വൈറസ് വന്ന വഴിയില്‍ പിന്നെയും ചോദ്യചിഹ്നങ്ങള്‍

HIGHLIGHTS
  • പഴയ സംശയങ്ങള്‍ വീണ്ടും തലപൊക്കുന്നു
  • സുതാര്യമായ അന്വേഷണം വേണമെന്നാവശ്യം
TOPSHOT-US-health-virus-POLITICS-BIDEN
Joe Biden. Photo Credit : Brendan Smialowski / AFP
SHARE

ഒന്നര വര്‍ഷത്തിനിടയില്‍ ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലുമായി 17 കോടി ആളുകള്‍   രോഗികളാവുകയും മൂന്നരക്കോടി ആളുകള്‍ മരിക്കുകയും രാജ്യങ്ങളുടെ ആരോഗ്യ സംവിധാനങ്ങള്‍ തകരുകയും ജനജീവിതം പൊതുവില്‍ താറുമാറാവുകയും ചെയ്തു. ഇതിനെല്ലാം കാരണമായ കൊറോണ വൈറസ് ചൈനയിലെ വൂഹാനില്‍നിന്നു ഉല്‍ഭവിച്ചുവെന്നല്ലാതെ എങ്ങനെ ഉല്‍ഭവിച്ചുവെന്ന ചോദ്യത്തിനു കൃത്യവും വ്യക്തവുമായ ഉത്തരം ഇനിയും കിട്ടിയിട്ടില്ല. ചൈനയുടെ ഗവേഷണശാലയില്‍നിന്നു വൈറസ് ചോര്‍ന്നുപോയതാകാമെന്ന, തുടക്കം മതല്‍ക്കേയുള്ള സംശയം ഇതിനിടയില്‍ വീണ്ടും സജീവമാകാന്‍ തുടങ്ങിയിരിക്കുകയുമാണ്.  

മധ്യ ചൈനയില്‍ വൂഹാന്‍ നഗരത്തിലെ ചന്തയില്‍വച്ച് വവ്വാലില്‍നിന്നോ അതുപോലുള്ള മറ്റേതെങ്കിലും ജന്തുവില്‍നിന്നോ നേരിട്ടോ മറ്റൊരു മൃഗം മുഖേനയോ 2019 ഡിസംബറില്‍  വൈറസ് മനുഷ്യനിലേക്കു പടര്‍ന്നുവെന്നാണ് ചൈന നല്‍കിയിട്ടുള്ള വിശദീകരണം. ഈ വര്‍ഷം ആരംഭത്തില്‍ ചൈനയിലെത്തി അന്വേഷണം നടത്തിയ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധസംഘം ഇത് ഏറെക്കുറേ അംഗീകരിക്കുകയും ചെയ്യുന്നു.  

വൂഹാനില്‍തന്നെയാണ് ചൈനയുടെ സുപ്രധാന വൈറസ് ഗവേഷണശാലയും സ്ഥിതിചെയ്യുന്നത്. കൊറോണ വൈറസ് അവിടെനിന്നു ചോര്‍ന്നുപോയതാകാം എന്ന സംശയം അധികമാരും, വിശേഷിച്ച്, ശാസ്ത്രജ്ഞരും പ്രമുഖ മാധ്യമങ്ങളും ഗൗരവപൂര്‍വം കണക്കിലെടുത്തിരുന്നില്ല. എന്നാല്‍ ആ സ്ഥിതി പെട്ടെന്നു  മാറിയിരിക്കുന്നു. 

വൈറസിന്‍റെ ഉല്‍ഭവത്തെപ്പറ്റി സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം കൂടിയേ തീരുവെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്. അങ്ങനെ ആവശ്യപ്പെടുന്നവരില്‍ പ്രമുഖ ശാസ്ത്രജ്ഞരുമുണ്ട്. ഇനിയും ഇതുപൊലൊരു മഹാമാരി ഉണ്ടായാല്‍ ഫലപ്രദമായി നേരിടാന്‍ സത്യം അറിയുകതന്നെ വേണമെന്ന് അവര്‍ നിഷ്ക്കര്‍ഷിക്കുന്നു. വൈറസിന്‍റെ ഉല്‍ഭവത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തി, മൂന്നു മാസങ്ങള്‍ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ അമേരിക്കയുടെ പ്രസിഡന്‍റ് ജോ ബൈഡന്‍ യുഎസ് ഇന്‍റലിജന്‍സ് ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. 

വാസ്തവത്തില്‍,  പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഭരണത്തിന്‍റെ അവസാന നാളുകളില്‍തന്നെ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ മുഖേന യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് ഒരന്വേഷണം നടത്തിയിരുന്നു. വൂഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്ന വൈറസ് ഗവേഷണ ശാലയിലെ മൂന്നു ഗവേഷകര്‍ 2019 നവംബറില്‍ കോവിഡ്-19നു സമാനമായ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിലായിരുന്നുവെന്നാണ് അവരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. 

അതിനര്‍ഥം ചൈന അറിയിച്ച തീയതിക്ക് ഏതാണ്ട് ഒരു മാസംമുന്‍പ് തന്നെ വൈറസ് അതിന്‍റെ വിളയാട്ടം തുടങ്ങിയിരുന്നുവെന്നാണ്. പക്ഷേ, ഈ വിവരം ചൈന വെളിപ്പെടുത്തിയിരുന്നില്ല. എന്തുകൊണ്ടോ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റിന്‍റെ റിപ്പോര്‍ട്ടും രഹസ്യമായി സൂക്ഷിക്കപ്പെട്ടു. വൈറസ് പുറത്തുവന്നത് ചൈനയുടെ ലാബില്‍നിന്നാവാമെന്നു ട്രംപ് തന്നെ ആരോപിച്ചുകൊണ്ടിരുന്നു. അന്നു താന്‍ പറഞ്ഞതു വിശ്വസിക്കാതിരുന്നവര്‍ ഇപ്പോള്‍ ഉല്‍ക്കണ്ഠപ്പെടുകയാണെന്നു പരിഹസിക്കുകയാണ് അദ്ദേഹം.  

സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റിന്‍റെ റിപ്പോര്‍ട്ട് പരസ്യമായത് വോള്‍സ്ട്രീറ്റ് ജേണല്‍ എന്ന യുഎസ് പത്രത്തില്‍ മേയ് 23നു വന്ന ഒരു വാര്‍ത്തയിലൂടെയാണ്. അതിനെതുടര്‍ന്നാണ് ഇന്‍റലിജന്‍സ് ഏജന്‍സികളുടെ കൂടുതല്‍ ഊര്‍ജിതമായ അന്വേഷണത്തിനു ബൈഡന്‍ ഉത്തരവിട്ടതും. വൈറസ് പുറത്തുവന്നതു ലാബില്‍നിന്നാണെന്ന സംശയം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നു തെളിയുന്ന വിധത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്നു ലോകത്തെ മുന്‍നിരയിലുള്ള 18 വൈറസ് ശാസ്ത്രജഞരും അമേരിക്കയിലെ 'സയന്‍സ്' മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു തുറന്ന കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

പകര്‍ച്ചവ്യാധി സംബന്ധമായ കാര്യങ്ങളില്‍ അമേരിക്കയിലെ അവസാനവാക്കായി കരുതപ്പെടുന്ന ഡോ. ആന്‍റണി ഫൗച്ചിയുടെ നിലപാടിലുണ്ടായ മാറ്റവും  ശ്രദ്ധേയമാണ്. പ്രസിഡന്‍റ് ബൈഡന്‍റെ വൈദ്യശാസ്ത്ര ഉപേദേഷ്ടാവായ ഇദ്ദേഹം ട്രംപിന്‍റെ ഉപദേഷ്ടാവായും സേവനം ചെയ്തിരുന്നു. കോവിഡ് രോഗത്തെ നേരിടുന്ന കാര്യത്തില്‍ ഡോ. ഫൗച്ചിയും ട്രംപും തമ്മിലുള്ള പരസ്യമായ അഭിപ്രായ ഭിന്നതകള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാവുകയുമുണ്ടായി. 

Virus Outbreak Senate
Dr. Anthony Fauci. Photo : Susan Walsh / AP Photo

കൊറോണ വൈറസ് ചൈനീസ് ലാബില്‍നിന്നു ചോര്‍ന്നു പോയതാകാമെന്ന തിയറി ഫൗച്ചിയും ഫലത്തില്‍ തള്ളിക്കളയുകയാണ് ചെയ്തിരുന്നത്. സ്വാഭാവിക രീതിയില്‍ ഉണ്ടായ വൈറസ്ബാധയെന്നു വിശ്വസിച്ചവരുടെ കൂട്ടത്തിലായിരുന്നു അദ്ദേഹവും. എന്നാല്‍, മേയ് 11ന് അദ്ദേഹം പറഞ്ഞത് അക്കാര്യത്തില്‍ പൂര്‍ണമായ ബോധ്യം ഇപ്പോള്‍ തനിക്കില്ലെന്നാണ്. സ്വതന്ത്രവും സുതാര്യവുമായ പുതിയ അന്വേഷണം അദ്ദേഹവും ആവശ്യപ്പെട്ടിട്ടുണ്ട്. 

വൈറസ് പുറത്തുവന്നതു ചൈനയുടെ ലാബില്‍നിന്നാണെന്ന ആരോപണത്തേക്കാള്‍ അതീവ ഗുരുതരമായ മറ്റൊരു ആരോപണവും നേരത്തെതന്നെ ഉയരുകയുണ്ടായി. ഈ ആരോപണം പരസ്യമായി ഉന്നയിച്ചത് ചൈനയുടെ ഭാഗമായ ഹോങ്കോങ്ങില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ. ലി മെങ്ങ് യാന്‍ എന്ന വൈറോളജി വിദഗ്ധയാണ്. ലാബില്‍ 

ജൈവായുധ നിര്‍മാണ പരീക്ഷണങ്ങള്‍ നടക്കുകയായിരുന്നുവെന്നും കൊറോണ വൈറസ് അതിന്‍റെ ഭാഗമായി ഉണ്ടായതാണെന്നുമാണ് അവര്‍ പറഞ്ഞത്. വൈറസ് ചോര്‍ന്നുപോയതു പരീക്ഷണത്തിന് ഇടയിലാണത്രേ. 

അറസ്റ്റ് ഭയന്നു ഡോ. ലി മെങ് യാന്‍ അമേരിക്കയിലേക്കു രക്ഷപ്പെട്ടു. വൈറസ് ചോര്‍ന്നത് അബദ്ധത്തിലല്ലെന്നും ശത്രുരാജ്യങ്ങളുടെ ആരോഗ്യ സംവിധാനം  തകര്‍ക്കാനായി ചൈനീസ് ഗവണ്‍ൈമെന്‍റ് മനഃപൂര്‍വം വൈറസ് പുറത്തുവിട്ടതാണെന്നും അമേരിക്കയില്‍ മാധ്യമങ്ങളുമായി നടത്തിയ അഭിമുഖങ്ങളില്‍ അവര്‍ തുറന്നടിച്ചു. തന്നെ പിടികൂടാന്‍ കഴിയാത്തതിനാല്‍ ഹോങ്കോങ്ങിലെ ചൈനാ ആനുകൂല ഭരണകൂടം തന്‍റെ മാതാവിനെ തടങ്കലിലാക്കിയെന്നും അവര്‍  കുറ്റപ്പെടുത്തിയിട്ടുണ്ട്.  

chinese-virologist-limeng-yan
Limeng Yan. Photo Credit : Twitter

മൂന്നാം ലോകമഹായുദ്ധത്തിനുള്ള തയാറെടുപ്പെന്ന നിലയില്‍ ചൈന ജൈവായുധ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന അഭ്യൂഹങ്ങള്‍ മറ്റു ചില കേന്ദ്രങ്ങളില്‍ നിന്നും പുറത്തുവരികയുണ്ടായി. സ്വാഭാവികമായി ഉണ്ടാകുന്ന വൈറസുകളെ കൂടുതല്‍ വിനാശകാരികളാക്കാനുള്ള പരീക്ഷണവും വൂഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നു വരികയായിരുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. പക്ഷേ, മുഖ്യധാരാ ശാസ്ത്രജ്ഞര്‍ അതെല്ലാം പൊതുവില്‍ അവഗണിക്കുകയാണ് ചെയ്തിരുന്നത്. അക്കാര്യത്തിലും ഇപ്പോള്‍ സമീപനം മാറാന്‍ തുടങ്ങിയിരിക്കുകയാണത്രേ. 

ഇതിന്‍റെയെല്ലാം പശ്ചാത്തലത്തില്‍ സമഗ്രവും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം അനിവാര്യമാണെന്ന ആവശ്യം ശക്തി പ്രാപിച്ചുവരുന്നു. രാജ്യാന്തര തലത്തില്‍ ഇതുവരെയുണ്ടായ ഒരേയൊരു അന്വേഷണം ലോകാരോഗ്യ സംഘടനയുടെ (ഡബ്ളിയുഎച്ച്ഒ) ആഭിമുഖ്യത്തില്‍ ഒരു 17 അംഗ വിദഗ്ദ്ധ സംഘം ഈ വര്‍ഷം ജനുവരി-ഫെബ്രുവരിയില്‍ നടത്തിയതാണ്. രോഗം പൊട്ടിപ്പുറപ്പെട്ടതായി ചൈനതന്നെ അറിയിച്ചതിനുശേഷം ഒരു വര്‍ഷത്തിലേറെ വേണ്ടിവന്നു അതിനുതന്നെ.  

ഇത്രയും വൈകാന്‍ കാരണം ചൈനയുടെ നിസ്സഹകരണമോ താല്‍പര്യക്കുറവോ ആണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. വൂഹാനിലെ സന്ദര്‍ശനത്തിനിടയില്‍ അവര്‍ക്ക് അപ്രതീക്ഷിതമായ വിധത്തിലുള്ള തടസ്സങ്ങള്‍ നേരിട്ടതായി ഡബ്ളിയുഎച്ച്ഒയുടെ ഇത്യോപ്യക്കാരനായ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അധനോം ഘെബ്രെയെസുസ് തുറന്നുപറയുകയുമുണ്ടായി. ചൈന എന്തോ മറച്ചുപിടിക്കുന്നുവെന്ന സംശയത്തിന് ഇതെല്ലാം ബലം കുട്ടുകയാരണ് ചെയ്തത്.   

വവ്വാലില്‍നിന്നോ മറ്റു ജന്തുക്കളില്‍ നിന്നോ ഉല്‍ഭവിച്ച വൈറസ് നേരിട്ടോ മറ്റേതെങ്കിലും മൃഗത്തിലൂടെയോ മനുഷ്യനിലേക്കു കടന്നതാവാമെന്ന ചൈനയുടെ വിശദീകരണം മാര്‍ച്ച് 30നു പ്രസിദ്ധീകരിക്കപ്പെട്ട  ഡബ്ളിയുഎച്ച്ഒ അന്വേഷണ റിപ്പോര്‍ട്ട് ഏറെക്കുറേ ശരിവയ്ക്കുകയായിരുന്നു. പക്ഷേ, ആ മൃഗം ഏത്,  എവിടെവച്ച് എങ്ങനെ അതിനു വൈറസ് ബാധിച്ചു എന്ന ചോദ്യങ്ങള്‍ക്ക് അതില്‍ ഉത്തരമില്ല.  

വൂഹാനിലെ ഗവേഷണ ശാലയില്‍നിന്നു വൈറസ് ചോര്‍ന്നു പോയിരിക്കാനുള്ള സാധ്യതയെപ്പറ്റി ഡബ്ളിയുഎച്ച്ഒ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത് അതു തികച്ചും അസംഭവ്യമാണെന്നാണ്. അതേസമയം, ഡോ. ടെഡ്രോസ് അധനോം ഘെബ്രെയെസുസ് ഒരു സാധ്യതയും പൂര്‍ണമായി തള്ളിക്കളഞ്ഞിട്ടുമില്ല. 

SWITZERLAND-CHINA-HEALTH-VIRUS-WHO
Tedros Adhanom Ghebreyesus. Photo Credit : Christopher Black / AFP

ഇക്കാര്യത്തില്‍ വ്യക്തമായ നിഗമനത്തില്‍ എത്തുന്നതിനുവേണ്ടി ആവശ്യമാണെങ്കില്‍ തുടരന്വേഷണം ആവാമെന്നും അതിനാവശ്യമായ വിദഗ്ദ്ധ സംഘത്തെ അയക്കാന്‍ ഏതു സമയത്തും തയാറാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. 

പക്ഷേ, വിദേശത്തുനിന്നുള്ള ശാസ്ത്രജ്ഞര്‍ ചൈനയില്‍ പോയി വീണ്ടുമൊരു അന്വേഷണം നടത്താനും ലാബുകളും മറ്റും ചൂഴ്ന്നു പരിശോക്കാനും ബെയ്ജിങ്ങിലെ ഭരണകൂടം സമ്മതിക്കുമോ ? ബെയ്ജിങ്ങില്‍ നിന്ന് ഇതുവരെ പുറത്തുവന്നിട്ടുള്ള പ്രതികരണങ്ങളെല്ലാം വ്യക്തമാക്കുന്നത് അക്കാര്യം ആരും പ്രതീക്ഷിക്കുകയേ വേണ്ടെന്നാണ്. വൈറസിനെക്കുറിച്ചുള്ള പുതിയ അഭ്യൂഹങ്ങളും പ്രസിഡന്‍റ് ബൈഡന്‍, ഡോ. ഫൗച്ചി തുടങ്ങിയവര്‍ നടത്തിയ പ്രസ്താവനകളും ചൈനയെ പ്രതിക്കൂട്ടിലാക്കാനുള്ള ഗൂഡാലോചനയ്ക്ക് ഉദാഹരണമാണെന്നും ചൈന രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.  

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Videsharangom Column - Joe Biden orders probe into virus origins

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA