്നു ട്രംപിന്‍റെ വാക്കുകള്‍. നിങ്ങള്‍ എവിടെ നിന്നാണോ വന്നത് അവിടേക്കു പോകൂ....എന്ന് ആവര്‍ത്തിക്കുകയുംചെയ്തു. എല്‍ പാസോ കൂട്ടക്കൊല പോലുള്ള സംഭവങ്ങള്‍ക്ക് ഇടയാക്കുന്നത് ഇത്തരം വാക്കുകളാണെന്നാണ് ഒബാമ കുറ്റപ്പെടുത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ