നൂറാം വര്‍ഷത്തില്‍ പുതിയൊരു മാവോ

HIGHLIGHTS
  • ഷി ചിന്‍പിങ്ങിന്‍റെ ചിന്തകള്‍ ചൈനയില്‍ പാഠ്യവിഷയമാകുന്നു
  • ഉന്നത സ്ഥാനങ്ങളില്‍ തുടരാന്‍ സാധ്യത
CHINA-REGULATION-DATA
ഷി ചിന്‍പിങ്. Photo : Jason Lee / Reuters
SHARE

മാവോ സെ ദുംഗിനു ശേഷമുള്ള ചൈനയിലെ ഏറ്റവും ശക്തനായ നേതാവ് ആര് എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ ആരും അധികമൊന്നും ആലോചിക്കാന്‍ ഇടയില്ല. രാജ്യത്തിന്‍റെ ഇപ്പോഴത്തെ പ്രസിഡന്‍റും ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായ ഷി ചിന്‍പിങ് എന്നായിരിക്കും ഉത്തരം. ഇതിന് ഉപോല്‍ബലകമായ വസ്തുതകള്‍ സമീപകാല ചൈനീസ് ചരിത്രത്തില്‍ ഏറെയുണ്ട്.  

ഷിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം ചൈനയിലെ പ്രാഥമിക വിദ്യാലയങ്ങള്‍ മുതല്‍ സര്‍വകലാശാലകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പാഠ്യവിഷയമാക്കാനുള്ള  പുതിയ തീരുമാനം ചൂണ്ടിക്കാട്ടുന്നതും ഇതുതന്നെയാണ്. ഈ ബുധനാഴ്ച (സെപ്റ്റംബര്‍ ഒന്ന്) പുതിയ വിദ്യാഭാസ വര്‍ഷം തുടങ്ങുന്നതോടെ ഇതു നടപ്പിലാവുന്നു.

"രാജ്യത്തെ യുവജനങ്ങളില്‍ മാര്‍ക്സിസ്റ്റ് വിശ്വാസം വളര്‍ത്തുകയും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അനുസരിക്കുകയും പിന്തുടരുകയും ചെയ്യാനുള്ള ദൃഡനിശ്ചയം അവരില്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ഉദ്ദേശ്യ"മെന്നു വിദ്യാഭ്യാസ മന്ത്രാലയം ഓഗസ്റ്റ് 24നു പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുകയുകയുണ്ടായി. ജീവിതത്തിന്‍റെ എല്ലാ മണ്ഡലങ്ങളിലും പാര്‍ട്ടിയുടെ മേധാവിത്തം ഉറപ്പുവരുത്തുക എന്നര്‍ഥം. അതോടൊപ്പം ഷിയുടെ സ്ഥാനവും കൂടുതല്‍ ശക്തിപ്പെടുന്നു. 

"പുതിയ കാലഘട്ടത്തിലേക്കുള്ളതും ചൈനീസ് സവിശേഷതകളോടുകൂടിയതുമായ സോഷ്യലിസത്തെക്കുറിച്ചുള്ള ഷി ചിന്‍പിങ്ങിന്‍റെ ചിന്ത" എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ആശയങ്ങള്‍ നേരത്തെതന്നെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിരുന്നു. സര്‍വകലാശാലകളില്‍ പഠിപ്പിക്കാന്‍ തുടങ്ങുകയുമുണ്ടായി. 

അതിനു താഴെയുള്ള പ്രൈമറി, സെക്കന്‍ഡറി ക്ലാസ്സുകളില്‍കൂടി ഇപ്പോള്‍ അതു നിര്‍ബന്ധിത പാഠ്യവിഷയമാവുന്നു. കോടിക്കണക്കിനു കുട്ടികളുടെ മനസ്സിന്‍റെ ആഴങ്ങളിലേക്കാണ് പാര്‍ട്ടിയുടെ പരമോന്നത നേതാവും അദ്ദേഹത്തിന്‍റെ ആശയങ്ങളും ഇങ്ങനെ ആവാഹിക്കപ്പെടുന്നത്. 

എഴുപത്തിരണ്ടു വര്‍ഷംമുന്‍പ് കമ്യൂണിസ്റ്റ് ചൈന സ്ഥാപിതമായതുമുതല്‍ ഇതുവരെ അതിനെ നയിച്ചത് മാവോ സെദൂങ്, ഡെങ് സിയാവോ പിങ്, ജിയാങ് സെമിന്‍, ഹൂ ജിന്‍റോവോ, ഷി ചിന്‍പിങ് എന്നീ അഞ്ചു പേരാണ്. അവരില്‍ മാവോയും ഡെങ്ങും മാത്രമേ ഇതിനുമുന്‍പ് ഇത്തരം ആശയങ്ങള്‍ മുന്നോട്ടു വച്ചിരുന്നുളളൂ. 

ചൈനയെ ലോകത്തെ രണ്ടാമത്തെ വന്‍ സാമ്പത്തികശക്തിയാക്കാന്‍ സഹായകമായ വിധത്തില്‍ ഡെങ് അവതരിപ്പിച്ച ആശയങ്ങള്‍ക്ക് അംഗീകാരവും പ്രചാരവും ലഭിച്ചത് പക്ഷേ, അദ്ദേഹത്തിന്‍റെ മരണശേഷമാണ്. ജീവിത കാലത്തുതന്നെ സ്വന്തം ആശയങ്ങള്‍ നടപ്പാകുന്നതു കാണാന്‍ കഴിഞ്ഞത് ഇതുവരെ മാവോയ്ക്കു മാത്രം. ഇപ്പോള്‍ ഷിക്കും. 

ഭരണകക്ഷി എന്നതിനു പുറമെ രാജ്യത്തെ ഏകകക്ഷിയുമായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലവനായി ഒന്‍പതു വര്‍ഷംമുന്‍പ് സ്ഥാനമേറ്റതു മുതല്‍ ഷി നടത്തിയ പ്രസംഗങ്ങളിലെയും പ്രസ്താവനകളിലെയും ആശയങ്ങള്‍ ക്രോഡീകരിച്ചാണ് ഷിയുടെ ചിന്തയെന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജനങ്ങളില്‍ രാജ്യസ്നേഹം വളര്‍ത്തുക, ഭരണത്തിന്‍റെ എല്ലാ മേഖലകളും നിയമാധിഷ്ഠിതമാക്കുക, സാമ്പത്തിക വികസനത്തിലൂടെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സഹവര്‍ത്തിത്വം ഉറപ്പാക്കുക, രാജ്യസുരക്ഷയ്ക്കുവേണ്ടി ജാഗ്രത പാലിക്കുക, എന്നിങ്ങനെയുള്ളതും ഏതു രാജ്യത്തെയും ഏവര്‍ക്കും സ്വീകാര്യവുമായ ആശയങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു.

സൈദ്ധാന്തിക തലത്തില്‍ ചലനങ്ങളുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ പക്ഷേ ഒന്നുമില്ല. അതേസമയം, സായുധ സേനകള്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേധാവിത്തവും നിയന്ത്രണവും തുടരണമെന്നു പ്രത്യേകം എടുത്തുപറഞ്ഞിട്ടുമുണ്ട്. അതോടൊപ്പം തന്നെ പാഠപുസ്തകങ്ങളില്‍ ഷിയെ സ്നേഹമസൃണനായ ഒരു അപ്പൂപ്പനായി അവതരിപ്പിക്കുകയും അതിനു സഹായകമായ ചിത്രങ്ങളും സംഭവ വിവരണങ്ങളും ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. രാജ്യം ഷിയോടു കടപ്പെട്ടിരിക്കുന്നു എന്നിങ്ങനെയുളള പരാമര്‍ശങ്ങളുമുണ്ട്.   

വ്യക്തിപൂജയുടെ അടയാളങ്ങളായിട്ടാണ് ഇതിനെ പല നിരീക്ഷകരും കാണുന്നത്. മാവോയുടെ കാലത്തു നിറഞ്ഞാടിയ വ്യക്തിപൂജ തിരിച്ചുവരികയാണെന്ന് അവര്‍ സംശയിക്കുകയും ചെയ്യുന്നു. ദീര്‍ഘകാലത്തേക്കു സ്വന്തം പദവി ഭദ്രമാക്കാനുള്ള ഷിയുടെ ആഗ്രഹമാണ് ഇതിന്‍റെ പിന്നിലെന്നു ചൂണ്ടിക്കാട്ടാനും അവര്‍ മടിക്കുന്നില്ല.

ഇതിനിടയില്‍തന്നെ ഷി പുതിയൊരു മാവോയായി സ്വയം അവതരിപ്പിക്കാനുള്ള ശ്രമം നടത്തുകയാണെന്ന അഭിപ്രായവും ചില കേന്ദ്രങ്ങളില്‍നിന്നെങ്കിലും ഉയര്‍ന്നുവന്നിട്ടുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശതാബ്ദിയോടനുബന്ധിച്ച് ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് ബെയ്ജിങ്ങിലെ ടിയനന്‍മെന്‍ ചത്വരത്തില്‍ നടന്ന മഹാസമ്മേളനത്തില്‍ അദ്ദേഹം  മാവോ സൂട്ടില്‍ പ്രത്യക്ഷപ്പെട്ടത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. 

മാവോ പതിവായി ധരിച്ചിരുന്നതും ഡെങ്ങിന്‍റെ കാലംവരെ സര്‍വത്ര പ്രചാരത്തിലുണ്ടായിരുന്നതുമായ ഈ വേഷം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പൊതുരംഗത്തുനിന്ന് അപ്രത്യക്ഷമായിരിക്കുകയായിരുന്നു. ഷി ഉള്‍പ്പെടെ എല്ലാ നേതാക്കളും അണിഞ്ഞുവന്നത് ഔപചാരിക പാശ്ചാത്യ വേഷമായ സൂട്ടും ടൈയുമാണ്. ശതാബ്ദി സമ്മേളനവേദിയില്‍ സന്നിഹിതരായിരുന്ന പ്രധാനമന്ത്രി ലി കെച്യാങ്, മുന്‍പ്രസിഡന്‍റ് ഹൂ ജിന്‍റാവോ തുടങ്ങിയ നേതാക്കളുടെ വേഷവും അതുതന്നെയായിരുന്നു. ഷി മാത്രം പ്രത്യക്ഷപ്പെട്ടത് ചാരനിറത്തിലുള്ള മാവോ സൂട്ടില്‍. 

അറുപത്തെട്ടുകാരനായ ഷി അടുത്ത വര്‍ഷം മുതല്‍ മൂന്നാം തവണയും രാജ്യത്തിന്‍റെ പ്രസിഡന്‍റാകാനായി ഒരുങ്ങിക്കൊണ്ടിരിക്കേയാണ് ഈ നീക്കങ്ങള്‍. അഞ്ചു വര്‍ഷം വീതമുള്ള രണ്ടു തവണ മാത്രമേ ഈ പദവി വഹിക്കാന്‍ പാടുള്ളൂവെന്നാണ് ഭരണഘടനയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് (പാര്‍ലമെന്‍റ്) 2017ല്‍ ആ വ്യവസ്ഥ നീക്കംചെയ്തു. എത്ര തവണയാവാമെന്നു പറഞ്ഞിട്ടില്ലാത്തതിനാല്‍ ഷിക്ക് വേണമെങ്കില്‍ ജീവിതാവസാനംവരെ രാഷ്ട്രത്തലവനായി തുടരാനാവുമെന്നും കരുതപ്പെടുന്നു. 

ചൈനയിലെ പരമോന്നതമായ അധികാര സ്ഥാനം കമൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടേതാണ്. അതിലേക്കും സായുധ സേനകളുടെ നേതൃത്വം വഹിക്കുന്ന കേന്ദ്ര മിലിട്ടറി കമ്മിഷന്‍റെ ചെയര്‍മാനായും 2012ല്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഷി ആ പദവികളും ഇപ്പോള്‍ വഹിക്കുന്നതു തുടര്‍ച്ചയായി രണ്ടാം തവണയാണ്. വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതിനു തടസ്സമില്ല താനും. അങ്ങനെ അടുത്ത വര്‍ഷം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സോടെ ഷി കൂടുതല്‍ ശക്തനായിത്തീരുന്നു. 

നേതൃത്വ പാടവത്തിന്‍റെ പിന്‍ബലത്തില്‍ മാത്രമല്ല, പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിക്കാനുള്ള അസാമാന്യമായ കഴിവിന്‍റെ സഹായത്താലുമാണ് ഈ ഉയരങ്ങളിലെല്ലാം അദ്ദേഹം എത്തിച്ചേര്‍ന്നിരിക്കുന്നത്.പിതാവ് ഷി സോങ്ഷുന്‍ മാവോയോടൊപ്പം കമ്യൂണിസ്റ്റ് രാഷ്ട്രത്ത്രിനു രൂപം നല്‍കിയവരില്‍ ഒരാളായിരുന്നു. എന്നിട്ടും ഗുരുതരമായ പ്രശ്നങ്ങളെ നേരിടേണ്ടിവന്നു.

സാംസ്ക്കാരിക വിപ്ളവകാലത്ത് ഇരുവരും മാവോയുടെ അപ്രീതിക്കു പാത്രമായി.പാടത്തു പണിയെടുത്തുകൊണ്ടു പുനര്‍വിദ്യാഭ്യാസം നേടാന്‍ വിധിക്കപ്പെട്ട നഗരവാസികളായ മൂന്നുകോടി യുവാക്കളില്‍ ഷിയും ഉള്‍പ്പെട്ടു. 1976ല്‍ മാവോയുഗം  അവസാനിച്ചതോടെയാണ് അവരുടെ ഭാഗ്യം വീണ്ടും തെളിഞ്ഞത്. 

1974ല്‍ ഇരുപത്തൊന്നാം വയസ്സില്‍ പാര്‍ട്ടിയില്‍ അംഗത്വം ലഭിച്ച ഷി അതിവേഗം പടിപടിയായി ഉയര്‍ന്നു. അതിനിടയില്‍ കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി. പ്രതിരോധ മന്ത്രിയുടെ പേഴ്സണല്‍ സെക്ടട്ടറിയായ അദ്ദേഹം പിന്നീടു സെജിയോങ് പ്രവിശ്യയിലെ പാര്‍ട്ടി തലവനായി. 2007ല്‍ പോളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചു വര്‍ഷത്തിനുശേഷം പാര്‍ട്ടിയുടെ പരമോന്നത നേതാവാവുകയും ചെയ്തു. 

CHINA-PARLIAMENT
ഷി ചിന്‍പിങ്. Photo : Carlos Garcia Rawlins / Reuters

അഴിമതിക്കെതിരെ ഷി നടത്തിവരുന്ന യുദ്ധത്തിനും സമാനതകളില്ല. പാര്‍ട്ടിയുടെ ഉന്നത നേതാക്കളും സൈന്യത്തിലെ ജനറല്‍മാരും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ക്കെതിരെ നടപടികളുണ്ടായി.  അതേസമയം, തന്നോടു കൂറുകാണിക്കാത്തവരെ അടിച്ചമര്‍ത്താന്‍ അദ്ദേഹം ഇതൊരു ആയുധമാക്കുകയാണെന്ന ആരോപണവുമുണ്ട്. 

ചൈനയിലെ ശതകോടീശ്വരന്മാരും ഷിയെ ഭയപ്പെടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.സാമ്പത്തിക രംഗത്തു ഡെങ് സിയാവോപിങ് തുടങ്ങിവച്ച ഉദാരവല്‍ക്കരണ നയങ്ങളില്‍നിന്നു മുതലെടുത്തുകൊണ്ട് സമ്പന്നരായിത്തീര്‍ന്നവര്‍ ഏറെയുണ്ട്.ആലിബാബ എന്ന ഹൈടെക് വ്യവസായ ഗ്രൂപ്പിന്‍റെ തലവനായ ജാക്ക് മായെപ്പോലുള്ളവര്‍ ലോകമൊട്ടുക്കും അറിയപ്പെടുകയും ചെയ്യുന്നു. 

ഇവരും നാട്ടിലെ പാവപ്പെട്ടവരും തമ്മിലുള്ള വിടവ് വര്‍ഷങ്ങള്‍ കഴിയുന്തോറും വര്‍ദ്ധിക്കുകയുമാണ്. ഇതു നികത്താനുളള യജ്ഞത്തിലും ഏര്‍പ്പെട്ടിരിക്കുകയാണ് ഷി ചിന്‍പിങ്. അതേസമയം, ഭാവിയില്‍ തനിക്കു പ്രശ്നമായിത്തീരുമെന്നു സംശയിക്കുന്നവരെ ഒതുക്കാന്‍ ഇതും ഷിയുടെ കൈയില്‍ ആയുധമാവുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.  

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

Content Summary: Videsharangom - China's kids get schooled in ‘Xi Jinping thought’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA