നോക്കുകുത്തിയായി യുഎന്‍

Mail This Article
യുദ്ധത്തിന്‍റെ എല്ലാ കെടുതികളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസ്സാക്കാന്‍ യുഎന്‍ രക്ഷാസമിതിക്കു വേണ്ടിവന്നത് അഞ്ചര മാസമാണ്. പുണ്യമാസമായ റമസാന്‍ മുന്‍നിര്‍ത്തിയും ഗാസാ നിവാസികള്‍ക്കു ജീവകാരുണ്യ സഹായം എത്തിച്ചുകൊടുക്കാനുമായി അടിയന്തരമായി വെടിനിര്‍ത്തണമെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
റമസാന്‍ ഇപ്പോള്‍തന്നെ പകുതി കഴിഞ്ഞു. പ്രമേയം പാസ്സായി ദിവസങ്ങള്‍ കഴിഞ്ഞ ശേഷവും വെടിനിര്‍ത്തല്‍ നടപ്പായതുമില്ല. ബോംബാക്രമണത്തിന് ഇരയായും പട്ടിണി കിടന്നും പല വിധ രോഗങ്ങള്‍ ബാധിച്ചും പിന്നെയും നിരപരാധികള്‍ കൂട്ടത്തോടെ മരിക്കുന്നു. ഐക്യരാഷ്ട്ര സംഘടന ഇത്രയും നിഷ്ക്രിയമായപ്പോയ സന്ദര്‍ഭം അതിന്‍റെ ചരിത്രത്തില്‍ മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല.
വെടിനിര്‍ത്തലിനുളള ശ്രമം ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ നടക്കാതിരുന്നതല്ല പ്രശ്നം. വീറ്റോ തടസ്സമാവുകയായിരുന്നു. ഇസ്രയേലിനു യോജിക്കാന്‍ പറ്റാത്തതെന്നു കരുതപ്പെടുന്ന വെടിനിര്‍ത്തല്‍ പ്രമേയം പാസ്സാകാതിരിക്കാനായി അമേരിക്ക വീറ്റോ പ്രയോഗിച്ചതു മൂന്നു തവണയാണ്. ഒടുവില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച (മാര്‍ച്ച് 25) ചുവടുമാറ്റാന്‍ നിര്‍ബന്ധിതമായി.

വീറ്റോ പ്രയോഗിക്കുന്നതിനു പകരം അമേരിക്ക വോട്ടെടുപ്പില്‍നിന്നു മാറിനിന്നു. സമിതിയിലെ മറ്റെല്ലാ 14 അംഗങ്ങളുടെയും പിന്തുണയോടെ പ്രമേയം പാസ്സായത് അങ്ങനെയാണ്. ഇത് ഇസ്രയേലിനെ ചൊടിപ്പിക്കുകയും യുഎസ്-ഇസ്രയേല്‍ ബന്ധം ഉലയുകയും ചെയ്തത് ഈ പ്രശ്നത്തിന്‍റെ മറ്റൊരു വശമാണ്.
ഇതുവരെ 32,000ലേറെ പേര്‍ മരിക്കാനും മുക്കാല്‍ ലക്ഷത്തിലധികം പേര്‍ക്കു പരുക്കേല്‍ക്കാനും ലക്ഷക്കണക്കിനാളുകള്‍ ഭവനരഹിതരാകാനും കാരണമായ യുദ്ധം തുടങ്ങിയത് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനായിരുന്നു. പലസ്തീന്‍ തീവ്രവാദികള്‍ (ഹമാസ്) ഗാസയില്‍ നിന്ന് ഇസ്രയേലിനെതിരെ നടത്തിയ മിന്നലാക്രമണത്തോടെയായിരുന്നു തുടക്കം. 1200 ഇസ്രയേലികള്‍ കൊല്ലപ്പെടുകയും 250 പേര്‍ ബന്ദികളാവുകയും ചെയ്തു.
പതിവുപോലെ പതിന്മടങ്ങ് രൂക്ഷമായാണ് ഇസ്രയേല്‍ പ്രത്യാക്രമണം നടത്തിയത്. ഹമാസിനെയും ഇസ്രയേലിനു ഭീഷണിയാകുന്ന മറ്റു പല്സ്തീന്‍ തീവ്രവാദികളെയും എന്നെന്നേക്കുമായി തുടച്ചുനീക്കാനുള്ള അവസരമായും ഇതിനെ കാണുകയായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ആ ലക്ഷ്യം നേടുകയും ബന്ദികള്‍ മുഴുവന്‍ മോചിതരാവുകയും ചെയ്യുന്നതുവരെ വെടിനിര്‍ത്തില്ലെന്ന നിലപാടിലാണ് ഇപ്പോഴും അദ്ദേഹം.

വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം രക്ഷാസമിതുടെ മുന്‍പാകെ എത്തിയത് അഞ്ചു തവണയാണ്. ആദ്യത്തെ മൂന്നെണ്ണം വീറ്റോ ചെയ്തത് അമേരിക്കയാണെങ്കില്‍ നാലാമത്തേത് വീറ്റോ ചെയ്തത് റഷ്യയും ചൈനയുമായിരുന്നു.
പതിനഞ്ചംഗ രക്ഷാസമിതിയില്‍ ഒരു പമേയത്തെ മറ്റ് എത്ര അംഗങ്ങള്‍ അനൂകൂലിച്ചാലും അഞ്ച് സ്ഥിരാംഗങ്ങില്‍ ഒരെണ്ണം എതിര്‍ത്താല്‍ പ്രമേയം പാസ്സാകില്ല. അതിനെയാണ് വീറ്റോ എന്നു പറയുന്നത്. അമേരിക്ക, റഷ്യ, ചൈന എന്നിവയ്ക്കു പുറമെ ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയും സ്ഥിരാംഗങ്ങളാണ്.
വെടിനിര്‍ത്തല്‍ പ്രമേയത്തില്‍ യുദ്ധത്തിനു ഉത്തരവാദിയായി ഹമാസിനെ കുറ്റപ്പെടുത്തിയില്ല, ബന്ദികളുടെ മോചനം തുല്യപ്രാധാന്യത്തോടെ ആവശ്യപ്പെടുന്നില്ല എന്നിങ്ങനെയുള്ള കാരണങ്ങള്‍ പറഞ്ഞായിരുന്നു യുഎസ് വീറ്റോ. യുദ്ധം തുടരാനും അങ്ങനെ ഹമാസ് നിവാസികളുടെ യാതനകള്‍ നീട്ടിക്കൊണ്ടുപോകാനും അമേരിക്ക കൂട്ടുനില്‍ക്കുകയാണെന്ന് അമേരിക്കയില്‍തന്നെ മുറവിളി ഉയരാന്‍ യുഎസ് വീറ്റോ കാരണമായി.
മാര്‍ച്ച് 22ന് അമേരിക്ക കൊണ്ടുവന്ന വെടിനിര്‍ത്തല്‍ പ്രമേയത്തെയാണ് റഷ്യയും ചൈനയും വീറ്റോചെയ്തത്. 11 രാജ്യങ്ങള്‍ അനുകൂലിച്ചിരുന്നുവെങ്കിലും റഷ്യയും ചൈനയും എതിര്‍ത്തതിനാല്‍ ആ പ്രമേയവും പരാജയപ്പെട്ടു. പ്രമേയത്തിലെ ഭാഷ ഇസ്രയേലിനെ വെള്ളപൂശുന്ന വിധത്തിലുള്ളതാണെന്ന പേരിലായിരുന്നു റഷ്യയുടെയും ചൈനയുടെയും എതിര്‍പ്പ്.
അതിനുശേഷം മൂന്നാം ദിവസം (മാര്‍ച്ച് 25) അല്‍ജീരിയ കൊണ്ടുവന്നതും മറ്റ് ഒന്‍പത് അസ്ഥിരാംഗങ്ങളുടെ പിന്തുണയുള്ളതുമായ പ്രമേയത്തെ ആരും എതിര്‍ത്തില്ല. ഹമാസിന്‍റെ പിടിയില്‍ അവശേഷിക്കുന്ന ബന്ദികളുടെ മോചനം ഉടന്‍ സാധ്യമാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു.

അമേരിക്ക വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നതോടെ പ്രമേയം പാസ്സാവുക മാത്രമല്ല, ഫലത്തില്‍ ഇസ്രയേലിന് എതിരായ യുഎസ് വോട്ടാവുകയും ചെയ്തു. ഇസ്രയേലിനെ അതു ചൊടിപ്പിക്കുകയും നെതന്യാഹു അമേരിക്കയ്ക്കെതിരെ പരസ്യമായിത്തന്നെ പ്രതിഷേധിക്കുകയും ചെയ്തു.
ഇസ്രയേലിന്‍റെ വ്യോമാക്രമണത്തില്‍ തകര്‍ന്ന ഗാസയുടെ മറ്റു ഭാഗങ്ങളില്‍നിന്നു പലായനം ചെയ്തവര്‍ തിങ്ങിപ്പാര്‍ക്കുന്ന റഫയില്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍ ലോകത്തിന്‍റെ മുഴുവന്‍ ശ്രദ്ധയും. ഹമാസിനെതിരായ യുദ്ധത്തിന്‍റെ തുടര്‍ച്ചയെന്ന നിലയില്‍ റഫയിലേക്കു തള്ളിക്കയറാന്‍ ഇസ്രയേല്‍ സൈന്യം ഒരുങ്ങിനില്‍ക്കുന്നു. 64 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്ത് പത്തുലക്ഷത്തിലേറെ പലസ്തീന്‍കാരാണ് തടിച്ചു കൂടിയിരിക്കുന്നത്.
ഇപ്പോള്‍തന്നെ നരകതുല്യമാണ് അവരുടെ ജീവിതം. റഫ ആക്രമിക്കപ്പെട്ടാല്‍ അതിന്‍റെ ഫലം അതിഭീകരമായിരിക്കുമെന്ന് അമേരിക്ക ഇസ്രയേലിനു മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്നു. ഇതു സംബന്ധിച്ച് ചര്‍ച്ച നടത്താനായി ഇസ്രയേലിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ വാഷിങ്ടണിലേക്കു പോകാനിരിക്കുകയായിരുന്നു.
പക്ഷേ, ആ സന്ദര്‍ശനം ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പെട്ടെന്ന് ഏകപക്ഷീയമായി റദ്ദാക്കി. രക്ഷാസമിതിയിലെ വോട്ടെടുപ്പില്‍ വീറ്റോ പ്രയോഗിക്കാതെ അമേരിക്ക മാറിനിന്നതിലുള്ള തന്‍റെ രോഷവും പ്രതിഷേധവും അദ്ദേഹം പ്രകടിപ്പിച്ചത് അങ്ങനെയാണ്.
ഇസ്രയേലിന്‍റെ നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് യുഎന്‍ രക്ഷാസമിതിയിലെ വോട്ടെടുപ്പില്‍നിന്ന് അമേരിക്ക മാറിനില്‍ക്കുന്നത് ഇതാദ്യമല്ല, പക്ഷേ, ഒരുതവണ മാത്രമേ അങ്ങനെ സംഭവിച്ചിരുന്നുള്ളൂ. ബറാക് ഒബാമ പ്രസിഡന്‍റായിരുന്ന കാലത്ത് 2016ലായിരുന്നു അത്. ഇസ്രയേലിന്‍റെ അധീനത്തിലുള്ള പലസ്തീന്‍ പ്രദേശങ്ങളില്‍ (വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലമിലും) ഇസ്രയേലി പൗരന്മാരുടെ കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതു നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു രക്ഷാസമിതിയിലെ പ്രമേയം.
ഈജിപ്ത് കൊണ്ടുവന്ന പ്രമേയത്തെ അമേരിക്ക ഒഴികെയുള്ള എല്ലാ രക്ഷാസമിതി അംഗങ്ങളും പിന്തുണയ്ക്കുകയായിരുന്നു. അമേരിക്ക വോട്ടെടുപ്പില്‍നിന്നു മാറിനില്‍ക്കുകയും അങ്ങനെ പ്രമേയം പാസ്സാവുകയും ചെയ്തത് ഇസ്രയേലിനെ ഞെട്ടിച്ചു. അധിനിവേശ പലസ്തീന്‍ പ്രദേശത്തു സ്വന്തം പൗരന്മാരെ കുടിയിരുത്തുന്നത് അമേരിക്ക ഒരിക്കലും നിര്‍ത്തിയുമില്ല.

ഇപ്പോഴത്തെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ അന്നു വൈസ് പ്രസിഡന്‍റായിരുന്നു. ഒബാമയെപ്പോലെതന്നെ ബൈഡനെയും നെതാഹന്യാഹുവിന് ഇഷ്ടമല്ല. ഗാസയിലെ വെടിനിര്‍ത്തല്‍ കാര്യത്തില്‍ രക്ഷാസമിതിയില്‍ വീണ്ടുമൊരു വീറ്റോ പ്രയോഗിക്കാന്‍ ബൈഡന്‍ വിസമ്മതിച്ചതോടെ ആ അനിഷ്ടം കൂടിയിരിക്കാനേ തരമുള്ളൂ.
എങ്കിലും ഒക്ടോബറില്‍ ഹമാസ് ആക്രമണം നടത്തിയപ്പോള്‍ സാന്ത്വനവുമായി ആദ്യംതന്നെ ഇസ്രയേല്‍ സന്ദര്‍ശിച്ച വിദേശ രാഷ്ട്രനേതാവ് ബൈഡനായിരുന്നു. നെതന്യാഹുവിനെ അദ്ദേഹം ആലിംഗനം ചെയ്യുകയും ഇസ്രയേലിന്‍റെകൂടെ എപ്പോഴും അമേരിക്ക ഉണ്ടായിരിക്കുമെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്തു.
നെതന്യാഹുവിന്‍റെ നേതൃത്വത്തില്‍ രൂപംകൊണ്ട യുദ്ധക്യാബിനറ്റിന്‍റെ യോഗത്തില്‍ ബൈഡന്‍ ചെയ്ത പ്രസംഗവും ശ്രദ്ധേയമായിരുന്നു. ഹമാസിന്‍റെ ഓര്‍ക്കാപ്പുറത്തുള്ള ആക്രമണത്തില്‍ ഇസ്രയേലികള്‍ക്കുണ്ടായ രോഷം സ്വാഭാവികമാണെങ്കിലും ആ രോഷത്തിനു സ്വയം ഇരയായിപ്പോകരുതെന്നാണ് അദ്ദേഹം അവരെ ഓര്‍മിപ്പിച്ചത്.
ഹമാസിനെ തിരിച്ചടിക്കുമ്പോള്‍ അതു ഗാസ നിവാസികളെ കൂട്ടത്തോടെ ശിക്ഷിക്കുന്ന വിധത്തിലാവരുതെന്നും ഇല്ലെങ്കില്‍ അത് ഇസ്രയേലിനു തന്നെ ദോഷം ചെയ്യുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞുവത്രേ. ഇസ്രയേലിനു നയതന്ത്രപരമായ പിന്തുണ കൂടാതെ ഏറ്റവുമധികം സാമ്പത്തിക-സൈനിക സഹായവും നല്‍കുന്നത്അമേരിക്കയാണ്. അതു കാരണമുളള വിമര്‍ശനങ്ങളെ അമേരിക്കയും നേരിടേണ്ടിവരുന്നുണ്ടെന്ന കാര്യവും അദ്ദേഹം അവരെ ഓര്‍മിപ്പിച്ചിരിക്കാം.
പക്ഷേ, യുസ് പ്രസിഡന്‍റിന്‍റെ ഉപദേശം ഇസ്രയേല്‍ ഗൗനിക്കുന്നില്ലെന്നു ഗാസയില്‍ കഴിഞ്ഞ അഞ്ചര മാസമായി നടന്നുവരുന്ന യുദ്ധത്തിന്‍റെ ഭീകര ദൃശ്യങ്ങള്‍ വിളിച്ചുപറയുന്നു.