ഒന്നുകില്‍ ട്രംപ്, അല്ലെങ്കില്‍ ബൈഡന്‍

HIGHLIGHTS
  • ട്രംപിന്‍റെ റണ്ണിങ് മേറ്റാവാന്‍ വിവേക് രാമസ്വാമിയും പരിഗണനയില്‍
  • നിക്കി ഹേലിക്കു ദയനീയ പരാജയം
trump-article
ഡോണള്‍ഡ് ട്രംപ്, Image Credit: Evan El Amin/Shutterstock
SHARE

ഡോണള്‍ഡ് ട്രംപ് അല്ലെങ്കില്‍ ജോ ബെഡന്‍. ഇവരില്‍ ഒരാളായിരിക്കും അമേരിക്കയുടെ അടുത്ത പ്രസിഡന്‍റ് എന്ന് ഉറപ്പായിക്കഴിഞ്ഞു. അതായത്, കഴിഞ്ഞ തവണ (2020ല്‍) നടന്ന തിരഞ്ഞെടുപ്പിന്‍റെ ആവര്‍ത്തനമായിരിക്കും ഈ തിരഞ്ഞെടുപ്പ്. പോളിങ് ദിനത്തിനു മുന്‍പുള്ള അടുത്ത ഏഴു മാസങ്ങള്‍ക്കിടയില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ ഒന്നുമുണ്ടാകുന്നില്ലെങ്കില്‍ യുഎസ് ചരിത്രത്തിലെ ഏറ്റവും വിരസമായ ഒരു തിരഞ്ഞെപ്പായിരിക്കും ഇതെന്ന കാര്യത്തിലും അധികമാര്‍ക്കും സംശയമില്ല.

സ്ഥാനാര്‍ഥികളില്‍ ഒരാള്‍ക്ക് 81ഉം മറ്റയാള്‍ക്കു 77ഉം വയസ്സാണെന്നതും ജനങ്ങള്‍ക്കിടയിലെ ഉല്‍സാഹക്കുറവിനു കാരണമാണെന്നു കരുതുന്നവരുണ്ട്. ഇത്രയും ഉയര്‍ന്ന പ്രായത്തിലുളളവര്‍ തമ്മിലുള്ള പോരാട്ടം മുന്‍പൊരിക്കലും നടന്നിരുന്നില്ല. 

നവംബര്‍ അഞ്ചിനു തമ്മില്‍ ഏറ്റുമുട്ടുന്നത് ട്രംപും ബൈഡനുമായിരിക്കും എന്നതു സംബന്ധിച്ച് വാസ്തവത്തില്‍ മാസങ്ങള്‍ക്കു മുന്‍പ്തന്നെ പൊതുവില്‍ ജനങ്ങള്‍ക്കിടയില്‍ സംശയമില്ലാതായിക്കഴിഞ്ഞിരുന്നു. എങ്കിലും, പ്രമുഖ കക്ഷികളായ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയും ഡമോക്രാറ്റിക് പാര്‍ട്ടിയും അവരുടെ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നില്ല.

ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. റിപ്പബ്ളിക്കന്‍ പാര്‍ട്ടി ജൂലൈയിലും ഡമോക്രാറ്റിക് പാര്‍ട്ടി ഓഗസ്റ്റിലും നടത്തുന്ന കണ്‍വെന്‍ഷനിലായിരിക്കും പ്രഖ്യാപനം ഉണ്ടാവുക. ഇരുവരുടെയും റണ്ണിങ് മേറ്റുകള്‍ അഥവാ വൈസ്പ്രസിഡന്‍റ് സ്ഥാനാര്‍ഥികള്‍ ആരായിരിക്കുമെന്നും അപ്പോളറിയാം. പക്ഷേ അതെല്ലാം ഔപചാരികമായ നടപടി ക്രമങ്ങള്‍ മാത്രമാണ്. 

വിവിധ സംസ്ഥാനങ്ങളിലും ചില സ്വയംഭരണ പ്രദേശങ്ങളിലുമായി ഇരുകക്ഷികളും നടത്തുന്ന പ്രൈമറി തിരഞ്ഞെടുപ്പുകളുടെ ഫലംതന്നെ മല്‍സരം ആര്‍ തമ്മിലായിരിക്കുമെന്നു സൂചന നല്‍കുന്നു. പ്രൈമറികളിലൂടെ തിരഞ്ഞെടുക്കുന്നത് സ്ഥാനാര്‍ഥികളെയല്ല, പാര്‍ട്ടികളുടെ കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കുന്ന പ്രതിനിധികളെയാണ്. അവരാണ് സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുക.

മില്‍വോക്കിയില്‍ നടക്കുന്ന റിപ്പബ്ളിക്കന്‍ പാര്‍ട്ടി കണ്‍വെന്‍ഷനില്‍ ജയിക്കുന്ന സ്ഥാനാര്‍ഥിക്കു ചുരുങ്ങിയ പക്ഷം 1215 പ്രതിനിധികളുടെ പിന്തുണയുണ്ടായിരിക്കണം. പ്രൈമറികളില്‍നിന്നായി അത്രയും പ്രതിനിധികളെ കിട്ടിയിരിക്കണം. ഷിക്കാഗോയില്‍ നടക്കുന്ന ഡമോക്രാറ്റിക് പാര്‍ട്ടി കണ്‍വെന്‍ഷനില്‍ ജയിക്കാന്‍ 1968 പ്രതിനിധികളുടെ പിന്തുണയും വേണം. 

അത്രയും പ്രതിനിധികളെ ട്രംപും ബൈഡനും ഇതിനകം നടന്ന പ്രൈമറികളിലൂടെ നേടിക്കഴിഞ്ഞു. അതിന്‍റെ അടിസ്ഥാനത്തിലാണ് നവംബറിലെ അന്തിമ മല്‍സരം ഇവര്‍ തമ്മിലായിരിക്കുമെന്നും 47ാമത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ഇവരില്‍ ഒരാളായിരിക്കുമെന്നും ഇപ്പോള്‍തന്നെ ഉറപ്പായിക്കഴിഞ്ഞിരിക്കുന്നത്. 

ഒരേ സ്ഥാനാര്‍ഥികള്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഏറ്റുമുട്ടുന്നുവെന്നതാണ് ഈ തിരഞ്ഞെടുപ്പിന്‍റെ ഒരു പ്രത്യേകത. അമേരിക്കയില്‍ ഇത് അപൂര്‍വമാണ്. ഏറ്റവും ഒടുവില്‍ സംഭവിച്ചത് ഏതാണ്ട്  ഏഴു പതിറ്റാണ്ടുകള്‍ക്കു മുന്‍പായിരുന്നു. 1952ലും 1956ലും ഡ്വൈറ്റ് ഐസന്‍ഹോവര്‍ (റിപ്പബ്ളിക്കന്‍) അഡ്ലായ് സ്റ്റീവന്‍സനുമായി (ഡമോക്രാറ്റ്) ഏറ്റുമുട്ടുകയും രണ്ടു തവണയും ജയിക്കുകയും ചെയ്തു. അതിനു മുന്‍പ് അത്തരം മല്‍സരം നടന്നത് ഏഴു തവണ മാത്രവും.  

ഇത്തവണ ട്രംപ് ജയിക്കുകയാണെങ്കില്‍ നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വൈറ്റ്ഹൗസില്‍ തിരിച്ചെത്തുന്ന ആള്‍ എന്ന വിശേഷണവും അദ്ദേഹത്തിനു ലഭിക്കും. മുന്‍പ് അത്തരമൊരു വിജയം നേടിയത് 1884ലും 1892ലും പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഗ്രോവര്‍ ക്ളീവ്ലന്‍ഡായിരുന്നു (ഡമോക്രാറ്റ്). വാസ്തവത്തില്‍ ഇടയ്ക്ക് 1988ലും അദ്ദേഹം മല്‍സരിച്ചിരുന്നു. ഏറ്റവുമധികം ജനകീയ വോട്ടുകള്‍നേടുകയും ചെയ്തു. പക്ഷേ, ഇലക്ടറല്‍ വോട്ടുകള്‍ കൂടുതല്‍ നേടിയതിന്‍റെ അടിസ്ഥാനത്തില്‍ ജയിച്ചത് ബെഞ്ചമിന്‍ ഹാരിസണാണ് (റിപ്പബ്ളിക്കന്‍). 

ട്രംപിന്‍റെ റണ്ണിങ് മേറ്റ് (വൈസ്പ്രസിഡന്‍റ് സ്ഥാനാര്‍ഥി) ആരായിരിക്കുമെന്നതാണ് ഇത്തവണ ഇനിയും അറിയാന്‍ ബാക്കിയുള്ള കാര്യം. യുഎസ് വൈസ്പ്രസിഡന്‍റ് സാധാരണ ഗതിയില്‍ പ്രസിഡന്‍റിന്‍റെ നിഴലില്‍ പ്രവര്‍ത്തിക്കുന്ന ആളാണങ്കിലും അടിയന്തര ഘട്ടങ്ങളില്‍ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കേണ്ട ആളുമാണ്. 1963ല്‍ ജോണ്‍ കെന്നഡി വധിക്കപ്പെട്ടപ്പോള്‍ ലിന്‍ഡന്‍ ജോണ്‍സനും 1974ല്‍ റിച്ചഡ് നിക്സന്‍ രാജിവച്ചപ്പോള്‍ ജെറള്‍ഡ് ഫോഡും പ്രസിഡന്‍റായി സ്ഥാനമേറ്റത് അങ്ങനെയായിരുന്നു. 

ബൈഡനെ സംബന്ധിച്ചിടത്തോളം പുതിയൊരു റണ്ണിങ് മേറ്റിനെ കണ്ടെത്തേണ്ട ആവശ്യം ഇപ്പോള്‍ ഉദിക്കുന്നില്ല. കാരണം, ഇന്ത്യന്‍ വംശജയായ കമല ഹാരിസ് നാലു വര്‍ഷമായി അദ്ദേഹത്തിന്‍റെ വൈസ്പ്രസിഡന്‍റായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ട്രംപിന്‍റെ സ്ഥിതി അതല്ല, റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ കണ്‍വെന്‍ഷന്‍ തുടങ്ങുമ്പോഴേക്കും പുതിയ ഒരാളെ കണ്ടെത്തിയേ തീരൂ.  

മുന്‍പ് നാലു വര്‍ഷം ട്രംപിന്‍റെ വൈസ്പ്രസിഡന്‍റായിരുന്ന മൈക്ക് പെന്‍സ് ഇപ്പോള്‍ അദ്ദേഹത്തിനു സ്വീകാര്യനല്ല. മുന്‍പ് ഒരു സംസ്ഥാന ഗവര്‍ണറും യുഎസ് പ്രതിനിധിസഭയിലെ അംഗവുമായിരുന്നുവങ്കിലും പെന്‍സ് ദേശീയതലത്തില്‍ അറിയപ്പെടാന്‍ തുടങ്ങിയത് ട്രംപിന്‍റെ റണ്ണിങ് മേറ്റായതോടെയായിരുന്നു. 

എങ്കിലും, 2020ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ തനിക്കുണ്ടായ പരാജയം വിജയമാക്കി മാറ്റാന്‍ ട്രംപ് നടത്തിയ നിയമവിരുദ്ധ നടപടികളോടു പെന്‍സ് സഹകരിച്ചില്ല. മാത്രമല്ല, ഇത്തവണ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ടിക്കറ്റിനുവേണ്ടി നേരത്തെതന്നെ ട്രംപുമായി മല്‍സരിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്തു. രക്ഷയില്ലെന്നു കണ്ടു വേഗം പിന്‍വാങ്ങുകയായിരുന്നു.  

കമല ഹാരിസിന്‍റെ എതിര്‍ സ്ഥാനാര്‍ഥിയായി മറ്റൊരു ഇന്ത്യന്‍ വംശജയായ നിക്കി ഹേലിയെ ട്രംപിന്‍റെ റണ്ണിങ് മേറ്റായി സങ്കല്‍പ്പിച്ചവരുണ്ടാവാം. നയതന്ത്ര പ്രവര്‍ത്തന പരിചയം ഇല്ലാതിരുന്നിട്ടും നിക്കിയെ ട്രംപ് ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് അംബാസ്സഡറാക്കുകയുണ്ടായി. 

ആ പദവി നിക്കി പെട്ടെന്നു രാജിവച്ചത് 2020ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കണ്ണുവച്ചായിരുന്നുവെന്നും  ട്രംപിനുവേണ്ടി  മാറിനിന്നതാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അങ്ങനെ മാറിനില്‍ക്കാന്‍ നിക്കി തയാറായില്ലെന്നുമാത്രമല്ല, ട്രംപിനെ വീറോടെ എതിര്‍ക്കുകയും രൂക്ഷമായ ഭാഷയില്‍ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു. 

നിക്കിക്കെതിരായ ട്രംപിന്‍റെ വിമര്‍ശനങ്ങളും ഒട്ടും മൂര്‍ച്ച കുറഞ്ഞതായിരുന്നില്ല. ഒടുവില്‍ പ്രൈമറികളില്‍ മിക്കതിലും തോറ്റശേഷമാണ് നിക്കി മല്‍സരത്തില്‍നിന്നു പിന്‍മാറിയത്. അങ്ങനെ പിന്‍മാറിയ ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി ഉള്‍പ്പെടെ പലരും ട്രംപിനു പിന്തുണ പ്രഖ്യാപിച്ചിട്ടും നിക്കി അതിനു തയാറായില്ല.

പല കാര്യങ്ങളിലും ട്രംപിനെ ശക്തമായി അനുകൂലിക്കുന്നരില്‍ ഒരാളാണ് മുന്‍വ്യവസായ സംരംഭകനായ മുപ്പത്തെട്ടുകാരന്‍ വിവേക്. ട്രംപ് ആവശ്യപ്പെടുകയാണെങ്കില്‍ അദ്ദേഹത്തിന്‍റെ റണ്ണിങ് മേറ്റാവാന്‍ തനിക്കു സന്തോഷമേയുള്ളൂവെന്നു വിവേക് വെളിപ്പെടുത്തിയിട്ടുമുണ്ട്. തന്‍റെ പരിഗണനയിലുള്ളവരില്‍ വിവേകും ഉള്‍പ്പെടുമെന്ന് ട്രംപ് പറഞ്ഞതായും വാര്‍ത്തകളുണ്ടായിരുന്നു.

ഏതായാലും, റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി താന്‍തന്നെയെന്ന് ഉറപ്പായിക്കഴിഞ്ഞ ശേഷവും ട്രംപിനെ സംബന്ധിച്ചിടത്തോളം ആശ്വസിക്കാന്‍ സമയമായിട്ടില്ല. നാലു ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അദ്ദേഹം. ഒരു അശ്ളീല സിനിമാ നടിയുമായി ബന്ധപ്പെട്ട കേസിന്‍റെ വിചാരണ ഈ മാസം 25ന് ന്യൂയോര്‍ക്കിലെ മാന്‍ഹറ്റന്‍ കോടതിയില്‍ ആരംഭിക്കുകയുമാണ്. 

ട്രംപ് പ്രസിഡന്‍റാകുന്നതിനു പത്തു വര്‍ഷം മുന്‍പ്, അദ്ദേഹവുമായി താന്‍ കിടക്ക പങ്കിട്ടുവെന്നായിരുന്നു നടിയുടെ ആരോപണം. 2016ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് വേളയില്‍ നടി അതു പരസ്യമാക്കാന്‍ തുനിഞ്ഞപ്പോള്‍ ട്രംപ് പണം കൊടുത്തു പ്രശ്നം ഒതുക്കിത്തീര്‍ത്തു. ആ തുക ബിസിനസ് സംബന്ധമായ ചെലവായി തന്‍റെ കമ്പനിയുടെ എക്കൗണ്ടില്‍ ചേര്‍ക്കുകയും ചെയ്തു. ഇതാണ് കേസ്.

ഏറ്റവുമൊടുവില്‍ 2021 ജനുവരി ആറിനു വാഷിങ്ടണിലെ ക്യാപിറ്റോള്‍ മന്ദിരത്തില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തിന്‍റെ പേരില്‍ കഴിഞ്ഞ ഡിസംബറില്‍ ട്രംപിനെതിരെ കോളറാഡോ സംസ്ഥാന സു്പ്രീം കോടതിയില്‍നിന്നുണ്ടായ വിധിയും ശ്രദ്ധേയമായിരുന്നു. കലാപത്തില്‍ ട്രംപിനു പങ്കുണ്ടായിരുന്നുവെന്നും അതിനാല്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അര്‍ഹനല്ലെന്നുമായിരുന്നു വിധി.

ഭരണഘടനയിലെ വ്യവസ്ഥകള്‍ അനുസരിക്കുമെന്ന പ്രതിജ്ഞയോടെ സ്ഥാനമേല്‍ക്കുന്നവര്‍ അതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അവര്‍ക്ക് അയോഗ്യത കല്‍പ്പിക്കാമെന്നു ഭരണഘടനയില്‍ പറയുന്നുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഈ വിധി. ഇത്. എന്നാല്‍, യുഎസ് സുപ്രീംകോടതി ഈ മാസം ആദ്യത്തില്‍ അതു തള്ളിക്കളഞ്ഞു.

അതോടെ അക്കാര്യത്തില്‍ ട്രംപിന് ആശ്വാസമായി. അപ്പോഴേക്കും മാന്‍ഹറ്റന്‍ കോടതിയിലെ കേസിനെ നേരിടാനുള്ള സമയമാവുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തോടൊപ്പം കേസുകള്‍ നടത്താനും പരക്കം പായേണ്ടിവരികയാണ് സ്ഥാനാര്‍ഥിക്ക്. ഇതും ഈ ഇലക്ഷനിലെ ഒരു സവിശേഷതയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS