ചൈനാ ഭീതിയില്‍ തയ്‌വാൻ

HIGHLIGHTS
  • നാലു ദിവസം നീണ്ടുനിന്ന വ്യോമാഭ്യാസങ്ങള്‍
  • ആക്രമണത്തെ നേരിടാന്‍ ഒരുങ്ങിനില്‍ക്കുന്നുവെന്ന് മന്ത്രി
TAIWAN-HEALTH-VIRUS
Joseph Wu. Photo Credit : Sam Yeh / AFP
SHARE

ചൈനയും തയ്‌വാനും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെടുമോ എന്ന ഭീതി ജനിപ്പിക്കുകയായിരുന്നു കഴിഞ്ഞ ചില നാളുകളില്‍ ചൈനയുടെ ഭാഗത്തുനിന്നുണ്ടായ  പ്രകോപനപരമായ നീക്കങ്ങള്‍. ചൈനയുടെ ആക്രമണത്തെ നേരിടാന്‍ തന്‍റെ രാജ്യം ഒരുങ്ങിനില്‍ക്കുകയാണെന്ന തയ്‌വാൻ വിദേശമന്ത്രി ജോസഫ് വൂവിന്‍റെ പ്രസ്താവന ആ ഭീതി സ്ഥിരീകരിക്കുകയും ചെയ്തു. യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ തയ്‌വാനെ സഹായിക്കാന്‍ അമേരിക്ക മുന്നോട്ടുവരുമോയെന്നും അമേരിക്കയുടെ സഹായം ഏതു വിധത്തിലായിരിക്കുമെന്നുമുള്ള ചോദ്യങ്ങള്‍ ഇതിനിടയില്‍ ഉയര്‍ന്നുവന്നതും സ്വാഭാവികമായിരുന്നു.  

ലോകത്തില്‍ വച്ചേറ്റവും സംഘര്‍ഷം മുറ്റിനില്‍ക്കുന്ന മേഖലകളില്‍ ഒന്നായിരിക്കുകയാണ് ചൈനയ്ക്കും തയ്‌വാനും ഇടയിലുള്ള കടലിടുക്ക്. ആ വസ്തുതയിലേക്കു വിരല്‍ചൂണ്ടുകകൂടി ചെയ്യുകയായിരുന്നു ഈ സംഭവങ്ങള്‍. ചൈനീസ് വന്‍കരയില്‍ നിന്നു 180 കിലോമീറ്റര്‍ മാത്രം അകലെ കിടക്കുകയാണ് ഒരു ദ്വീപും ഏതാനും കൊച്ചു ദ്വീപുകളും അടങ്ങുന്ന തയ്‌വാൻ എന്ന 36,197 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം. ചൈനയുടെ കണ്ണില്‍ അതു വേര്‍പിരിഞ്ഞുപോയ ഒരു ചൈനീസ് പ്രവിശ്യ മാത്രമാണെങ്കില്‍ 1949 മുതല്‍ തയ്‌വാൻ ഫലത്തില്‍ പ്രവര്‍ത്തിച്ചുവരുന്നത് ഒരു സ്വതന്ത്ര രാജ്യമായിട്ടാണ്. അതാണ് തര്‍ക്കത്തിനും  വൈരാഗ്യത്തിനും കാരണവും. 

തയ്‌വാൻ കടലിടുക്കില്‍ ചൈനീസ് പോര്‍ വിമാനങ്ങളും യുദ്ധക്കപ്പലുകളും ഇടയ്ക്കിടെ അഭ്യാസങ്ങള്‍ നടത്തിവരിക പതിവുണ്ട്. യുഎസ് യുദ്ധക്കപ്പലുകള്‍ അവിടെ ചുറ്റിക്കറങ്ങുന്നതും അപൂര്‍വമല്ല. ചൈനയുടെ ദേശീയദിനമായ ഒക്ടോബര്‍ ഒന്നുമുതല്‍ നാലു ദിവസങ്ങളിലായി വിവിധ തരത്തിലുളള ചൈനീസ് പോര്‍ വിമാനങ്ങള്‍ (ആണവ ബോംബുകള്‍ വഹിക്കാന്‍ കഴിയുന്നവ ഉള്‍പ്പെടെ) ഏതാണ്ട് 150 തവണ തയ്‌വാന്‍റെ അതിർത്തിക്ക് അടുത്തൂകൂടെ ചീറിപ്പറന്നുപോയത്  ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു. 

തയ്‌വാന്‍റെ വ്യോമാതിര്‍ത്തി ലംഘിക്കപ്പെടുകയുണ്ടായില്ല. എങ്കിലും തയ്‌വാൻ അതിന്‍റെ വ്യോമപ്രതിരോധ മേഖലയെന്നു വിളിക്കുന്ന ഭാഗത്തേക്കു ചൈനീസ്  വിമാനങ്ങള്‍ അതിക്രമിച്ചു കടക്കുകയും അതു തയ്വാനെ ഭയപ്പെടുത്തുകയും രോഷം കൊള്ളിക്കുകയും ചെയ്തു. ചൈനയുടെ ആക്രമണത്തെ നേരിടാന്‍ തങ്ങള്‍ ഒരുങ്ങിനില്‍ക്കുന്നുവെന്നു തയ്‌വാൻ വിദേശമന്ത്രി വെട്ടിത്തുറന്നു പറഞ്ഞത് അതിനെ തുടര്‍ന്നാണ്. 

TAIWAN-POLITICS
Taiwan President Tsai Ing-wen. Photo Credit : Sam Yeh / AFP

കാല്‍നൂറ്റാണ്ടിനിടയില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം. 1996ല്‍ തയ്‌വാനു ചുറ്റുമുള്ള കടലിലേക്ക് ചൈന മിസൈലുകള്‍ എയ്തുവിട്ടത് ഒരു തിരഞ്ഞെടുപ്പ് വേളയിലായിരുന്നു. തയ്‌വാനെ സ്വതന്ത്ര രാജ്യമാക്കാന്‍ ശ്രമിക്കുകയായിരുന്ന കൂമിന്താങ് പാര്‍ട്ടിയുടെ നേതാവ് ലീ ടെങ് ഹ്യൂ പ്രസിഡന്‍റ്ായി തിരഞ്ഞെടുക്കപ്പെടുന്നതു തടയാനായി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയായിരുന്നു ചൈനയുടെ ഉദ്ദേശ്യം. അതിനു മറുപടിയെന്നോണം അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍ തയ്‌വാൻ കടലിടുക്കില്‍ കുതിച്ചെത്തി. ചൈനീസ് മിസൈല്‍ വിക്ഷേപണങ്ങള്‍ അതോടെ അവസാനിക്കുകയും ലീ ടെങ് ഹ്യൂ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 

തയ്‌വാനിൽ ഇപ്പോള്‍ തിരഞ്ഞെടുപ്പൊന്നും നടക്കുന്നില്ല. എങ്കിലും അഞ്ചു വര്‍ഷമായി അധികാരത്തിലിരിക്കുന്നത് ചൈന ഒട്ടും ഇഷ്ടപ്പെടാത്ത മറ്റൊരാളാണ്- തയ്‌വാൻ ചൈനയില്‍ ലയിക്കണമെന്ന ആവശ്യം പൂര്‍ണമായും തള്ളിക്കളയുന്ന ഡമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടി നേതാവായ പ്രസിഡന്‍റ് സായ് ഇങ് വെന്‍. വന്‍ഭൂരിപക്ഷത്തോടെ ഈ വര്‍ഷം ജനുവരിയില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഈ വനിത രണ്ടാം തവണയും പ്രസിഡന്‍റായി സ്ഥാനമേറ്റത് ഇക്കഴിഞ്ഞ മേയിലായിരുന്നു.

videsharangom-mike-pompeo
Mike Pompeo. Photo : J. Suresh / Manorama

അഭൂതപൂര്‍വമായ വിധത്തില്‍ ലോകശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടായിരുന്നു സായിയുടെ സ്ഥാനാരോഹണം. കോവിഡ് മഹാമാരി കാരണം വിഡിയോ കോണ്‍ഫ്രന്‍സിലൂടെ നടന്ന  ആ പരിപാടിയില്‍ 41 രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം വിശിഷ്ടാതിഥികള്‍ പങ്കെടുത്തു. അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപയോ ആയിരുന്നു ഇവരില്‍ ഒരാള്‍. അമേരിക്കയിലെ ഇത്രയും ഉന്നതനായ  ഉദ്യോഗസ്ഥന്‍ തയ്‌വാനിലെ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കുന്നത് ഇതാദ്യമായിരുന്നു.  

"തയ്‌വാൻ ചൈനയുടെ ഭാഗമാണ് ; ആ വസ്തുത മാറ്റിമറിക്കാന്‍ ആരു വിചാരിച്ചാലും നടക്കില്ല. സ്വതന്ത്ര രാജ്യമാകാമെന്നു തയ്‌വാൻ ഒരിക്കലും മോഹിക്കുകയും വേണ്ട; ചൈനയുമായി തയ്‌വാനെ കൂട്ടിച്ചേര്‍ക്കുകതന്നെ ചെയ്യും; അതിനുവേണ്ടി ബലപ്രയോഗം നടത്തേണ്ടിവരികയാണെങ്കില്‍ അതിനും മടിക്കില്ല"-ഇതായിരുന്നു  ജനുവരിയിലെ തയ്‌വാൻ തിരഞ്ഞെടുപ്പ് വേളയില്‍ ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പിങ്  ബെയ്ജിങ്ങില്‍ ചെയ്ത  ഒരു പ്രസംഗത്തിന്‍റെ ചുരുക്കം. ചൈനയില്‍നിന്ന് ഏതു നിമിഷവും ആക്രമണം ഉണ്ടാകാമെന്നു തയ്‌വാൻ ഭയപ്പെടുന്നത് ഇത്തരം പ്രസ്താവനകളുടെയും അതിനു പിന്‍ബലം നല്‍കുന്ന വിധത്തില്‍ ചൈന ഇടയ്ക്കിടെ നടത്തിവരുന്ന വ്യോമാഭ്യാസങ്ങളുടെയും പശ്ചാത്തലത്തിലാണ്.  

GERMANY-CHINA-POLITICS-DIPLOMACY-G20
China's President Xi Jinping. Photo Credit : Steffi Loos

ചൈനയുടെ ആക്രമണത്തെ ചെറുക്കാന്‍ കഴിയുന്ന വിധത്തിലുള്ള സൈനിക ശക്തിയോ ആയുധ ബലമോ തയ്‌വാന് ഇല്ല. ഉള്ളത് 11,000 കിലോമീറ്റര്‍ അകലെ കിടക്കുന്ന അമേരിക്ക സഹായത്തിനെത്തുമെന്ന പ്രതീക്ഷയാണ്. അതേസമയം, തയ്‌വാൻ ആഗ്രഹിക്കുന്ന വിധത്തില്‍ അമേരിക്കയ്ക്കു സഹായിക്കാനാകുമോ എന്ന സംശയം നിലനില്‍ക്കുകയും ചെയ്യുന്നു. നേരത്തെ തന്നെയുണ്ടായിരുന്ന ഈ സംശയം അഫ്ഗാനിസ്ഥാനില്‍ നിന്നുളള ഏകപക്ഷീയമായ യുഎസ് സൈനിക പിന്മാറ്റത്തിന്‍റെ പശ്ചാത്തലത്തിലും അതിനെ ന്യായീകരിച്ചുകൊണ്ടുള്ള യുഎസ് നേതാക്കളുടെ പ്രസ്താവനകളുടെ വെളിച്ചത്തിലും ശക്തിപ്പെട്ടിട്ടുമുണ്ട്. 

ചൈനയുടെ രക്ഷയക്കുവേണ്ടി സൈനിക നടപടിയെടുക്കാന്‍ അമേരിക്ക തയാറാകുമോ എന്ന് ഇക്കഴിഞ്ഞ വ്യാഴാഴ്ച (ഒക്ടോബര്‍ ഏഴ്) ഒരു മാധ്യമ പ്രതിനിധി ചോദിച്ചപ്പോള്‍ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ട്ാവ് ജെയ്ക്ക് സള്ളിവന്‍ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. "അത്തരമൊരു ദിവസം എന്നെങ്കിലും ഉണ്ടാകുന്നതു തടയാന്‍ ഞങ്ങള്‍ നടപടിയെടുക്കും" എന്നു മാത്രമായിരുന്നു മറുപടി. 

FILES-US-CHINA-DIPLOMACY-TRADE-POLITICS
Jake Sullivan. Photo Credit : Andrew Caballero Reynolds / AFP

ചൈനയും തയ്വാനും തമ്മിലുള്ള തര്‍ക്കത്തില്‍ നാലു പതിറ്റാണ്ടുകാലമായി അമേരിക്ക പിന്തുടര്‍ന്നുവരുന്നത് ഏക ചൈനാ നയമാണ്. അതായത് ബെയ്ജിങ് ആസ്ഥാനമായുള്ള ചൈന അഥവാ പീപ്പിള്‍സ് റിപ്പബ്ള്ക്ക് ഓഫ് ചൈനയെ ഒരേയൊരു ചൈനീസ് പരമാധികാര റിപ്പബ്ളിക്കായി അമേരിക്ക അംഗീകരിക്കുന്നു. 

അതേസമയം, തനിച്ചു നില്‍ക്കാനുളള തയ്‌വാന്റെ (റിപ്പബ്ളിക്ക് ഓഫ് ചൈന) തീരുമാനത്തെ മാനിക്കുകയും അതിനാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്നു. ചൈനയെ ചെറുക്കുന്നതിനുള്ള ആയുധങ്ങള്‍ ഈ സഹായങ്ങളില്‍ ഉള്‍പ്പെടുന്നു. തയ്‌വാന് അമേരിക്ക നല്‍കുന്ന ആയുധ സഹായങ്ങളെ ചൈന എതിര്‍ക്കാറുമുണ്ട്. 

മാവോ സെ ദുങ്ങിന്‍റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് വിപ്ളവകാരികള്‍ 1949ല്‍ ബെയ്ജിങ്ങില്‍ ഭരണം പിടിച്ചടയ്ക്കുകയും പീപ്പിള്‍സ് റിപ്പബ്ള്ക്ക് ഓഫ് ചൈന സ്ഥാപിക്കുകയും ചെയ്തതോടെ ഉണ്ടായതാണ് ഈ പ്രശ്നം. അതുവരെയുള്ള രണ്ടു പതിറ്റാണ്ടുകാലം ചൈന ഭരിച്ച ജനറല്‍ ച്യാങ് കെയ്ഷെക്ക് ചൈനീസ്  വന്‍കരയില്‍ നിന്നു വേറിട്ടുകിടക്കുന്ന തയ്‌വാനിലേക്ക് അനുയായികളോടൊപ്പം പലായനം ചെയ്യുകയായിരുന്നു. അവിടെ അദ്ദേഹം റിപ്പബ്ളിക ഓഫ് ചൈന എന്ന പേരില്‍ സ്വന്തം ഭരണകൂടം സ്ഥാപിക്കുകയും യഥാര്‍ഥ ചൈനീസ് ഗവണ്‍മെന്‍റ് തന്‍റേതാണെന്ന് അവകാശപ്പെടാന്‍ തുടങ്ങുകയും ചെയ്തു. 

രണ്ടു ദശകക്കാലം അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികളും മറ്റ് ഒട്ടേറെ രാജ്യങ്ങളും ചൈനയായി അംഗീകരിച്ചിരുന്നത് അവരെയാണ്.  ഐക്യരാഷ്ട്ര  സംഘടനയില്‍ പഞ്ചമഹാ ശക്തികള്‍ക്കു നീക്കിവച്ചിരുന്ന സ്ഥിരം സീറ്റുകളിലൊന്നും അവര്‍ക്കു കിട്ടി. പീന്നീട് അമേരിക്ക ഉള്‍പ്പെടെയുളള മിക്ക രാജ്യങ്ങളും നിലപാടു മാറ്റുകയും  ചൈനയുടെ പേരിലുള്ള യുഎന്‍ സീറ്റ് തയ്‌വാനു നഷ്ടമാവുകയും ചെയ്തു. ചൈനയുടെ സമ്മര്‍ദ്ദം കാരണം ഒളിംപിക്സ് ഉള്‍പ്പെടെയുളള രാജ്യാന്തര വേദികളില്‍ തയ്‌വാൻ ഇപ്പോള്‍ അറിയപ്പെടുന്നതു ചൈനയെന്നല്ല, 'ചൈനീസ് തായ്പെ' എന്നാണ്. തായ്പെ എന്നതു തയ്‌വാന്‍റെ തലസ്ഥാനത്തിന്‍റെ പേരാണ്. 

തങ്ങള്‍ ഒരു പ്രത്യേക രാഷ്ട്രമാണെന്ന് അവകാശപ്പെടുന്നതല്ലാതെ തയ്‌വാൻ ഇതുവരെ ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ടില്ല. അതേസമയം അതിനു സ്വതന്ത്രരാഷ്ട്ര പദവി നേടിക്കൊടുക്കുകയാണ് പ്രസിഡന്‍റ് സായുടെയും അവരുടെ ഡമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടിയുടെയും ലക്ഷ്യമെന്ന വസ്തുത അവശേഷിക്കുന്നു. എന്തുവില കൊടുത്തും അതു തടയാനുളള ശ്രമത്തിലാണ്  ചൈന.

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം.

Content Summary : Videsharangom - China-Taiwan military tensions 'worst in 40 years' 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA