സ്വർഗം അക്കരെയോ ഇക്കരെയോ

Business Boom
SHARE

യൂറോപ്പിൽ നിന്നെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോ– മകൻ നാട്ടിലുള്ള അമ്മയെ വിളിച്ച് കുറേ ജാഡകൾ കാണിക്കുന്നു. നാട്ടിൽ ‘ഹൈജീൻ’ അഥവാ വൃത്തി ഇല്ലെന്നും തൊഴുത്തിലെ ചാണകത്തിന്റെ മണം മക്കൾക്കു പിടിക്കുന്നില്ലെന്നും പറയുന്നതാണ് ആദ്യഭാഗം. രണ്ടാം ഭാഗത്തിൽ മകൻ കരച്ചിലിന്റെ വക്കിലാണ്. ജാഡയൊക്കെ പോയി നേരേ ചൊവ്വേ മലയാളം പറയുന്നു. ആകെ കോവിഡ് മയമാണെന്നും എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെന്നും. ലോക്കൽ നേതാവ് പപ്പേട്ടന്റെ കാലുപിടിച്ച് നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നും കരഞ്ഞു പറയുന്നു....

പശ്ചാത്തലം കണ്ടാലറിയാം യൂറോപ്പിലെങ്ങും എടുത്ത വിഡിയോയല്ല. കോവിഡ് കാലത്ത് ഇവിടെയെല്ലാം സ്വർഗം, യൂറോപ്പിലൂം അമേരിക്കയിലും നരകം എന്നു വരുത്താനുള്ള ത്വരയാണ് പിന്നിലെന്നു വ്യക്തം. 

സ്വർഗവും നരകവും എവിടെ ആയാലും പാശ്ചാത്യനാടുകളിൽ ബിസിനസുകൾക്ക് അതിജീവിക്കാനുള്ള പരിഗണന സർക്കാരുകൾ നൽകുന്നുണ്ട്. 

ബ്രിട്ടനിൽ സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ശമ്പളത്തിന്റെ 80% വരെയുള്ള തുക മൂന്നു മാസത്തേക്ക് സർക്കാർ നൽകും. തൊഴിൽദാതാവിനാണു തുക നൽകുക. മാസം 2500 പൗണ്ട് (2.3 ലക്ഷം രൂപ) വരെയുള്ള ശമ്പളത്തുകകൾക്ക് ഈ ആനുകൂല്യം കിട്ടും. ഫ്രാൻസിൽ കുറഞ്ഞ വരുമാനക്കാർക്ക് പണിയില്ലെങ്കിൽ 100% കൂലി ഗവ. നൽകും. ബാക്കിയുള്ളവർക്ക് 84% വേതനം. 

ജപ്പാനിൽ സകല പൗരൻമാർക്കും ഒരു ലക്ഷം യുവാൻ–ഏതാണ്ട് 70000 രൂപ. പണി പോയവർക്ക് നാലു മാസം വരെ 2000 ഡോളർവീതം. ഓസ്ട്രേലിയയിൽ എല്ലാ ബിസിനസുകൾക്കും വേതന സബ്സിഡി. അമേരിക്കയിൽ 1200 ഡോളർ (90000 രൂപ) പണിയില്ലാത്തവർക്കും 500 ഡോളർ വീതം അവരുടെ കുട്ടികൾക്കും.

ഇന്ത്യയിൽ 138 കോടി ജനമുള്ളതിനാൽ വേതനസബ്സിഡി കൊടുക്കുന്നത് സർക്കാരിന് എളുപ്പമല്ല. മൊറട്ടോറിയമുണ്ട്! സൗജന്യ റേഷനും കിറ്റും കിട്ടും. പൊതു അടുക്കളയിൽനിന്നു പൊതിയും കിട്ടിയേക്കും. 

ശതകോടീശ്വരൻമാരുടെ ബിസിനസ് ഗ്രൂപ്പുകൾ പോലും വരുമാനമില്ലാത്തതിനാൽ കടം തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുന്നു. ചെറുകിടക്കാർക്ക് അത്രേം ബാധ്യത ഇല്ലല്ലോ എന്ന് ആശ്വസിക്കാനേ പറ്റൂ. 

ഒടുവിലാൻ∙ സ്വർഗം ഇവിടെയാണെങ്കിൽ പ്രവാസികൾ തിരിച്ചു നാട്ടിലേക്കു വരില്ലേ? അങ്ങനെ റിവേഴ്സ് മൈഗ്രേഷൻ നടക്കാൻ പോകുന്നെന്നൊരു തിയറിയും ഇറങ്ങിയിട്ടുണ്ട്. അതു കേട്ട് റിയൽ എസ്റ്റേറ് രംഗത്ത് കുളിരുകോരുന്നു. തിരികെ വരുന്നവർക്ക് വീട്,ഫ്ളാറ്റ്, വസ്തു...എല്ലാം വേണ്ടി വരുമല്ലോ...!

English Summary : Reverse Migration

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.