ADVERTISEMENT

ആധുനിക തുര്‍ക്കിയുടെ നൂറാം വാര്‍ഷികയും ആ രാജ്യത്തിന്‍റെ സ്ഥാപകനായ മുസ്തഫ കമാല്‍ പാഷയുടെ 85ാം ചരമ വാര്‍ഷികവുമാണ് ഈയിടെ കടന്നുപോയത്. തുര്‍ക്കികളുടെ പിതാവ് എന്ന അര്‍ഥത്തില്‍ 'അതാതുര്‍ക്ക്' എന്നറിയപ്പെടുന്ന മുസ്തഫ കമാലിനെ ഓര്‍മിക്കാനുള്ള അവസരമായിരുന്നു ആ ദിനങ്ങള്‍-ഒക്ടോബര്‍ ഇരുപത്തൊന്‍പതും നവംബര്‍ പത്തും. 

രാഷ്ട്ര ശതാബ്ദി വലിയ ആര്‍ഭാടത്തോടെ ആഘോഷിക്കാന്‍ തുര്‍ക്കിയിലെ പ്രസിഡന്‍റ് റജിബ് തയ്യിബ് എർദൊഗാന്‍റെ ഗവണ്‍മെന്‍റ് ഉദ്ദേശിച്ചതായിരുന്നു. പക്ഷേ, പലസ്തീന്‍ പ്രദേശമായ ഗാസയില്‍ പൊട്ടിപ്പുറപ്പെട്ട ഹമാസ്-ഇസ്രയേല്‍ യുദ്ധം അതിനു തടസ്സമായി. ഇത്രയും വലിയ ചൊരിച്ചില്‍ നടക്കുമ്പോള്‍ ആഹ്ളാദത്തിനു പ്രസക്തിയില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. 

മാത്രമല്ല, ഗാസയിലെ യുദ്ധത്തിന് അദ്ദേഹം ഇസ്രയേലിനെ കുറ്റപ്പെടുത്തുകയും പ്രതിഷേധ സൂചകമായി ഇസ്രയേലിലെ തുര്‍ക്കി അംബാസ്സഡറെ തിരിച്ചുവിളിക്കുകയും ചെയ്തു. മധ്യപൂര്‍വദേശത്ത് ഇത്തരമൊരു നിലപാട് സ്വീകരിക്കുകയും അതു തുറന്നു പ്രകടിപ്പിക്കുകയും ചെയ്ത ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായി അങ്ങനെ തുര്‍ക്കി. 

ഇതോടെ അതാതുര്‍ക്കിനോടൊപ്പം എർദൊഗാനും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. അവരെ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ പലരും വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. അതേസമയം മുസ്തഫ കമാലിനുശേഷം തുര്‍ക്കിക്ക് ഇത്രയും ശക്തനായ ഒരു നേതാവ് ഉണ്ടായിട്ടില്ലെന്നു പറയാന്‍ എർദൊഗാന്‍റെ എതിരാളികള്‍ പോലും മടിക്കുന്നുമില്ല. 

നൂറുവര്‍ഷം പിന്നിലേക്കു തിരിഞ്ഞു നോക്കുന്നവര്‍ക്കു കാണാന്‍ കഴിയുക യൂറോപ്പിലെ രോഗി എന്നറിയപ്പെട്ടിരുന്ന തുര്‍ക്കിയെയാണ്. ബഹുഭൂരിഭാഗവും പശ്ചിമേഷ്യയിലാണെങ്കിലും ചെറുയൊരു ഭാഗം ദക്ഷിണ യൂറോപ്പിലായതു കാരണം തുര്‍ക്കി അന്നത്തെപ്പോലെ ഇന്നും യൂറോപ്യന്‍ രാജ്യമായി എണ്ണപ്പെടുന്നു. 

ഓട്ടോമന്‍ സാമ്രാജ്യത്തിന്‍റെ കേന്ദ്രമായിരുന്നു അന്നു തുര്‍ക്കി. അതിന്‍റെ സ്ഥാപകനായ ഉസ്മാന്‍റെ പേരു ലോപിച്ച് ഉത്മാന്‍ എന്നാവുകയും അതു പിന്നീട് പാശ്ചാത്യവല്‍ക്കരിക്കപ്പെട്ട് ഓട്ടോമന്‍ ആവുകയുമായിരുന്നു. 

ആറരയിലേറെ നൂറ്റാണ്ടുകാലം (1259-1923) നീണ്ടുനിന്ന ഓട്ടോമന്‍ സാമ്രാജ്യം അതിന്‍റെ പ്രതാപത്തിന്‍റെ പാരമ്യത്തില്‍ യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലുമായി പരന്നു കിടക്കുകയായിരുന്നു. അങ്ങനെ ലോകത്തില്‍ വച്ചേറ്റവും വലിയ സാമ്രാജ്യമെന്ന ഖ്യാതി നേടി. അവസാന ഘട്ടത്തില്‍ യൂറോപ്പിലെ രോഗി എന്ന പേരു തുര്‍ക്കിക്കു നേടിക്കൊടുക്കുന്ന വിധത്തില്‍ ജീര്‍ണത പടര്‍ന്നു പിടിക്കാനും അധികമൊന്നും വൈകിയില്ല.   

അതിനിടയില്‍ തുര്‍ക്കി ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മനി, ഓസ്ട്രിയ-ഹംഗറി എന്നിവയോടൊപ്പം ചേരുകയും കനത്ത പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ആ യുദ്ധത്തില്‍ ജയിച്ചവര്‍, മുഖ്യമായും ഫ്രാന്‍സും ബ്രിട്ടനും റഷ്യയും ഇറ്റലിയും ഗ്രീസും ഒട്ടോമന്‍ സാമ്രാജ്യത്തിന്‍റെ ഭാഗങ്ങള്‍ പങ്കിട്ടെടുത്തു. 

നാലു വര്‍ഷം നീണ്ടുനിന്ന വിദേശ അധിനിവേശത്തിനെതിരെ യുവസൈനികനായ മുസ്തഫ കമാലിന്‍റെ നേതൃത്വത്തില്‍ നടന്ന സായുധസമരമാണ് 1923 ഒക്ടോബര്‍ 29ന് ആധുനിക തുര്‍ക്കിയുടെ ജന്മത്തിനു വഴിയൊരുക്കിയത്. ഓട്ടോമന്‍ തുര്‍ക്കി സൈന്യത്തിലെ അംഗമെന്ന നിലയില്‍ ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തിരുന്ന അദ്ദേഹം തുര്‍ക്കി റിബ്ളിക്കായതു മുതല്‍ അതിന്‍റെ പ്രസിഡന്‍റാവുകയും 53ാം വയസ്സില്‍ മരിക്കുന്നതുവരെയുള്ള 15 വര്‍ഷക്കാലം രാജ്യം ഭരിക്കുകയും ചെയ്തു. 

ഓട്ടോമന്‍ കാലത്ത് നിലവിലുണ്ടായിരുന്ന ഇസ്ലാമിക ഭരണത്തിനു പകരമായി അതാതുര്‍ക്ക് നടപ്പാക്കിയത് കര്‍ശനമായ മതനിരപേക്ഷ നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള ഭരണമാണ്. ജനങ്ങളില്‍ ബഹുഭൂരിപക്ഷവും മുസ്ലികളായിട്ടും പൊതുസ്ഥലങ്ങളില്‍ ഇസ്ലാം മതചിഹ്നങ്ങള്‍ക്ക് അദ്ദേഹം വിലക്കു കല്‍പ്പിച്ചു.

തുര്‍ക്കി ഭാഷ അറബി ലിപിയിലായിരുന്നത് അദ്ദേഹം റോമന്‍ ലിപിയിലാക്കി. മതപാഠശാലകള്‍ അടച്ചുപൂട്ടി. സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ ശിരോവസത്രം ധരിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ നിയമങ്ങള്‍ കര്‍ക്കശമായി പാലിക്കുന്നതിന്‍റെ ചുമതല പട്ടാളത്തെയും കോടതികളെയും ഏല്‍പ്പിക്കുകയും ചെയ്തു. അതാതുര്‍ക്കിന്‍റെ മരണത്തിനുശേഷവും അതില്‍ മാറ്റമുണ്ടായില്ല.

അതിനൊരു ഉദാഹരണമായിരുന്നു എർദൊഗാന്‍ പ്രതിപക്ഷത്തായിരുന്ന കാലത്തെ ഒരു സംഭവം. തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരമായ അങ്കറയിലെ മേയറായിരുന്ന അദ്ദേഹം 1999ല്‍ ഒരു പൊതുയോഗത്തിലെ പ്രസംഗത്തില്‍ മതപരമായ ഒരു കവിത ഉദ്ധരിച്ചിരുന്നു. അതിന്‍റെ പേരില്‍ അറസ്റ്റിലാവുകയും നാലു മാസം ജയിലില്‍ കഴിയേണ്ടിവരികയും ചെയ്തു. 

വെല്‍ഫെയര്‍ പാര്‍ട്ടിയെന്ന ഒരു രാഷ്ട്രീയ കക്ഷിയെ  1998ല്‍ നിരോധിക്കുകയും അവരുടെ നേതൃത്വത്തിലുളള ഗവണ്‍മെന്‍റിനെ പിരിച്ചുവിടുകയും ചെയ്തത് ആ പാര്‍ട്ടി മതാധിഷ്ഠിതമാണെന്ന കാരണത്താലായിരുന്നു. പ്രധാനമന്ത്രി നസ്മത്തീന്‍ എര്‍ബക്കാന്‍ അറസ്റ്റിലാവുകയുമുണ്ടായി. 

പ്രസിഡന്‍റ് എർദൊഗാന്‍ നയിക്കുന്നതും 20 വര്‍ഷമായി അധികാരത്തിലിരിക്കുന്നതുമായ ജസ്റ്റിസ് ആന്‍ഡ് ഡവലപ്മെന്‍റ് പാര്‍ട്ടി (തുര്‍ക്കി ഭാഷയിലുള്ള ചുരുക്കപ്പേര് എകെ പാര്‍ട്ടി) ആ കക്ഷിയുടെ പിന്‍ഗാമിയായി കരുതപ്പെടുന്നു. ഇവര്‍ അതാതുര്‍ക്ക് നടപ്പാക്കാന്‍ തുടങ്ങിയ മതനിരപേക്ഷതയില്‍ വെള്ളം ചേര്‍ക്കുകയോ അതിനെ അട്ടിമറിക്കുകയോ ചെയ്യുകയാണെന്ന ആരോപണവും നിലവിലുണ്ട്. 

പതിനൊന്നു വര്‍ഷം പ്രധാനമന്ത്രിയായ ശേഷമാണ് എർദൊഗാന്‍ 2014 മുതല്‍ ഒമ്പതു വര്‍ഷമായി പ്രസിഡന്‍റ് പദവിയിലിരിക്കുന്നത്. ഇക്കഴിഞ്ഞ മേയില്‍ 69ാം വയസ്സില്‍ തുടര്‍ച്ചയായി മൂന്നാം തവണയും പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. 2003ലെ തിരഞ്ഞെടുപ്പിലൂടെ എകെപാര്‍ട്ടി ആദ്യമായി അധികാരത്തില്‍ എത്തുന്നതിനു മുന്‍പുള്ള കുറേ വര്‍ഷങ്ങളില്‍, അല്‍പ്പായുസ്സുകളായ മന്ത്രിസഭകളുടെ മ്യൂസിക്കല്‍ ചെയറായിരുന്നു തുര്‍ക്കിയില്‍. 

രാഷ്ട്രീയ രംഗത്തെ കുഴപ്പങ്ങള്‍ കാരണം പട്ടാളം മൂന്നു തവണ ഭരണം പിടിച്ചടക്കി. ഏറ്റവും നീണ്ടകാലം (പത്തു വര്‍ഷം) പ്രധാനമന്ത്രിയായിരുന്ന അദ്നാന്‍ മെന്‍ദരിസിനെ പട്ടാളം അട്ടിമറിക്കുക മാത്രമല്ല, അവരുടെ ഭരണകൂടം 1961ല്‍ അദ്ദേഹത്തെ തൂക്കിക്കൊല്ലുകയും ചെയ്തു. 

ഏറ്റവുമൊടുവില്‍ 2016ല്‍ എർദൊഗാനെതിരെയും പട്ടാള അട്ടിമറിശ്രമം നടക്കുകയുണ്ടായി. ഏതാനും മണിക്കൂറുകള്‍ മാത്രം നീണ്ടുനിന്ന ആ സംഭവം പാളിപ്പോവുകമാത്രമല്ല, അദ്ദേഹത്തിനു സ്വന്തം നില ഭദ്രമാക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. സൈനികര്‍ ഉള്‍പ്പെടെ ലക്ഷത്തില്‍പ്പരം ആളുകള്‍ ജോലിയില്‍നിന്നു പിരിച്ചുവിടപ്പെട്ടു. മറ്റ് ഒട്ടേറെ പേര്‍ അറസ്റ്റിലായി. അന്നു മുതല്‍ അദ്ദേഹം ഏകാധിപതിയെപ്പോലെ പെരുമാറുകയാണെന്നും ആരോപിക്കപ്പെടുന്നു.

ഇസ്ലാമിസ്റ്റുകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന എർദൊഗാനും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും ഇസ്രയേലുമായി നയതന്ത്രബന്ധം പുലര്‍ത്തുന്നുവെന്നത് പലര്‍ക്കും അവിശ്വസനീയമായിത്തോന്നും. മുസ്തഫ കമാലിന്‍റെ റിപ്പബ്ളിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി തുര്‍ക്കി ഭരിച്ചിരുന്ന കാലത്തു 1949ൽ തന്നെ ഇസ്രയേലിനെ തുര്‍ക്കി അംഗീകരിക്കുകയും ആ രാജ്യവുമായി നയതന്ത്രബന്ധം സ്ഥാപിക്കുകയുമുണ്ടായി. 

ഒരു മുസ്ലിം രാജ്യം അങ്ങനെ ചെയ്യുന്നത് അതാദ്യമായിരുന്നു. ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ തമ്മിലുള്ള സന്ദര്‍ശനങ്ങളും കൂടിക്കാഴ്ചകളും നടന്നു. എങ്കിലും എർദൊഗാന്‍റെ ഭരണത്തില്‍ ഇസ്രയേലുമായുള്ള തുര്‍ക്കിയുടെ ബന്ധം പല തവണ ഉലയുകയുമുണ്ടായി. മുഖ്യകാരണം പലസ്തീന്‍തന്നെ. 

ഏറ്റവുമൊടുവില്‍ ബന്ധം വീണ്ടും മെച്ചപ്പെടുകയും ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ എർദൊഗാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭാ സമ്മേളന വേളയില്‍ സംസാരിക്കുകയും ചെയ്തു. അടുത്തുതന്നെ ഇസ്രയേല്‍ സന്ദര്‍ശിക്കാനും ഉദ്ദേശിക്കുകയായിരുന്നു അദ്ദേഹം. പക്ഷേ, ഗാസയിലെ യുദ്ധം അതിനുള്ള സാധ്യതയെ പെട്ടെന്ന് അട്ടിമറിച്ചു. 

അമേരിക്കയുടെ നേത്വത്തിലുള്ള പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയില്‍ അര നൂറ്റാണ്ടുകാലമായി തുര്‍ക്കി അംഗമാണെന്നതാണ് കൗതുകകരമായ മറ്റൊരു സവിശേഷത. അതാതുര്‍ക്കിന്‍റെ പാര്‍ട്ടി അധികാരത്തിലിരുന്ന കാലത്തു തുടങ്ങിയതാണ് ആ ബന്ധവും. യുഎസ് സൈന്യം കഴിഞ്ഞാല്‍ നാറ്റോയിലെ ഏറ്റവും അംഗബലമുള്ള സൈന്യം തുര്‍ക്കിയുടേതാണ്. നാറ്റോയുടെ ഏറ്റവും വലിയ ഒരു സൈനിക താവളവും തുര്‍ക്കിയില്‍ സ്ഥിതിചെയ്യുന്നു.

അതേസമയം, എകെ പാര്‍ട്ടിയുടെ ഭരണത്തില്‍ തുര്‍ക്കിയുടെ നാറ്റോ അംഗത്വം പല തവണ വെല്ലുവിളികളെ നേരിടുകയുമുണ്ടായി. മുഖ്യഭീഷണിയായി നാറ്റോ കരുതുന്ന റഷ്യയുമായി തുര്‍ക്കി സൗഹൃദം പുലര്‍ത്തിവരികയും ചെയ്യുന്നു. റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെ എർദൊഗാന്‍ പതിവായി 'എന്‍റെ സുഹൃത്ത്' എന്നു വിളിക്കാറുണ്ടെന്നതും രഹസ്യമല്ല. 

ലോകത്തില്‍ വച്ചേറ്റവും വലിയ സാമ്പത്തിക കൂട്ടായ്മായ യൂറോപ്യന്‍ യൂണിയനില്‍ (ഇയു) തുര്‍ക്കിക്ക് പ്രവേശനം നേടിക്കൊടുക്കാന്‍ 18 വര്‍ഷമായി എർദൊഗാന്‍ നടത്തിവരുന്ന ശ്രമവും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ജനാധിപത്യത്തിന്‍റെയും നിയമവാഴ്ചയുടെയും കാര്യത്തില്‍ കര്‍ശനമായ മാനദണ്ഡങ്ങളാണ് ഇയുവിനുള്ളത്. തുര്‍ക്കിയില്‍ അവ പൂര്‍ണമായി പാലിക്കപ്പെടുന്നില്ലെന്ന ചില അംഗരാജ്യങ്ങളുടെ ആരോപണമാണത്രേ അംഗത്വം ലഭിക്കുന്നതിനു തടസ്സമായി നില്‍ക്കുന്നത്. ഈ അഭിപ്രായം തുര്‍ക്കിയിലെതന്നെ പ്രതിപക്ഷത്തിനുമുണ്ട്.  

English Summary:

Contrasting Visions: The Making of Modern Turkey from Atatürk to Erdogan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com