തുനീസിയ : വാടിക്കരിയുന്ന മുല്ലപ്പൂക്കള്‍

HIGHLIGHTS
  • പ്രധാനമന്ത്രിയെ പ്രസിഡന്‍റ് പുറത്താക്കി
  • സാമ്പത്തിക പ്രശ്നത്തോടൊപ്പം മഹാമാരിയും
videsharangom-tunisia-kais-saied
ഖൈസ് സയീദ്. ചിത്രം : Fethi Belaid / AFP
SHARE

ഉത്തരാഫ്രിക്കന്‍ അറബ് രാജ്യമായ തുനീസിയയെപ്പറ്റി കേള്‍ക്കുമ്പോഴെല്ലാം പലരും മുഹമ്മദ് ബുഅസീസി എന്ന ചെറുപ്പക്കാരനെ ഓര്‍മ്മിക്കുന്നു. പത്തു വര്‍ഷം മുന്‍പ് തുനീസിയ പെട്ടെന്നു ജനാധിപത്യത്തിന്‍റെ വഴിയില്‍ എത്തിച്ചേരാന്‍ കാരണക്കാരനായത് ആ തെരുവുകച്ചവടക്കാരനായിരുന്നു. അതിനു മുന്‍പ് ദീര്‍ഘകാലം വിദേശ മേല്‍ക്കോയ്മയിലും രാജഭരണത്തിലും ഏകാധിപത്യത്തിലുമായിരുന്നു തുനീസിയ. ഇപ്പോള്‍ ജനാധിപത്യത്തിന്‍റെ പത്താം വര്‍ഷത്തില്‍ രാജ്യം ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുമ്പോള്‍ പ്രത്യേകിച്ചും ബുഅസീസി വീണ്ടും ഓര്‍മ്മിക്കപ്പെടുന്നു.

തൊഴില്‍ രഹിതരായ ആയിരക്കണക്കിന് അഭ്യസ്ഥവിദ്യരില്‍ ഒരാളായിരുന്നു ബുഅസീസി. ഗത്യതന്തരമില്ലാതെ ഉന്തുവണ്ടിയുമായി പഴവും, പച്ചക്കറിയും വിറ്റു ഉപജീവനം കഴിക്കാമെന്നു കരുതി. പക്ഷേ, പൊലീസുകാര്‍ സമ്മതിച്ചില്ല. ലൈസന്‍സ് ഇല്ലെന്നു പറഞ്ഞ് അവര്‍ അയാളുടെ വണ്ടിയും സാധനങ്ങളും പിടിച്ചെടുത്തി. ഒരു പൊലീസുകാരി അയാളുടെ മുഖത്തടിക്കുകയും ചെയ്തു.  

videsharangom-tunisia-zine-el-abidine-ben-ali
സൈനല്‍ ആബിദീന്‍ ബിന്‍ അലി. ചിത്രം : Fethi Belaid / AFP

മനംനൊന്ത അയാള്‍ സ്വയം തീകൊളുത്തി. ഗുരുതരമായി പൊള്ളേറ്റ് ഏതാനും ദിവസങ്ങള്‍ക്കകം മരിച്ചു. 2010 ഡിസംബറിലും 2011 ജനുവരിയിലൂമായി ജനങ്ങള്‍തെരുവിലിറങ്ങി ഗവണ്‍മെന്‍റിനെതിരെ പ്രക്ഷോഭം നടത്താന്‍ ഇടയാക്കിയത് അഭൂതപൂര്‍വമായ ആ സംഭവമായിരുന്നു. നില്‍ക്കക്കള്ളിയില്ലാതെ പ്രസിഡന്‍റ് സൈനല്‍ ആബിദീന്‍ ബിന്‍ അലി നാടുവിട്ടോടി. അദ്ദേഹത്തിന്‍റെ 23 വര്‍ഷത്തെ ഏകാധിപത്യം അങ്ങനെ അവസാനിച്ചു. 

ആ സംഭവവികാസമാണ് പിന്നീട് മുല്ലപ്പൂവിപ്ളവം എന്നറിയപ്പെടാന്‍ തുടങ്ങിയത്. തുനീസിയയുടെ ദേശീയപുഷ്പമാണ് മുല്ലപ്പൂ. തുനീസിയയിലെ പ്രക്ഷോഭത്തിന്‍റെ അനുരണനങ്ങളില്‍ മറ്റുചില അറബ് രാജ്യങ്ങളും കുലുങ്ങുകയുണ്ടായി. ഈജിപ്തില്‍ പ്രസിഡന്‍റ് ഹുസ്നി മുബാറക്കിന്‍റെ 30 വര്‍ഷത്തെ ഏകാധിപത്യത്തിനു തിരശ്ശീലവീണു. അതോടെ ഈ ജനമുന്നേറ്റത്തിന് അറബ് വസന്തം എന്ന മറ്റൊരു പേരു കൂടി ലഭിക്കുകയും ചെയ്തു. ലിബിയയിലും യെമനിലും ഭരണാധിപന്മാര്‍ക്ക് അധികാരം മാത്രമല്ല, ജീവനും നഷ്ടപ്പെട്ടു. സിറിയയിലെ ആഭ്യന്തരയുദ്ധം ഇനിയും അവസാനിച്ചിട്ടുമില്ല.

തുനീസിയയിലെ ഏറ്റവും പുതിയ സംഭവങ്ങള്‍ വിലയിരുത്തപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ചെറുതും വലുതുമായ ഒട്ടേറെ പ്രതിസന്ധികളെ തുനീസിയയ്ക്കു നേരിടേണ്ടി വന്നുവെങ്കിലും കാര്യങ്ങള്‍ ഒരിക്കലും കൈവിട്ടുപോയിരുന്നില്ല. ജനാധിപത്യ പ്രതീക്ഷകള്‍ തകര്‍ന്നുപോകാതെ നിലനിന്നു. എന്നാല്‍, ഇപ്പോള്‍ സ്ഥിതി അതല്ലെന്ന ഭീതിയിലാണ് പല നിരീക്ഷകരും.  

അതിന് ഉദാഹരണമായിരുന്നു ഇക്കഴിഞ്ഞ ഞായറാഴ്ച (ജൂലൈ 25) നടന്ന സംഭവം. പ്രസിഡന്‍റ് ഖൈസ് സയീദ് പ്രധാനമന്ത്രി ഹിഷാം മിഷീഷിയെ പുറത്താക്കുകയും പാര്‍ലമെന്‍റിന്‍റെ പ്രവര്‍ത്തനം 30 ദിവസത്തേക്കു മരവിപ്പിക്കുകയും രാജ്യവ്യാപകമായ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. 1957ല്‍ തുനീസിയ റിപ്പബ്ളിക്കായതിന്‍റെ 64ാം വാര്‍ഷികമായിരുന്നു ആ ദിവസം. പ്രസിഡന്‍റിന്‍റെ നടപടികള്‍ക്കു സൈന്യത്തിന്‍റെ പിന്തുണയുണ്ടെന്നു പറയപ്പെടുന്നു.  

തുനീസിയയില്‍ നിലവിലുള്ളത് പ്രസിഡന്‍റിനു ഭരണ നിര്‍വഹണാധികാരമുള്ള സംവിധാനമല്ലെന്നും പാര്‍ലമെന്‍ററി സമ്പ്രദായമാണെന്നും അതിനാല്‍ അദ്ദേഹത്തിന്‍റെ ഈ നടപടികളെല്ലാം ഭരണഘടനാ വിരുദ്ധമാണെന്നും എതിരാളികള്‍ ചൂണ്ടിക്കാട്ടുന്നു. സൈനിക സംബന്ധമായ കാര്യങ്ങളിലും വിദേശകാര്യത്തിലും മാത്രമാണത്രേ പ്രസിഡന്‍റിനു സ്വന്തം നിലയില്‍ തീരുമാനങ്ങളെടുക്കാനുള്ള അധികാരം. 

videsharangom-rached-ghannouchi
റാഷിദ് ഗനൂഷി. ചിത്രം : Fethi Belaid / AFP

ഏറ്റവും വലിയ കക്ഷിയായ അന്നഹ്ദയുടെ തലവനും  പാര്‍ലമെന്‍റിലെ സ്പീക്കറുമായ റാഷിദ് ഗനൂഷി പ്രസിഡന്‍റിന്‍റെ നടപടികളെ വിശേഷിപ്പിച്ചത്  അട്ടിമറിയെന്നാണ്. എന്നാല്‍, തന്‍റെ നടപടികളെല്ലാം ഭരണഘടനാനുസൃതമാണെന്നും രാജ്യം അപകട ഭീഷണി നേരിടുന്ന ഘട്ടങ്ങളില്‍ ഇത്തരം നടപടികളെടുക്കാന്‍ ഭരണഘടനയിലെ 80ാം വകുപ്പ് അനുവദിക്കുന്നുണ്ടെന്നും മുന്‍പ് നിയമ പ്രഫസറായിരുന്ന സയീദ് വാദിക്കുന്നു. 

പാര്‍ലമെന്‍റ് മന്ദിരത്തെയും സ്റ്റേറ്റ് ടെലിവിഷന്‍ കെട്ടിടത്തെയും സൈനിക വാഹനങ്ങള്‍ വളഞ്ഞു. എണ്‍പതുകാരനായ സ്പീക്കര്‍ ഗനൂഷി പാര്‍ലമെന്‍റ് വിളിച്ചുകൂട്ടാനായി അതിനകത്തേക്കു കടക്കാന്‍ ശ്രമിച്ചപ്പോള്‍ സൈന്യം തടഞ്ഞു. ആരെങ്കിലും അക്രമത്തിനു മുതിര്‍ന്നാല്‍ സൈന്യം അതേ വിധത്തില്‍ തിരിച്ചടിക്കുമെന്നു പ്രസിഡന്‍റ് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

ഇതേസമയം, പ്രസിഡന്‍റിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങിയതും ശ്രദ്ധേയമായിരുന്നു. തലസ്ഥാനമായ തുനീസില്‍ പ്രഥമ പ്രസിഡന്‍റ് ഹബീബ് ബുര്‍ഗ്വീബയുടെ പേരിലുള്ള മുഖ്യതെരുവില്‍ അവരോടൊപ്പം ചേരാന്‍ പ്രസിഡന്‍റ് സയീദ്തന്നെ എത്തുകയുമുണ്ടായി. 2011ല്‍ ബിന്‍ അലിയുടെ ഏകാധിപത്യത്തിനെതിരെ നടന്ന പ്രക്ഷോഭത്തിന്‍റെയും കേന്ദ്രം ഈ തെരുവായിരുന്നു.

ഈ സംഭവവികാസം പെട്ടെന്നു ശൂന്യതയില്‍നിന്നുണ്ടായതല്ല. ഒരു വര്‍ഷത്തിലധികമായി പ്രസിഡന്‍റ് സയീദും പ്രധാനമന്ത്രി മിഷീഷിയും  ഉടക്കിലായിരുന്നു. രണ്ടു വര്‍ഷംമുന്‍പ് വെവ്വേറെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഇരുവരും സ്വന്തമായ പാര്‍ട്ടിയില്ലാത്തവരും രാഷ്ട്രീയ പരിചയമില്ലാത്തവരുമാണ്. എങ്കിലും മിഷീഷിക്കു പാര്‍ലമെന്‍റിലെ ഏറ്റവും വലിയ കക്ഷിയായ അന്നഹ്ദയുടെ പിന്തുണയുണ്ടായിരുന്നു. തന്നെയും ജനങ്ങള്‍ നേരിട്ടു തിരഞ്ഞെടുത്തതാണെന്നും 2019ലെ തിരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചതു വന്‍ഭൂരിപക്ഷത്തോടെയായിരുന്നുവെന്നും പ്രസിഡന്‍റ് സയീദ് ചൂണ്ടിക്കാട്ടുന്നു.

അടിക്കടി ഗുരുതരമായിക്കൊണ്ടിരുന്ന സാമ്പത്തിക പ്രശ്നങ്ങളും അതോടൊപ്പം കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ ഗവണ്‍മെന്‍റിന്‍റെ ഭാഗത്തുണ്ടായ വീഴ്ചകളുമാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടാന്‍ സാഹചര്യമുണ്ടാക്കിയത്. അഴിമതിയും വിലക്കയറ്റവും ഭക്ഷ്യ സാധന ദൗര്‍ലഭ്യവും തൊഴിലില്ലായ്മയും കാരണം ജനങ്ങള്‍ വലയുകയാണ്. കൂനിന്മേല്‍ കുരുപോലെ കോവിഡ് മഹാമാരിയും വന്നെത്തി. 

ഒന്നേകാല്‍ കോടിയില്‍ താഴെ ജനസംഖ്യയുള്ള തുനീസിയയില്‍ ഏറ്റവും ഒടുവില്‍ കിട്ടിയ വിവരം അനുസരിച്ച് 5,63,000 പേരെ കോവിഡ് ബാധിക്കുകയും 18,369 പേര്‍ മരിക്കുകയും ചെയ്തു. വാക്സിന്‍ ലഭിച്ചവര്‍ വെറും ഏഴു ശതമാനമെന്നു ലോകാരോഗ്യ സംഘടന പറയുന്നു. പിടിപ്പുകേടിന്‍റെ പേരില്‍ ആരോഗ്യമന്ത്രിയെ പ്രധാനമന്ത്രി പുറത്താക്കി. 

പ്രധാനമന്ത്രിയും പുറത്തുപോകണമെന്ന ആവശ്യവുമായി പ്രസിഡന്‍റിന്‍റെ പക്ഷക്കാര്‍ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പ്രകടനം നടത്തി. ചില സ്ഥലങ്ങളില്‍ അവരും എതിര്‍പക്ഷക്കാരും ഏറ്റുമുട്ടുകയും ചെയ്തു. ഇസ്ലാമിസ്റ്റ് കക്ഷിയായ അന്നഹ്ദയുടെ ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. ഇതുവരെയുണ്ടായ എല്ലാ കൂട്ടുമന്ത്രിസഭകളിലും അന്നഹ്ദയ്ക്കു മുഖ്യപങ്കാളിത്തമുണ്ടായിരുന്നു. 

മുല്ലപ്പൂ വിപ്ളവത്തിന്‍റെ അനുരണനങ്ങള്‍ ഉണ്ടായ മറ്റു ചില രാജ്യങ്ങളില്‍ സംഭവിച്ചതു പോലുള്ള ചോര വീഴ്ത്തുന്ന ചേരിപ്പോരിനെ തുനീസിയയ്ക്ക് ഒരിക്കലും നേരിടേണ്ടിവന്നിരുന്നില്ല. എങ്കിലും, കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ സ്ഥിതിഗതികള്‍ എല്ലായ്പ്പോഴും ശാന്തമായിരുന്നില്ലതാനും. ഭരണകൂടവും പ്രതിപക്ഷവും വിട്ടുവീഴ്ചയില്ലാതെ സംഘര്‍ഷത്തിന്‍റെ പാതയിലൂടെ സഞ്ചരിച്ച പല സന്ദര്‍ഭങ്ങളുമുണ്ടായി. 

അപകടം നിറഞ്ഞുനിന്ന ഒരു നിര്‍ണായക ഘട്ടത്തില്‍ അവരെ അതില്‍നിന്നു പിന്തിരിപ്പിച്ചത് അതുവരെ  ആ രാജ്യത്തിനു പുറത്ത് അറിയപ്പെടാതിരുന്ന നാലു സിവില്‍ സൊസൈറ്റി സംഘടനകളുടെ കൂട്ടായ്മയായിരുന്നു. തൊഴിലാളികള്‍, വ്യാപാരി വ്യവസായികള്‍, അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരുടേതാണ് ഈ സംഘടനകള്‍. 

ഫ്രഞ്ച് ഭാഷയിലുള്ള പേരുകളിലെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് ഇവയോരോന്നിനെയും ഇങ്ങനെ വിളിക്കുന്നു : യുജിടിടി (തൊഴിലാളികള്‍), യുടിഐസിഎ (വ്യാപാരി വ്യവസായികള്‍), ഒഎന്‍എടി (അഭിഭാഷകര്‍), എല്‍ടിഡിഎച്ച് (മനുഷ്യാവകാശ പ്രവര്‍ത്തകര്‍). തുനീസിയ 1957ല്‍ സ്വാതന്ത്ര്യം നേടുന്നതിനുമുന്‍പ് ദീര്‍ഘകാലം ഫ്രഞ്ച് മേല്‍ക്കോയ്മയിലായിരുന്നു എന്ന വസ്തത ഓര്‍മിപ്പിക്കുകയാണ് ഈ പേരുകള്‍. രാജ്യം അരാജകത്വത്തിലേക്കു വഴുതിപ്പോകുന്നതു തടഞ്ഞതിന്‍റെ പേരില്‍ 2015ല്‍ നൊബേല്‍ സമാധാന സമ്മാനത്തിന് അര്‍ഹരായത് ആ നാലു സംഘടനകളുടെ  കൂട്ടായ്മയാണ്.   

ഇപ്പോള്‍ തുനീസിയയില്‍ പൊട്ടിപ്പുറപ്പെട്ടതുപോലുള്ള തര്‍ക്കമുണ്ടായാല്‍ പരിഹരിക്കുന്നതിന് ഒരു ഭരണഘടനാ കോടതി സ്ഥാപിക്കണമെന്ന് 2014ല്‍ രൂപംകൊണ്ട ഭരണഘടനയില്‍ നിര്‍ദേശമുണ്ടായിരുന്നു. പക്ഷേ, അതിലെ ജഡ്ജിമാര്‍ ആരായിരിക്കെണമെന്ന കാര്യത്തില്‍ വിവിധ വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കംകാരണം ഇതുവരെ അത് യാഥാര്‍ഥ്യമായിട്ടില്ല. ഉത്തരാഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യമാണ് തുനീസിയയെങ്കിലും ഇപ്പോള്‍ അത് ്അഭിമുഖീകരിക്കുന്നത് ഒരു വലിയ പ്രശ്നത്തെയാണ്. 

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

Content Summary : Tunisia on edge as President suspends parliament, fires Prime Minister

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA